കോഴിക്കോട്: ഞാന്‍ കെ.എ. കൊടുങ്ങല്ലൂരിനോട് സ്വകാര്യം ചോദിച്ചു: ''ഇതെന്താ ഇങ്ങനെ?''''ഏത്?'' ''ഇത്ര വലിയ ഒരാള്‍ മരിച്ചിട്ട് കോഴിക്കോട്ടുകാര്‍ തിരിഞ്ഞുനോക്കാത്തതെന്താ?''
കൊടുങ്ങല്ലൂരിന്റെ ധാര്‍മികരോഷം തിളച്ചു: ''നിങ്ങക്കെന്തായിപ്പോയി? മാരാര്‍ക്ക് അധികാരമുണ്ടോ, പണമുണ്ടോ, പദവിയുണ്ടോ? ഏതെങ്കിലും പാര്‍ട്ടിയുടെ പിന്തുണയുണ്ടോ? ജാതിക്കാരുടെ പിന്‍ബലമുണ്ടോ? ഇയാളുടെ മക്കള്‍ക്ക് ഇതെന്തെങ്കിലുമുണ്ടോ? ഒരു പാവം പ്രൂഫ് റീഡര്‍. അയാള്‍ പോയി. പോട്ടെ...'''
'എന്നാലും മാരാരല്ലേ?''
''അത് നിങ്ങള്‍ക്ക്, എനിക്ക്. നാട്ടുകാര്‍ക്കെന്ത് മഹാഭാരതപഠനം? അതുപോട്ടെ. എത്രയോ എഴുത്തുകാര്‍ കോഴിക്കോട് ടൗണിലുണ്ട്. സാഹിത്യപരിഷത്തിന് വന്നവരാ. അവര്‍ക്കറിയില്ലേ, മാരാര് ആരാണെന്ന്? ഇത്ര അടുത്തല്ലേ? തിരിഞ്ഞുനോക്കില്ല.''
''എന്താ കാരണം?''
''മാരാര് അവരെ ആരെയും പുകഴ്ത്തിക്കാണില്ല. ചിലപ്പോള്‍ വല്ലതും എഴുതിയതില്‍ വല്ല വിമര്‍ശനവും വന്നുപോയിക്കാണും...''
അസ്ഥിയില്‍ തറയ്ക്കുന്ന ഭാഷയുടെ തീക്ഷ്ണതയും നിശിതമായ താര്‍ക്കികയുക്തിയുംകൊണ്ട് മലയാളനിരൂപണത്തിലെ നിത്യസിംഹാസനത്തിന് അര്‍ഹനായ സാക്ഷാല്‍ കുട്ടികൃഷ്ണമാരാര്‍ക്ക് വേണ്ടപോലെ അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍പോലും ശ്രദ്ധ കാട്ടാതിരുന്ന കോഴിക്കോട്ടെ സാംസ്‌കാരികലോകത്തെക്കുറിച്ച് എം.എന്‍. കാരശ്ശേരി പത്തുവര്‍ഷം മുന്‍പ് രേഖപ്പെടുത്തിയതാണിത്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച 'വിനീതവും അനാഥവുമായ മരണയാത്ര' എന്ന ലേഖനത്തിലാണ് ഇക്കാര്യം അദ്ദേഹം എഴുതിയത് - ആ മഹാനിരൂപകന്റെ വിയോഗനാളായ 1973 ഏപ്രില്‍ ആറിന്റെ ഓര്‍മകള്‍ പങ്കിട്ടുകൊണ്ട്.
ശനിയാഴ്ച മാരാരുടെ 125-ാം പിറന്നാള്‍. സാഹിത്യനഗരമായ കോഴിക്കോട്ട് അദ്ദേഹത്തിന്റെ ഓര്‍മയ്ക്കായി ഒരു ഛായാചിത്രം പോലുമില്ലാതെയാണ് ഈ ദിനം കടന്നുപോകുന്നത്. കോഴിക്കോട് ടൗണ്‍ഹാളിന്റെ ചുമരില്‍ ഇടംപിടിച്ച പ്രമുഖരുടെ കൂട്ടത്തിലെങ്കിലും ഒരിടം അദ്ദേഹത്തിന് നല്‍കാന്‍ അധികാരികള്‍ മറന്നു. ഒരു പാതയുടെ പേരായിപ്പോലും കുട്ടികൃഷ്ണമാരാര് ഈ നഗരത്തിലില്ല.
