തിരുവനന്തപുരം: മതചിന്തകളും തെറ്റായ രാഷ്ട്രീയവും ഭിന്നത സൃഷ്ടിക്കുമ്പോള്‍, അതിരുകളെ ഇല്ലാതാക്കി എല്ലാവരെയും ഒന്നിപ്പിക്കുകയാണ് സാഹിത്യമെന്ന് എഴുത്തുകാരിയും ജ്ഞാനപീഠ ജേതാവുമായ പ്രതിഭാ റായ്.

To advertise here,

'എന്റെ മതം മനുഷ്യത്വമാണ്. അതിലാണെന്റെ വിശ്വാസവും' -കവി ഒ.എന്‍.വി.യുടെ ഓര്‍മയ്ക്കായി കള്‍ച്ചറല്‍ അക്കാദമി ഏര്‍പ്പെടുത്തിയ മൂന്നുലക്ഷം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന സാഹിത്യപുരസ്‌കാരം മുഖ്യമന്ത്രി പിണറായി വിജയനില്‍നിന്നു സ്വീകരിച്ച് പ്രതിഭാ റായ് പറഞ്ഞു.

ഒ.എന്‍.വി.യും പ്രതിഭാ റായിയും ഏറെ സമാനതകളുള്ള എഴുത്തുകാരാണെന്ന് 93-ാം ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനവും പുരസ്‌കാരവിതരണവും നടത്തിയ മുഖ്യമന്ത്രി പറഞ്ഞു.

അന്‍പതിനായിരം രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്ന യുവസാഹിത്യ പുരസ്‌കാരം കവി ദുര്‍ഗാപ്രസാദിന് മുഖ്യമന്ത്രി സമ്മാനിച്ചു. കള്‍ച്ചറല്‍ അക്കാദമി അധ്യക്ഷന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കവി പ്രഭാവര്‍മ, ജി.രാജ്മോഹന്‍, ഇ.എം.നജീബ്, കരമന ഹരി, എം.ബി.സനല്‍കുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പുരസ്‌കാരശില്പം തയ്യാറാക്കിയ ബാലന്‍ നമ്പ്യാരെ മുഖ്യമന്ത്രി ആദരിച്ചു. ഒ.എന്‍.വി.യുടെ ഭാര്യ സരോജനി ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങളും സംബന്ധിച്ചു. ചെറുമകള്‍ അപര്‍ണാ രാജീവ് സ്മൃതിഗീതം ആലപിച്ചു. ഒ.എന്‍.വി.യുടെ കവിതകളും ചലച്ചിത്രഗാനങ്ങളും കോര്‍ത്തിണക്കിയ 'രാഗം ശ്രീരാഗം' ഗാനസന്ധ്യയും ഒരുക്കിയിരുന്നു.