തൃശ്ശൂര്‍: ജൂലായില്‍ സാഹിത്യ അക്കാദമിയില്‍ നടന്ന അങ്കണം ഷംസുദ്ദീന്‍ സ്മൃതി പുരസ്‌കാരച്ചടങ്ങില്‍ എത്തിയവരെല്ലാം ഒരാള്‍കൂടി എത്തുമെന്ന് പ്രതീക്ഷിച്ച് കാത്തിരുന്നു. ചെറുകഥയ്ക്കുള്ള സമ്മാനം നേടിയ സതീഷ് ബാബു പയ്യന്നൂര്‍ പുരസ്‌കാരം സ്വീകരിക്കാന്‍ എത്തുന്നതാണ് കാത്തിരുന്നത്. എത്തില്ല എന്ന് സതീഷ് ബാബു അറിയിച്ചിരുന്നില്ല. സമയം കഴിഞ്ഞിട്ടും കാണാഞ്ഞപ്പോള്‍ വിളിച്ചുനോക്കി. ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് മനസ്സിലാക്കി മറ്റ് പുരസ്‌കാര േജതാക്കള്‍ക്ക് രമേശ് ചെന്നിത്തല പുരസ്‌കാരം സമ്മാനിച്ചു.

To advertise here,

സംഘാടകര്‍ പിറ്റേന്ന് വിളിച്ചപ്പോള്‍ കടുത്ത പനിയാണെന്നും അതുകൊണ്ടാണ് എത്താന്‍ കഴിയാതിരുന്നതെന്നും അറിയിച്ചു. ഒരു ദിവസം തൃശ്ശൂരിലെത്തി വാങ്ങുമെന്നും അതിനായി പ്രത്യേക ചടങ്ങൊന്നും വേണമെന്നില്ല, ഷംസുദ്ദീന്റെ വീട്ടില്‍ ഭാര്യ ഡോ. സരസ്വതിയും അഭ്യുദയകാംക്ഷികളും മാത്രമുണ്ടായാല്‍ സന്തോഷമാണെന്നും അറിയിച്ചിരുന്നു. പലതവണ വരാമെന്ന് പറഞ്ഞെങ്കിലും അതിനെല്ലാം മുടക്കമുണ്ടായി.

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര തൃശ്ശൂരിലെത്തിയപ്പോള്‍ സാംസ്‌കാരികസംഗമം നടത്താന്‍ തീരുമാനമുണ്ടായിരുന്നു. ആ ചടങ്ങിനിടെ അങ്കണം പുരസ്‌കാരംകൂടി സമ്മാനിക്കാന്‍ സൗകര്യമുണ്ടാക്കാനും സംഘാടകര്‍ ശ്രമിച്ചു. പക്ഷേ സുരക്ഷാപ്രശ്നങ്ങള്‍ കാരണം സംഗമം നടന്നില്ല.

നവംബര്‍ 19-ന് ഷംസുദ്ദീന്‍ സ്മാരക ഗാര്‍ഗി പുരസ്‌കാരങ്ങള്‍ നാല് വനിതകള്‍ക്ക് നല്‍കുന്നുണ്ടെന്നും ആ ചടങ്ങില്‍ അങ്കണം പുരസ്‌കാരം നല്‍കാന്‍ താത്പര്യമുണ്ടെന്നും ഷംസുദ്ദീന്റെ ഭാര്യ ഡോ. സരസ്വതി സതീഷ്ബാബുവിനെ ഫോണില്‍ അറിയിച്ചിരുന്നു.

പക്ഷേ ആ ദിവസം കാസര്‍കോട്ടേക്ക് പോകേണ്ടതുണ്ടെന്നും ഒട്ടും വൈകാതെ തൃശ്ശൂര്‍ ചേര്‍പ്പിലുള്ള ബന്ധുവീട്ടില്‍ വരുമ്പോള്‍ വാങ്ങാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്.

ആ പുരസ്‌കാരവും പുരസ്‌കാരത്തുകയായ 10,000 രൂപയും സരസ്വതിയുടെ മേശപ്പുറത്തിരിപ്പുണ്ട്, ഇനി ഒരിക്കലും വരാത്ത ജേതാവിനെ കാത്ത്.