1900 ജൂണ്‍ 14-ന് തിരൂരിനടുത്ത് തൃപ്രങ്ങോട്ട് ജനിച്ച മാരാര്‍ 1938-ല്‍ മാതൃഭൂമിയില്‍ പ്രൂഫ് റീഡറായാണ് കോഴിക്കോട്ടെത്തിയത്. ചീഫ് പ്രൂഫ് റീഡറായി 1961-ലാണ് അദ്ദേഹം വിരമിച്ചത്. തുടര്‍ന്നും കോഴിക്കോട്ടുതന്നെയായിരുന്നു താമസം.'ഭാരതപര്യടന'വും 'രാജാങ്കണ'വും ഉള്‍പ്പെടെയുള്ള നിരൂപണകൃതികളും കാളിദാസകൃതികളുടെ ഗദ്യപരിഭാഷകളും രചിച്ചത് കോഴിക്കോട്ടെ ജീവിതകാലത്താണ്.
വിമര്‍ശനത്തിലെ രാജശില്പിയെന്നു വിശേഷിപ്പിക്കപ്പെട്ട മാരാര് മീഞ്ചന്ത രാമകൃഷ്ണാശ്രമത്തിനടുത്ത് 'ഋഷിപ്രസാദ'ത്തിലായിരുന്നു താമസം. മാരാരുടെ ഛായാചിത്രം ടൗണ്‍ഹാളില്‍ വെക്കണമെന്നത് വലിയ ആഗ്രഹമാണെന്ന് അദ്ദേഹത്തിന്റെ കൊച്ചുമകന്‍ കെ.എം. സത്യനാരായണന്‍ പറഞ്ഞു.
''പലരോടും ഇക്കാര്യം പറഞ്ഞുവെങ്കിലും ഒന്നും നടന്നില്ല. മാരാരുടെ മകന്‍ കെ.എം. മുരളീധരനും മാതൃഭൂമിയിലുണ്ടായിരുന്നു. അദ്ദേഹത്തോട് ഈ ആഗ്രഹം പറയുമ്പോഴൊക്കെ, ''മാരാരുടെ കൃതികളുടെ ലഭ്യതയും പഠനമനനങ്ങളുമല്ലാതെ മറ്റൊരു സ്മാരകം വേണ്ടാ'' എന്നായിരുന്നു മറുപടി.
ടൗണ്‍ഹാളില്‍ എസ്.കെ. പൊറ്റെക്കാട്ടിന്റെയും എന്‍.വി. കൃഷ്ണവാരിയരുടെയുമൊക്കെ ഫോട്ടോകള്‍ കാണുമ്പോള്‍ മുത്തച്ഛന്റേതുകൂടി ഉണ്ടായിരുന്നെങ്കില്‍ എന്നൊരാഗ്രഹം...'' -സത്യനാരായണന്‍ പറഞ്ഞു. മീഞ്ചന്തയിലെ കോഴിക്കോട് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജില്‍ കുറച്ചുകാലം മാരാര്‍ സ്മാരകപ്രഭാഷണം നടന്നിരുന്നു. എം.എന്‍. വിജയന്‍, സുകുമാര്‍ അഴീക്കോട് തുടങ്ങിയവരൊക്കെ വന്ന് പ്രഭാഷണം നടത്തുകയും ചെയ്തിരുന്നു. മാരാര്‍ സ്മാരകഗവേഷണകേന്ദ്രവുമുണ്ടായിരുന്നു
Content Highlights: Writer Kuttykrishna Marar's birth anniversary day
Published: 14 Jun 2025, 07:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented