
നേമം: എഴുത്തും വായനയും ജീവശ്വാസംപോലെ കൊണ്ടുനടന്ന ഡോ. വെള്ളായണി അര്‍ജുനന്‍ വിടപറയുമ്പോള്‍ അനാഥമാകുന്നത് പതിനായിരത്തിലധികം പുസ്തകങ്ങള്‍. അദ്ദേഹത്തിന്റെ എഴുത്തുമുറിയിലാണ് ഈ പുസ്തകങ്ങളുടെ ശേഖരം. ബിരുദങ്ങള്‍ ഓരോന്നായി നേടുമ്പോഴും പദവികള്‍ തേടിവരുമ്പോഴും പുസ്തകങ്ങള്‍ അദ്ദേഹത്തിന് എന്നും കൂട്ടായിരുന്നു.
ഡോ. വെള്ളായണി അര്‍ജുനന്‍ വായിച്ചിട്ടുള്ളതും ആരാധിച്ചിട്ടുള്ളതുമായ ലോകപ്രശസ്തരായ എഴുത്തുകാരുടെ ചിത്രങ്ങള്‍, പുസ്തകങ്ങള്‍ സൂക്ഷിച്ചിരുന്ന മുറിയില്‍ വച്ചിട്ടുണ്ടെന്ന സവിശേഷതയുമുണ്ട്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പഴയതും പുതിയതുമായ എഴുത്തുകാരുടെ എല്ലാ വിഭാഗത്തിലുംപ്പെട്ട പുസ്തകങ്ങള്‍ അദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ശേഖരത്തിലുള്ള മുഴുവന്‍ പുസ്തകങ്ങളും ഡോ. വെള്ളായണി അര്‍ജുനന്‍ വായിച്ചു തീര്‍ത്തതാണെന്ന് വീട്ടുകാര്‍ പറഞ്ഞു. അദ്ദേഹത്തിന്റെ തൊള്ളായിരം പേജുള്ള ആത്മകഥയാണ് 'ഒഴുക്കിനെതിരെ' എന്ന പുസ്തകം.
വായനയ്ക്കും എഴുത്തിനുമിടയില്‍ അച്ഛനെ പലപ്പോഴും കുടുംബത്തിന് കിട്ടാറില്ലായിരുന്നുവെന്ന് മകന്‍ ജയശങ്കര്‍ പറഞ്ഞു. അഞ്ച് പുസ്തകങ്ങള്‍ പ്രകാശിപ്പിച്ചുകൊണ്ടാണ് ഡോ. വെള്ളായണി അര്‍ജുനന്‍ നവതി ആഘോഷിച്ചത്. ഗ്രന്ഥാവലോകനം ഒന്നും രണ്ടും ഭാഗങ്ങള്‍, സ്വര്‍ണ്ണക്കീരി, മുക്കൂറ്റിപ്പൂക്കള്‍, അറിവിന്റെ നറുംപൂക്കള്‍ എന്നീ പുസ്തകങ്ങള്‍ അതിഥികളായെത്തിയ അഞ്ചുപേരാണ് പ്രകാശനം ചെയ്തത്. വെള്ളായണിയില്‍ വീടിനോട് ചേര്‍ന്ന് ടോള്‍സ്റ്റോയ് മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ സ്ഥാപിച്ചു.
നാട്ടിലെ സാധാരണ കുടുംബത്തിലെ കുട്ടികളും ഇംഗ്ലീഷ് പഠിക്കണമെന്ന അദ്ദേഹത്തിന്റെ ആഗ്രഹമായിരുന്നു സ്‌കൂള്‍. ആറാലുംമൂട്ടില്‍ ശ്രീവിവേകാനന്ദ മെമ്മോറിയല്‍ പബ്ലിക് സ്‌കൂള്‍ ആരംഭിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഏകോപനത്തിനായി ടാഗോര്‍ എഡ്യുക്കേഷണല്‍ ട്രസ്റ്റുമുണ്ടാക്കി. നാട്ടിലെ ഒട്ടുമിക്ക സാംസ്‌കാരിക പരിപാടികളിലും സജീവ സാന്നിദ്ധ്യമായിരുന്നു. സ്‌കൂള്‍ സ്ഥാപിച്ച് വെള്ളായണിക്കാരുടെ സാറായ ഡോ. വെള്ളായണി അര്‍ജുനന്‍ പദ്മശ്രീ നേടി നാടിന്റെ യശസ്സ് ഉയര്‍ത്തുകയും ചെയ്തു.
Content Highlights: Scholar and Linguist Vellayani Arjunan, Library at home, Thiruvananthapuram
Published: 01 Jun 2023, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented