കോഴിക്കോട്: 'ആര്‍ദ്രമീ ധനുമാസ രാവുകളിലൊന്നില്‍ ആതിരവരും പോകുമല്ലേസഖീ...' കനത്തമഴയിലും നേര്‍ത്തശബ്ദത്തില്‍ ഭിത്തികള്‍ക്കിടയിലൂടെ വരികള്‍ ഒഴുകിയെത്തി.

To advertise here,

ഗ്രാമവിശുദ്ധിയെ തൊട്ടറിഞ്ഞ കവി എന്‍.എന്‍. കക്കാടിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൊതുവിദ്യാഭ്യാസവകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദിയും കലാസാംസ്‌കാരിക ഗ്രന്ഥശാലാപ്രവര്‍ത്തകരും വിദ്യാര്‍ഥികളും, അധ്യാപകരും ജനപ്രതിനിധികളും കവിയുടെ ജന്മഗൃഹത്തില്‍ ഒത്തുചേര്‍ന്നു.

പാട്ടും പറച്ചിലും കവിതയുമായി കവിയുടെ കുടുംബാംഗങ്ങളോടൊപ്പം സാഹിത്യസല്ലാപംനടത്തി. വിദ്യാരംഗം കലാസാഹിത്യവേദി ജില്ലാസമിതിയുടെ നേതൃത്വത്തിലാണ് കൂട്ടാലിട അവിടനല്ലൂരിലെ കക്കാട് ഇല്ലത്ത് 'സഫലമീയോര്‍മ്മ' സംഘടിപ്പിച്ചത്. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറും എഴുത്തുകാരനുമായ മനോജ് മണിയൂര്‍ ഉദ്ഘാടനംചെയ്തു. കോട്ടൂര്‍ ഗ്രാമപ്പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. ഷൈന്‍ അധ്യക്ഷനായി. പിന്നണിഗായകന്‍ അജയ് ഗോപാല്‍ മുഖ്യാതിഥിയായി.

സാഹിത്യനിരൂപകന്‍ മോഹനന്‍ ചേനോളി മുഖ്യപ്രഭാഷണംനടത്തി. കക്കാടിന്റെ മകന്‍ ശ്യാംകുമാര്‍ കക്കാട് ഓര്‍മ്മകള്‍ പങ്കുവെച്ചു. പേരാമ്പ്ര ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.വി. പ്രമോദ്, തോടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എം. വിനോദ്, വിദ്യാരംഗം ജില്ലാ കോഡിനേറ്റര്‍ ബിജു കാവില്‍, അസി. കോഡിനേറ്റര്‍ വി.എം. അഷറഫ്, രഞ്ജിഷ് ആവള, രാജന്‍ നരയംകുളം, ഇല്ലത്ത് പ്രകാശന്‍, ടി.കെ. നൗഷാദ്, ആര്‍. നിഷ, മേപ്പാടി ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രസന്ന നമ്പൂതിരി, എന്‍.എസ്. പ്രണവ്, ജ്യോതി അനൂപ്, മധുസൂദനന്‍ ചെറുക്കാട് എന്നിവര്‍ കവിത അവതരിപ്പിച്ചു.