വില്പന സമ്മര്‍ദത്തെ കരുതിയിരിക്കുക. ഉടനെ വന്‍തുക നിക്ഷേപിക്കാതെ തിരുത്തലുണ്ടാകുമ്പോള്‍ കൂടുതല്‍ വാങ്ങുക. അല്ലാത്തപ്പോള്‍ എസ്ഐപി പോലുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കുക.

കഴിഞ്ഞ വർഷം വെള്ളി വിലയിലുണ്ടായ വർധന 160 ശതമാനത്തിന് മുകളിലാണ്. അതായത് 2025 ജനുവരി ആദ്യം കിലോ ഗ്രാമിന് 91,700 രൂപയിൽ നിന്ന് ഡിസംബർ അവസാനിച്ചപ്പോൾ 2,41,000 എന്ന നിലവാരത്തിലേക്കുയർന്നു. 2026ലെ ആദ്യ ആഴ്ചകളിലും ഇതേ പ്രവണത തന്നെയാണ് തുടരുന്നത്. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 2,51,000 വരെ എത്തി. നിക്ഷേപകരെ സംബന്ധിച്ച് ഇതിനുള്ള കാരണങ്ങളും ഇനി മുന്നോട്ടുള്ള സാധ്യതകളും അറിയേണ്ടത് വളരെ പ്രാധാന്യമർഹിക്കുന്നു. അതുപോലെ പുതിയ നിക്ഷേപകർക്ക് ലഭ്യമായിരിക്കുന്ന വിവിധ നിക്ഷേപ മാർഗങ്ങളും വിശകലനം ചെയ്യാം.
മുന്നേറ്റത്തിന്റെ പ്രധാന കാരണം
ലഭ്യതക്കുറവും ഉയർന്ന ആവശ്യകതയുമാണ് പ്രധാന കാരണം. ഖനനം ചെയ്തെടുക്കുന്ന വെള്ളിയുടെ അളവ് ഏതാനും വർഷങ്ങളായി വളരെ കുറവാണ്. അതുപോലെ പുതിയ മൈനുകളും മറ്റും കണ്ടെത്താത്തതും ആഗോള തലത്തിൽ തന്നെ വൻ ലഭ്യതക്കുറവ് സൃഷ്ടിക്കുന്നുണ്ട്. ലോകമാകമാനം ഉപയോഗിക്കുന്ന വെള്ളിയുടെ 60 ശതമാനത്തോളം വ്യാവസായിക ആവശ്യങ്ങളുമായി ബന്ധപ്പെട്ടതാണ്. അതായത് മുമ്പ് വെള്ളി പ്രധാനമായും ഉപയോഗിച്ചിരുന്നത് ആഭരണ വിപണിയിലായിരുന്നു. എന്നാലിപ്പോൾ ഇലക്ട്രിക് വാഹനങ്ങളിലും സോളാർ പാനലുകളിലും 5ജിയുമായി ബന്ധപ്പെട്ടും ഡാറ്റാ സെന്ററുകളുടെ നിർമാണത്തിലും മറ്റുമായി ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു അസംസ്‌കൃത വസ്തുവായി വെള്ളി മാറിയിരിക്കുന്നു.
ഇതിനോട് ചേർത്തു തന്നെ വായിക്കേണ്ടതാണ് സുരക്ഷിത നിക്ഷേപം എന്ന നിലയിൽ ചരിത്രപരമായി തന്നെ വെള്ളിയിലുള്ള ആവശ്യകത. ഏതാനും വർഷങ്ങളായി തുടരുന്ന ആഗോള സാമ്പത്തിക യുദ്ധ അനിശ്ചിതാവസ്ഥകൾ സ്വർണ്ണത്തോടൊപ്പം തന്നെ വെള്ളിയിലേക്കും നിക്ഷേപമിറക്കാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. അതുപോലെ തന്നെ ഓഹരി വിപണിയിലും ക്രിപ്റ്റോ കറൻസിയിലും അമേരിക്കൻ ഡോളറിലുമുള്ള അനിശ്ചിതാവസ്ഥകൾ കൂടുതൽ നിക്ഷേപകരെ വെള്ളിയിലേക്ക് ആകർഷിക്കുന്നു എന്നതാണ് യാഥാർഥ്യം.
