കോഴിക്കോട്: മാതൃഭൂമി സാഹിത്യ പുരസ്‌കാരം സാറ ജോസഫിന് സമര്‍പ്പിച്ചു. കോഴിക്കോട് കെ.പി. കേശവമേനോന്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ജ്ഞാനപീഠ ജേതാവ് പ്രതിഭാ റായ് ആണ് പുരസ്‌കാരം നല്‍കിയത്. മൂന്നുലക്ഷം രൂപയും പ്രശസ്തിപത്രവും എം.വി. ദേവന്‍ രൂപകല്പനചെയ്ത ശില്പവുമടങ്ങുന്നതാണ് മാതൃഭൂമി സാഹിത്യ പുരസ്‌കാരം. 

To advertise here,

ഇന്ത്യയിലെ സാഹിത്യനഗര പദവി സ്വന്തമാക്കിയ കോഴിക്കോടിന് പ്രതിഭ റായ് അഭിനന്ദനങ്ങള്‍ അറിയിച്ചു. എഴുത്തുകാരും ബുദ്ധിജീവികളും സാമൂഹിക വിദ്യാഭ്യാസപ്രവര്‍ത്തകരും മലയാളത്തിന്റെ ഭാഗമാണ്. ഇവിടെ നിന്നുയരുന്ന ശബ്ദങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. സാറാ ജോസഫ് മലയാള സാഹിത്യത്തില്‍ വെറുമൊരു പേരല്ല, ശക്തമായ ശബ്ദമാണ്. നിശബ്ദരാക്കപ്പെട്ടവര്‍ക്കു വേണ്ടി അവര്‍ തന്റെ ശബ്ദമുയര്‍ത്തി. സത്യമുയര്‍ത്തിക്കാട്ടാനുള്ള അവരുടെ പ്രതിബദ്ധത കഥകളിലും നോവലുകളിലും ലേഖനങ്ങളിലും പ്രകടമാണ്. സാറാ ജോസഫിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം സമ്മാനിക്കാന്‍ മാതൃഭൂമി എന്നെ നിയോഗിച്ചതില്‍ ആത്മാര്‍ഥമായ കൃതജ്ഞത അറിയിക്കുന്നു- പ്രതിഭ റായ് പറഞ്ഞു. 

'വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുന്ന അഭ്യസ്തവിദ്യരുടെ കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാനമായ അഭിപ്രായ സ്വാതന്ത്ര്യവും മാധ്യമ സ്വാതന്ത്ര്യവും അടിച്ചമര്‍ത്തപ്പെടുകയും ഭരണകൂടത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ചെയ്യുന്ന കാലത്ത് ഒരു ഭയവും ഇല്ലാതെ അഭിപ്രായം പറയുന്ന ആളാണ് സാറാ ജോസഫ്' - ചടങ്ങില്‍ അധ്യക്ഷനായ മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.വി. ശ്രേയാംസ് കുമാര്‍ പറഞ്ഞു. 

മലയാളത്തിലെ എഴുത്തുകാരില്‍ മുന്‍നിരയില്‍ എത്തിയ വ്യക്തിയാണ് സാറാ ജോസഫ്. സാറാ ജോസഫിന് പുരസ്‌കാരം നല്‍കാന്‍ കഴിഞ്ഞതില്‍ സന്തോഷമെന്ന് സ്വാഗതപ്രസംഗത്തില്‍ മാതൃഭൂമി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍ പറഞ്ഞു.

'കേരളത്തിലെ ഏറ്റവും സാംസ്‌കാരിക മൂല്യമുള്ള ഒരാളായ സാറാ ജോസഫിന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം നല്‍കുന്ന ജൂറിയംഗമായതില്‍ സന്തോഷമുണ്ട്. തന്റെ അമ്പത്തിരണ്ടാം വയസ്സില്‍ എഴുതിത്തുടങ്ങിയ സാറ ടീച്ചര്‍ വളരെ വേഗത്തില്‍ സാഹിത്യത്തിന്റെ സൗന്ദര്യാത്മകത പിടിച്ചെടുക്കാന്‍ പറ്റി. സാഹിത്യം ആക്ടിവിസം എന്നീ രണ്ട് വ്യത്യസ്ത തലങ്ങളെ തന്റെ ജീവിതംകൊണ്ട് ഏകോപിപ്പിച്ചു കൊണ്ടുപോകുന്ന സാറ ടീച്ചറുടെ മികച്ച സൃഷ്ടികള്‍ ഇനിയും വരാനിരിക്കുന്നു. സാറ ടീച്ചറിലെ എഴുത്തും ആക്ടിവിസവും രണ്ടും രണ്ടായിരുന്നു' - ഇ. സന്തോഷ് കുമാര്‍ പറഞ്ഞു. 

നോവലിസ്റ്റ് ആർ. രാജശ്രീയും ചടങ്ങിൽ ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. ഏതൊരു എഴുത്തുകാർക്കും എഴുത്തിൽ പല ഘട്ടങ്ങളുണ്ടാകും. ജീവിതത്തെ ഒരു സ്ത്രീ സ്വീകരിക്കുന്ന വിധത്തെ എങ്ങനെയാണ് ചിത്രീകരിക്കുന്നത് എന്ന് സാറാ ജോസഫിൻ്റെ കൃതികളിൽ കാണാം. ചില സാമാന്യ ബോധങ്ങൾക്കെതിരെയുള്ള കലാപമാണ് സാറാ ജോസഫിൻ്റെ എഴുത്ത്. സ്ത്രീ, പ്രണയം, ശരീരം, ജീവിതം, അമ്മത്തം, സ്നേഹം തുടങ്ങിയവ തൻ്റെ എഴുത്തിൽ സാറാ ജോസഫ് സന്നിവേശിപ്പിക്കുന്ന വിധം നിരവധി പഠനങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്. നിരന്തരം കലാപത്തിലേർപ്പെടുന്ന അമ്മത്തത്തെ നിരന്തരം പ്രതിപക്ഷത്തു നിർത്തുന്നുണ്ട് സാറാ ജോസഫ്. ഊരു കാവൽ പോലുള്ള പുരാണ പുനരാഖ്യാനത്തിലൂടെ സാറാ ജോസഫ് നടത്തുന്ന പുരുഷാധികാരത്തിനെതിരെയുള്ള കലാപം എപ്രകാരമാണ് പുരാണങ്ങളെ സ്ത്രീപക്ഷത്തുനിന്നുകൊണ്ട് നോക്കിക്കാണേണ്ടത് എന്നു പഠിപ്പിച്ചു- ആർ. രാജശ്രീ പറഞ്ഞു.

എഴുത്തുകാരൻ സുഭാഷ് ചന്ദ്രൻ ചടങ്ങിൽ നന്ദി പറഞ്ഞു. മാതൃഭൂമി എഡിറ്റർ മനോജ്‌ കെ. ദാസ്, പ്രൊഫസർ ആർസു, എഴുത്തുകാരായ കെ.പി രാമനുണ്ണി, കെ.പി സുധീര, ഷീല ടോമി, സാറാ ജോസഫിന്റെ കുടുംബാം​ഗങ്ങൾ, ബിന്ദു ആമാട്ട് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

സാറാ ജോസഫിന്റെ ശക്തവും ആര്‍ദ്രവുമായ രചനകളെ 'വാക്കുകള്‍കൊണ്ട് സാംസ്‌കാരികചരിത്രത്തിലുയര്‍ത്തിയ സ്‌നേഹകലാപ'മെന്നാണ് പുരസ്‌കാര നിര്‍ണയസമിതി വിലയിരുത്തിയത്. എന്‍.എസ്. മാധവന്‍ അധ്യക്ഷനും എം. ലീലാവതി, ഇ. സന്തോഷ് കുമാര്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് 2024-ലെ പുരസ്‌കാരത്തിന് സാറാ ജോസഫിനെ തിരഞ്ഞെടുത്തത്. 

2000-ത്തിലാണ് മാതൃഭൂമി സാഹിത്യപുരസ്‌കാരം ഏര്‍പ്പെടുത്തിയത്.