കൊല്ലം: മതം സത്യത്തെയോ സമത്വത്തെയോ സ്ത്രീ സ്വാതന്ത്ര്യത്തെയോ അംഗീകരിക്കുന്നില്ലെന്ന് എഴുത്തുകാരി തസ്‌ലിമ നസ്രിൻ. കേരള യുക്തിവാദിസംഘം 34-ാം സംസ്ഥാനസമ്മേളനം കൊല്ലം പബ്ലിക് ലൈബ്രറി സരസ്വതി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

To advertise here,

മതങ്ങളെയോ മതഗ്രന്ഥങ്ങളെയോ നിരോധിക്കാൻ നമുക്ക് സാധിക്കില്ല. എന്നാൽ, മതഗ്രന്ഥങ്ങൾ സ്ത്രീവിരുദ്ധതയെയും ആക്രമണങ്ങളെയും പുരുഷാധിപത്യത്തെയുമെല്ലാം അനുകൂലിക്കുന്നതിനെ പുറത്തുകൊണ്ടുവരണം. കുട്ടികൾ വിശ്വാസങ്ങളോടെയല്ല ജനിക്കുന്നത്. അവർക്ക് ഇഷ്ടമുള്ളതു സ്വീകരിക്കാനും ഇഷ്ടമില്ലാത്തതിനെ തള്ളാനും അവസരമുണ്ടാകണം. വിദ്യാഭ്യാസം മതവിമുക്തമായി മാറണം. ചോദ്യം ചോദിക്കാതെ പിന്തുടരാനാണ് മതം പറയുന്നത്.

 

മതനിയമങ്ങൾക്കെതിരേ എഴുതിയതും ശബ്ദിച്ചതുമാണ് തനിക്കെതിരേ മതമൗലികവാദികൾ തിരിയാൻ കാരണമായത്. മൂന്നു പതിറ്റാണ്ടായി പ്രവാസിയായി ജീവിക്കുകയാണ് താൻ. എല്ലായിപ്പോഴും അടിച്ചമർത്തപ്പെട്ടവർക്ക് ഒപ്പമാണെന്നും തസ്‌ലിമ നസ്രിൻ പറഞ്ഞു.

കേരള യുക്തിവാദിസംഘം സംസ്ഥാന പ്രസിഡന്റ് ഗംഗൻ അഴിക്കോട് അധ്യക്ഷനായി. യുക്തിരേഖ മാധ്യമപുരസ്കാരം തസ്‌ലിമ നസ്രിന് സാമൂഹികപ്രവർത്തക വി.പി. സുഹ്‌റ സമ്മാനിച്ചു. ഒരുലക്ഷംരൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

കവി കുരീപ്പുഴ ശ്രീകുമാർ, സംഘം ജനറൽ സെക്രട്ടറി ടി.കെ. ശക്തിധരൻ, കെ.എൻ. അനിൽകുമാർ, പ്രൊഫ. നരേന്ദ്ര നായിക്, ടി.കെ. മീരാഭായി, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ധർമരാജ് അടാട്ട്, പ്രൊഫ. ടി.ജെ. ജോസഫ്, മാത്യൂസ് വയനാട്, സന്തോഷ് മാനവം എന്നിവർ സംസാരിച്ചു.

സാംസ്കാരികസമ്മേളനം പ്രൊഫ. ഹമീദ് ചേന്നമംഗലൂർ ഉദ്ഘാടനം ചെയ്തു. വൈശാഖൻ തമ്പി, ജോസ്റ്റിൻ ഫ്രാൻസിസ്, സ്നേഹ അനിൽ തുടങ്ങിയവർ വിവിധ സെഷനുകൾ നയിച്ചു. സമ്മേളനം ഞായറാഴ്ചയും തുടരും.