പുരാണങ്ങളുടെ സ്വാധീനം വള്ളത്തോൾ കവിതയിൽ
ഉച്ചകൈരുപനിഷ-
ദ്ദേവതാക്ഷേത്രങ്ങളെ,
സച്ചതുവർഗ്ഗാഭിഖ്യ-
സസ്യകക്ഷേത്രങ്ങളെ,
പേർപെറുമാര്യന്മാർതൻ
വിജയസ്തംഭങ്ങളെ,
ശ്രീപുരാണാഗ്ര്യങ്ങളേ,
നിങ്ങൾക്കു നമസ്കാരം!
(വള്ളത്തോൾ നാരായണമേനോൻ, പുരാണങ്ങൾ)
ഒന്ന്
വള്ളത്തോൾക്കവിതകൾ സമ്പൂർണമായി എടുത്തു പരിശോധിച്ചാൽ പുരാണകഥാപരാമർശങ്ങളും സന്ദർഭങ്ങളും കഥാപാത്രങ്ങളും ധാരാളമായി കാണാം. പുരാണങ്ങൾ തർജ്ജമ ചെയ്യാൻ മുന്നിട്ടിറങ്ങിയ കവിയുടെ പുരാണപ്രതിപത്തിയെപ്പറ്റി പറയേണ്ടതില്ല.ഇവിടെ നാം സൂക്ഷ്മമായി ശ്രദ്ധിക്കേണ്ടത് പുരാണകഥകളെ വള്ളത്തോൾ സ്വീകരിച്ച രീതിയാണെന്ന് തോന്നുന്നു. പുരാണകഥകൾക്കും സന്ദർഭങ്ങൾക്കും നേരെ കവി സ്വീകരിച്ച സമീപനം വ്യത്യസ്തമായിരുന്നു എന്ന് പറയാം. വള്ളത്തോളിന്റെ കാലത്തിന്റെ സ്വാധീനം ആ സ്വീകാര്യത്തിൽ പരമപ്രധാനമായിരുന്നു. ഭക്തിയുടെ ഭാഗമായോ ഈശ്വരചിന്തയുടെ വഴിയിലൂടെയോ മാത്രമല്ല വള്ളത്തോൾ പുരാണങ്ങളെ ഉൾക്കൊണ്ടത്. വള്ളത്തോളിന്റെ പ്രസിദ്ധമായ ഈ അഭിപ്രായം അതിനു തെളിവായി നിൽക്കുന്നു. അതിങ്ങനെയാണ്: ‘ഹിന്ദുപുരാണങ്ങൾക്ക് സർവോൽകൃഷ്ടമായ ഒരു മഹാകാവ്യമുള്ളതിനു കാരണം അവയുടെ നാനാ സ്വരൂപങ്ങളാണ്. ഒരു മഹാകാവ്യമായോ നാടകമായോ ആഖ്യായികയായോ വെറും ചരിത്രമായോ വേദാന്തഗ്രന്ഥമായോ മതഗ്രന്ഥമായോ ഒരന്വേഷകന് അവയെ പരിശോധിക്കാം. ഈ കഥാപാത്രങ്ങളെ ലൗകികനിലയിൽ നിന്നുനോക്കി അവരുടെ സ്വാഭാവിശേഷങ്ങളെയും തജ്ജന്യങ്ങളായ അനുഭവങ്ങളെയും കണ്ടറിഞ്ഞു വിവരിക്കാം' (വള്ളത്തോൾ, ഗ്രന്ഥവിഹാരം, പു,72).
ഇങ്ങനെ വളരെ തന്മയത്വത്തോടെ നമ്മുടെ പൗരാണിക സമ്പത്തുകളെ അതിന്റെ മൂല്യങ്ങൾ ചോർന്നുപോകാതെ പുനരാഖ്യാനം ചെയ്യുക എന്ന പ്രയാസമേറിയ കർത്തവ്യമാണ് വള്ളത്തോൾ നിർവഹിച്ചു കാണിച്ചുതന്നത്. നമ്മുടെ പൗരാണിക സമ്പത്തുകളെ വളരെ സജീവമായി ഉപയോഗിച്ച കാലം കൂടിയായിരുന്നല്ലോ സ്വാതന്ത്ര്യസമരത്തിന്റെ പ്രബുദ്ധനാളുകൾ. വള്ളത്തോൾ അത്തരമൊരു ആവശ്യത്തിനുമാത്രമല്ല പുരാണങ്ങളിൽ നിന്ന് സ്വീകരിച്ചത്. അദ്ദേഹത്തിന്റെ ‘പുരാണങ്ങൾ’ എന്ന ഖണ്ഡകൃതി ഇതിലേയ്ക്കുള്ള കൃത്യമായ സൂചകമായി കണക്കിലെടുക്കാം. കിളിപ്പാട്ട് രീതിയിൽ എഴുതിയ ഈ ലഘുകാവ്യം ഭാരതവർഷത്തിലെ ഋഷീന്ദ്രന്മാരെ അഭിസംബോധന ചെയ്താണ് ആരംഭിക്കുന്നത്. ആ ഋഷിമാരുടെ നിശ്ചലധ്യാനവും വിശ്രമവേളകളിൽ കവിതാദേവിയുമായുള്ള സല്ലാപങ്ങളും പട്ടുമെത്തയെക്കാൾ ദേവിക്ക് പ്രിയപ്പെട്ട അവരുടെ ദർഭപ്പുൽവിരിപ്പുകളും വാഗ്ദേവതയുടെ കൈത്തണ്ടയിലെ വളകളുടെ കിലുക്കവും ഒക്കെ വള്ളത്തോൾ മധുരോദാരമായി ചിത്രീകരിച്ചിട്ടുണ്ട്. പുരാണങ്ങളെ കൈകാര്യം ചെയ്യുമ്പോൾ തന്റേതായ നാടകീയസൃഷ്ടി നൽകി കഥാപാത്രങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ വള്ളത്തോൾ അന്യാദൃശ്യമായ കൈയ്യടക്കം കാണിച്ചിട്ടുണ്ട്. അപ്രധാനപാത്രങ്ങൾ പോലും ഇതോടുകൂടി വ്യക്തിത്വമോലുന്നവരായിത്തീരുന്നു. പുരാണകൃതികളുടെ സർവാതിശായിയായ ഇതിവൃത്തത്തിനു ഭംഗം വരാതെ നോക്കുകയും വേണം. അതിലും വള്ളത്തോൾ മറ്റാരേക്കാളും മുന്നിൽത്തന്നെ.
1913- ൽ പുറത്തുവന്ന ‘ഗണപതി’ എന്ന കാവ്യം മുതൽ പുതിയൊരു മാറ്റത്തിന്റെ സൂചനകൾ അദ്ദേഹത്തിന്റെ രചനാ ജീവിതത്തിൽ ആരംഭിക്കുന്നുവെന്നു പറയാം. പുരാണപ്രസിദ്ധമായ ആ ഇതിവൃത്തത്തെ വളരെ നാടകീയമായി വള്ളത്തോൾ ആവിഷ്കരിച്ചിരിക്കുന്നു. ശിവനും പാർവതിയും ഗണപതിയും ദൈവികവും മാനുഷികവുമായ ഭാവങ്ങളിൽ പ്രത്യക്ഷപ്പെടുന്നതു കാണാം. കർത്തവ്യബോധത്താൽ ഉദീരനായ ഗണപതിയുടെ ചിത്രം പുരാണങ്ങളിൽ മാത്രം ഒതുങ്ങിനിൽക്കില്ല. ഏതു പരിതസ്ഥിതിയിലും ധൈര്യപൂർവം മുന്നോട്ട് പോകുന്ന ഗണപതി ജീവിതവിജയത്തിന്റെ കൊടി തന്നെയല്ലേ ഉയർത്തിപ്പിടിക്കുന്നതെന്ന് വായനക്കാർക്ക് തോന്നും. അക്കാലത്തിന്റെ ബൗദ്ധികമായ മുന്നേറ്റത്തിന് ഇത്തരം ആദർശകഥാപാത്രങ്ങൾ ആവശ്യമായിരുന്നു എന്നതും പ്രധാനമാണ്. ഇതേപ്പറ്റി ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായർ ഇപ്രകാരം നിരീക്ഷിക്കുന്നു: 'ഉപനിഷത്തുകൾ ഉപദേശിച്ചതും ഭാരതം പിൽക്കാലത്ത് പാടെ മറന്നുകളഞ്ഞതുമായ ഉത്തിഷ്ഠത, ജാഗ്രത, പ്രാപ്യവരാൻ നിബോധത എന്ന സന്ദേശം നമ്മുടെ നവോത്ഥാനത്തിന് ശക്തിയും വേഗവും വർദ്ധിപ്പിച്ചുവല്ലോ. ഗണപതിയെപ്പോലുള്ള ആദർശനിഷ്ഠന്മാരെ പുരാണങ്ങളുടെ ഈടുവെയ്‌പ്പിൽനിന്നും പൂപ്പലും മാറാലയും തുടച്ചുനീക്കി പ്രദർശിപ്പിച്ച് വള്ളത്തോൾ മലയാളികളുടെ ജീവിതാന്തരീക്ഷത്തിലും ചലനങ്ങളുളവാക്കി’. (ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ, വള്ളത്തോളിന്റെ പുരാണകഥാപാത്രങ്ങൾ, വള്ളത്തോളിന്റെ പദ്യകൃതികൾ, ഭാഗം 1, പുറം 208).
1914- ൽ രചിക്കപ്പെട്ട ബന്ധനസ്ഥനായ അനിരുദ്ധൻ വള്ളത്തോളിന്റെ രചനാജീവിതത്തിൽത്തന്നെ വളരെ പ്രധാനപ്പെട്ട ഒരു കാവ്യമായിത്തീർന്നു. ആശാന്റെ ലീല പ്രസിദ്ധീകരിക്കപ്പെട്ട 1914- ൽ പ്രസിദ്ധീകൃതമായ 'ഒരു കത്തി'ലും അതിന് ഒരുവർഷം മുൻപ് വെളിച്ചം കണ്ട 'ഗണപതി'യിലും പുരാണകഥാഭാഗങ്ങൾ അപോദ്ധരിച്ചു പുനരാഖ്യാനം ചെയ്യുകയെന്ന പഴയ പാരമ്പര്യം തുടരുകയേ വള്ളത്തോൾ ചെയ്തുള്ളു. എന്നാൽ 1914- ൽ തന്നെ പുറത്തുവന്ന ആഖ്യാനകാവ്യമായ ബന്ധനസ്ഥനായ അനിരുദ്ധന് മലയാളത്തിലെ റൊമാന്റിക് പ്രസ്ഥാനത്തിൽ ലീലയോട് ഏറെക്കുറെ തുല്യമായ സ്ഥാനമുണ്ട്. ഈ രണ്ടു മഹാകവികളുടെയും വ്യക്തിത്വങ്ങൾ മുഖ്യമായും ജീവിതവീക്ഷണങ്ങൾ തമ്മിൽ ഉണ്ടായിരുന്ന അഗാധമായ അന്തരത്തെ ഈ കൃതി ഉദാഹരിക്കുന്നു. ആശാന് അവനിവാഴ്‌വ് കിനാവായിരുന്നെങ്കിൽ വള്ളത്തോളിന് ഇഹലോകജീവിതം ആസ്വദനീയമായ ഒരു ഉത്സവമായിരുന്നുവെന്ന് എൻ.വി കൃഷ്ണവാരിയർ നിരീക്ഷിക്കുന്നു. (അവതാരിക, വള്ളത്തോളിന്റെ പദ്യകൃതികൾ, ഭാഗം 2).
ഭാഗവതം ദശമസ്‌കന്ധത്തിലാണ് ബാണകഥയുള്ളത്. മഹാബലിയുടെ പുത്രനായ ബാണൻ, അയാളുടെ പുത്രിയായ ഉഷ; അവൾ ഒരു ദിവസം രാത്രി പ്രദ്യുമ്‌നപുത്രനുമായി രമിച്ചതായി സ്വപ്നം കാണുകയും ഉറക്കമുണർന്നപ്പോൾ സ്വപ്നത്തിൽ ദർശിതനായ കാമുകനെച്ചൊല്ലി വിലപിക്കുകയും ചെയ്യുന്നു. ഉഷയുടെ തോഴിയായ ചിത്രലേഖ പലരുടെയും ചിത്രങ്ങൾ വരച്ച കൂട്ടത്തിൽ അനിരുദ്ധന്റെയും വരയ്ക്കുന്നു. അതുകണ്ട ഉഷ താൻ സ്വപ്നത്തിൽ രമിച്ചത് ഈ യുവാവുമൊത്താണ് എന്ന് പറയുന്നു. സ്വന്തം ഗൃഹത്തിൽ ഉറങ്ങിക്കിടന്ന ആ യുവാവിനെ യോഗവിദ്യകൊണ്ട് ചിത്രലേഖ ഉഷയുടെ കിടപ്പറയിൽ എത്തിക്കുന്നു. സന്തോഷപൂർവം ഉഷ കാമുകനെ സ്വീകരിച്ച് സ്വഗൃഹത്തിൽ ഒളിച്ചുതാമസിപ്പിക്കുന്നു. കുറച്ചു ദിവസത്തിനിടയിൽത്തന്നെ ഈ രഹസ്യം പുറത്തുവരികയും ബാണൻ അറിയുകയും ചെയ്യുന്നു. ബാണൻ ഉഷയുടെ ഗൃഹത്തിലെത്തി അനിരുദ്ധനെ നേരിടുന്നു. യുദ്ധവീരനായ അനിരുദ്ധൻ തിരിച്ചും ആക്രമിക്കുന്നു. ഒടുവിൽ ബാണൻ നാഗാസ്ത്രമയച്ചു അനിരുദ്ധനെ ബന്ധിക്കുന്നു. അതേസമയം ദ്വാരകയിൽ അനിരുദ്ധനെ കാണാനില്ലെന്ന വാർത്ത പരക്കുന്നു. കുറച്ചുനാളുകൾക്കു ശേഷം ദ്വാരകയിൽ എത്തുന്ന നാരദമഹർഷിയിൽ നിന്നാണ് അനിരുദ്ധൻ ബാണന്റെ തടങ്കലിലാണെന്ന് യാദവർ അറിയുന്നത്. അതോടുകൂടി സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെ പടയുമായി ബാണനെ എതിരിട്ടു. ഘോരയുദ്ധത്തിൽ ബാണൻ പരാജിതനാവുകയും അനിരുദ്ധൻ മോചിപ്പിക്കപ്പെടുകയും ചെയ്യുന്നു. ഭാഗവതപ്രോക്തമായ ഈ ഇതിവൃത്തത്തിൽ ഉഷയ്ക്ക് വലിയ വ്യക്തിത്വമൊന്നും കാണാൻ കഴിയില്ല. എന്നാൽ വള്ളത്തോൾ അതിൽനിന്നും വ്യത്യസ്തമായി ഉഷയ്ക്ക് വ്യക്തിത്വം നൽകി ഭാഗവതത്തിലെ നിർജ്ജീവമായ സന്ദർഭത്തെ സംഘർഷഭരിതമാക്കിയിരിക്കുന്നു. ഭാഗവതത്തിലെ ഉഷ തന്റെ കാമുകനുവേണ്ടി വിലപിക്കുന്ന ചപലചിത്തയായ കാമിനി മാത്രമാണെന്ന് കാണാം. അവന്റെ കൂടെ അധരങ്ങൾ ഭുജിച്ച്, അവന്റെ ദേഹസൗന്ദര്യത്തിൽ ആകൃഷ്ടയായി മുഴുകുവാനാണ് ഭാഗവതത്തിലെ ഉഷയ്ക്ക് താല്പര്യം. വള്ളത്തോൾ പഠിതാക്കൾ എല്ലാവരും ചൂണ്ടിക്കാട്ടിയിട്ടുള്ളതുപോലെ നാടകീയമായ മുഹൂർത്തങ്ങളാണ് ഈ കാവ്യത്തിലുടനീളം അദ്ദേഹം സൃഷ്ടിച്ചിരിക്കുന്നത്. പാരമ്പര്യമായി കുടിപ്പക പുലർത്തുന്ന ശൈവരും വൈഷ്ണവരും അപ്പുറമിപ്പുറം നിൽക്കുന്ന ചിത്രമാണ് ഭാഗവതത്തിൽ കാണുന്നത്. അങ്ങനെ വൈരികളായ രണ്ട് വംശത്തലവന്മാരുടെ മക്കൾ പരസ്പരം പ്രണയിക്കുന്നു. പിതാവിന് ഇഷ്ടമല്ലെന്ന് അറിഞ്ഞുകൊണ്ടുതന്നെയാണ് വള്ളത്തോളിന്റെ ഉഷ അനിരുദ്ധനെ സ്വീകരിച്ചത്. അനിരുദ്ധനും ദുർബലനായ കഥാപാത്രമല്ല വള്ളത്തോളിന്റെ കൈകളിൽ. ഉഷ തടവിൽക്കിടക്കുന്ന അനിരുദ്ധനെയോർത്ത് നിരാശയായി ഇരിക്കുന്നില്ല. അവൾ പിതൃതുല്യനായ കുംഭാണ്ഡനെ വിളിച്ചുവരുത്തി.
“ഹാ ജന്യസിംതി പല യോദ്ധഗണത്തെയൊറ്റ-
യ്‌ക്കോജസ്സുകൊണ്ടു വിമഥിച്ച യുവാവുതന്നെ
വ്യാജപ്പയറ്റിൽ വിജയിച്ചരുളുന്ന ദൈത്യ
രാജന്നെഴും സചിവപുംഗവ” -
എന്ന് പറയുമ്പോൾ അതിൽ അവളുടെ തീവ്രമായ വികാരങ്ങളും അനിരുദ്ധനെ പ്രതിയുള്ള ആത്മവിശ്വാസവും അടങ്ങിയിട്ടുണ്ട് എന്ന് കാണാം. പ്രായപൂർത്തിയെത്തിയ തന്റെ ആഗ്രഹത്തിന് മുന്നിൽ മറ്റാരും തടസ്സം നിൽക്കേണ്ടതില്ലെന്ന സ്വതന്ത്രചിന്ത വള്ളത്തോളിന്റെ ഉഷ ധൈര്യപൂർവം പ്രകടിപ്പിക്കുന്നു. ഒരു പുരാണസ്ത്രീകഥാപാത്രമായ ഉഷ വള്ളത്തോളിന്റെ തൂലികയ്ക്കു പാത്രമാകുന്നതോടെ ആധുനിക സ്ത്രീസ്വാതന്ത്ര്യ ചിന്തകളുള്ള കഥാപാത്രമായി പരിണമിക്കുന്നുവെന്നത് വളരെ ശ്രദ്ധേയമാണ്. ഈ കഥാപാത്രനിർമ്മാണ വിരുതാണ് വള്ളത്തോളിന്റെ പുരാണകഥനപ്രതിഭയെ വേറിട്ടുനിർത്തുന്ന പ്രധാനഘടകം. അന്നത്തെ കേരളീയസമൂഹത്തിലെ പഞ്ചുമേനവന്മാർക്ക് ഒരു പ്രഹരം തന്നെയായിരുന്നു വള്ളത്തോളിന്റെ ഉഷ. തടവറയിൽ വെച്ച് ഉഷ അനിരുദ്ധനോട് പറയുന്നത് ശ്രദ്ധിക്കുക:
“പോകട്ടെയച്ഛനരിശപ്പെടുമെന്ന കാര്യം
സ്ത്രീകൾക്കു ഭർത്തൃസാഹചര്യം വെടിഞ്ഞിടാമോ" - എന്നാണ്. ബാണന്റെ മന്ത്രിയായ കുംഭാണ്ഡന് ഉഷയോടുള്ള പിതൃനിർവിശേഷമായ വാത്സല്യത്തെ അവൾ കൃത്യമായി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. മാറത്തടിച്ചു നിലവിളിച്ചു തളരുന്ന ചാപല്യം അവളിലില്ല. തടവിൽ കിടക്കുന്ന അനിരുദ്ധനെ ഇപ്പോൾത്തന്നെ കാണണമെന്നതാണ് അവളുടെ പ്രഥമാവശ്യം. ‘മലയാളകവിത ആദ്യം പരിചയപ്പെടുന്ന തന്റേടമുറച്ച നായികയാണ് ഉഷ’യെന്ന തായാട്ടു ശങ്കരന്റെ നിരീക്ഷണം പ്രസക്തമാണ്(വള്ളത്തോൾ: നവയുഗത്തിന്റെ കവി, പുറം 158). നേരത്തെ സൂചിപ്പിച്ച ഗണപതിയുടെ മനസ്സുപോലെ കർമ്മോത്സുകമാണ് ഇവിടെ ഉഷയുടെ മനസ്സും. ഇവിടെ വൈകാരികതീവ്രത കൂടുന്നുവെന്നതാണ് വ്യത്യാസം. ഇഷ്ടപ്പെട്ട പുരുഷനൊപ്പം കാരാഗൃഹമെങ്കിൽ അതെന്ന സ്ഥൈര്യം അവൾ പുലർത്തുന്നു. അതുപോലെതന്നെയാണ് അനിരുദ്ധന്റെ കഥാപാത്രവും. ധൈര്യശാലിയായ ആ വീരനെ ഉഷ തടവുചാടാൻ സ്നേഹപൂർവ്വം പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും അയാൾ അതിനു തയ്യാറാകുന്നില്ല. ഒരു യുദ്ധവീരന് അതൊട്ടും ഉചിതമല്ലെന്ന് അയാൾക്ക് ബോധ്യമുണ്ട്. ഭാഗവതത്തിൽ ചെറിയൊരു പരാമർശത്തിൽ മാത്രം കടന്നുവരുന്ന മന്ത്രിയായ കുംഭാണ്ഡൻ വള്ളത്തോളിന്റെ കൈകളിൽ പുതിയൊരു ഗംഭീരാശയനായി തിളങ്ങുന്നു. വള്ളത്തോളിന്റെ പാത്രസൃഷ്‌ടീമികവിനു മകുടോദാഹരണം ചാർത്തുന്നു ഈ സവിശേഷ വ്യക്തി. ‘ഉഷയുടെ സ്വഭാവത്തെ കുലീനത്വം ചോർന്നുപോകാതെ ശാലീനതയോടെ സംരക്ഷിക്കുന്നതിനാണ് കുംഭാണ്ഡനെ കവി സൃഷ്ടിച്ചതെ'ന്ന നിരീക്ഷണം (തായാട്ടു ശങ്കരൻ, വള്ളത്തോൾ: നവയുഗത്തിന്റെ കവി, പുറം 160) സ്വീകരിച്ചാലും ഇല്ലെങ്കിലും കുംഭാണ്ഡൻ കാവ്യത്തിൽ വ്യക്തിത്വമോലുന്നവനായി തിളങ്ങുന്നുണ്ട്. കുംഭാണ്ഡനിലും വൈകാരിക സംഘർഷം മൂർച്ഛിക്കുന്നുണ്ട്. രാജഭക്തിയും ഉഷയോടുള്ള പുത്രീനിർവിശേഷമായ സ്നേഹവും കൂടിചേർന്നുകൊണ്ടാണ് അയാൾ,
“നില്ലാതെ കോപഭാരമൊന്നൊഴിയട്ടെയച്ഛ;
ന്നെല്ലാം യഥേഷ്ടമറിയിച്ചു ശരിപ്പെടുത്താം” - എന്ന നയസമീപനം സ്വീകരിക്കുന്നത്. ‘ശുഭമായ് വരുമൊക്കെ മേലിൽ' എന്ന കുംഭാണ്ഡന്റെ ആശംസയും ഔചിത്യദീക്ഷയുള്ളത് തന്നെ.
കവിതയുടെ ആകെയുള്ള ഭാവശില്പവും മുറുക്കമുള്ളതു തന്നെ. വളരെ ഒതുക്കിപ്പറയുന്നുണ്ട്, വള്ളത്തോൾ. അത് കവിതയുടെ വൈകാരിക തീവ്രതയും നാടകീയതയും ഉയർത്തുന്നു. ഒരു നാടകം പോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒന്നാണ് ഈ കൃതി. രണ്ടാം ഭാഗത്തിലെ കാരാഗൃഹദൃശ്യങ്ങളൊക്കെത്തന്നെ ഈ നാടകീയത വിളിച്ചോതുന്നു. പൗരാണികമായ ഇതിവൃത്തത്തിന്റെ ഏകലക്ഷ്യങ്ങളെ ഈ ഭാഗങ്ങളിൽ വള്ളത്തോൾ മറികടക്കുന്നു. അനിരുദ്ധന്റെ ബന്ധനത്തിനു കാരണക്കാരി താനാണെന്ന ചിന്ത ഉഷയിൽ സംഘർഷം സൃഷ്ടിക്കുന്നു. അവളുടെ വേദനാജനകമായ മനസ്സ് ധീരനായ അനിരുദ്ധനെപ്പോലും ദുഃഖിതനാക്കുന്നു. ഒരുപക്ഷെ പുരാണങ്ങളുടെ സമീപനരീതിയിൽ നിന്നുള്ള വ്യത്യാസം മാത്രമല്ല, പൊതുവായി പഴയ മലയാളകവിതയുടെ രീതിപദ്ധതിയിൽ നിന്നുകൂടിയാണ് മഹാകവിയുടെ ചെറുപ്പകാലത്ത് എഴുതപ്പെട്ട ഈ കാവ്യം കുതറിമാറിയത്. വെണ്മണിപാരമ്പര്യത്തിൽ നിന്നുള്ള വിച്ഛേദം ഇവിടെ തെളിഞ്ഞു തുടങ്ങുന്നു.
രണ്ട്
വള്ളത്തോളിന്റെ വളരെ പ്രസിദ്ധമായതും ധാരാളം നിരൂപകപ്രശംസ ഏറ്റുവാങ്ങിയതുമായ കൃതിയാണ് ഇനി പരിശോധിക്കാനുള്ളത്. ശിഷ്യനും മകനുമാണ് ആ കൃതി (1918). പൗരുഷം തിളങ്ങി നിൽക്കുന്ന ക്ഷാത്രവീരനായ പരശുരാമനാണ് ഇതിലെ പ്രധാന കഥാപാത്രം. തന്റെ ഗുരുവായ പരമശിവനെ കാണാൻ പരശുരാമൻ എത്തുന്നു. എന്നാൽ വാതിലിൽ പരശുരാമപുത്രനായ ഗണപതി, ശിവൻ വിശ്രമിക്കുന്ന സമയമായതിനാൽ ആർക്കും അപ്പോൾ പ്രവേശിക്കാൻ സാധ്യമല്ല എന്ന് പറയുന്നു. പരശുരാമനെ തടയുമ്പോൾ അദ്ദേഹം, 'ഹിന്ദുവേദങ്ങളിൽ ഏതുസമയത്തും ഗുരുനാഥന്നടുത്തേയ്ക്ക് കടന്നുചെല്ലുന്നതിനു ശിഷ്യൻ അധികാരപ്പെട്ടവനാണ്' എന്ന് പറയുന്നു. ഇതേച്ചൊല്ലി രണ്ടുപേരും തർക്കത്തിലാകുന്നു. രാമൻ ഗണപതിയുടെ ഒരു കൊമ്പ് മുറിച്ചുകളഞ്ഞു. പരിവാരങ്ങളുടെ ശബ്ദവും കേട്ട്, രക്തംപുരണ്ട ആ അന്തരീക്ഷത്തിലേക്കാണ് ശിവപാർവ്വതിമാർ കടന്നുവരുന്നത്. ഈ സംഘർഷാവസ്ഥയിലേയ്ക്ക് പൊടുന്നനെ കൃഷ്ണനും അദ്ദേഹത്തിന്റെ പ്രിയതമ രാധയും എത്തിച്ചേരുന്നു. അവരുടെ മധ്യസ്ഥത്തിൽ സംഘർഷഭരിതമായ അന്തരീക്ഷത്തിനു അയവുവരുന്നു. ക്രോധാകുലയായി ശിഷ്യനെ ശിക്ഷിക്കണമെന്ന് ശഠിച്ചുനിന്ന പാർവതീദേവി രാമനെ തന്റെ ഹൃദയത്തോട് ചേർത്തുപിടിച്ച് സന്ദർഭം ലഘൂകരിക്കുന്നു. സാമാന്യമായി ഇതാണ് ഈ വള്ളത്തോൾകാവ്യത്തിന്റെ ഇതിവൃത്തം.
പുരാണപ്രസിദ്ധമായ ഈ ഇതിവൃത്തത്തിനപ്പുറമാണ് വള്ളത്തോളിന്റെ കാവ്യത്തിന്റെ നില എന്ന് കാണണം. ഭാരതീയമായ ദേശീയബോധവും ആദർശധീരതയും കർമ്മോത്സുകതയും മുറ്റിനിൽക്കുന്ന വിധത്തിൽ പരശുരാമനെ വള്ളത്തോൾ അക്കാലത്ത് തന്റെ നായകനായി സ്വീകരിക്കുന്നത് വെറുതെയല്ല. ഭാരതത്തിന്റെ അന്നത്തെ അടിമത്തത്തിനു പരിഹാരം ഇത്തരം ക്ഷാത്രവീര്യം തുളുമ്പുന്ന ചെറുപ്പക്കാരാണ് എന്ന നിലയിലാണ്. അതാണ് അദ്ദേഹം
“വല്ലായ്മ ദേവകൾ പെടുത്തുവതും സഹിപ്പൊ- ന്നല്ലായിരുന്നു ഹ ഹ! ഭാരതപൂർവരക്തം!" - എന്ന് എഴുതുന്നത്.
ദേവകളുടെ ഔന്നത്യം പോലും ചോദ്യം ചെയ്യപ്പെടുന്ന ഭാരതരക്തത്തിന്റെ പ്രതീകമാകുന്നു ഇവിടെ പരശുരാമൻ. ‘ ഭൃഗുരാമന് പിന്മടക്കമില്ലെ’ന്നു പറഞ്ഞുകൊണ്ട് ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ യുവാക്കളെ കർമ്മോത്സുകരാക്കുന്നു വള്ളത്തോളിലെ ദേശീയകവി. അതിനു പുരാണകഥ തികവുറ്റ ആയുധമാക്കി മാറ്റിപ്പണിഞ്ഞെടുക്കുന്നു. ആ രാമന്റെ മുന്നോട്ടുള്ള പോക്കുതന്നെ ആരെയും ആവേശഭരിതനാക്കും എന്നതിൽ തർക്കമില്ല. നോക്കുക:
“മദവൃഷ ഗതിയാമവന്റെയോരോ
പദതല വിന്യസനത്തിലും വിളങ്ങീ
സഭിജനത, കൃത്യനിഷ്ഠ, ധൈര്യം,
ഹൃദയസമുന്നതി, ശൗര്യമെന്നിതെല്ലാം.
അവിടവിടെ മിഴിച്ചുനോക്കിനിന്നൂ
വിവിധ വിചേഷ്ടിതർ പൗരരപ്പുമാനെ;
സവിനയർ ചിലർ, വായ്‌മറച്ചു കയ്യാൽ
സവിധഗരോടു,രിയാടാൽ മെല്ലെയെന്നാർ"-
ഇങ്ങനെ അത് തുടരുന്നു. ചെറുപുൽക്കൊടിമുതൽ മഹാമേരുവരെ ഒന്നും തടസ്സമാകാത്ത ആ യാത്രയിലാണ് ഗണപതി പരശുരാമനെ തടയുന്നത്. അവരുടെ മുറുകുന്ന തർക്കവും അടികലശലും എത്ര അനായാസമായാണ്, അത്യന്തം ക്രിയാപ്രദാനമായി വള്ളത്തോൾ അവതരിപ്പിക്കുന്നത്. മേൽക്കുമേൽ കെട്ടിപ്പൊങ്ങുന്ന സൗധം പോലെ സംഘർഷതീവ്രത മൂർദ്ധന്യത്തിലെത്തുന്ന ചടുലതയാണ് ഈ ചെറുഖണ്ഡകൃതിയുടെ ഏറ്റവും വലിയ ധന്യതയെന്നത് നിസ്സംശയം പറയാം. കൃത്യമായ, സന്ദർഭോചിതമായ പദവാക്യങ്ങൾ സ്വീകരിക്കുന്നതിൽ വള്ളത്തോളിന്റെ മികവ് ഈ കാവ്യം എടുത്തുകാണിക്കുന്നുണ്ട്. മഹാദേവന്റെ ഔചിത്യം അവതരിപ്പിക്കുമ്പോൾ ദൈവികപരിവേഷത്തിന് കോട്ടം തട്ടാതെയിരിക്കാൻ വള്ളത്തോൾ ശ്രമിച്ചിട്ടുണ്ട്. പിതാവിന്റെ നിലതെറ്റിക്കാൻ പര്യാപ്തമായ അവസ്ഥയുണ്ടായിട്ടും സമചിത്തത പാലിക്കുന്നു വള്ളത്തോളിന്റെ ശിവൻ. ഗുരുവും പിതാവും ഒത്തുചേർന്ന ശിവനിൽ ഗുരു- ശിഷ്യ ബന്ധം ഏറിനിൽക്കുന്ന വിധത്തിലാണ് കാര്യങ്ങൾ കവി ചിത്രീകരിച്ചിരിക്കുന്നത്. ഭാരതീയ സംസ്കാരത്തെ സംബന്ധിച്ചിടത്തോളം ഗ്ലാനി സംഭവിപ്പാൻ പാടില്ലാത്തതാണല്ലോ ആ ബന്ധം. എന്നാൽ പാർവതിയെക്കൊണ്ട് ശിഷ്യനെതിരെ സംസാരിപ്പിക്കുന്നത് എത്രത്തോളം ഉചിതമായി എന്നത് ഇനിയും ചർച്ച ചെയ്യപ്പെടാൻ സാധ്യതയുണ്ട്. മാതൃവാത്സല്യത്തിന്റെ പേരിൽ സ്ത്രീയെ വികാരജീവിയായി അവതരിപ്പിച്ചതിൽ തെറ്റുണ്ട് എന്ന് പറയാൻ സാധിക്കില്ല. എന്നാൽ
“മകൻ പരിക്കേറ്റു കിടക്കിലെന്തു
മഹാരഥൻ ശിഷ്യനടുക്കിലില്ലേ !
രാമൻ ജഗദുത്തമനാണ് പോലും
വിദ്യാർപ്പണം പാത്രമറിഞ്ഞുവേണം”- എന്ന പാർവതിയുടെ പരിഹാസം അവരെ മനുഷ്യഛായയിലാണ് വള്ളത്തോൾ എടുത്തിരിക്കുന്നത് എന്നതിന് തെളിവായി നിൽക്കുന്നു. ബ്രഹ്മം തന്നെ ശിവനാണെന്ന് വിശ്വസിക്കുന്ന ശൈവപരമ്പര്യമുള്ള ഭാരതത്തിൽ പുരാണങ്ങളിൽനിന്ന് ഇത്തരമൊരു പരിഹാസം വരികയില്ലല്ലോ. അതുപോലെ കൃഷ്ണനെയും രാധയെയും ഈ സംഘർഷാവസ്ഥയിലേയ്ക്ക് കൊണ്ടുവന്ന് സംസാരിക്കുമ്പോഴും ദൈവിക പരിവേഷം എന്നതിനേക്കാൾ മാനുഷികഭാവത്തിനാണ് കവി മുൻതൂക്കം നൽകിയിരിക്കുന്നതെന്ന് കാണാം. രണ്ടു കുട്ടികൾ തമ്മിൽ നടന്ന ബാലചാപല്യങ്ങൾ മാത്രമാണ് ഉണ്ടായതെന്നും അതൊക്കെ ക്ഷമിക്കാവുന്നതേ ഉള്ളു എന്നുമാണ് അവരുടെ ഉപദേശം. അടുത്ത വീട്ടിൽ വഴക്കു നടക്കുമ്പോൾ പറഞ്ഞുതീർക്കാനെത്തുന്ന അയൽവാസികളെപ്പോലെ എന്ന മട്ടിലല്ലെങ്കിലും, ദൈവികമായതിനേക്കാൾ മാനുഷികഭാവം മുറ്റി നിൽക്കുന്നു വള്ളത്തോളിൽ എന്നെ ഇവിടെ അർത്ഥമാക്കുന്നുള്ളു.
