കേന്ദ്ര സർക്കാരിന്റെ നികുതിയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവീതം. റിസർവ് ബാങ്കിൽ നിന്നുള്ള മിച്ച വരുമാനത്തോടൊപ്പം ഡിവിഡന്റ് വരുമാനവും സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കാൻ സഹായിക്കുന്നു.

മൂന്നു വർഷത്തിനിടെ പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ലാഭവീതമായി സർക്കാരിന് ലഭിച്ചത് 2.5 ലക്ഷം കോടിയിലേറെ രൂപ. ആറാം വർഷവും ലാഭവീത വരുമാനം ബജറ്റ് പ്രതീക്ഷകൾ മറികടക്കുകയും ചെയ്തു. മുൻ സാമ്പത്തിക വർഷം മാത്രം 89,501 കോടി രൂപയാണ് ഈയിനത്തിൽ സർക്കാരിന് ലഭിച്ചത്.
ലാഭവീതം ഇങ്ങനെ
| സാമ്പത്തിക വർഷം | ആകെ ഡിവിഡന്റ് (ലിസ്റ്റഡ് PSUs) | സർക്കാരിന്റെ വിഹിതം (Rs.Cr) |
|---|---|---|
| FY24 | ₹1.34 ലക്ഷം കോടി | ₹82,451 |
| FY25 | ₹1.33 ലക്ഷം കോടി | ₹83,496 |
| FY26 | ₹1.43 ലക്ഷം കോടി | ₹89,501 |
| ആകെ | ₹2,55,448 |
2020-21 സാമ്പത്തിക വർഷം 29,547 കോടി രൂപയായിരുന്ന ലാഭവീതം 2022ൽ 56,555 കോടി രൂപയായും 2023ൽ 59,822 കോടി രൂപയായും ഉയർന്നു. 2024 മുതലാണ് 80,000 കോടി രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്.
ലാഭവീത അനുപാതത്തിലെ കുറവ്
സ്ഥാപനങ്ങളുടെ ലാഭം വർധിക്കുന്നുണ്ടെങ്കിലും വിതരണം ചെയ്യുന്ന ലാഭവീത അനുപാതത്തിൽ കുറവുണ്ടായിട്ടുണ്ട്. 2024ൽ 32 ശതമാനമായിരുന്ന അനുപാതം 2025ൽ 30.3 ശതമാനമായും 2026ൽ 28 ശതമാനമായും കുറഞ്ഞു. ഇത് 2021-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിരക്കാണ്.
കുറയാനുള്ള കാരണങ്ങൾ:
- ബാങ്കുകളുടെയും ഇൻഷുറൻസ് കമ്പനികളുടെയും (പ്രത്യേകിച്ച് എൽ.ഐ.സി) ഉയർന്ന മൂലധന പര്യാപ്തത (Capital Adequacy Requirements) ആവശ്യമായി.
- പ്രതിരോധ മേഖലയിലെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വർധിച്ചുവരുന്ന മൂലധനച്ചെലവ് (Capital Expenditure).
- ഭാവിയിലെ ലാഭക്ഷമതയ്ക്കായുള്ള മുൻകരുതൽ നടപടികൾ.
കൂടുതൽ നൽകിയ സ്ഥാപനങ്ങൾ
2025-26 സാമ്പത്തിക വർഷം സർക്കാരിലേക്ക് കൂടുതൽ ലാഭവിഹിതം നൽകിയ സ്ഥാപനങ്ങൾ:
കോൾ ഇന്ത്യ: സർക്കാരിന് നൽകിയ വിഹിതം 10,310 കോടി രൂപ (ആകെ ഡിവിഡന്റ്:16,669 കോടി രൂപ).
ഒ.എൻ.ജി.സി: സർക്കാർ വിഹിതം 9,817 കോടി രൂപ (ആകെ ഡിവിഡന്റ്: 16,331 കോടി രൂപ).
എസ്.ബി.ഐ: സർക്കാർ വിഹിതം 8,892 കോടി രൂപ (ആകെ ഡിവിഡന്റ്: 16,015 കോടി).
എൽ.ഐ.സി: സർക്കാർ വിഹിതം 6,103 കോടി രൂപ (ആകെ ഡിവിഡന്റ്: 6,325 കോടി).
മറ്റ് സ്ഥാപനങ്ങൾ: എൻ.ടി.പി.സി (4,460 കോടി), പവർ ഗ്രിഡ് (4,298 കോടി), ബി.പി.സി.എൽ (3,962 കോടി), പി.എഫ്.സി (3,427 കോടി).
ഐ.ആർ.ഇ.ഡി.എ, ഹിന്ദുസ്ഥാൻ കോപ്പർ, റെയിൽടെൽ എന്നീ സ്ഥാപനങ്ങൾ കഴിഞ്ഞ വർഷം ഒഴിവാക്കിയ ഡിവിഡന്റ് വിതരണം ഈ വർഷം പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ഐ.ഒ.സി.എൽ, ഗെയ്ൽ, കൊച്ചിൻ ഷിപ്പ്യാഡ് തുടങ്ങി 11 സ്ഥാപനങ്ങളുടെ ഡിവിഡന്റ് വിതരണത്തിൽ കുറവുണ്ടായി.
ലാഭവീതം: സർക്കാർ മാനദണ്ഡങ്ങൾ
ഡിവിഡന്റ് നൽകുന്നതുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്:
- എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും വാർഷിക അറ്റാദായത്തിന്റെ 30 ശതമാനമോ അല്ലെങ്കിൽ മൊത്തം ആസ്തിയുടെ നാല് ശതമാനമോ ഏതാണോ ഉയർന്നത്, അത് ഡിവിഡന്റായി നൽകണം.
- ലാഭക്ഷമത, മൂലധനച്ചെലവുമായി ബന്ധപ്പെട്ട ആവശ്യം, കൈവശമുള്ള പണം, മൊത്തം ആസ്തി എന്നിവ പരിഗണിച്ചായിരിക്കണം ലാഭവീതം നിശ്ചയിക്കേണ്ടത്.
- കൃത്യമായ ഡിവിഡന്റ് വിതരണം നിക്ഷേപക താത്പര്യം കൂട്ടാനും വിപണിയിൽ പൊതുമേഖലാ ഓഹരികളുടെ മൂല്യം ഉയർത്താനും സഹായിക്കുന്നു.
കേന്ദ്ര സർക്കാരിന്റെ നികുതിയിതര വരുമാനത്തിന്റെ പ്രധാന സ്രോതസ്സാണ് പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവീതം. റിസർവ് ബാങ്കിൽ നിന്നുള്ള മിച്ച വരുമാനത്തോടൊപ്പം ഡിവിഡന്റ് വരുമാനവും സർക്കാരിന്റെ ധനക്കമ്മി കുറയ്ക്കാൻ സഹായിക്കുന്നു. പശ്ചിമേഷ്യയിലെ സംഘർഷംമൂലം അസംസ്കൃത എണ്ണ വില വർധിക്കുകയും വരുമാനത്തിൽ കുറവുണ്ടാവുകയും ചെയ്യുന്ന സാഹചര്യത്തിൽ ഉയർന്ന ഡിവിഡന്റ് വരുമാനം 2027 സാമ്പത്തിക വർഷത്തിൽ ജി.ഡി.പിയുടെ 4.5 ശതമാനം എന്ന ധനക്കമ്മി ലക്ഷ്യം കൈവരിക്കാൻ സർക്കാരിന് സഹായകരമാകും.
Content Highlights: PSUs contributed over 2.5 lakh crore in dividends over the last three years., Dividend payout ratio declined to 28% in 2026 due to higher capital expenditure requirements., Major contributors include Coal India, ONGC, SBI, and LIC., Dividend income is crucial for achieving the 4.5% fiscal deficit target for FY 2027., New government guidelines mandate higher of 30% net profit or 4% of net worth as dividends.
Published: 11 Jun 2026, 12:41 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented