ബെംഗളൂരു: മലയാള ഭാവുകത്വത്തെ നാലു പതിറ്റാണ്ടുകാലം സ്വന്തം വിരൽത്തുമ്പിനാൽ നിയന്ത്രിച്ച പ്രതിഭയാണ് എം.ടി. വാസുദേവൻ നായരെന്ന് എഴുത്തുകാരൻ സുസ്മേഷ് ചന്ത്രോത്ത്‌ പറഞ്ഞു. കേരള സമാജം ദൂരവാണിനഗറിന്റെ ആഭിമുഖ്യത്തിൽ നടത്തിയ എം.ടി. അനുസ്മരണത്തിന്റെ ഭാഗമായി ‘എം.ടി.യുടെ സർഗാത്മക ആവിഷ്കാരങ്ങളിലെ മാനവികത’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

1950-കളിൽ മനുഷ്യ മനസ്സിലേക്കുള്ള ചുഴിഞ്ഞു നോട്ടവുമായാണ് എം.ടി. കടന്നു വരുന്നത്. തനിക്ക് സുപരിചിതമായ ജീവിത പശ്ചാത്തലത്തിൽ എം.ടി. നോക്കിയിരുന്നത് മനുഷ്യമനസ്സിൽ ഒളിച്ചുവെച്ചിരിക്കുന്ന നിഗൂഢതകളിലേക്കാണ്. എം.ടി. മലയാളി സമൂഹത്തെ മൊത്തം സ്വാധീനിക്കുകയും അവരുടെ വായനശീലത്തെ ഉയർത്തുകയും ചെയ്തു. എം.ടി.യെ അനുകരിച്ച് എഴുതാൻ ശ്രമിച്ചവർക്ക് നില നിൽക്കാനായില്ല. എന്തുകൊണ്ട് മാധവിക്കുട്ടിയും ടി. പത്മനാഭനും എം.ടി.യോളം സ്വാധീനിച്ചില്ല എന്നത് ചിന്തിക്കേണ്ട കാര്യമാണ്. എം.ടി.ക്ക് സിനിമയും സാഹിത്യവും ഒന്നിച്ചു കൊണ്ടുപോകാൻ കഴിഞ്ഞു എന്നതായിരിക്കാം കാരണം. അക്കാലത്തെ സിനിമയ്ക്ക് ഒരു കഥ വേണമായിരുന്നു. അത് എം.ടി.ക്ക് അനായാസം നൽകാൻ കഴിഞ്ഞു. ചലച്ചിത്ര രംഗത്തെ പ്രഗല്‌ഭരായ വിൻസെന്റ്, പി.എൻ. മേനോൻ തുടങ്ങിയവരോടൊപ്പം പ്രവർത്തിക്കാനും എം.ടി.ക്കുകഴിഞ്ഞു.

വായനക്കാരൻ എന്ന നിലയിൽ എം.ടി. വായിച്ചുകൂട്ടിയ പുസ്തകങ്ങൾക്ക് കണക്കില്ല. എന്നാൽ, താൻ വായിച്ച മികച്ച പുസ്തകങ്ങളുടെ അളവിലേക്ക് ഉയരാൻ തനിക്ക് കഴിഞ്ഞോ എന്നത് അദ്ദേഹത്തെ അലട്ടിയിരിക്കണം. എം.ടി.യുടെ സിനിമകൾ വലിയ കലാപ സ്വഭാവമുള്ളവയല്ല. നിർമാല്യംപോലെ മനുഷ്യർ നേരിടുന്ന പ്രശ്നങ്ങൾക്കെതിരേയുള്ള കലാപ സ്വഭാവമുള്ള ചലച്ചിത്രാവിഷ്കാരം മലയാളി ഭാവുകത്വത്തിന് ഇനിയും സ്വീകാര്യമായിത്തുടങ്ങിയിട്ടില്ല. ചങ്ങമ്പുഴയ്ക്കുശേഷം മലയാള സാഹിത്യത്തെ തന്റെ വിരൽത്തുമ്പിൽ നിർത്താൻ കഴിഞ്ഞ എഴുത്തുകാരനാണ് എം.ടി.യെന്നും സുസ്മേഷ് ചന്ത്രോത്ത്‌ പറഞ്ഞു.

ബി.എസ്. ഉണ്ണികൃഷ്ണൻ ചർച്ച ഉദ്ഘാടനം ചെയ്തു. ടി.എ. കലിസ്റ്റസ്, കെ.ആർ. കിഷോർ, സി.പി. രാധാകൃഷ്ണൻ, പി. ഗീത, ബാലകൃഷ്ണൻ നമ്പ്യാർ, വാസുദേവൻ, സ്മിത വത്സല, രതി സുരേഷ്, കെ. ചന്ദ്രശേഖരൻ നായർ എന്നിവർ സംവാദത്തിൽ പങ്കെടുത്തു. സൗദ റഹ്‌മാൻ, സുമ മോഹൻ, കെ. കൃഷ്ണമ്മ എന്നിവർ എം.ടി. യുടെ ചലച്ചിത്രങ്ങളിലെ ഗാനങ്ങൾ ആലപിച്ചു. സമാജം പ്രസിഡന്റ് മുരളീധരൻ നായർ അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി ഡെന്നിസ് പോൾ ആമുഖപ്രഭാഷണം നടത്തി. സ്കൂൾ സെക്രട്ടറി ചന്ദ്രശേഖരക്കുറുപ്പ് സുസ്‌മേഷ് ചന്ത്രോത്തിനെ പരിചയപ്പെടുത്തി. സമാജം ഖജാൻജി എം.കെ. ചന്ദ്രൻ സുസ്മേഷ് ചന്ത്രോത്തിന് പൂച്ചെണ്ടു നൽകി സ്വീകരിച്ചു. സാഹിത്യ വിഭാഗം കൺവീനർ സി. കുഞ്ഞപ്പൻ പരിപാടിക്ക് നേതൃത്വം നൽകി.