തിരൂരങ്ങാടി: കോൺഗ്രസ് പാർട്ടിക്കൊപ്പവും കാന്തപുരം വിഭാഗം സുന്നി സംഘടനകൾക്കൊപ്പവും നിലനിന്ന് തിരൂരങ്ങാടിയിലെയും മലപ്പുറം ജില്ലയിലെയും സമുന്നതനേതാവായി വളർന്ന വ്യക്തിത്വമാണ് 'എം.എൻ.' എന്ന രണ്ടക്ഷരത്തിൽ അറിയപ്പെട്ട ഞായറാഴ്ച അന്തരിച്ച എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി. 95 വയസ്സായിരുന്ന അദ്ദേഹം അസുഖം കാരണം ആശുപത്രിയിലും വീട്ടിലുമായി കഴിയുകയായിരുന്നു.

To advertise here,

സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായി അടുത്തബന്ധം പുലർത്തിയിരുന്ന എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജി ഉറച്ചശബ്ദമുള്ള നേതാവായാണ് അറിയപ്പെട്ടത്. ഏറെക്കാലം തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ യു.ഡി.എഫിന്റെ അധ്യക്ഷനായിരുന്ന കുഞ്ഞിമുഹമ്മദ് ഹാജി ജില്ലയിലും തിരൂരങ്ങാടിയിലും കോൺഗ്രസിന്റെ വളർച്ചക്ക് വലിയ പങ്കുവഹിച്ചു.

മലപ്പുറം ജില്ലാ പഞ്ചായത്ത്, തിരൂരങ്ങാടി ഗ്രാമപ്പഞ്ചായത്ത് എന്നിവിടങ്ങളിൽ ജനപ്രതിനിധിയായും സേവനമനുഷ്ടിച്ചു. കെ.പി.സി.സി. അംഗം, മലപ്പുറം ഡി.സി.സി. ട്രഷറർ എന്നീനിലകളിലും മികച്ച പ്രവർത്തനങ്ങളുമായി ജനസേവനത്തിലുണ്ടായിരുന്നു എം.എൻ .കുഞ്ഞിമുഹമ്മദ് ഹാജി. കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരുമായി അടുത്ത ബന്ധം സൂക്ഷിച്ചിരുന്ന എം.എൻ കുഞ്ഞിമുഹമ്മദ് ഹാജി കേരള മുസ്‌ലിം ജമാഅത്തിന്റെ സംസ്ഥാന വൈസ്പ്രസിഡന്റുമാണ്. ചരിത്രപ്രാധാന്യമുള്ള തിരൂരങ്ങാടി വലിയപള്ളി പരിപാലന കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി സേവനത്തിലുണ്ടായിരുന്ന അദ്ദേഹം തിരൂരങ്ങാടി സംയുക്ത മഹല്ല് പ്രസിഡന്റായും പ്രവർത്തിച്ചു.

ഞായറാഴ്ച രാവിലെ അന്തരിച്ച എം.എൻ. കുഞ്ഞിമുഹമ്മദ് ഹാജിക്ക് ആദാരജ്ഞലിയർപ്പിക്കാൻ നേതാക്കളും സാധാരണക്കാരുമടക്കം നിരവധിയാളുകൾ തിരൂരങ്ങാടിയിലെ വീട്ടിലെത്തിയിരുന്നു. തിരൂരങ്ങാടിയിലെ വീട്ടിൽ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി. വൈകുന്നേരം തിരൂരങ്ങാടി മേലെചിന ജുമാമസ്ജിദിൽ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരും നടുവിലെ പള്ളിയിൽ നടന്ന മയ്യിത്ത് നിസ്‌ക്കാരത്തിന് പൊന്മള അബ്ദുൽഖാദർ മുസ്‌ലിയാരും നേതൃത്വം നൽകി. തുടർന്ന് മയ്യിത്ത് കബറടക്കി.

മുൻ മുഖ്യമന്ത്രി എ.കെ. ആന്റണി കുടുംബത്തെ ഫോണിൽ വിളിച്ച് അനുശോചനമറിയിച്ചു. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എ.പി. അനിൽകുമാർ, എൻ. ശംസുദ്ദീൻ, മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്,

മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ, സി. മുഹമ്മദ് ഫൈസി, എം.എൽ.എമാരായ പി.എം.എ. സമീർ, വി.എസ്. ജോയ്, കെ.പി. നൗഷാദലി തുടങ്ങിയവർ വീട്ടിലെത്തി ആദരാഞ്ജലിയർപ്പിച്ചു.