ചൈനയും അമേരിക്കയും വെള്ളിയെ നിർണ്ണായക ധാതുവായി പരിഗണിച്ച് കയറ്റുമതി നിരോധിച്ചത് ഇപ്പോഴുള്ള ലഭ്യതക്കുറവ് വരും വർഷങ്ങളിലും ഇതിലും രൂക്ഷമായി തുടരാൻ ഇടയാക്കിയേക്കാം. അതേസമയം, ഉപഭോഗത്തിൽ ഇപ്പോഴുള്ള ആവേശം കൂടുതൽ ശക്തമാവാനുള്ള സാഹചര്യമാണ് കാണുന്നത്. ഇതെല്ലാം പരിഗണിക്കുമ്പോൾ വിലയിലെ മുന്നേറ്റം വരും വർങ്ങളിലും തുടരാനാണ് സാധ്യത.
ഇപ്പോൾ വെള്ളിയിൽ നിക്ഷേപിച്ചിരിക്കുന്നവർക്ക് അത് തുടരാം. വിലയിൽ തിരുത്തലുണ്ടാകുമ്പോഴാണ് ഏറ്റവും അനുയോജ്യമെന്നുമാത്രം. അതേസമയം എസ്ഐപി പോലെ തുടർച്ചയായി ചെറിയ തുകകളിലുള്ള നിക്ഷേപം ദീർഘകാലത്തേക്ക് മികച്ച നേട്ടം നൽകാനാണ് സാധ്യത.
നിക്ഷേപ മാർഗങ്ങൾ
ഇതിൽ ഏറ്റവും പ്രധാനം പരമ്പരാഗത മാർഗമായ ഫിസിക്കൽ രീതിയിൽ, അതായത് കോയിൻ രൂപത്തിലോ, ബാർ രൂപത്തിലോ അല്ലെങ്കിൽ ഗാർഹിക ഉപകരണങ്ങളുടെ രീതിയിലോ വാങ്ങി സൂക്ഷിക്കാമെന്നതാണ്. എന്നാൽ ഇതിന് പൊതുവെ ഉയർന്ന നിർമാണ ചെലവുകൾ നൽകേണ്ടി വരും. അതോടൊപ്പം സുരക്ഷാ പ്രശ്‌നവും ഒരു പോരായ്മയാണ്. എന്നാൽ വളരെ എളുപ്പത്തിൽ വിൽക്കാനും വാങ്ങാനുമുള്ള സാഹചര്യവും കൈവശം സൂക്ഷിക്കാമെന്നതും അനുകൂല ഘടകങ്ങളാണ്.
മറ്റൊരു പ്രധാന നിക്ഷേപ മാർഗം ഇടിഎഫുകളുടെ രൂപത്തിലാണ്. നിലവിൽ നിക്ഷേപകർ ഏറ്റവും കൂടുതൽ ആശ്രയിക്കുന്നതും ഇതേ മാർഗം തന്നെയാണ്. ഇന്ത്യയിൽ ഇപ്പോൾ പല ഫണ്ട് ഹൗസുകളും വെള്ളിയിലുള്ള എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകൾ ലഭ്യമാക്കുന്നുണ്ട്. വെള്ളിയുടെ ഇപ്പോഴുള്ള മാർക്കറ്റ് വിലകളിൽ തന്നെ ഓഹരി വിപണിയിലൂടെ എപ്പോൾ വേണമെങ്കിലും വാങ്ങാനും വിൽക്കാനുമുള്ള സാധ്യത തുറന്നു തരുന്നത് ദീർഘകാല നിക്ഷേപകർക്ക് വളരെ അനുകൂലമാണ്.
വെള്ളിയിലെ മ്യൂച്വൽ ഫണ്ടുകളും ലഭ്യമാണ്. ഇത് നേരത്തെ പറഞ്ഞ വെള്ളിയിലെ ഇടിഎഫുകളിൽ നിക്ഷേപിക്കുന്ന ഫണ്ട് ഓഫ് ഫണ്ട് രൂപത്തിലാണ് ലഭ്യമാവുന്നത്. ഇടിഎഫിന്റെ അതേ ഗുണഗണങ്ങൾക്കു പുറമെ എസ്ഐപി രീതിയിൽ തുടർച്ചയായി നിക്ഷേപിക്കാനും ഇത്തരം ഫണ്ടുകൾ സഹായിക്കുന്നു. അതുപോലെ ഇന്ന് പല ഓൺലൈൻ പ്ലാറ്റ്ഫോമുകളും ഡിജിറ്റൽ രൂപത്തിൽ വളരെ ചെറിയ തുക മുതൽ വെള്ളി വാങ്ങി സൂക്ഷിക്കാനുള്ള സൗകര്യമൊരുക്കുന്നു. ഇവയിലൂടെ 24 മണിക്കൂറും വാങ്ങാനും വിൽക്കാനും സാധിക്കുമെങ്കിലും ഏതെങ്കിലും മാർക്കറ്റ് റെഗുലേറ്റർക്ക് കീഴിൽ വരാത്തതിനാൽ സുരക്ഷിതത്വത്തിൽ ആശങ്കപ്പെടേണ്ടതുണ്ട്.
അതുപോലെ ഇന്ത്യയിലെ ഏറ്റവും വലിയ കമ്മോഡിറ്റി എക്സ്ചേഞ്ചായ എംസിഎക്സിലൂടെ വിവിധ അളവുകളിൽ വ്യത്യസ്ത കാലാവധിയിൽ വാങ്ങാൻ സാധിക്കും. മുൻകൂറായി ചെറിയ പണം മാത്രം നൽകി വെള്ളി വാങ്ങാം എന്നത് അനുകൂലമാണെങ്കിലും വൻ ലാഭ-നഷ്ട സാധ്യതകൾ ഉള്ളതാണ് അവധി വിപണി എന്നതാണ് യാഥാർഥ്യം. അതിനാൽ തന്നെ ഈ പ്ലാറ്റ്ഫോം പ്രധാനമായും വൻകിട ഉത്പാദകരെയും കയറ്റുമതി-ഇറക്കുമതി സ്ഥാപനങ്ങളെയും ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്.
ഇതിനെല്ലാം പുറമെ വെള്ളിയുമായി ബന്ധപ്പെട്ട കമ്പനികളുടെ അതായത് ജ്വല്ലറികൾ, മൈനിംഗ് സ്ഥാപനങ്ങൾ, കയറ്റുമതി-ഇറക്കുമതി കമ്പനികൾ എന്നിവയുടെ ഷെയറുകൾ വാങ്ങി സൂക്ഷിക്കുന്നതിലൂടെ നേരിട്ടല്ലാതെയും വെള്ളിയിൽ നിക്ഷേപിക്കാൻ സാധിക്കും.
സാഹചര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കാലാകാലങ്ങളായി വെള്ളി വിലയിൽ വൻ ചാഞ്ചാട്ടം ദൃശ്യമാകാറുണ്ട്. എപ്പോൾ വേണമെങ്കിലും ഉണ്ടായേക്കാവുന്ന വിൽപന സമ്മർദം കനത്ത തിരിച്ചടിയായേക്കാം. അതുകൊണ്ടുതന്നെ വൻതുകയിലുള്ള നിക്ഷേപത്തിന് ഉടനെ മുതിരാതെ, ഏതെങ്കിലും കാരണവശാൽ വിലയിലുണ്ടാകുന്ന ഇടിവുകളിൽ കൂടുതൽ വാങ്ങുക. മറ്റു സമയങ്ങളിൽ എസ്ഐപി പോലുള്ള നിക്ഷേപ മാർഗങ്ങൾ സ്വീകരിക്കുക. ദീർഘകാലയളവിൽ മികച്ച ആദായം നേടാൻ ഈ തന്ത്രംതന്നെയാകും അനുയോജ്യം.
Content Highlights: Silver prices surge past 3 Lakh! Discover the reasons behind this boom and explore the best investment opportunities, from ETFs to physical silver.
Published: 20 Jan 2026, 02:14 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented