
തൃശ്ശൂര്‍: 'കുറെക്കാലമായി അച്ഛനെ ഒന്നു കാണാമെന്ന് കരുതുന്നു. ഓണം വരാറായില്ലേ, ഓണത്തിന് അച്ഛന്‍ വരണം.' വര്‍ഷം 1964, ഓണക്കാലം. ആറുവയസ്സുതികയാത്ത മകന്‍ അച്ഛനെഴുതിയ കത്താണിത്. കത്തില്‍ നിറയുന്നത് അച്ഛനെ കാണാനുള്ള വ്യഗ്രതയും പിന്നെ കുറെ കുഞ്ഞുസങ്കടങ്ങളും. മഹാകവി വൈലോപ്പിള്ളി ശ്രീധരമേനോനും മകന്‍ ശ്രീകുമാറുമാണ് ഈ അച്ഛനും മകനും.
കത്ത് വായിച്ച അച്ഛനെഴുതിയത് മറുപടിയല്ല. പകരം മനോഹരമായൊരു കവിത- 'ഓണക്കിനാവ്'. സ്വാതന്ത്ര്യദിനത്തിന്റെ പിറ്റേന്നാണ് ഈ കവിതയെഴുതുന്നതെന്ന് ആദ്യവരികളില്‍ത്തന്നെ കവി സൂചിപ്പിക്കുന്നു. അന്ന് വാതിലില്‍ മുട്ടാന്‍ വര്‍ത്തമാന പത്രമെത്തിയില്ല. എങ്കിലും വായിക്കാനൊരു കൊതി... അദ്ദേഹം എഴുതി:
'വായിക്കാനൊരു കൊതി ഞാനിന്നലെ
വന്നൊരു കത്തു നിവര്‍ത്തീ വീണ്ടും
അത്തപ്പൂക്കളമിട്ടൂ ഞാന്‍, ഇനി
യച്ഛനുമെത്തണമോണം കൂടാന്‍.
കൊച്ചുമകന്റെയെഴുത്താണിങ്ങനെ,
കഷ്ടിച്ചാറുവയസ്സില്‍, താളില്‍
പിച്ച നടക്കും കൈയക്ഷരമൊടു
കൊച്ചുമകന്റെയെഴുത്താണല്ലോ.'
''ചെറുപ്രായത്തിലാണെങ്കിലും ആ കത്തെഴുതിയത് ഞാനിപ്പോഴും ഓര്‍ക്കുന്നു. നീ അച്ഛന് കത്തെഴുതുന്നില്ലേ, എന്ന് അമ്മ ഇടയ്ക്കിടെ ചോദിക്കാറുണ്ടായിരുന്നു. അന്നു ഞാനും രണ്ടുവയസ്സുകാരന്‍ അനിയന്‍ വിജയകുമാറും അമ്മ ഭാനുമതിയമ്മയ്ക്കുമൊപ്പം അമ്മവീട്ടിലാണ് താമസിച്ചിരുന്നത്.

കത്തെഴുതാന്‍ സഹായിച്ചതും അമ്മതന്നെ. അക്കൊല്ലം ഓണത്തിന് അച്ഛന്‍ വന്നതായി ഓര്‍മയില്ല. പക്ഷേ, പിന്നീട് ഞാനറിഞ്ഞു, എന്റെ കത്ത് വായിച്ച് അച്ഛന്‍ കവിതയെഴുതിയെന്ന്.
അച്ഛനുള്ള കത്തെഴുത്ത് പിന്നീടും തുടര്‍ന്നു. മറുപടിയും വന്നുതുടങ്ങി'' -വൈലോപ്പിള്ളി ശ്രീധരമേനോന്റെ മൂത്തമകനും ആയുര്‍വേദ ഡോക്ടറുമായ ഡോ. ടി. ശ്രീകുമാര്‍ ഓര്‍ക്കുന്നു.
Content Highlights: Vyloppilli Sreedhara Menon's son Sreekumar's Onam memory
Published: 14 Sept 2024, 10:22 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented