എടപ്പാള്‍: പ്രശസ്ത ചിത്രകാരി ടി.കെ. പദ്മിനിയുടെ പേരിലുള്ള അവാര്‍ഡ് സമര്‍പ്പണത്തില്‍നിന്ന് പിന്മാറി കേരള ലളിതകലാ അക്കാദമി. ടി.കെ പദ്മിനി സ്മാരക ട്രസ്റ്റ് അവാര്‍ഡിനായി തിരഞ്ഞെടുത്ത കലാസംവിധായകനും ചിത്രകാരനും സിനിമാസംവിധായകനുമായ നേമം പുഷ്പരാജിന് അത്രയൊന്നും കഴിവില്ലെന്ന് സെക്രട്ടറിയുടെ വിശദീകരണം. ഞായറാഴ്ച തൃശ്ശൂര്‍ ലളിതകലാ അക്കാദമി ആസ്ഥാനത്ത് തീരുമാനിച്ചിരുന്ന പരിപാടിയില്‍നിന്ന് അക്കാദമി പിന്മാറിയതിനാല്‍ വേദി എടപ്പാളിലേക്കു മാറ്റി.എടപ്പാള്‍ കെ.എം.ഐ. ഹാളില്‍ ഞായറാഴ്ച അഞ്ചിനു നടക്കുന്ന പരിപാടിയില്‍ പി. സുരേന്ദ്രന്‍ അവാര്‍ഡ് സമ്മാനിക്കും.

To advertise here,

ടി.െക. പദ്മിനി സ്മാരക ട്രസ്റ്റാണ് അവാര്‍ഡ് നല്‍കുന്നത്. ട്രസ്റ്റിന്റെ അവാര്‍ഡ് സമര്‍പ്പണം ലളിതകലാ അക്കാദമിയില്‍ നടത്താനാവില്ലെന്നും ചടങ്ങില്‍ അക്കാദമിയുടെ പേര് ഉപയോഗിക്കരുതെന്നും അക്കാദമി സെക്രട്ടറി അറിയിക്കുകയായിരുന്നു.

അവാര്‍ഡുസമര്‍പ്പണത്തില്‍നിന്ന് വിട്ടുനില്‍ക്കുന്ന കാര്യം ലളിതകലാ അക്കാദമി എക്‌സിക്യുട്ടീവില്‍ തീരുമാനിച്ചിട്ടില്ലെന്നാണ് അറിയുന്നത്. അക്കാദമി വൈസ് ചെയര്‍മാന്‍ എബി എന്‍. ജോസഫ് എടപ്പാളിലെ അവാര്‍ഡ് വിതരണച്ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അത് വ്യക്തിപരമായ നിലയ്ക്കാണെന്ന് പദ്മിനിയുടെ ബന്ധുവും ടി.കെ. പദ്മിനി സ്മാരക ട്രസ്റ്റ് സെക്രട്ടറിയുമായ ഉത്തമന്‍ കാടഞ്ചേരി പറഞ്ഞു.

നോട്ടീസ് തയ്യാറാക്കലും അതിഥികളെ ക്ഷണിക്കലുമെല്ലാം ചെയ്യുന്നതുവരെ കൂടെനിന്ന അക്കാദമിക്ക് പിന്നീടുണ്ടായ മനംമാറ്റത്തിന് കാരണമെന്തെന്ന് അറിയില്ലെന്ന് ഉത്തമന്‍ കാടഞ്ചേരി പറഞ്ഞു. ഇതിനെതിരേ മുഖ്യമന്ത്രിക്കും സാംസ്‌കാരികമന്ത്രിക്കും പരാതി നല്‍കി.

പദ്മിനിയെ ആദരിക്കേണ്ടത് ലളിതകലാ അക്കാദമിയുടെ ഉത്തരവാദിത്വമാണെന്ന് പദ്മിനി സ്മാരക ട്രസ്റ്റ് ചെയര്‍മാനും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. 'മുന്‍പ് ലളിതകലാ അക്കാദമിയാണ് പദ്മിനി സ്മാരക അവാര്‍ഡ് നല്‍കിയിരുന്നത്. അവര്‍ അതു നിര്‍ത്തിയപ്പോഴാണ് ട്രസ്റ്റ് ഏറ്റെടുത്തത്. ഈ വര്‍ഷം മുതല്‍ അക്കാദമി തന്നെ അതേറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നതുമാണ്. അതിനിടിയിലുണ്ടായ പിന്‍മാറ്റം വേദനാജനകമാണ്' -ലീലാകൃഷ്ണന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷം അവാര്‍ഡ് സമര്‍പ്പണച്ചടങ്ങ് എടപ്പാളില്‍ നടത്തിയ വേളയിലാണ് ഇനി മുതല്‍ തൃശ്ശൂരില്‍ ലളിതകലാ അക്കാദമിയില്‍ത്തന്നെ അനുസ്മരണവും അവാര്‍ഡ് സമര്‍പ്പണവും നടത്താന്‍ തീരുമാനിച്ചിരുന്നത്.

രണ്ടാഴ്ചയോളമായി നാട്ടിലില്ലാത്തതിനാല്‍ കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കിയിട്ടില്ലെന്ന് ലളിതകലാ അക്കാദമി ചെയര്‍മാന്‍ മുരളി ചീരോത്ത് പറഞ്ഞു.

അത്രയൊന്നും കഴിവില്ലാത്ത ഒരാള്‍ക്കു നല്‍കുന്നതില്‍ വിയോജിപ്പ്- സെക്രട്ടറി

''ചിത്രകലാരംഗത്ത് വലിയ കഴിവുകളുള്ള ഒട്ടേറെ സ്ത്രീകളടക്കമുള്ളപ്പോള്‍ അത്രയൊന്നും കഴിവില്ലാത്ത ഒരാള്‍ക്ക് അവാര്‍ഡുനല്‍കുന്നതില്‍ കമ്മറ്റിയില്‍ വിയോജിപ്പുണ്ടായതാണ് പരിപാടിയില്‍ നിന്ന് പിന്‍മാറാനുണ്ടായ കാരണം. അക്കാദമി സ്വന്തം നിലയില്‍ ഞായറാഴ്ച വിവിധ പരിപാടികള്‍ നടത്തുന്നുണ്ട്. അവാര്‍ഡ് അക്കാഡമി നല്‍കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വന്നിട്ടില്ല. ട്രസ്റ്റുമായി അഭിപ്രായവ്യത്യാസമില്ല. അടുത്തവര്‍ഷം അക്കാദമി തന്നെ ഇതെല്ലാം പത്മിനിയുടെ പേരില്‍ പൂര്‍ത്തിയാവുന്ന സ്മൃതിമണ്ഡപത്തില്‍ വെച്ച് നടത്തും''- കേരള ലളിതകലാ അക്കാദമി സെക്രട്ടറി എന്‍. ബാലമുരളീകൃഷ്ണന്‍ പറഞ്ഞു.