ഇനി പ്രതിപാദിക്കേണ്ടത് കവിയുടെ ഏറ്റവും പ്രസിദ്ധമായ പുരണോപജീവിയായ 'അച്ഛനും മകളും' എന്ന കാവ്യത്തെയാണ്. 1936- ലാണ് ഈ കാവ്യം പുറത്തുവരുന്നത്. കോട്ടയ്ക്കൽ വെച്ച് സമസ്തകേരള സാഹിത്യ പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന കവിതസാമർത്ഥ്യ പരീക്ഷയ്ക്ക് വള്ളത്തോൾ നിർദേശിച്ച വിഷയം ഭർതൃപരിത്യാഗത്തിനുശേഷമുള്ള ശകുന്തളയുടെ ആശ്രമജീവിതമായിരുന്നു. എന്നാൽ പങ്കെടുത്തവർ എഴുതിയ കാവ്യങ്ങളിൽ പ്രതിഭാവിലാസമുണ്ടായിരുന്നില്ല. ഇതിൽ നിന്നുണ്ടായ അസംതൃപ്തി മൂലമാകണം വള്ളത്തോൾ സ്വയമേവ ഈ വിഷയത്തിലേക്ക് തിരിഞ്ഞത് എന്ന് പലരും രേഖപ്പെടുത്തിയിരുക്കുന്നു. അതെന്തായാലും കൈരളിക്ക് ഗംഭീരമായ ഒരു കൃതി സമ്മാനിക്കുന്നതിൽ അവസാനിച്ചു ആ പ്രയത്നം. ഇതിലെ പ്രതിപാദ്യവിഷയം നോക്കാം. ഭർത്താവുപേക്ഷിച്ച ശകുന്തള പുത്രനോട് കൂടി കാശ്യപാശ്രമത്തിൽ കഴിയുന്ന കാലത്ത് വിശ്വാമിത്രമഹർഷി കാശ്യപനെ കാണുന്നതിനായി ശിഷ്യനുമൊത്ത് അവിടെയെത്തുന്നു. ഗുരുവിനെ കാണാൻ സമയം അറിഞ്ഞുവരുന്നതിനായി ശിഷ്യനായ ശുനഃശേഫനെ പർണശാലയിലേയ്ക്ക് അയ്ക്കുന്നു. അവിടെ കാത്തുനിൽക്കുന്ന വിശ്വാമിത്രമഹർഷിയുടെ അടുത്തേയ്ക്ക് 'മുത്തച്ഛനെ ഞാൻ കാട്ടിത്തരാമെന്ന്' പറഞ്ഞുകൊണ്ട് ഒരു കൊച്ചുകുമാരൻ എത്തുന്നു. ബാലനെ എടുത്തോമനിക്കുന്ന വിശ്വാമിത്രമഹർഷിയുടെ അടുത്തേയ്ക്ക് മകനെ അന്വേഷിച്ചെത്തിയ ശകുന്തള കടന്നുവരുന്നു. അവളെക്കണ്ടപ്പോൾ രൂപസാദൃശ്യംകൊണ്ട് മേനക തന്നെയാണോ എന്ന് മഹർഷിക്ക് തോന്നുന്നു. മഹർഷി ചോദിച്ചതിനനുസരിച്ച് പൂർവവൃത്താന്തങ്ങൾ പറഞ്ഞപ്പോൾ, മേനകയിൽ തനിക്കുണ്ടായ പുത്രിയാണവൾ എന്ന് മനസ്സിലാക്കി അദ്ദേഹം അത്ഭുതാനന്ദനായിത്തീരുന്നു. ഭർത്താവായ ദുഷ്യന്തനാൽ പരിത്യക്തയാണവൾ എന്നതറിഞ്ഞതോടുകൂടി മഹർഷി കോപാകുലനാകുന്നു. സ്വപുത്രിയെ അപമാനിച്ച ദുഷ്യന്തനെ ശപിക്കാൻ ഒരുമ്പെടുന്നു. എന്നാൽ ഉത്തമപത്നിയായ ശകുന്തള അച്ഛനെ അനുനയിപ്പിക്കുന്നു. അങ്ങനെ ശാന്തനായിത്തീർന്ന വിശ്വാമിത്രൻ ഉടൻതന്നെ ഭർതൃസമാഗമം ഉണ്ടാകട്ടെ എന്നനുഗ്രഹിച്ച് മകളെ ആശ്വസിപ്പിക്കുന്നു.
ആകെ അറുപത് ഈരടികൾ മാത്രമാണ് ഈ കവിതയിലുള്ളത്. പൂർവസൂരികളായ കവികളെ ഏറ്റവും ആകർഷിച്ച ശാകുന്തളകഥയിൽ നിന്നാണ് വള്ളത്തോളും ഇതിവൃത്തത്തെ സ്വീകരിച്ചിരിക്കുന്നത്. കാളിദാസമഹാകവിയുടെ ശാകുന്തളം ഒരു സംസ്കാരം തന്നെയായി ഭാരതത്തിൽ മാറിയിട്ടുണ്ടല്ലോ. ആ ഒരു സംസ്കാരം തന്നെയാണ് വള്ളത്തോളും സ്വീകരിക്കുന്നത്. സാഹിത്യത്തിലെ പുരാണോപജീവനത്തെ മുൻനിർത്തി വിദ്വാൻ സി.എസ് നായർ ഈ കൃതിയുടെ അവതാരികയിൽ മർമ്മസ്പർശിയായ നിരീക്ഷണം നടത്തുന്നുണ്ട്. അതിങ്ങനെയാണ്: 'കാലദേശമനുസരിച്ച് ഭിന്നഭിന്നങ്ങളായ മാർഗങ്ങളിലൂടെ പ്രവഹിക്കുന്ന മനുഷ്യജീവിതത്തിന്റെ അടിയുറവകൾ എവിടെയും എപ്പോഴും ഒന്നുതന്നെയാണ്. അതിനാൽ സാഹിത്യം ഏതുകാലത്തെ മനുഷ്യജീവിതാവസ്ഥകളെ- സമുദായ സ്ഥിതികളെ- വർണനയ്ക്ക് വിശദീകരിച്ചുകൊണ്ടായാലും അവയുടെ മറവിൽ പ്രവർത്തിക്കുന്ന ആഭ്യന്തരശക്തികളെ അപഗ്രഥിച്ചു വെളിച്ചപ്പെടുത്തുന്നതിലാണ് അതിന്റെ ശ്രദ്ധ ചെല്ലേണ്ടത്. ഒരു പദ്യകാവ്യമോ നാടകമോ നോവലോ ഏതായാലും ഉത്തമസാഹിത്യമെന്ന പേരിനെ അർഹിക്കുന്നത് അതിലെ പ്രതിപാദ്യവിഷയം ഭൂതകാലീനമോ വർത്തമാനകാലീനമോ ആയിരിക്കുന്നതുകൊണ്ടല്ല; മനുഷ്യരുടെ ജീവിതവ്യാപാരങ്ങളെ പ്രചോദനം ചെയ്യുന്ന മാനസികവൃത്തികളെ ശരിയായി വ്യഞ്ജിപ്പിക്കുന്നത് കൊണ്ടാകുന്നു' (വിദ്വാൻ സി. എസ് നായർ, അവതാരിക, അച്ഛനും മകളും, വള്ളത്തോളിന്റെ പദ്യകൃതികൾ ഭാഗം 1, പുറം. 313-314). ഇതിൽ നിന്നും മാനുഷികവ്യാപാരങ്ങളെ വ്യഞ്ജിപ്പിക്കാൻ പര്യാപ്തമാണ് വള്ളത്തോൾ പുരാണങ്ങളിൽ നിന്ന് സ്വീകരിക്കുന്ന ഇതിവൃത്തങ്ങൾ എന്ന് വ്യക്തമാകുന്നുണ്ട്. ഈ കാവ്യത്തിൽ സ്ത്രീ-പുരുഷ ബന്ധങ്ങളുടെ തകർച്ചയ്ക്ക് കാമചാപല്യം എങ്ങനെ വഴിവെക്കുന്നുവെന്നാണ് വള്ളത്തോളും പറയുന്നത്. വ്യാസന്റെയും കാളിദാസന്റെയും വഴി തന്നെയാണ് വള്ളത്തോൾ ഉപജീവിക്കുന്നത്. 'വള്ളത്തോളിന്റെ ശകുന്തള കാളിദാസന്റെ ശകുന്തളയുടെ തനിപ്പകർപ്പാണ്. അനാദികാലം മുതൽക്കേ ഭാരതസ്ത്രീകൾ അതിപാവനമായി ആരാധിച്ചുവരുന്ന ആദർശം എന്തോ അതുതന്നെയാണ് രണ്ടു മഹാകവികളുടെയും നായികമാരും അവരുടെ ജീവിതചര്യയിൽ പ്രതിഫലിച്ചു കാണിക്കുന്നത്' (ടി.പു. പുറം 370) എന്ന് വിദ്വാൻ സി.എസ് നായരും 'ഇതിവൃത്തത്തിന്റെ സംവിധാനത്തിൽ അങ്ങോളമിങ്ങോളം ഈ കവിതയിൽ കാളിദാസകടാക്ഷം പതിഞ്ഞതായിക്കാണാമെന്ന്' തായാട്ടു ശങ്കരനും നിരീക്ഷിക്കുന്നു(വള്ളത്തോൾ: നവയുഗത്തിന്റെ കവി, പുറം 259).
വിശ്വാമിത്രന് മേനകയെ പെട്ടെന്ന് കണ്ടപ്പോഴുണ്ടായ ചാപല്യം; അതിൽ നിന്നുണ്ടായ പുത്രി ശകുന്തളയ്ക്കും സമാനമായ വിധി കൈവരുന്നത് വിധി വിളയാട്ടം തന്നെ. വിശ്വാമിത്രനെക്കൊണ്ട് അതേവിധിക്ക് പ്രായശ്ചിത്തം ചെയ്തതായി കവി കാണിച്ചുതരുന്നു. ശകുന്തളയുടെ
“മുഷിഞ്ഞ വസ്ത്രങ്ങളും മെടഞ്ഞ വാർകൂന്തലും
മെലിഞ്ഞ ലാവണ്യൈകമുദ്രയാമുടലുമായ്
അത്തലിൻ സ്വരൂപംപോലാ വന്ന യുവതിയെ
സ്നിഗ്ദ്ധമാം നയനത്താൽദ്ദർശിച്ച നിമിഷത്തിൽ”-
ആ രൂപം കണ്ട വിശ്വാമിത്രന് ദുഃഖമുണ്ടാകുന്നു. ദുഷ്യന്തനാൽ ഉപേക്ഷിക്കപ്പെട്ടവളായിരിക്കുന്നു തന്റെ മകളെന്ന് മനസ്സിലാക്കി കോപിഷ്ഠനാകുന്ന വിശ്വാമിത്രനെ അടക്കുന്ന ശകുന്തള തന്നെ ഈ കാവ്യത്തിൽ ഏറ്റവും മികച്ചുനിൽക്കുന്നത്. ശകുന്തളയുടെ നിലപാട് ഉചിതം തന്നെ. വിശ്വാമിത്രന്റെ കോപത്തെ കവിത എഴുതിയ കാലത്തിന്റെ നീതിയായി തായാട്ടു ശങ്കരൻ നിരീക്ഷിക്കുന്നു. കാളിദാസന്റെ കാലത്തെ നീതി അല്ല പുതിയ ഭാരതത്തിന്റേത് എന്നദ്ദേഹം പറയുന്നു.
“തനിയെ വേട്ടിട്ടന്തർപത്നിയാം സാധുസ്ത്രീയെ
ക്കനിവറ്റഹേതുവായ് ത്യജിച്ച ദുരാത്മാവേ!"-
എന്നാണ് വിശ്വാമിത്രൻ ദുഷ്യന്തനെ സംബോധന ചെയ്യുന്നത്. എന്നാൽ ശകുന്തള ഇവിടെ കൃത്യമായ മറുപടി വിശ്വാമിത്രന് നൽകുന്നു.
“അച്ഛനമ്മമാർ കാലേ വെടിഞ്ഞ നിർഭാഗ്യയെ
സ്വച്ഛന്ദമുപേക്ഷിച്ചാൻ ഭർത്താവുമെന്നേ വേണ്ടൂ!”- അതോടുകൂടി വിശ്വാമിത്രന്റെ കാഴ്ച കൂടുതൽ തെളിയുന്നു. സ്വന്തം തെറ്റും അദ്ദേഹം തിരിച്ചറിയുന്നു. സംഘർഷഭരിതമായ അന്തരീക്ഷമാണ് കവിതയിലുള്ളതെങ്കിലും പക്വമായ മനസ്സാണ് കഥാപാത്രങ്ങൾക്കുള്ളത്. സർവദമനനെ അത്യന്തം വാത്സല്യം തോന്നിപ്പിക്കുന്ന കുമാരനായി അവതരിപ്പിച്ചതിലും വള്ളത്തോളിന്റെ ഔചിത്യം ദർശിക്കാം. വിശ്വാമിത്രമഹർഷിയിൽ വാത്സല്യം സൃഷ്ടിക്കാൻ അവിടേയ്ക്ക് കടന്നുവരുന്ന ആ കുരുന്നിനു കഴിയുന്നു. ശകുന്തളയെ നേരിൽ കാണുമ്പോഴുള്ള ഹൃദയദ്രവീകരണക്ഷമമായ അന്തരീക്ഷം എളുപ്പത്തിൽ സൃഷ്ടിക്കാൻ ഇതുവഴി കവിക്ക് സാധിക്കുന്നു.
ശകുന്തളയുടെ സംഭാഷണങ്ങളും പക്വതയുടെ മട്ടിൽത്തന്നെയാണ്. തന്നെ ഉപേക്ഷിച്ച മാതാപിതാക്കളോടും ഭർത്താവിനോടും കാലുഷ്യം അവൾ സൂക്ഷിക്കുന്നില്ല. ഇവിടെ വള്ളത്തോൾ ‘ഭാരതസ്ത്രീയുടെ ഭാവശുദ്ധിയിൽ’ത്തന്നെ വിശ്വാസമർപ്പിച്ചിരിക്കുന്നു. മഹാകവിയുടെ ശില്പവൈചിത്ര്യത്തെക്കുറിച്ചും രചനാവൈശിഷ്ട്യത്തെക്കുറിച്ചും പ്രത്യേകം പറയേണ്ടതുണ്ടെന്ന് തോന്നുന്നില്ല. ഈ ചെറുകാവ്യത്തിൽത്തന്നെ ഓരോ വരിയിലും ദീക്ഷിച്ചിരിക്കുന്ന ശബ്ദകല്പനകളും ഔചിത്യദീക്ഷയും വൈകാരികമുഹൂർത്തങ്ങളും വള്ളത്തോളിന്റെ കലാമർമ്മജ്ഞതയ്ക്കു മാറ്റുകൂട്ടുന്നവയാണ്.
“ഞാനൊന്നു ചോദിക്കട്ടെ, സാദരം മഹാമുനേ,
ധ്യാനത്തിലുൾച്ചേരുന്നാസ്സച്ചിദാനന്ദം താനോ
മാനിച്ചീയിളം പൂമെയ് പുൽകലിവുളവായോ -
രാനന്ദമിതോ ഭവാന്നധികം സമസ്വാദ്യം”-
ഈ വരികൾ ഉദ്ധരിച്ചുകൊണ്ട് അവതാരികയിൽ സി.എസ് നായർ നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ‘സംസാരസൗഖ്യത്തിന്റെ മുഖത്തുനോക്കുവാൻ സങ്കോചപ്പെടുന്ന സന്യാസത്തെക്കാൾ പ്രപഞ്ചസൗന്ദര്യത്തെ ആസക്തികൂടാതെ അനുഭവിക്കുന്ന ഗൃഹസ്ഥധർമത്തെയല്ലേ അദ്ദേഹം കാര്യമായി കാണുന്നതെന്ന് കരുതിപ്പോകുന്നു. സൗന്ദര്യത്തെ വെറുക്കുന്ന വൈരാഗ്യത്തിന്റെ നേരെ അദ്ദേഹത്തിനത്ര വലിയ ആദരവൊന്നുമില്ല. എവിടെ സൗന്ദര്യം സമൃദ്ധമായി പരിപാലിക്കുന്നുവോ, അവിടെ ഈശ്വരചൈതന്യം സവിശേഷമായി വിളയാടുന്നു എന്നും, അങ്ങനെയുള്ള ആ സൗന്ദര്യത്തെ ആസക്തികൂടാതെ ആസ്വദിക്കുന്നതുകൊണ്ടാണ് ജീവിതത്തിനു സാഫല്യം സിദ്ധിക്കുന്നതെന്നുമാവാം വള്ളത്തോളിന്റെ ജീവിതവിഷയകമായ തത്വജ്ഞാനം(വള്ളത്തോളിന്റെ പദ്യകൃതികൾ ഭാഗം 1, പുറം 320). പുരാണപ്രസിദ്ധമായ വിഷയം സ്വീകരിക്കുമ്പോളും വള്ളത്തോൾ തന്റേതായ ജീവിതവീക്ഷണം വ്യത്യസ്തമായി സൂക്ഷിക്കുന്നുണ്ടെന്നാണ് ഇതിൽനിന്ന് മനസ്സിലാക്കി എടുക്കാനാകുന്നത്. ഒന്നും അതേപടി ഉപജീവിക്കുന്നില്ല വള്ളത്തോളിലെ കവി.
‘കർമഭൂമിയുടെ പിഞ്ചുകാൽ പോലെ’യുള്ള ലഘുകവിതകളിലും ഇത്തരം പെട്ടെന്നുള്ള വ്യതിയാനങ്ങൾ കാണാം. കാളിയമർദനത്തിന്റെ ചിത്രം അവതരിപ്പിച്ചുവരുന്ന കവി അവസാനിപ്പിക്കുമ്പോൾ,
“ധ്വസ്തഭുവനമാം ദൗഷ്ട്യമേ, നിൻ തല-
യെത്ര പരത്തിയുയർത്തിയാലും,
ഇക്കർമ്മഭൂമിതൻ പിഞ്ചുകാൽ പോരുമേ,
ചിക്കെന്നതൊക്കെച്ചവുട്ടിത്താഴ്ത്താൻ”- എന്ന മട്ടിൽ ദേശീയബോധത്തിന്റെ ഉജ്ജ്വലമായ കാലത്തിലേക്ക് പെട്ടെന്ന് വായനക്കാരെ കൊണ്ടെത്തിച്ചു ആവേശഭരിതരാക്കുന്നു. ദണ്ഡകാരണ്യം, അമ്പാടിയിൽ ചെല്ലുന്ന അക്രൂരൻ, മുറ്റത്തെ തുളസി, കിളിക്കൊഞ്ചൽ, ഒരു ചിത്രം തുടങ്ങി നിരവധി ചെറുകവിതകളിലും വള്ളത്തോൾ പുരാണപ്രസിദ്ധങ്ങളായ സന്ദർഭങ്ങളെ സ്വീകരിച്ചു തന്റേതായ രീതിയിൽ പുതുക്കിപ്പണിയുന്നുണ്ട്.
“ചേണുറ്റ പീയൂഷയൂഷക്കയമൊന്നി-
ലാണു മുഴുകിയാലെന്നപോലെ
ഉള്ളം മുഴുക്കെക്കുളിർത്തവൻ ബാഹ്യമാ-
യുള്ളതെല്ലാമേ മറന്നുപോയി”-
ഭക്തപരവശനായ അക്രൂരന്റെ ഈ സർവം മറന്ന നിൽപ്പും, തുടർന്ന്
“തേരിൽ നിന്നഞ്ജസാ ചാടിയിട്ടാ യുവാ -
വാരിതെന്നേവരും നോക്കിനിൽക്കേ,
ആഴിപ്പെൺകാന്തന്റെ തൃക്കാൽ പതിഞ്ഞ വെൺ-
പൂഴിയിൽ വീണു കിടന്നുരുണ്ടാൻ;
ഉന്മസ്തകോത്തമഭക്തിയാൽ പ്രാജ്ഞനു-
മുന്മത്ത ചേഷ്ടനായ്ത്തീരുമല്ലോ !” -
ഇങ്ങനെയുള്ള അക്രൂരന്റെ ആ പ്രവർത്തിയും സഹൃദയർ എങ്ങനെ മറക്കും. ഇങ്ങനെ ചെറുകാവ്യങ്ങളിൽ നിന്ന് ധാരാളം ഹൃദയസ്പർശിയായ മുഹൂർത്തങ്ങൾ ഇനിയും കണ്ടെടുക്കാൻ പ്രയാസമേതുമില്ല.
