
തൃശൂർ: എല്ലാ മതതീവ്രവാദത്തിനും ഒരേ സ്വഭാവമാണെന്ന് എഴുത്തുകാരൻ എൻ.എസ്. മാധവൻ. പുരുഷാധിപത്യമാണ് മതതീവ്രവാദത്തിൻ്റെ അടിസ്ഥാനമെന്നും അദ്ദേഹം പറഞ്ഞു. തൃശ്ശൂർ ചേർപ്പ് പെരുവനത്ത് സർവമംഗള ട്രസ്റ്റ് 'മാതൃഭൂമി'യുമായി ചേർന്ന് നടത്തുന്ന ഗ്രാമോത്സവത്തിൽ സംസാരിക്കുകയായിരുന്നു എൻ.എസ്. മാധവൻ.
'ശുദ്ധി എന്നും മിഥ്യ എന്നും പറയുമ്പോൾ അത് ശുദ്ധിയെ വളരെ ലഘൂകരിച്ച് കാണിക്കുന്നു. ഇത് വെറും മിഥ്യയല്ല, വളരെ അപകടകരമായ ഒരു മിഥ്യയാണ്. ഈ മിഥ്യ മനുഷ്യ ചരിത്രത്തിൻ്റെ തുടക്കം മുതൽ ഇന്നു വരെ കൊണ്ടുവന്നിട്ടുള്ള അപകടങ്ങളും ദുർമരണങ്ങളും വളരെ അധികമാണ്. അതിന് ലോകം നൽകേണ്ടി വന്ന വിലയും വളരെ അധികമാണ്. 'മെയിൻ കാംഫ്' എന്ന തൻ്റെ ആത്മകഥയിലാണ് ഈ ശുദ്ധി, വംശശുദ്ധിയെ കുറിച്ച് ഹിറ്റ്ലറുടെ ആശയങ്ങൾ അവതരിപ്പിക്കുന്നത്. ആര്യൻമാർ എന്നൊരു വർഗമുണ്ടെന്നും ആ വർഗത്തിൻ്റെ ശുദ്ധി നിലനിർത്തേണ്ടത് ലോകത്തിൻ്റെ എല്ലാ വിധ പുരോഗമനങ്ങൾക്കും ആവശ്യമാണെന്നും അദ്ദേഹം അടിയുറച്ച് വിശ്വസിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു.' -എൻ.എസ്. മാധവൻ പറഞ്ഞു.
'ആര്യന്മാർ എന്ന വാക്കുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ജർമ്മനിക്കാരേയും വടക്കൻ യൂറോപ്പിലെ കുറച്ച് പേരെയും മാത്രമാണ്. ബാക്കി എല്ലാവരും അവരേക്കാൾ താണവരാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ഈ വർഗത്തിൻ്റെ വിശുദ്ധി നിലനിർത്തേണ്ടത് ലോകത്തിൻ്റെ പുരോഗതിക്ക് ആവശ്യമെന്ന് കണ്ട് അതിനു വേണ്ടി അദ്ദേഹം ശ്രമിച്ചു. അതിൻ്റെ ഫലം നമുക്ക് എല്ലാവർക്കും അറിയാം. ശുദ്ധിയോടുള്ള ഹിറ്റ്ലറുടെ അമിതമായ ആവേശം വിളിച്ചു വരുത്തിയത് വലിയ തരത്തിലുള്ള നരഹത്യകളാണ്. ആര്യന്മാർ എന്നതു കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ലോകത്തിൽ അന്ന് വരെ നിലവിൽ വന്ന മനുഷ്യ വംശത്തിൻ്റെ ഏറ്റവും ശുദ്ധമായ മാതൃക എന്ന നിലയ്ക്കാണ്. അവരുടെ ബുദ്ധി, ധാർമികത, ന്യായബോധം, ശരീരബലം എന്നിവ അവരെ മറ്റുള്ളവരിൽ നിന്നും മാറ്റി നിർത്തുമെന്ന് ഹിറ്റ്‌ലർ അടിയുറച്ച് വിശ്വസിച്ചു. ആര്യന്മാർ എന്നതു കൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത് ലോകത്തിൽ അന്ന് വരെ നിലവിൽ വന്ന മനുഷ്യ വംശത്തിൻ്റെ ഏറ്റവും ശുദ്ധമായ മാതൃക എന്ന നിലയ്ക്കാണ്.'
'അശുദ്ധി ആയി അദ്ദേഹം കണ്ടത് ജൂതന്മാരെയാണ്. ജൂതന്മാർക്കെതിരായി പണ്ടു മുതലേ യൂറോപ്പിൽ ഉണ്ടായിരുന്ന അസഹിഷ്ണുത ഹിറ്റ്‌ലർ മുതലെടുത്തു. മിശ്രവിവാഹം പോലുള്ളവ ആര്യവംശത്തെ ശുദ്ധി കളങ്കപ്പെടുത്തുമെന്നും ധരിച്ചു.യൂറോപ്പിലെ എല്ലാ പ്രശ്നങ്ങൾക്കും കാരണം ജൂതന്മാർ ആണെന്ന് അദ്ദേഹം കരുതി.യൂറോപ്പിലെ യൂണിവേഴ്സിറ്റികളിൽ വംശശുദ്ധി നിലനിൽക്കാൻ വംശശുദ്ധി ശാസ്ത്രത്തിൽ വലിയ ഗവേഷണങ്ങൾ നടത്തി. ശുദ്ധമായ ഒരു ആര്യ വംശത്തെ വാർത്തെടുക്കുക എന്നതായിരുന്നു ഹിറ്റ്ലറുടെ ലക്ഷ്യം.ശുദ്ധിക്ക് വേണ്ടി ഹിറ്റ്‌ലർ കൊന്നൊടുക്കിയത് 60 ലക്ഷം ആളുകളെയാണ്. സമാനമായ പല രൂപത്തിലുള്ള സംഭവങ്ങൾ ഉണ്ട്.'
'ദക്ഷിണേന്ത്യയിൽ ശൈവന്മാരും വൈഷ്ണവരും തമ്മിൽ, ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിൽ, ശ്രീലങ്കയിൽ ബുദ്ധിസ്റ്റുകളും അല്ലാത്തവരും തമ്മിൽ. ഈ വംശ ശുദ്ധി എന്ന മിഥ്യ എത്ര മനുഷ്യ ജീവനുകളെയാണ് കൊന്നൊടുക്കിയത്. എല്ലാ മതതീവ്രവാദത്തിനും ഒരേ സ്വഭാവമാണ്. സ്ത്രീകളെ എങ്ങനെ നിലയ്ക്ക് നിർത്താമെന്നും പരിപൂർണ്ണമായി പുരുഷാധിപത്യവും ആണ് ഈ മതതീവ്രവാദത്തിൻ്റെ അടിസ്ഥാനം.' -എൻ.എസ്. മാധവൻ പറഞ്ഞു.
Content Highlights: Patriarchy is the foundation of religious extremism -says writer NS Madhavan
Published: 04 Jan 2025, 08:56 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented