എഴുത്തിന്റെ രണ്ട് ശൈലികള്‍ ഒന്നിക്കുന്ന മനോഹാരിതയാണ് രഞ്ജു കിളിമാനൂര്‍, ലിജിന്‍ ജോണ്‍ എന്നിവര്‍ ചേര്‍ന്നെഴുതിയ 'ബി.സി. 261' എന്ന നോവലിനെന്ന് മുഹമ്മദ് അബ്ബാസ്. ചരിത്രവും മിത്തും വര്‍ത്തമാനവും ഇടകലര്‍ന്ന് സുന്ദരമായൊരു സിംഫണി സൃഷ്ടിക്കുന്നതാണ് ഈ ത്രില്ലര്‍ നോവലിന്റെ കഥയെന്നും ഒറ്റയിരിപ്പിന് പുസ്തകം വായിച്ച് തീര്‍ന്നെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ബി.സി. 261' ഇതിനോടകംതന്നെ നിരവധി വായനക്കാരെ ആകര്‍ഷിച്ചിരുന്നു. 

To advertise here,

മലയാളസാഹിത്യത്തില്‍ വ്യത്യസ്ത ശൈലികളുള്ള എഴുത്തുകാരില്‍ ചിലര്‍ ചേര്‍ന്നെഴുതിയ നോവലുകളുണ്ട്. അവ വായിച്ചിരുന്നു. അതേ വായനാനുഭവം ഇപ്പോള്‍ രണ്ട് യുവ എഴുത്തുകാരുടെ പുസ്തകത്തിലൂടെയുണ്ടായെന്ന് അബ്ബാസ് പറയുന്നു. ഒറ്റയിരിപ്പിനാണ് 'ബി.സി. 261' വായിച്ചത്. അത് ആ എഴുത്തുകാരുടെ മിടുക്കുകൊണ്ടാണെന്നും അബ്ബാസ് കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

