
ഹിരണ്വതിക്കും സ്വരണ്‍ദീപിനുമൊപ്പം
കണ്ണൂര്‍: ഒരു മുറിയില്‍ ചെറുകഥയുടെ 'ഇന്‍ട്രോ' ജനിക്കുമ്പോള്‍ അടുത്ത മുറിയില്‍ അപസര്‍പ്പക നോവലിലെ വെടിയൊച്ചകള്‍ മുഴങ്ങും.
ചുവരിനപ്പുറം ചുരുളഴിയുന്നതാകട്ടെ നേരനുഭവങ്ങളുടെ ഏട്. ധര്‍മടം ഗവ. ബ്രണ്ണന്‍ കോളേജിനോട് ചേര്‍ന്ന 'ജഹനാര' എന്ന വീടിന്റെ അകത്തളം നിറയെ കഥകളാണ്.
കഥകള്‍ പിറക്കുന്ന ഈ വീട്ടിലെ ഗൃഹനാഥ ജിസ ജോസും മക്കള്‍ അവസാനവര്‍ഷ ബിരുദവിദ്യാര്‍ഥി ഹിരണ്വതിയും പത്താംതരം കഴിഞ്ഞ സ്വരണ്‍ദീപും എഴുത്തുകാരാണ്; ഒപ്പം ഗ്രന്ഥകര്‍ത്താക്കളും.
തലശ്ശേരി ഗവ. ബ്രണ്ണന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് ഈ വര്‍ഷം എസ്.എസ്.എല്‍.സി. പഠിച്ചിറങ്ങിയ സ്വരണ്‍ദീപ് എട്ടാംക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പ്രമുഖ ഓണ്‍ലൈന്‍ മാധ്യമത്തിലാണ് അപസര്‍പ്പക നോവലെഴുതിയത്. 24 അധ്യായങ്ങളിലായി 'കെ.കെ.-ചില അന്വേഷണക്കുറിപ്പുകള്‍' എന്നപേരില്‍.
ഏറെ വായനക്കാരെ ആകര്‍ഷിച്ച ഇത് അടുത്തുതന്നെ പുസ്തകരൂപത്തില്‍ പുറത്തിറങ്ങും. മറ്റൊരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ ആനുകാലിക സംഭവങ്ങളെക്കുറിച്ച് അന്‍പതോളം കുറിപ്പുകളെഴുതിയിരുന്നു. ഒരു കുട്ടിയുടെ വീക്ഷണത്തിലുള്ള ആനുകാലിക സംഭവങ്ങളുടെ വിശകലനം അന്നേറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊച്ചി രാജഗിരി കോളേജ് വിദ്യാര്‍ഥിനിയായ ഹിരണ്വതിയുടെ ചെറുകഥാ സമാഹാരമായ 'ഫുഡ്‌ബോളാ'ണ് ഏറ്റവും ഒടുവിലായി ഈ വീട്ടില്‍നിന്ന് പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയത്. 'മാതൃഭൂമി' ആഴ്ചപ്പതിപ്പിലെ 'കോളേജ് മാഗസിന്‍' പംക്തിയില്‍ പ്രസിദ്ധീകരിച്ചതുള്‍പ്പെടെയുള്ള 10 കഥകളാണ് ഈ സമാഹാരത്തിലുള്ളത്.
കോട്ടയം സ്വദേശിയും ബ്രണ്ണന്‍ കോളേജ് മലയാളവിഭാഗം മേധാവിയും വൈസ് പ്രിന്‍സിപ്പലുമായ ജിസ ജോസിന്റെ അവസാനമിറങ്ങിയ നോവല്‍ 'മുദ്രിത' മാതൃഭൂമി ബുക്‌സാണ് പ്രസിദ്ധീകരിച്ചത്. 'ഡാര്‍ക്ക് ഫാന്റസി' (നോവല്‍), 'ഇരുപതാംനിലയില്‍ ഒരു പുഴ', 'സര്‍വമനുഷ്യരുടെയും രക്ഷയ്ക്കുവേണ്ടിയുള്ള കൃപ'(കഥാസമാഹാരങ്ങള്‍), 'സ്വന്തം ഇടം'(പഠനങ്ങള്‍) എന്നിവയുള്‍പ്പെടെ നിരവധി പുസ്തകങ്ങളുണ്ട് ഇവരുടേതായി.

വീട്ടിലെ ഗൃഹനാഥനായ എ.പ്രദീപ്കുമാറും സാഹിത്യവുമായി ബന്ധമുള്ള വ്യക്തിതന്നെ. ചമ്പാട് ചോതാവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മലയാളം അധ്യാപകനായ ഇദ്ദേഹം നാടകപ്രവര്‍ത്തകനും ഹ്രസ്വചിത്ര സംവിധായകനും തിരക്കഥാകൃത്തുമാണ്.
ഇദ്ദേഹം സംവിധാനം ചെയ്ത 'ഖദ്യോതഃ' എന്ന സംസ്‌കൃത ഹ്രസ്വചിത്രം 2018-ല്‍ മികച്ച ഹ്രസ്വചിത്രത്തിനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ സംസ്ഥാന പുരസ്‌കാരം നേടി.
Content Highlights: Jisa Jose, Mudritha, Mathrubhumi Books
Published: 27 Aug 2021, 11:38 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented