തിരൂര്‍: നൃത്ത, കാവ്യ, ശില്പ കലകളിലുള്‍പ്പെടെ ഭാരതത്തിലെ എല്ലാ കലകളിലും മഹാഭാരതം നിറഞ്ഞുനില്‍ക്കുന്നുവെന്നും ഇവിടെ മഹാഭാരതകഥകള്‍ സ്പര്‍ശിക്കാത്ത ദേശങ്ങളും കലകളും സ്ഥലനാമങ്ങളും സംസ്‌കാരവും ഇല്ലെന്നും കന്നഡ കവിയും നാടകകൃത്തുമായ എച്ച്.എസ്. ശിവപ്രസാദ്. തിരൂര്‍ തുഞ്ചന്‍പറമ്പില്‍ തുഞ്ചന്‍ ഉത്സവത്തിന്റെ ഭാഗമായി കേന്ദ്ര സാഹിത്യ അക്കാദമിയും തുഞ്ചന്‍ സ്മാരക ട്രസ്റ്റും ചേര്‍ന്ന് സംഘടിപ്പിച്ച 'മഹാഭാരതത്തിന്റെ പുനരാഖ്യാന പാരമ്പര്യം' ദേശീയ സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

മഹാഭാരതം ഹിമാലയംപോലെ വൈവിധ്യവും മാഹാത്മ്യവും നിറഞ്ഞതാണ്. മഹാഭാരതം ഒരു സര്‍വവിജ്ഞാനകോശമാണ്. അനവധി കഥകളും ഉപകഥകളും വംശാവലീചരിത്രങ്ങളും ഉള്‍ച്ചേര്‍ന്ന ഒരു മഹാഖ്യാനം. സാഹിത്യത്തില്‍ മാത്രമല്ല തിയേറ്റര്‍ രംഗത്തും ധാരാളം മഹാഭാരത പുനരാഖ്യാനമുണ്ടെന്നും കന്നഡ മഹാഭാരതത്തില്‍ കൃഷ്ണനാണ് പ്രധാന കഥാപാത്രമെന്നും അദ്ദേഹം പറഞ്ഞു.

മഹാഭാരതം മനുഷ്യന്റെ അടിസ്ഥാനചോദനകളായ സ്വാര്‍ഥതയുടെയും ഉന്നതമൂല്യങ്ങളായ പരിത്യാഗത്തിന്റെയും സംഘര്‍ഷംനിറഞ്ഞ മഹാകാവ്യമാണെന്നും ഈ സംഘര്‍ഷം നിലനില്‍ക്കുന്നിടത്തോളംകാലം മഹാഭാരത പുനരാഖ്യാനങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുമെന്നും അധ്യക്ഷതവഹിച്ച കെ.പി. രാമനുണ്ണി പറഞ്ഞു. ലോക ഇതിഹാസങ്ങളില്‍ മഹാഭാരതം എന്നും മുന്നില്‍നില്‍ക്കുന്നുവെന്ന് കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറി കെ. ശ്രീനിവാസറാവു അഭിപ്രായപ്പെട്ടു.

