മുംബൈ: സ്വർണ കടപ്പത്രത്തിൽ 2017 ഡിസംബർ 26-ന്‌ പുറത്തിറക്കിയ പതിമ്മൂന്നാം സീരീസിന് അന്തിമവില പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. യൂണിറ്റിന് (ഒരുഗ്രാം) 13,563 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.

To advertise here,

ഡിസംബർ 22, 23, 24 തീയതികളിൽ 999 പരിശുദ്ധിയുള്ള സ്വർണത്തിന്റെ ശരാശരി വിപണിവിലയനുസരിച്ചാണ് അന്തിമവില തീരുമാനിച്ചിട്ടുള്ളത്. ഇതനുസരിച്ച് 13,563 രൂപയാണ് ഒരുഗ്രാമിന്‌ ലഭിക്കുക. 2017 ഡിസംബർ 26-ന് ഗ്രാമിന് 2,816 രൂപ പ്രകാരമാണ് ഈ കടപ്പത്രം ഇഷ്യൂചെയ്തത്.

ഈ നിരക്കുപ്രകാരം ഒരുഗ്രാമിന് 10,747 രൂപയാണ് നിക്ഷേപകന്‌ നേട്ടം. അതായത് 381.64 ശതമാനം നേട്ടം. അന്ന് ഒരുലക്ഷം രൂപ നിക്ഷേപിച്ചവർക്ക് ഇപ്പോൾ പലിശകൂടാതെ 4,81,640 രൂപ ലഭിക്കും.

എട്ടുവർഷമാണ് റിസർവ് ബാങ്ക് പുറത്തിറക്കിയ സ്വർണ കടപ്പത്രത്തിന്റെ കാലാവധി. ഇക്കാലയളവിൽ 2.5 ശതമാനം നിരക്കിലാണ് പലിശ. അതായത്, പലിശയായി 20,000 രൂപ ലഭിക്കും. ഇതുൾപ്പെടെ ആകെ നേട്ടം 401.64 ശതമാനം വരും.

2017 ഡിസംബർ 11-ന് ഗ്രാമിന് 2954 രൂപ നിരക്കിൽ ഇഷ്യൂചെയ്ത പതിനൊന്നാം സീരീസിൽ 12,801 രൂപയായിരുന്നു അന്തിമവില. പലിശകൂടാതെ 333 ശതമാനമായിരുന്നു ഇതിലെ നേട്ടം.

ഈ പദ്ധതിയിൽ കാലാവധി പൂർത്തിയാക്കുമ്പോൾ ലഭിക്കുന്ന നേട്ടത്തിന് വ്യക്തികൾക്ക് മൂലധന നേട്ട നികുതി ബാധകമല്ല.

അതേസമയം, ഈ കടപ്പത്രങ്ങൾ ഓഹരിവിപണിയിൽ നേരത്തേ വിറ്റഴിച്ചാൽ മൂലധന നേട്ട നികുതി നൽകേണ്ടിവരും. സ്വർണവില കുത്തനെ ഉയർന്നതോടെ 2024 ഫെബ്രുവരിക്കുശേഷം സ്വർണ കടപ്പത്രം പുറത്തിറക്കിയിട്ടില്ല.