ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാറിന്റെ നേതൃത്വത്തിൽ കളക്ടർക്ക് നിവേദനം നൽകി

To advertise here,

എരമംഗലം : പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂർ ആനറക്കുളം തകർന്ന സംഭവത്തിൽ സമഗ്രാന്വേഷണം ആവശ്യപ്പെട്ട്‌ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ. വത്സലകുമാറിന്റെ നേതൃത്വത്തിൽ കോൺഗ്രസ്‌ നേതാക്കൾ കളക്ടർക്ക് നിവേദനം നൽകി.

ഹരിത കേരളം മിഷൻ പദ്ധതിപ്രകാരം 60 ലക്ഷം രൂപ ചെലവിട്ടാണ് ആനറക്കുളം നവീകരിച്ചത്. കുളം നവീകരണത്തിന് ഹരിത കേരളം മിഷൻ 75 ലക്ഷം രൂപ അനുവദിച്ചെങ്കിലും ടെൻഡർ എടുത്തത് 60 ലക്ഷം രൂപയ്ക്കാണ്.

പെരുമ്പടപ്പ് പഞ്ചായത്തിലെ അയിരൂർ കുട്ടാടംപാടത്തെ മുണ്ടകൻ കൃഷി ചെയ്യുന്ന കർഷകർക്ക് കൃഷി ആവശ്യത്തിനു വെള്ളമെടുക്കുന്നതിനും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് നീന്തൽ പരിശീലനം നൽകാനുമുള്ള ലക്ഷ്യത്തിലായിരുന്നു കുളം നവീകരിച്ചത്. 2022 ഡിസംബറിൽ കുളം ഉദ്ഘാടനംചെയ്തു.

കുളം നവീകരണത്തിൽ എൻജിനിയറിങ് വിഭാഗത്തിൽനിന്ന് വേണ്ടത്ര ജാഗ്രതയുണ്ടായില്ലെന്നും പൈലിങ്പോലും നടത്താതെയാണ് നവീകരണം നടത്തിയതെന്നും അന്നേ ആരോപണമുയർന്നിരുന്നു. ഏഴുമാസംമുൻപ് കുളം തകർന്നു. കുളത്തിന്റെ സംരക്ഷണഭിത്തികൾ പകുതിയും ഇടിഞ്ഞുതകർന്നു. ഏഴുമാസമായിട്ടും കരാറുകാരനും നിർമാണത്തിന് നേതൃത്വംനൽകിയ ഇറിഗേഷൻ ഉദ്യോഗസ്ഥരും ഇതുവരെയും ഒരു നടപടിയും സ്വീകരിച്ചില്ല.

ഇതേത്തുടർന്നാണ് നിർമാണത്തിലെ അഴിമതിയും ഗുണനിലവാരക്കുറവും സാങ്കേതികമായ വീഴ്‌ചകളും ഉദ്യോഗസ്ഥതലത്തിലെ മേൽനോട്ടക്കുറവുകളും സമഗ്രമായും നിഷ്‌പക്ഷമായും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകിയത്.

യു.ഡി.എഫ്. കൺവീനർ ഫൈസൽ ബാബു, യൂത്ത് കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ്, പഞ്ചായത്ത് ആസൂത്രണസമിതി ഉപാധ്യക്ഷൻ ഷാജഹാൻ എന്നിവരും ചേർന്നാണ് നിവേദനം കൈമാറിയത്.