അടുക്കളയിലെ അവിഭാജ്യഘടകമാണ് സുഗന്ധ വ്യഞ്ജനങ്ങള്‍. മറ്റു ഭക്ഷ്യ വസ്തുക്കളോടൊപ്പം കുതിച്ചുയരുന്ന ഇവയുടെ വില കുടുംബ ബജറ്റിനെ താളം തെറ്റിച്ചിരിക്കുന്നു. സ്റ്റാറ്റിസ്റ്റിക്സ് ആന്റ് പ്രോഗ്രം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2023ല്‍ സുഗന്ധ വ്യഞ്ജനങ്ങളുടെ വില മുന്‍ വര്‍ഷത്തെ അപേക്ഷിച്ച്  17.9 ശതമാനമാണ് ഉയര്‍ന്നത്.

To advertise here,

ജീരകമാണ് കുതിപ്പില്‍ മുന്നില്‍. 2021 പകുതിയോടെ ആരംഭിച്ച ജീരക വില വര്‍ധന ഉത്പാദന കുറവും കനത്ത ഡിമാന്റും കാരണം തുടരുകയാണ്. മോശം കാലാവസ്ഥയും കൊയ്ത്തു കാലത്ത് നേരംതെറ്റിയെത്തിയ മഴയും കഴിഞ്ഞ റാബി സീസണില്‍ ജീരക വിളവെടുപ്പിനെ ബാധിച്ചിരുന്നു. ഈ വര്‍ഷം ജീരക ഉല്‍പാദനം 9.3 ശതമാനം ഇടിഞ്ഞ് 2,00,780 ടണ്‍ ആകുമെന്നാണ് ഗുജറാത്ത് സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. 

മുന്‍ വര്‍ഷത്തെ നീക്കിയിരിപ്പും കുറവാണ്. അഭ്യന്തര വിപണിയിലും ചൈന ഉള്‍പ്പടെയുള്ള വിദേശ വിപണികളിലും ഡിമാന്റ് കൂടുതലാണ്. ഈ വര്‍ഷം ജൂണില്‍ നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ ജീരക വില 100 കിലോയ്ക്ക് 58,235 രൂപ എന്ന സര്‍വകാല റിക്കാര്‍ഡിലാണ്. ഈ വര്‍ഷം ഇതുവരെ വിലയില്‍ 75 ശതമാനമാണ് വര്‍ധന ഉണ്ടായിട്ടുള്ളത്. ഏറ്റവും വലിയ ജീരക വിപണിയായ ഗുജറാത്തിലെ ഉന്‍ഝയില്‍ വില 100 കിലോയ്ക്ക് 50,000 രൂപ കടന്നു.

ജൂണ്‍ 24ന് അവസാനിച്ച വാരത്തില്‍ വ്യത്യസ്ത സുഗന്ധ വ്യഞ്ജനങ്ങളുടെ മൊത്ത വില ഇപ്രകാരമാണ്. 

സ്പൈസസ് ബോര്‍ഡിന്റെ കണക്കനുസരിച്ച് 150 ശതമാനത്തിലധികം വര്‍ധനവുണ്ടായ ചുവന്ന മുളകാണ് മറ്റൊരു ഉല്‍പന്നം. അണുബാധയും ഇതര രോഗങ്ങളും താഴ്ന്ന നിലവാരവും മുളക് ഉത്പാദനത്തെ ബാധിച്ചു. അഭ്യന്തര ഡിമാന്റും ചൈനയില്‍നിന്ന് ആവശ്യം കൂടിയതുമാണ് വില കൂടാനിടയാക്കിയത്. ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ വിലയും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. ഉത്പാദനത്തിലുണ്ടായ കുറവും മോശം കാലാവസ്ഥയും കൂടിയ ഡിമാന്റുമാണ് വില വര്‍ധനയ്ക്കിടയാക്കുന്നത്.

മഞ്ഞളിന്റെ വിലയും ഈ വര്‍ഷം 20 ശതമാനത്തിലേറെ വര്‍ധിച്ചു. നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ 100 കിലോയ്ക്ക് 10,000 രൂപ കടന്നു. ഈ വര്‍ഷം തുടക്കം മതല്‍ ഇതുവരെയായി 8 ശതമാനം വില വര്‍ധനയുണ്ടായി. ഈ ഖാരിഫ് സീസണില്‍ വിതയ്ക്കാനുണ്ടായ കാലതാമസവും കര്‍ഷകര്‍ കൂടുതല്‍ ലാഭം കിട്ടുന്ന വിളകളെ ആശ്രയിക്കാന്‍ തുടങ്ങിയതും വിലയെ സ്വാധീനിച്ചു. കാലം തെറ്റിയെത്തിയ മഴ കാരണം  മഹാരാഷ്ട്രയിലും ആന്ധപ്രദേശിലും അനുഭവപ്പെടുന്ന വിള നാശവും നല്ല തോതിലുള്ള കയറ്റുമതി ഡിമാന്റും വില മുന്നോട്ടു തള്ളാനിടയാക്കിയിട്ടുണ്ട്.  ഏലക്കായ, കരുരുമുളക് എന്നിവയുടെ വിലയിലും വര്‍ധനയുണ്ടായി. നാഷണല്‍ കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ മല്ലി വില രണ്ടര വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍ തുടുരകയാണ്. കൂടിയ ഉത്പാദന പ്രതീക്ഷയും കുറഞ്ഞ  ഡിമാന്റുമാണ് വിലയെ ബാധിച്ചത്.

ഉത്സവ സീസണ്‍ അവസാനിക്കുന്നതോടെ വിലയില്‍ നേരിയ ആശ്വാസം പ്രതീക്ഷിക്കുന്നുണ്ട്. ഉത്പാദനം കുറയുകയും മോശം കാലാവസ്ഥ നിലനില്‍ക്കുകയും ചെയ്തതോടൊപ്പം കനത്ത ഡിമാന്റാണ് വിലവര്‍ധനവിന് പിന്നില്‍. ഈ ഘടകങ്ങള്‍ തന്നെയായിരിക്കും വരുംനാളുകളിലും വിലയെ സ്വാധീനിക്കുക. 

(ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ കമ്മോഡിറ്റി വിഭാഗം റിസര്‍ച്ച്‌ അനലിസ്റ്റാണ് ലേഖിക)