കോഴിക്കോട്: പ്ലാന്റ് (plant) എന്ന ഇംഗ്ലീഷ് വാക്ക് കേള്‍ക്കുമ്പോള്‍ ആദ്യം മനസ്സില്‍വരുന്ന അര്‍ഥമെന്താണ്? ചെടി എന്നായിരിക്കും ഉത്തരം. പൂച്ചെടി, പൂവ്, ഇലക്കറി, ചാരന്‍, വ്യവസായശാല, പണിശാല തുടങ്ങി 'ഓളം' ഇംഗ്ലീഷ്-മലയാളം ഓണ്‍ലൈന്‍ നിഘണ്ടു തുറന്നാല്‍ ആ പട്ടികയ്ക്ക് അവസാനമില്ലേയെന്ന് തോന്നും. 4300-ലേറെ വാക്കുകളാണ് കാണുക. 15-ാം വര്‍ഷത്തിലാണ് അര്‍ഥങ്ങളുടെയും പര്യായങ്ങളുടെയും ഒരു കടല്‍തന്നെ 'ഓളം' സമ്മാനിക്കുന്നത്. 10 ലക്ഷത്തിലേറെ വാക്കുകളുള്ള ഇ.കെ. കുറുപ്പ് നിഘണ്ടുകൂടി കൂട്ടിച്ചേര്‍ത്താണ് 'ഓളം' പുതിയ പതിപ്പ് ഒരുക്കിയത്.

To advertise here,

ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷന്‍ നടത്തിയ സന്നദ്ധപ്രവര്‍ത്തകരുടെ കൂട്ടായ്മയിലാണ് ഭാഷാഗവേഷകന്‍ ഇ.കെ. കുറുപ്പും നിരൂപകന്‍ പി.കെ. രാജശേഖരനും ചേര്‍ന്ന് 'ഓളം' മൂന്നാംപതിപ്പ് പ്രകാശനംചെയ്തത്. മലയാളവും കേരളവുമായി ബന്ധപ്പെട്ട പുരാരേഖകള്‍ ഡിജിറ്റൈസ് ചെയ്ത് സംരക്ഷിക്കുന്ന പദ്ധതിയായ ഇന്‍ഡിക് ഡിജിറ്റല്‍ ആര്‍ക്കൈവ് ഫൗണ്ടേഷനുകീഴിലുള്ള 'ഗ്രന്ഥപ്പുര'യുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കുന്നവരാണ് ഒത്തുകൂടിയത്. ഇംഗ്ലീഷ്-മലയാളം, മലയാളം-മലയാളം ഓണ്‍ലൈന്‍ നിഘണ്ടുവായ 'ഓളം', ദ്രാവിഡഭാഷ ഓണ്‍ലൈന്‍ നിഘണ്ടുവായ 'സമം' തുടങ്ങി മലയാളവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഫൗണ്ടേഷന്റെ മൂന്നാംവാര്‍ഷികാഘോഷംകൂടിയായിരുന്നു കൂട്ടായ്മ. ഗ്രന്ഥപ്പുരയില്‍ (www.gpura.org) നിലവില്‍ കേരളവുമായി ബന്ധപ്പെട്ട 6400-ല്‍പരം രേഖകളിലെ 6,75,000-ത്തിലേറെ താളുകളാണ് ഡിജിറ്റൈസ് ചെയ്തത്. മദ്രാസ് സര്‍വകലാശാലയില്‍നിന്നുള്ള മലയാളം പുസ്തകങ്ങളും രേഖകളുമെല്ലാം ഇത്തരത്തില്‍ ഡിജിറ്റൈസ് ചെയ്തു. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കുപിന്നിലുള്ള തമിഴ്നാട് സര്‍ക്കാര്‍ തമിഴ് ഡിജിറ്റല്‍ ലൈബ്രറി പ്രോജക്ട് ഓഫീസര്‍ ഇരാ. ചിത്താനൈയെ ആദരിച്ചു. മലയാളഭാഷാഗവേഷകന്‍ ഡോ. ബാബു ചെറിയാന്‍ അധ്യക്ഷനായി. പി.കെ. രാജശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. ഷിജു അലക്‌സ്, ജിസോ ജോസ്, കൈലാഷ് നാഥ് (ഓളം), കണ്ണന്‍ ഷണ്‍മുഖം, അഖില പ്രിയദര്‍ശിനി തുടങ്ങിയവര്‍ സംസാരിച്ചു.