ഭൗമരാഷ്ട്രീയ സംഘർഷങ്ങളും സാമ്പത്തിക അനിശ്ചിതത്വവും മൂലം സ്വർണത്തിനും വെള്ളിക്കും പിന്നാലെ ചെമ്പിന്റെ വിലയും കുതിക്കുന്നു. ഇതോടെ ഇ.വി, എ.സി, ഗീസർ ഉൾപ്പടെയുള്ളവയുടെ വിലയിൽ കാര്യമായ വർധനവുണ്ടായേക്കാം. വ്യാവസായിക ലോഹങ്ങളായ ചെമ്പിന് 60 ശതമാനവും തകര(ടിൻ)യ്ക്ക് 30 ശതമാനവും വില വർധനവാണുണ്ടായത്. ഇതോടെ എസി, ഗീസർ ഉൾപ്പടെയുള്ളവയുടെ വില എഴ് മുതൽ 10 ശതമാനം വരെ കൂടിയേക്കാം.

To advertise here,

പ്രധാന കാരണങ്ങൾ

ഭൗമരാഷ്ട്രീയ സംഘർഷം: ഇറാനിലെ ആഭ്യന്തര പ്രക്ഷോഭത്തിൽ ഇടപെടാനുള്ള യുഎസിന്റെ നീക്കവും വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ യുഎസ് പിടികൂടിയതും നിക്ഷേപകർക്കിടയിൽ ആശങ്ക വർധിപ്പിച്ചു.

ഫെഡറൽ റിസർവ് വിവാദം: യുഎസ് ഫെഡറൽ റിസർവ് ചെയർമാൻ ജറോം പവലിനെതിരെയുള്ള ക്രിമിനൽ അന്വേഷണം കേന്ദ്ര ബാങ്കിന്റെ സ്വതന്ത്രമായ പ്രവർത്തനത്തെ ബാധിച്ചേക്കുമെന്ന ഭീതിക്കിടയാക്കി. പലിശ നിരക്ക് കുറയ്ക്കാൻ വൈറ്റ് ഹൗസിൽ നിന്നുള്ള സമ്മർദവും അതിന് പിൻബലമേകി.

മ്യാൻമറിലെ ഖനികൾ ദീർഘകാലമായി അടഞ്ഞുകിടക്കുന്നത് ആഗോളതലത്തിൽ ടിന്നിന്റെ ഉൽപ്പാദനം കുറയാനിടയാക്കി. അതോടൊപ്പം എ.ഐ ചിപ്പുകളുടെ നിർമാണത്തിന് ടിൻ അത്യാവശ്യമായതിനാൽ ഡിമാൻഡ് വർധിക്കുകയും ചെയ്തു. ഖനികളിലെ ഉൽപ്പാദന തടസ്സങ്ങളും വിതരണ കമ്മി ഉണ്ടാകുമെന്ന ആശങ്കയും ചെമ്പ് വിലയെ സ്വാധീനിച്ചു. താരിഫുകൾക്ക് മുന്നോടിയായി വലിയ തോതിൽ ലോഹങ്ങൾ യുഎസിൽ സംഭരിക്കുന്നതും കുതിപ്പിനിടയാക്കി. ഡാറ്റാ സെന്ററുകളുടെ വിപുലീകരണം ചെമ്പിന്റെ ആവശ്യകത കൂട്ടി.

വ്യാവസായിക പ്രത്യാഘാതങ്ങൾ

ലോഹങ്ങളുടെ വില വർധന വിവിധ വ്യവസായ മേഖലകളെ നേരിട്ട് ബാധിക്കും.

ഉപഭോക്തൃ ഉൽപ്പന്നങ്ങൾ

  • എയർ കണ്ടീഷണറുകൾ, ഗീസറുകൾ തുടങ്ങിയവയുടെ വില 7% മുതൽ 10% വരെ വർധിച്ചേക്കാം.
  • എസി നിർമാണ ചെലവിന്റെ 22-24% വരുന്നത് ചെമ്പിന്റെ വിലയെ ആശ്രയിച്ചാണ്.
  • എ.സിയുടെ ജിഎസ്ടി 28ശതമാനത്തിൽ നിന്ന് 18 ശതമാനത്തിലേക്ക് കുറച്ചെങ്കിലും ചെമ്പിന്റെ വിലക്കയറ്റവും പുതിയ ഊർജക്ഷമത മാനദണ്ഡങ്ങളും (BEE Star rating) ആനുകൂല്യം ഇല്ലാതാക്കി.

​ഹരിത ഊർജവും ഗതാഗതവും (EV)

  • ഇലക്ട്രിക് വാഹനങ്ങൾക്ക് സാധാരണ വാഹനങ്ങളേക്കാൾ മൂന്ന് മുതൽ നാല് മടങ്ങ് വരെ കൂടുതൽ ചെമ്പ് ആവശ്യമാണ്.
  • ​പുനരുപയോഗ ഊർജ പദ്ധതികൾ (സോളാർ, വിൻഡ് ടർബൈനുകൾ), ബാറ്ററി സ്റ്റോറേജ് എന്നിവയുടെ ചെലവ് വർധിച്ചു. ഇത് ഹരിത സാങ്കേതിക വിദ്യയുടെ വ്യാപനത്തെ മന്ദഗതിയിലാക്കിയേക്കാം.

നിർമാണ മേഖല

പ്ലംബിംഗ്, ഇലക്ട്രിക്കൽ വയറിംഗ് എന്നിവയ്ക്ക് ചെമ്പ് അത്യാവശ്യമായതിനാൽ കെട്ടിട നിർമാണ ചെലവ് കൂടും.

​ചെമ്പിന് പകരം

വിലക്കയറ്റം നേരിടാൻ കമ്പനികൾ ചെമ്പിന് പകരം മറ്റ് മാർഗ്ഗങ്ങൾ തേടുന്നുണ്ടെങ്കിലും അവയ്ക്ക് പോരായ്മകളുണ്ട്:

​അലുമിനിയം: എസി കോയിലുകളിൽ അലുമിനിയം ഉപയോഗിക്കുന്നുണ്ടെങ്കിലും ദീർഘായുസ്സ് കുറവാണ്. റിപ്പയർ ചെയ്യാൻ ബുദ്ധിമുട്ടുമാണ്.

​മറ്റ് ലോഹങ്ങൾ: സ്റ്റെയിൻലെസ് സ്റ്റീൽ, ബ്രാസ് (പിത്തള), പ്ലാസ്റ്റിക് കോമ്പോസിറ്റുകൾ എന്നിവ പരീക്ഷിക്കപ്പെടുന്നുണ്ടെങ്കിലും താപ ചാലകതയിൽ ചെമ്പിനോളം കാര്യക്ഷമത ഇവയ്ക്കില്ല.

വില കുതിച്ച് മറ്റുലോഹങ്ങളും

ചെമ്പ് മാത്രമല്ല, വ്യവസായ മേഖലയിൽ ഉപയോഗിക്കുന്ന മറ്റ് ലോഹങ്ങളുടെയും വില ഉയർന്നിട്ടുണ്ട്. അലുമിനിയം, സിങ്ക് എന്നിവയുടെ വില വർധന പാക്കേജിംഗ്, നിർമ്മാണം, ഗാൽവനൈസേഷൻ എന്നിവയെ ബാധിച്ചു. ബാറ്ററി നിർമ്മാണത്തിന് ആവശ്യമായ ലിഥിയത്തിന്റെയും കൊബാൾട്ടിന്റെയും വിലയും സമ്മർദത്തിലാണ്. എയർ കണ്ടീഷണറിന്റെ നിർമാണ ചെലവിന്റെ 22-24 ശതമാനവും വേണ്ടിവരുന്നതിനാൽ ഉപഭോക്താക്കളെ കൂടുതൽ ബാധിക്കുക ചെമ്പിന്റെ വിലക്കയറ്റംതന്നെയാകും.

 

 

 

 സ്വർണം 

$4,641 / troy ounce

രണ്ടു വർഷത്തിനുള്ളിൽ വില ഇരട്ടിയായി. ഈ വർഷം മാത്രം 8% വർധന.

 വെള്ളി 

$92.24 / ounce

ചരിത്രത്തിലാദ്യമായി 90 ഡോളർ കടന്നു. 6% ഏകദിന വർധന.

 ചെമ്പ്  

$13,407 / tonne

കഴിഞ്ഞ 12 മാസത്തിനിടെ 44% വർധന.

 ടിൻ (Tin) 

$54,760 / tonne

സെമികണ്ടക്ടർ മേഖലയിലെ ഡിമാൻഡും വിതരണ കുറവും വില വർധിപ്പിച്ചു.

 പ്ലാറ്റിനം 

$2,478 / tonne

ഡിസംബർ 29-ന് രേഖപ്പെടുത്തിയ ഉയർന്ന നിരക്ക്.

മറ്റ് ലോഹങ്ങളായ അലുമിനിയം (3,204),സിങ്ക്(3,249.50), നിക്കൽ ($18,140) എന്നിവയും വിപണിയിൽ മുന്നേറ്റം രേഖപ്പെടുത്തി.

​വില ഇനിയും കൂടുമോ?

​പിന്നിട്ട 20 വർഷത്തിനിടയിൽ ഇതാദ്യമായാണ് നാല് പ്രധാന ലോഹങ്ങളുടെ വില ഒരേസമയം റെക്കോഡ് ഉയരത്തിലെത്തുന്നത്.ചെമ്പിന്റെ വില വൈകാതെ ടണ്ണിന് 11,750-12,500 ഡോളർ എന്ന നിലയിൽ സ്ഥിരത കൈവരിക്കാനാണ് സാധ്യതയെന്ന് ജെ.പി മോർഗൻ, ഗോൾഡ്മാൻ സാക്‌സ് എന്നീ ആഗോള ഏജൻസികൾ വിലയിരുത്തുന്നു. അതേസമയം, വില പെട്ടെന്ന് താഴേക്ക് പോകാനിടയില്ല. ഊർജ പരിവർത്തന പദ്ധതികളും നിർമാണ മേഖലയിലെ നിക്ഷേപങ്ങളും ലോഹങ്ങളുടെ ഡിമാൻഡ് വർധിപ്പിച്ചേക്കും.