വ്യത്യസ്തകാലങ്ങളില്‍, വ്യത്യസ്ത പ്രദേശങ്ങളില്‍, വ്യത്യസ്ത ഭാഷകളില്‍ നിരവധി ആഖ്യാനങ്ങളും പുനരാഖ്യാനങ്ങളും വന്നിട്ടുള്ള ബൃഹത്തായ ഗ്രന്ഥമെന്ന നിലയ്ക്കാണ് ഈ ഇതിഹാസം വേറിട്ടുനില്‍ക്കുന്നതെന്ന് 'മഹാഭാരത പുനരാഖ്യാനങ്ങളുടെ അക്കാദമിക സാംസ്‌കാരിക പ്രസക്തി' എന്ന സെഷനില്‍ അധ്യക്ഷനായ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റി ഡോ. കെ. മുരളീധരന്‍ പറഞ്ഞു. മനുഷ്യജീവിതത്തിന്റെ സന്ദേഹങ്ങളെയും ജീവിതമെന്ന മഹാപ്രഹേളികയെയും സൂക്ഷ്മമായി പരിശോധിക്കുന്നതാണ് മഹാഭാരതത്തിന്റെ സവിശേഷത. നന്മയുടെ പ്രതീകങ്ങളെന്നു വാഴ്ത്തപ്പെട്ടവരില്‍ നന്മയോടൊപ്പം തിന്മയുമുണ്ടെന്ന പാഠം മഹാഭാരതം മുന്നോട്ടുവെക്കുന്ന ജീവിതാഖ്യാനമാണ്. അതുപോലെ തിന്മയുടെ പ്രതീകമെന്നുകരുതി മാറ്റിനിര്‍ത്തപ്പെടുന്നവരിലും നന്മയുടെ പ്രകാശരേണുക്കള്‍ കണ്ടെത്താന്‍ കഴിയുമെന്ന ശുഭചിന്ത മഹാഭാരതത്തില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം -ഡോ. മുരളീധരന്‍ പറഞ്ഞു. 

മഹാഭാരതം വളരെ വ്യത്യസ്തമായ തലത്തിലാണ് ഓരോ സംസ്ഥാനത്തും പുനര്‍വായിക്കപ്പെടുന്നതെന്നും ഒരിടത്ത് കൃഷ്ണനെ ആരാധിക്കുമ്പോള്‍ മറ്റിടത്ത് ഹിഡുംബിയെയും ഘടോല്‍ക്കചനെയും ആരാധിക്കുന്നുവെന്നും കെ.സി. നാരായണന്‍ നിരീക്ഷിച്ചു.

'മഹാഭാരത പുനരാഖ്യാനങ്ങള്‍ മലയാളത്തില്‍' എന്ന മൂന്നാമത്തെ സെഷനില്‍ ടി.കെ. സന്തോഷ്‌കുമാര്‍ അധ്യക്ഷതവഹിച്ചു. ഏതുകാലത്തെയും ഏതുദേശത്തെയും ജീവിതസമസ്യകളോട് മഹാഭാരതം സംവദിക്കുന്നുവെന്ന് ടി.കെ. സന്തോഷ്‌കുമാര്‍ അഭിപ്രായപ്പെട്ടു. മലയാളത്തില്‍ കാലഘട്ടങ്ങളിലൂടെയുണ്ടായ മഹാഭാരത ആഖ്യാനങ്ങളെ പ്രസന്നരാജന്‍ പരിചയപ്പെടുത്തി. മഹാഭാരതത്തിലെ കഥാപാത്രങ്ങള്‍ നന്മ, തിന്മ എന്ന കറുപ്പിലും വെളുപ്പിലുമല്ല അവതരിപ്പിക്കപ്പെട്ടതെന്ന് പ്രസന്നരാജന്‍ പറഞ്ഞു. 

ഭക്തിപ്രസ്ഥാനവും സ്വാതന്ത്ര്യസമരവുമാണ് പുരാണങ്ങളുടെ പുനരാഖ്യാനത്തിന് ഇടനല്‍കിയതെന്ന് അനില്‍ ചേലേമ്പ്ര അഭിപ്രായപ്പെട്ടു. വിവിധ സെഷനുകളിലായി സി.ആര്‍. പ്രസാദ്, വി.ആര്‍. പത്മേഷ്, ജി.കെ. രാം മോഹന്‍, മണമ്പൂര്‍ രാജന്‍ബാബു, ടി.ടി. വാസുദേവന്‍ എന്നിവരും സംസാരിച്ചു.

വൈകീട്ട് കേരള ചലച്ചിത്ര അക്കാദമിയുടെ നേതൃത്വത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനംചെയ്ത 'വിധേയന്‍' സിനിമ പ്രദര്‍ശിപ്പിച്ചു. രാത്രി പ്രസീത ചാലക്കുടിയും സംഘവും നാടന്‍പാട്ടും അവതരിപ്പിച്ചു.