സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് യുഎസ് കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് പ്രതീക്ഷിച്ചതുപോലെ കാല്‍ ശതമാനം നിരക്ക് കുറച്ചു. സെപ്റ്റംബറിന് ശേഷം രണ്ടാമത്തെ തവണയാണ് നിരക്കില്‍ കാല്‍ ശതമാനം കുറവ് വരുത്തുന്നത്. അതേസമയം, ഡിസംബറില്‍ വീണ്ടും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലുകള്‍ ഫെഡ് ചെയര്‍മാന്‍ ജെറോ പവല്‍ തള്ളി. മുന്‍കൂട്ടി തീരുമാനിക്കേണ്ട കാര്യമല്ല ഇതെന്നും ഭാവിയിലെ സ്ഥിതിഗതികള്‍ പരിശോധിച്ചശേഷമാകും ഇത് സംബന്ധിച്ച് തീരുമാനമെടുക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

To advertise here,

ഈ വര്‍ഷം സെപ്റ്റംബറിന് ശേഷം രണ്ട് തവണകൂടി കുറച്ചതോടെ നിരക്ക് 3.75 ശതമാനം മുതല്‍ 4 ശതമാനംവരെയായി. ഫെഡ് സമിതിയിലെ 12 അംഗങ്ങളില്‍ 10 പേരും നിരക്ക് കുറയ്ക്കലിന് അനുകൂല നിലപാട് സ്വീകരിച്ചു.

പണപ്പെരുപ്പ നിരക്കിലെ വര്‍ധനവാണ് നിരക്ക് കുറയ്ക്കലിന് പ്രധാനകാരണം. ഉപഭോക്തൃ വില സൂചിക മൂന്ന് ശതമാനമായി. ഓഗസ്റ്റിലെ 2.9 ശതമാനത്തേക്കാള്‍ കൂടുതലാണിത്. വിദേശ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് ട്രംപ് ഏര്‍പ്പെടുത്തിയ അധിക തീരുവകളാണ് വില വര്‍ധനവിന് കാരണമെന്ന് പവല്‍ വിശദീകരിച്ചു.

തൊഴില്‍ വളര്‍ച്ച മന്ദഗതിയിലായതും തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നതും ഫെഡ് പരിഗണിച്ചു. അനധികൃത കുടിയേറ്റത്തിനെതിരെ ട്രംപ് ഭരണകൂടം സ്വീകരിച്ച നടപടികളെ തുടര്‍ന്ന് കുടിയേറ്റത്തില്‍ കുറവുണ്ടായതാണ് തൊഴിലാളികളുടെ ലഭ്യത കുറയാനിടയാക്കിയതെന്ന് ട്രംപ് വ്യക്തമാക്കി.

വിപണിയുടെ പ്രതികരണം

യുഎസ് സൂചികകളായ ഡൗ ജോണ്‍സും നാസ്ദാക്കും എസ്ആന്‍ഡ്പി 500 സൂചികയും ഒരു ശതമാനത്തോളം ഇടിവ് നേരിട്ടു. വ്യാഴാഴ്ചയിലെ വ്യാപാരത്തില്‍ സെന്‍സെക്‌സ് 350 പോയന്റ് നഷ്ടത്തിലായി. നിഫ്റ്റിയാകട്ടെ 0.47 ശതമാനവും താഴ്ന്നു.

സാധ്യതകള്‍

ഡിസംബറിലെ ആര്‍ബിഐയുടെ പണനയ യോഗത്തില്‍ നിരക്ക് കുറയ്ക്കുന്നതിനുളള സാധ്യത വര്‍ധിച്ചു. ദീര്‍ഘകാല സര്‍ക്കാര്‍ സെക്യൂരിറ്റികള്‍ ഇതോടെ ആകര്‍ഷകമാകും.

ഫെഡിന്റെ നിരക്ക് കുറയ്ക്കല്‍ വിപണിയെ സമ്പന്ധിച്ചെടുത്തോളം അനുകൂലമാണ്. എന്നാല്‍ വലിയൊരു മുന്നേറ്റത്തിന് ഫെഡിന്റെ നീക്കം സഹായകരമാവില്ലെന്നാണ് വിലിയരുത്തല്‍. ഫെഡിന് പിന്നാലെ ആര്‍ബിഐ വീണ്ടും നിരക്ക് കുറച്ചാല്‍ അത് വിപണിക്ക് ഊര്‍ജം പകരും. എങ്കിലും നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ മാറാതെ വലിയ മുന്നേറ്റത്തിന് സാധ്യതയല്ല.