മൂന്ന്
ഹിന്ദുപുരാണങ്ങളിൽ നിന്നു മാത്രമല്ല വള്ളത്തോൾ ഇതിവൃത്തങ്ങൾ സ്വീകരിച്ചത്. എന്നു തന്നെയല്ല, അദ്ദേഹത്തിന്റെ ഏറ്റവും ജനപ്രിയമായ കൃതിയുമായിരുന്നല്ലോ മഗ്‌ദലനമറിയം(1929). ഈ കൃതിയുടെ അവതാരികയിൽ ചിത്രമെഴുത്ത് കെ. എം വർഗീസ് രേഖപ്പെടുത്തിയത് നോക്കുക: 'കാരണമാനുഷനായ യേശുക്രിസ്തുവിന്റെ ദയാശീതളമായ പരിശുദ്ധഹൃദയത്തെ അതിഭംഗിയായി പ്രകാശിപ്പിച്ചു കൊണ്ടിരിക്കുന്ന പ്രസ്തുത ഖണ്ഡകൃതിയെ കേരളീയ ക്രിസ്ത്യൻ സമുദായം സ്വാഗതപൂർവ്വം സ്വീകരിക്കുമെന്നും, ഒരു സ്വന്തം പുത്രനാൽ വിരചിതമായ ഒരു ശ്രേഷ്ഠ പദ്യസാഹിത്യകൃതി കണ്ടു കണ്ണുനീർ തുടപ്പാൻ ഭാഗ്യമില്ലാത്ത നസ്രാണി വർഗ്ഗ മാതാവിന്റെ കദനഭാരത്തെ ശമിപ്പിക്കാൻ തക്കവണ്ണം ഈ കൃതി ക്രിസ്ത്യൻ സമുദായത്തിൽ ഒരുണർച്ചയെ ഉണ്ടാക്കുമെന്നും എനിക്ക് ദൃഢവിശ്വാസമുണ്ട്'. ലൂക്കോസിന്റെ സുവിശേഷത്തിൽ വിവരിച്ചിട്ടുള്ള പാപിനിയായ വേശ്യയുടെ ചരിതമാണ് കവി തന്റെ ഇതിവൃത്തമാക്കിയതെന്നും അദ്ദേഹം സൂചിപ്പിക്കുന്നു. എന്നാൽ മുന്നൂറ്റിതൊണ്ണൂറ്റിയെട്ടു വരികളുള്ള ഈ കവിതയിൽ ഒരിടത്തും നായികയുടെ പേര് പറയുന്നില്ല എന്നത് ആക്ഷേപമായി വന്നിട്ടുണ്ട്. കൃതിയുടെ തുടക്കത്തിൽ വള്ളത്തോൾ ലൂക്കോസിന്റെ സുവിശേഷത്തിൽ നിന്നുള്ള ഭാഗം ചേർത്തിട്ടുണ്ട്. അതിൽ ഒരു വേശ്യയുടെ കഥയെന്ന് മാത്രമേ പറയുന്നുള്ളൂ. ആ വേശ്യ മഗ്‌ദലനക്കാരി മറിയം ആണെന്ന കൃത്യമായ സൂചന ബൈബിളും നൽകുന്നില്ല. ഇത് വള്ളത്തോൾ കവിതയ്ക്കെതിരെ ധാരാളം വിമർശനങ്ങൾക്ക് കാരണമായി. കേരളകത്തോലിക്കൻ എന്ന മാസിക വള്ളത്തോളിന് എതിരെ പേരുവെക്കാതെ നിരൂപണം എഴുതി. മതത്തിന്റെ നിഴലാണ് ഇതിലും, ഇതിന്റെ തുടർച്ചയായി വന്ന വിമർശനങ്ങളിലും കാണുന്നത്. പുരാണങ്ങളെ ഉപജീവിക്കുമ്പോൾ കവിയുടെ സ്വാതന്ത്ര്യം എടുക്കുന്നതിനെപ്പറ്റി വള്ളത്തോൾ പറഞ്ഞത് തുടക്കത്തിൽ ഉദ്ധരിച്ചുവല്ലോ. ഇവിടെയും ആ സമീപനം തുടരുകയാണ് മഹാകവി ചെയ്തത് എന്നു കരുതിയാൽ മതി. എന്തായാലും ബൈബിളിൽ നിന്ന് വ്യത്യസ്തമായി വള്ളത്തോൾ കവിതയിൽ മറിയത്തിന്റെ പാത്രത്തിന് മിഴിവ് ഏറെയുണ്ട്. യേശുദേവന്റെ സാന്നിധ്യത്തിൽ പശ്ചാത്തപിക്കുന്ന മറിയത്തിന്റെ രീതി ബൈബിൾ ആശയങ്ങൾക്ക് അനുകൂലമല്ല എന്ന മട്ടിലുള്ള വിമർശനങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ അത് തള്ളിക്കളയേണ്ട വാദമാണ്. മറിയത്തിന്റെ വിശ്വാസമാണ് അവളെ രക്ഷിക്കുന്നത് എന്നു കാണാൻ പ്രയാസമില്ല. തന്നെ പാപത്തിൽ നിന്ന് കരകയറ്റാൻ യേശുദേവന് കഴിയുമെന്ന അവളുടെ വിശ്വാസത്തിനാണ് ഇവിടെ പ്രാധാന്യം. ദൈവത്തിൽ നിന്നകന്ന ഒരാൾ ആ സന്നിധിയിലേക്ക് തന്നെ തിരിച്ചുവരുന്നു. അവളെ സൃഷ്ടിച്ച ചൈതന്യത്തിലേക്ക് തിരിച്ചു വരികയാണ് അവൾ. അത് ഒരിക്കലും ക്രൈസ്തവവിരുദ്ധമല്ല. മാത്രമല്ല, ഒരു മതത്തിനും അത് നിഷിദ്ധവുമല്ല. സർവ്വവും ദൈവത്തിൽ അർപ്പിക്കുന്ന ഭക്തിയുടെ വഴിയിലാണ് മറിയം. 'ഭക്തിയും വിഭക്തിയും' എന്ന കവിതയിൽ വള്ളത്തോൾ അവതരിപ്പിക്കുന്ന പൂന്താനത്തിന്റെ ഭക്തിക്ക് സമാനമാണ് ഇതും. ഭക്തമീരയുടെ പാരമ്പര്യം ഉൾക്കൊള്ളുന്ന ഭക്തിയാണിത്. യേശുവിന്റെ സന്നിധിയിൽ അവൾ കണ്ണീരുകൊണ്ട് കാൽ കഴുകി, തലമുടി കൊണ്ട് തുവർത്തി കാലുകളിൽ ചുംബിക്കുന്നു. ശിരസ്സിൽ തൈലാഭിഷേകം നടത്തുന്നു. അത്യന്തം ഭക്തി തിങ്ങിയ മനസ്സോടെ യേശുദേവനെ തിരുമേനി, തമ്പുരാനെ എന്നിങ്ങനെ സംബോധന ചെയ്യുന്നു. 'സാത്വികഭക്തിയാ തേൻപെറുമീവക പ്രാർത്ഥനാവാക്കുകളാ'ണെവയെന്ന് കവി തന്നെ പറയുന്നു.
ഈ കാവ്യത്തിന്റെ അന്തരീക്ഷസൃഷ്ടി തികച്ചും ഭാരതീയമാണ് എന്ന് അത്ര സൂക്ഷിച്ചു നോക്കാതെ തന്നെ കാണാൻ സാധിക്കും. അതിലേക്കായി നിരവധി ഉദാഹരണങ്ങൾ കാണിക്കാവുന്നതാണ്. വൈദേശികമായ ക്രിസ്തുമതാചാരങ്ങളെ ഭാരതീയമായ ഒരന്തരീക്ഷത്തിലേക്ക് പറിച്ചു നട്ടുകൊണ്ട് സർവമത സാഹോദര്യത്തിന്റെ ഒരു വഴിയാണ് ആ കാലത്ത്, പ്രത്യേകിച്ചു ദേശീയ പ്രസ്ഥാനം കത്തിനിൽക്കുന്ന സന്ദർഭത്തിൽ വള്ളത്തോൾ നടത്തിയത്. കെ.എം വർഗീസ് അവതാരികയിൽ ചൂണ്ടിക്കാട്ടുന്നത് വള്ളത്തോൾ മിഷണറി പ്രവർത്തനം തന്നെയാണ് നടത്തിയത് എന്നാണ്. എന്നാൽ അങ്ങനെ ചുരുങ്ങിയ ഒരു വീക്ഷണമായിരുന്നില്ല വള്ളത്തോൾ നിർവഹിച്ചത്. ലളിതമായ ഈ കാവ്യത്തിലൂടെ, എല്ലാത്തിനെയും ഉൾക്കൊള്ളുന്ന ഭാരതീയമായ ദാർശനികതയുടെ ആഴമാണ് വള്ളത്തോൾ കാണിച്ചു തന്നത്.
ഇസ്ലാം മതസാരങ്ങളും മഹാകവിക്ക് അന്യമായിരുന്നില്ല എന്നതിന്റെ തെളിവാണ് ജാതകം തിരുത്തി, അല്ലാഹ് തുടങ്ങിയ ചെറുകവിതകൾ. മുഹമ്മദ് നബി ഇസ്ലാംമതം ലോകത്ത് പ്രചരിപ്പിക്കുന്ന കാലത്ത് ഒട്ടനവധി ശത്രുക്കൾ അദ്ദേഹത്തിന് ഉണ്ടായി. അദ്ദേഹത്തിന്റെ യാത്രകളിൽ അപ്രതീക്ഷിത തടസ്സങ്ങളായി അവർ വന്നു. നബിയെ ഇല്ലാതാക്കാൻ ശ്രമിച്ചു നോക്കി. പക്ഷേ സാധിച്ചില്ല. അത്തരം രണ്ടു സന്ദർഭങ്ങളാണ് വള്ളത്തോൾ കാവ്യ വിഷയമാക്കുന്നത്. 'ജാതകം തിരുത്തി' എന്ന കവിതയിൽ ഉമാർ എന്ന നാട്ടുപ്രമാണിക്ക് സംഭവിക്കുന്ന പരിവർത്തനമാണ് പറഞ്ഞുവെക്കുന്നത്. ആദ്യം നബിയെ തെറ്റിദ്ധരിച്ചു ഹിംസിക്കാൻ പുറപ്പെടുന്നു അയാൾ. ഇതുകണ്ട കവി തന്നെ നേരിട്ട് അയാളോട് സംവദിക്കുന്നു. അയാളെ സമാധാനിപ്പിക്കുന്നു.
"അഹർമ്മുഖപ്പൊൻകതിർപോലെ പോന്നവൻ
മുഹമ്മദ;പ്പെരിനിതാ, നമശ്ശതം!
സ്വഹസ്തവാളായ തമിസ്ര രേഖയാ
മഹസ്സിനെന്തുണ്ട?തു മോർപ്പതില്ല നീ!"- എന്ന് കവി നബിയുടെ മാഹാത്മ്യം പാടുന്നു. ഖുർആൻ വചനങ്ങളിൽ കവിക്ക് നല്ല ധാരണയുണ്ടെന്ന് ഇതിലെ പല വരികളും തെളിയിക്കുന്നു. ഭൂരാജ്യവും ആകാശരാജ്യവും അല്ലാഹുവിന്റേതാണ്. അവനൊഴിഞ്ഞു രക്ഷിതാവില്ല എന്നും പാപം ചെയ്യുന്നവർ നരകത്തിൽ വസിക്കുമെന്നും ഒക്കെയുള്ള വചനങ്ങൾ ഉമാറിനെ മാനസാന്തരപ്പെടുത്താൻ കവി ഉപയോഗിക്കുന്നു. ഒടുവിൽ മനം മാറിയ ഉമാറിനെ കവി കാണിച്ചു തരുന്നു:
"മങ്കപ്പൂൺപോടു 'മാപ്പെ'ന്നവനരിയ കുറാൻ-
ഗ്രന്ഥമർത്ഥിച്ചു, ഹിംസാ-
പങ്കം പോക്കാൻ ജലത്താൽക്കഴുകിയ കരതാർ-
കൊണ്ടു മേടിച്ചു ഭക്ത്യാ-
തങ്കം പോലാം വിളക്കിൻ തിരികൾ നിഭൃതമായ്
നിന്നു കത്തീ! സമീപ-
ത്തിങ്കൽക്കാൽ മുട്ടുകുത്തിപ്പെരുതുരു നബിയാം
ദേവനെക്കൈവണങ്ങി!"-
ഇങ്ങനെ ജാതകം തിരുത്തി നബിയുടെ മുഖ്യശിഷ്യനായിത്തീർന്ന ഉമാർ ആണത്രേ ഒന്നാമത്തെ ഖലീഫ.
'അല്ലാഹ്' എന്ന കവിതയിലും നബിക്ക് നേരെ വരുന്ന വധശ്രമം കാണാം. എന്നാൽ അല്ലാഹ് എന്ന വാക്ക് ഭക്തിനിർഭരമായി ഉരുവിടുന്നതോട് കൂടി കൊലപാതകിയുടെ കയ്യിലിരുന്ന ഊരിപ്പിടിച്ച വാൾ തെറിച്ചു പോകുന്നതായി കവി പറയുന്നു. ഭക്തിരസം മുറ്റി നിൽക്കുന്ന ചെറുകവിതയാണിത്. മുഹമ്മദ് നബി ഒരിക്കൽ മക്കത്ത് നിന്ന് മദീനയ്ക്ക് പോകും വഴി വിശ്രമിക്കാൻ കിടക്കുന്നു. യാത്രയുടെ ക്ഷീണത്തിൽ ഉറക്കത്തിലേക്ക് വഴുതിവീഴുന്നു. അപ്പോഴാണ് ശത്രു അടുത്തു വരുന്നത്. എന്തായിരുന്നു അയാളുടെ ലക്ഷ്യം?
"മുഹമ്മദിന്റെ തൃക്കഴുത്തു വെട്ടണം
മഹാമതത്തിന്റെ മുരടറുക്കണം!"
'ആർ നിന്നെ രക്ഷിക്കും?' എന്ന കൊലയാളിയുടെ ചോദ്യത്തിന് ഒന്നേയുള്ളൂ മറുപടി. ഒരു ചെറുപദം, ഭക്തിപുര:സ്സരം നബി ഉച്ചരിക്കുന്നു. 'അല്ലാഹ്'. അതോടുകൂടി കൊലയാളി നിഷ്പ്രഭനാകുന്ന ചിത്രം കവി അവതരിപ്പിക്കുന്നു. വള്ളത്തോൾ കവിതകളുടെ ഭാരതീയമായ ദർശനസൗന്ദര്യം മറ്റു മതവിശ്വാസങ്ങളെ കൂടി ഉൾക്കൊള്ളാൻ പര്യാപ്തമായിരുന്നു എന്നതിന്റെ തെളിവുകളാണ് ഈ കവിതകളെല്ലാം തന്നെ.
വള്ളത്തോളിന്റെ പുരാണകഥാപാത്രങ്ങളെപ്പറ്റി എഴുതുമ്പോൾ ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ ഉപസാംഹരിക്കുന്നത് ഇങ്ങനെ: 'മനുഷ്യസ്വഭാവത്തെക്കുറിച്ചുള്ള അഗാധജ്ഞാനമാണ് വർത്തമാന കാലത്തെ എന്ന പോലെ അതീതകാലത്തെ വ്യക്തികളെയും സന്ദർഭങ്ങളെയുമെടുത്ത് കൈകാര്യം ചെയ്യുമ്പോഴും വള്ളത്തോളിനെ വിജയശ്രീലാളിതനാക്കുന്നത്. വിശ്വാമിത്രനും ശീമോനും പരശുരാമനും എക്കാലത്തു ജീവിച്ചു എന്നതിനെക്കാളേറെ ഏതുവിധത്തിലുള്ള വ്യക്തികളായിരുന്നു എന്നതിലാണ് കവി കാര്യമായും ശ്രദ്ധിക്കുന്നത്. മാനുഷികവികാരങ്ങൾ എക്കാലത്തും എവിടെയും ഒന്നുപോലെയാണെന്നു കവിക്ക് അസ്സലായിട്ടറിയാം. അതുകൊണ്ട് തന്നെയാണ് അദ്ദേഹത്തിന്റെ പുരാണാഖ്യാനങ്ങൾ പുനരാവർത്തനങ്ങൾ എന്നതിൽ കവിഞ്ഞു പുതുമയും ചൈതന്യവുമുള്ളവയായി നിലകൊള്ളുന്നതും' (ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടി നായർ, വള്ളത്തോളിന്റെ പുരാണകഥാപാത്രങ്ങൾ, വള്ളത്തോളിന്റെ പദ്യകൃതികൾ, ഭാഗം 1,പുറം, 216). ഈ നിരീക്ഷണത്തോട് യോജിച്ചുകൊണ്ട് തന്നെ കൂട്ടിച്ചേർക്കാവുന്നത്, ഭാരതീയ ഇതിഹാസ-പുരാണങ്ങളുടെ അയഞ്ഞഘടനയും അതിന്റെ മൗനങ്ങളും സാധ്യതകളും മനസ്സിലാക്കിയതിൽ വള്ളത്തോൾ നാരായണമേനോനോളം വിജയിച്ച മറ്റു കവികൾ ഉണ്ടോ എന്നുള്ള ചോദ്യമാണ്.
ഗ്രന്ഥസൂചി
കമലമ്മ. ജി, വള്ളത്തോൾ സാഹിത്യപ്രവേശിക, 2010, മാരാർ സാഹിത്യപ്രകാശം, കോഴിക്കോട്.
തായാട്ട് ശങ്കരൻ, വള്ളത്തോൾ- നവയുഗത്തിന്റെ കവി, 1986, വള്ളത്തോൾ വിദ്യാപീഠം, ശുകപുരം.
വള്ളത്തോൾ നാരായണമേനോൻ, വള്ളത്തോളിന്റെ പദ്യകൃതികൾ ഭാഗം-1, 1975, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം.
വള്ളത്തോൾ നാരായണമേനോൻ, വള്ളത്തോൾ സുധ വോള്യം-2, (സമ്പാദനം: കുറ്റിപ്പുഴ കൃഷ്ണപിള്ള), 1962, വള്ളത്തോൾ ഗ്രന്ഥാലയം, ചെറുതുരുത്തി
Content Highlights: Analysing Vallathol`s use of mythological narratives in poetry
Published: 12 Mar 2025, 01:52 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented