ജില്ലാ പഞ്ചായത്താണ് ‘സേതുപദം’ പണിതൊരുക്കിയത്.

ചേന്ദമംഗലം പാലിയംനടയിലെ 'സേതുപദ'ത്തിൽ ആദ്യമായി നോവലിസ്റ്റ് സേതു എത്തിയപ്പോൾ. നാട്ടുകാരനും സേതുവിന്റെ നോവലിലെ കഥാപാത്രവുമായ പി.എ. സോജൻ സമീപം
പറവൂർ: മൈതാനിയുടെ ഒരറ്റത്ത് ഫുട്‌ബോൾ കളിക്കുന്ന കുട്ടികൾ... റോഡിനു മറുവശത്ത് പാലിയം തൃക്കോവിലിനു മുന്നിൽ വലിയ ആലും ആൽത്തറയിലെ പതിവുകാരും. 'മാറ്റപ്പാട'ത്തിന്റെ വടക്കുപടിഞ്ഞാറെ കോണിൽ 'കാണാക്കനി' ശില്പത്തിനു താഴെ കറുത്ത ഗ്രാനൈറ്റ് പതിച്ച ‘സേതുപദ’ത്തിൽ മലയാളത്തിന്റെ കഥാകാരൻ സേതു പതുക്കെ നടന്നുചെന്നിരുന്നു.
ചേന്ദമംഗലത്ത് ജനിച്ചുവളർന്ന് ഏറെ കഥകളുടെ കെട്ടുകളഴിച്ച സേതുവിന് ജന്മനാട് ആദരമർപ്പിക്കുന്നതിനായാണ് ജില്ലാ പഞ്ചായത്ത് പഴയ മാറ്റപ്പാടത്ത് ഇരിക്കാനുള്ള ഇടമായി ‘സേതുപദം’ പണിതൊരുക്കിയത്.
കാലം മാറ്റാത്ത നായർസമാജം ലൈബ്രറിയുടെ കെട്ടിടമിരിക്കുന്ന ഭാഗത്തേക്കായി സേതുവിന്റെ നോട്ടവും ചിന്തയും. ‘‘പാലിയം സ്‌കൂളിലേക്കെത്തിയ അഞ്ചുവയസ്സുമുതലേ കൂടുതൽ സമയം ചെലവഴിച്ചിരുന്നത് ഈ ലൈബ്രറിയിലാണ്. പുസ്തകമെടുക്കാൻ അമ്മയാണ് ഇങ്ങോട്ട് പറഞ്ഞുവിട്ടത്’-സേതു ഓർമ്മകളുടെ കൂടുതുറന്നു.
നടയിൽ പണ്ട് കൃഷ്ണൻനായരുടെ ചായക്കടയിരുന്ന ഭാഗത്തേക്ക് സസൂക്ഷ്മം നോക്കുന്നതു കണ്ടപ്പോൾ കൂടെയെത്തിയ സോജൻ പറഞ്ഞു: അവിടെയിപ്പോൾ പച്ചക്കറി, ലോട്ടറിവിൽപ്പന കടകളാണ്.
സേതുവിന്റെ മറുപിറവി, അക്കങ്ങളിൽ കൊത്തിയ അക്ഷരങ്ങൾ തുടങ്ങിയ നാല് പുസ്തകങ്ങളിലെ ജീവിക്കുന്ന കഥാപാത്രം കൂടിയാണ് ചേന്ദമംഗലം കൈത്തറിസംഘം സെക്രട്ടറി കൂടിയായിരുന്ന പുളിക്കത്തറ പി.എ. സോജൻ.
പാലിയം സമരപോരാട്ടത്തിന്റെ സ്മാരകശില്പം ഉൾപ്പെടെ നിരവധി ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളുള്ള ഇവിടെ അന്തരിച്ച വാഗ്മിയും മഹാരാജാസ് കോളേജ് റിട്ട. പ്രൊഫസറുമായ കെ.എൻ. ഭരതന്റെ ശില്പവും ഉയരുന്നുണ്ട്.
ജന്മനാട്ടിലെ സേതുപദം കാണാൻ ആദ്യമായി എഴുത്തുകാരനെത്തിയതറിഞ്ഞ് പരിചയക്കാർ കണ്ട് സംസാരിക്കാനെത്തി. പാലിയം കുടുംബാംഗമായ മോഹൻദാസിനെ കണ്ടും സേതു കുശലംപറഞ്ഞു.
Content Highlights: Writer Sethu Visits 'Sethupadam' in Hometown Chendamangalam; Recalls Childhood Memories
Published: 20 Nov 2025, 08:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented