തിരുവനന്തപുരം: കോഴിക്കോട് സ്റ്റേറ്റ് പബ്ലിക് ലൈബ്രറി ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ എം.ടി. സ്മാരകമാക്കാന്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ തീരുമാനിച്ചു. ലൈബ്രറിയുടെ മുന്‍വശത്ത് എം.ടി. സ്‌ക്വയര്‍ ഒരുക്കും. എം.ടി.യുടെ വെങ്കലശില്പം സ്ഥാപിക്കാനും സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ ബജറ്റില്‍ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ട്.

To advertise here,

ലൈബ്രറി എം.ടി. സ്മാരകമായി നവീകരിക്കുന്നതിന് 50 ലക്ഷം രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. വെങ്കല പ്രതിമ സ്ഥാപിക്കുന്നതിനുള്ള 50 ലക്ഷം രൂപ ഗ്രന്ഥശാലാ പ്രവര്‍ത്തകരില്‍നിന്നും കണ്ടെത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. വായനയുടെ പ്രോത്സാഹനം ലക്ഷ്യമിടുന്ന ബജറ്റ് ലൈബ്രറി കൗണ്‍സില്‍ പാസാക്കി. 107,60,00000 രൂപ (നൂറ്റിയേഴ് കോടി അറുപത് ലക്ഷം രൂപ) വരവും അത്രതന്നെ ചെലവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.

ലഹരിനിര്‍മാര്‍ജനത്തിനായി ഗ്രന്ഥശാലാ തലത്തില്‍ പ്രചാരണം നടത്തുന്നതിന് 80 ലക്ഷം രൂപയുടെ അമൃതം ഗമയ, കാഴ്ചപരിമിത വിദ്യാര്‍ഥികള്‍ക്കായി ബ്രെയ്ലി-ശ്രവ്യ വായനോത്സവം, വിജ്ഞാന വ്യാപനത്തിന്റെ സാധ്യതകളറിയിക്കുന്നതിന് പഞ്ചായത്ത്, സംസ്ഥാനതല ജാഥകള്‍ തുടങ്ങിയവയാണ് ബജറ്റിലെ പ്രധാന പദ്ധതികള്‍.

തദ്ദേശ സ്ഥാപനങ്ങളില്‍നിന്നും ലൈബ്രറി സെസ് ഇനത്തില്‍ 62 കോടി രൂപയും സര്‍ക്കാര്‍ ഗ്രാന്റ് ഇനത്തില്‍ 32.80 കോടിയും ഉള്‍പ്പെടെ വിവിധ സ്രോതസ്സുകളില്‍നിന്നുള്ള വരവാണ് പ്രതീക്ഷിക്കുന്നത്. മൂന്നു ലക്ഷം വീടുകളിലേക്ക് പുസ്തകമെത്തിക്കാന്‍ ലക്ഷ്യമിടുന്ന വായന വസന്തം പദ്ധതിയുടെ ഭാഗമായി ലൈബ്രേറിയന്മാര്‍ക്ക് പ്രതിമാസം 900 രൂപ സ്‌പെഷ്യല്‍ അലവന്‍സ് നല്‍കാന്‍ നിര്‍ദേശമുണ്ട്.

ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് എ.പി. ജയന്‍ ബജറ്റ് അവതരിപ്പിച്ചു. പ്രസിഡന്റ് ഡോ.കെ.വി. കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായി.