കണ്ണൂര്‍: രാജ്യത്ത് കൊളോണിയല്‍ ഭരണത്തിനുശേഷം വന്ന മിക്കവാറും ഭരണാധികാരികള്‍ ഫ്യൂഡല്‍, ഗോത്രവര്‍ഗ നേതാക്കളെപോലെയാണ് ജനങ്ങളോട് പെരുമാറുന്നതെന്ന് എഴുത്തുകാരന്‍ സക്കറിയ. ജവാഹര്‍ ലൈബ്രറി സംഘടിപ്പിക്കുന്ന കണ്ണൂര്‍ സാഹിത്യോത്സവത്തില്‍ 'മലയാളിയുടെ സഞ്ചാരം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

രാഷ്ട്രീയമേലാളന്‍മാരുടെയും ഭരണാധികാരികളുടെയും മുന്നില്‍ ജനങ്ങള്‍ താണുവണങ്ങിനില്‍ക്കേണ്ടിവരുന്നത് ഇന്ത്യയിലല്ലാതെ മറ്റൊരു ജനാധിപത്യരാജ്യത്തും കാണാനാകില്ല. ഇത് ജനാധിപത്യത്തിന്റെ അധഃപതനമാണ്.

ഉള്ളിലെ ഫ്യൂഡലിസമാണ് ഇത് ചെയ്യിക്കുന്നത്. ഉദ്യോഗസ്ഥരുടെ മുന്നില്‍പോലും ജനങ്ങള്‍ വണങ്ങി നില്‍ക്കുകയാണ്. ഇന്ത്യയൊഴികെയുള്ള ജനാധിപത്യരാജ്യങ്ങളില്‍ അധികാരപ്രകടനത്തിന്റെ ജൈത്രയാത്രകളില്ല. സമത്വം ആത്മാര്‍ഥമായി പാലിക്കപ്പെടുന്നു. ഭരണാധികാരികള്‍ പോലീസ് അകമ്പടിയില്ലാതെ പരിപാടിക്ക് ചെന്നാല്‍ അവിടെയുള്ള ജനങ്ങള്‍ക്കും നിരാശയാണെന്ന് ചില മന്ത്രിമാര്‍ എന്നോട് പറഞ്ഞിട്ടുണ്ട്.

ഇത് ജനിതക പ്രശ്‌നവും ഇന്ത്യന്‍ രോഗവുമാണ്. ഗാന്ധിജിയും നെഹ്റുവും കീഴാള-മേലാള മനോഭാവമുണ്ടാക്കിയില്ല. ജനങ്ങള്‍ക്ക് അദ്ദേഹത്തോട് ആരാധനാ മനോഭാവമായിരുന്നു -സക്കറിയ പറഞ്ഞു.

placeholder
കണ്ണൂർ ജവാഹർ ലൈബ്രറി ലിറ്റററി ഫെസ്റ്റിൽ ആദ്യദിനത്തിൽ ‘മലയാളികളുടെ സഞ്ചാരങ്ങൾ’ എന്ന വിഷയത്തിൽ നടന്ന സംവാദത്തിൽ സക്കറിയയും ഡോ. അജയ്‌കുമാർ കോടോത്തും.

അമേരിക്കയിലുള്ള ജനാധിപത്യം മൂലധനത്തിന്റെ ആധിപത്യത്തിലുള്ളതാണെങ്കിലും ജനങ്ങളുടെ മേല്‍ ഭരണാധികാരികളുടെ ആധിപത്യമില്ല. അമേരിക്കന്‍ നഗരങ്ങളിലൂടെയും ലണ്ടനിലൂടെയും രാഷ്ട്രത്തലവന്മാര്‍ കടന്നുപോയാല്‍ അവിടുത്തെ ആരുംതന്നെ അറിയണമെന്നില്ല.

ഇന്ത്യയില്‍ അധികാരസ്ഥാനത്ത് കയറിയിരിക്കുന്നവര്‍ ജനങ്ങളുടെ മേലാളന്‍മാരാണെന്ന അഹങ്കാരം പ്രകടിപ്പിക്കുന്നു. രാഷ്ട്രീയപാര്‍ട്ടികളോടുള്ള ബന്ധമല്ല, രാഷ്ട്രനിര്‍മാണമാണ് രാഷ്ട്രീയം. രാഷ്ട്രീയക്കാരെ വരുതിക്ക് നിര്‍ത്താനുള്ള കഴിവാണ് പൗരന്റെ ശേഷി. യുവാക്കളില്‍ ചെറിയൊരു വിഭാഗം മാത്രമാണ് രാഷ്ട്രീയപാര്‍ട്ടികളുടെ ചാവേറുകള്‍.

ഇന്നത്തെ മറ്റു യുവാക്കള്‍ പാര്‍ട്ടി അടിമകളല്ല. അതാണ് എന്റെ പ്രതീക്ഷ. എന്നാല്‍, അവരെല്ലാം നാട് വിട്ടുപോകുന്ന സ്ഥിതിയാണെന്നും സക്കറിയ ചൂണ്ടിക്കാട്ടി.

മലയാളി അസോസിയേഷനുകളില്‍ വിഭാഗീയ ചിന്ത

ജാതി, മത, രാഷ്ട്രീയ വിഭജനം വിദേശരാജ്യങ്ങളിലെ മലയാളി അസോസിയേഷനുകളെയും ബാധിച്ചു. ജാതി, മത, രാഷ്ട്രീയ താത്പര്യങ്ങളുടെ വലയത്തിലാണ് ഈ അസോസിയേഷനുകള്‍ പ്രവര്‍ത്തിക്കുന്നത്. വിദേശത്ത് കുടിയേറിയവരുടെ സമ്പത്തും സ്വാധീനവും വര്‍ധിച്ചെങ്കിലും മനസ്സ് ചുരുങ്ങിയിരിക്കുകയാണ്. ആദ്യകാല കുടിയേറ്റക്കാരാണ് ഇങ്ങനെ മാറിയത്. ഇവരുടെ അടുത്ത തലമുറയെ ഇതൊന്നും ബാധിച്ചിട്ടില്ല. അവരെല്ലാം മലയാളി നാമമുള്ള വിദേശപൗരന്മാര്‍ മാത്രമാണ്.

അടിസ്ഥാനപരമായി മലയാളികള്‍ യാത്രികരാണ്. തന്നെ ബാധിക്കാത്ത കാര്യങ്ങളിലടക്കമുള്ള മലയാളിയുടെ ജിജ്ഞാസയാണ് യാത്രകളിലേക്കുള്ള പ്രേരണ. മലയാളി നവോത്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ണികളിലൊന്നാണ് എസ്.കെ. പൊറ്റെക്കാട്ടിന്റെ യാത്രാവിവരണം. ലോകത്തിന്റെ വാതിലുകള്‍ അദ്ദേഹം തുറന്നിട്ടു. വീഡിയോകളിലൂടെയുള്ള യാത്രാവിവരണം അച്ചടിരൂപത്തിലുള്ളതിനെ ബാധിക്കില്ല -സക്കറിയ പറഞ്ഞു. ഡോ. അജയകുമാര്‍ കോടോത്ത് മോഡറേറ്ററായി.

സാഹിത്യോത്സവം എഴുത്തുകാരന്‍ സക്കറിയ ഉദ്ഘാടനംചെയ്തു. സദാനന്ദ് മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. സി.വി. ബാലകൃഷ്ണന്‍, ഷാഹിന കെ. റഫീഖ്, എം. രത്‌നകുമാര്‍, വി.പി. കിഷോര്‍ എന്നിവര്‍ സംസാരിച്ചു.

പുതിയകാല രാഷ്ട്രീയ സമസ്യകള്‍ എന്ന വിഷയത്തില്‍ പി.എന്‍. ഗോപീകൃഷ്ണന്‍ പ്രഭാഷണം നടത്തി. പരിസ്ഥിതി സംവാദത്തില്‍ ഡോ. ഇ. ഉണ്ണികൃഷ്ണന്‍, എം. സുചിത്ര എന്നിവര്‍ സംസാരിച്ചു.

വിനോദ് പയ്യട മോഡറേറ്ററായി. ഫോക് ലോര്‍ സംവാദത്തില്‍ ഡോ. ഗോവിന്ദവര്‍മ രാജ, ഡോ. വൈ.വി. കണ്ണന്‍, വി.കെ. അനില്‍കുമാര്‍, ഡോ. പി.കെ. ഭാഗ്യലക്ഷ്മി എന്നിവര്‍ സംസാരിച്ചു.

വേദിയില്‍ ഇന്ന്

'എംബസിക്കാലം': എം. മുകുന്ദന്‍-ഇ.പി. രാജഗോപാലന്‍, 9.30. 'മാറുന്ന കേരളം': ഡോ. വി. വേണു- സി.വി. ബാലകൃഷ്ണന്‍, 10.30. 'സ്ത്രീകള്‍ എഴുതുമ്പോള്‍, വായിക്കുമ്പോള്‍': ഇന്ദു മേനോന്‍, സിതാര എസ്., ഷീല ടോമി, ജിസ ജോസ് 12.00. 'സാംസ്‌കാരിക ഇടങ്ങളിലെ ഇടപെടലുകള്‍': കല്‍ക്കി സുബ്രഹ്‌മണ്യം, വത്സന്‍ കൂര്‍മ കൊല്ലേരി, 2.00. 'എഴുത്ത്, വായന, വര്‍ത്തമാനം': സി.വി. ബാലകൃഷ്ണന്‍-എ.വി. പവിത്രന്‍, 3.30. തെയ്യാട്ടം, 5.00, ബോണ്‍ഴൂര്‍ മയ്യഴി (ഹ്രസ്വസിനിമ) പ്രദര്‍ശനം, 5.30