രണ്ടുപേര്‍ ചേര്‍ന്ന് ഒരു നോവലെഴുതുക എന്നത് മലയാളസാഹിത്യത്തില്‍ പുതുമയുള്ള കാര്യമല്ല. എം.ടി.യും, എന്‍.പി.യും ചേര്‍ന്ന് 'അറബിപ്പൊന്ന്' എഴുതിയിട്ടുണ്ട്. പുനത്തിലും സേതുവും ഒന്നിച്ച് 'നവഗ്രഹങ്ങളുടെ തടവറ' എഴുതിയിട്ടുണ്ട്. മാധവിക്കുട്ടിയും, കെ.എല്‍. മോഹനവര്‍മ്മയും കൂടി 'അമാവാസി' എഴുതിയിട്ടുണ്ട്.  ആ എഴുത്തുകാരൊക്കെ സ്വന്തമായൊരു ശൈലിയുള്ളവരാണ്. രണ്ടു ശൈലികള്‍ ഒന്നിക്കുന്ന ആ മനോഹാരിത ഇപ്പോള്‍ രഞ്ജു കിളിമാനൂരും ലിജിന്‍ ജോണും ചേര്‍ന്ന് എഴുതിയ 'ബി.സി. 261'എന്ന നോവലിലൂടെ ഞാന്‍ ഒരിക്കല്‍കൂടി അനുഭവിച്ചു. ചരിത്രവും മിത്തും വര്‍ത്തമാനവും ഇടകലര്‍ന്ന് സുന്ദരമായൊരു സിംഫണി സൃഷ്ടിക്കുന്ന ഈ ത്രില്ലര്‍ നോവലിന്റെ കഥ, നിങ്ങളോട് ചുരുങ്ങിയ വാക്കുകളിലെങ്കിലും വിവരിക്കണമെന്നുണ്ട്. പക്ഷേ ഒരുനിലയ്ക്കും അത് സാധ്യമല്ല. കാരണം ഈ നോവലിന്റെ പ്രമേയം അത്തരത്തിലാണ്. ഏതെങ്കിലും ഒരു കഥാപാത്രത്തിന് നോവലിലുള്ള റോള്‍ എന്താണെന്ന് മുന്‍കൂട്ടി അറിഞ്ഞാല്‍പോലും നോവല്‍ വായിക്കുമ്പോള്‍, നിങ്ങളുടെ രസച്ചരട് മുറിയും. നിങ്ങളെന്നെ പഴിക്കുകയും ചെയ്യും. ബി.സി. 261 ന്റെ കവര്‍ ചിത്രത്തില്‍ തുടങ്ങുന്ന പുതുമയും കൗതുകവും ആകാംക്ഷയും ഇതിന്റെ അവസാന താള്‍ വരെ നമ്മോടൊപ്പം യാത്ര ചെയ്യും. ഓരോ അധ്യായം കഴിയുമ്പോഴും അടുത്ത അധ്യായത്തിലേക്ക് വായനക്കാരെ ആകാംക്ഷയോടെ നയിക്കാന്‍ കഴിയുക എന്നത് ചില്ലറ കാര്യമല്ല. അതും രണ്ടുപേര്‍ ചേര്‍ന്ന് ഒരു നോവല്‍ എഴുതുമ്പോള്‍. ഇവര്‍ക്കിത് എങ്ങനെ സാധിച്ചു എന്ന അത്ഭുതത്തിലാണ് ഞാനിപ്പോഴും. പല വിഭാഗത്തിലുള്ള ത്രില്ലര്‍ നോവലുകള്‍ ഈയിടെയായി മലയാളത്തില്‍ ഇറങ്ങുകയുണ്ടായി. അതില്‍ കൊട്ടിഘോഷിക്കപ്പെട്ട ചിലതൊക്കെ ഈയുള്ളവനും വായിച്ചതാണ്. ചിലത് പകുതിയില്‍ വെച്ച് നിര്‍ത്തേണ്ടിയും വന്നിട്ടുണ്ട്. പക്ഷേ ഒരുപാട് പണിത്തിരക്കുകള്‍ ഉണ്ടായിട്ടും ഒറ്റയിരിപ്പിന്, ബി.സി. 261 വായിച്ചുതീര്‍ത്തത് എന്റെ മിടുക്കല്ല, ഈ രണ്ട് നോവലിസ്റ്റുകളുടെ മിടുക്കാണ്. അവര്‍ ഇതിനുവേണ്ടി ചിലവഴിച്ച സര്‍ഗാത്മക ഊര്‍ജ്ജത്തിന്റെ ഫലമാണ്. അവരുടെ നീണ്ട കാലത്തെ പഠന ഗവേഷണങ്ങളാണ്. ചരിത്രവും മിത്തും വര്‍ത്തമാനവും കൂട്ടിക്കലര്‍ത്തി ഇത്തരത്തില്‍ ഒരു നോവല്‍ എഴുതുക, അത് വായനക്കാരെ പിടിച്ചിരുത്തി വായിപ്പിക്കുക എന്നത് ഒരത്ഭുതം തന്നെയാണ്. വായനക്കാര്‍ക്ക് രസിക്കാനും ത്രില്ലടിക്കാനും  രോമാഞ്ചമണിയാനും വേദനിക്കാനും സന്തോഷിക്കാനും ഇക്കാലത്ത് നിരവധിയനവധി വഴികള്‍ ഉണ്ടെന്നിരിക്കെ, ഇവിടെയിതാ രണ്ട് എഴുത്തുകാര്‍ നമ്മളെ, ആദ്യ പേജ് മുതല്‍ അവസാന പേജ് വരെ അവരുടെ ആഖ്യാന തന്ത്രങ്ങളില്‍ കുരുക്കിയിടുന്നു. ആ കുരുക്ക് സുഖമുള്ള ഒന്നാണ് താനും. ഇത്തരം നോവലുകളില്‍ ഭാഷ ഒരു കീറാമുട്ടിയാണ്. മലയാള ഭാഷയുടെ സൗന്ദര്യം നമ്മളെ അനുഭവിപ്പിച്ച ഖസാക്കിന്റെ ഭാഷയിലോ, മറ്റേതെങ്കിലും ശൈലിയിലുള്ള ഭാഷയിലോ ഒരു ഹിസ്റ്റോറിക് മിസ്റ്ററി ത്രില്ലര്‍ എഴുതാന്‍ കഴിയില്ല. അങ്ങനെ എഴുതിയാല്‍ തന്നെ വായനക്കാര്‍ രണ്ട് പേജിനപ്പുറം വായിക്കുകയുമില്ല. ഏറെക്കാലമായി ഇത്തരം നോവലുകളില്‍ ഉപയോഗിച്ചുവരുന്ന ഭാഷ വല്ലാതെ വരണ്ടതാണ്. വിരസവുമാണ്. വായനക്കാര്‍ ആവര്‍ത്തനവിരസത അനുഭവിക്കുന്നുമുണ്ട്. പക്ഷേ ഈ നോവലിന്റെ ഭാഷയ്ക്ക് പച്ചപ്പുണ്ട്. ഒഴുക്കുണ്ട്. പ്രമേയത്തെ മുമ്പോട്ട് നയിക്കാനുള്ള എല്ലുറപ്പുമുണ്ട്. ബാറ്റണ്‍ ബോസിന്റെയൊക്കെ കാലത്തിനുമുമ്പേ ഉപയോഗിച്ചുവരുന്ന സ്ഥിരം ഭാഷാപ്രയോഗങ്ങള്‍ ഇതിലില്ല. കവിത തുളുമ്പുന്ന ഭാഷയില്‍ ഒരു സംഘട്ടനരംഗം വിവരിക്കാന്‍ പറ്റില്ലല്ലോ. സ്ഥിരമായി ഉപയോഗിക്കുന്ന ഭാഷയും പറ്റില്ല. അപ്പോള്‍ പുതിയ ചില തന്ത്രങ്ങളും പ്രയോഗങ്ങളും വേണ്ടിവരും. അത് വളരെ മനോഹരമായി ഈ നോവലിസ്റ്റുകള്‍ സാധിച്ചെടുത്തിട്ടുണ്ട്. അതിന് അവരെ അഭിനന്ദിക്കാതെ വയ്യ. ബി.സി. 261, കുറഞ്ഞ ദിവസങ്ങള്‍കൊണ്ട് രണ്ടാം പതിപ്പില്‍ എത്തിയ നോവലാണ്. രണ്ടും ഇരുപതും കടന്ന് മുന്നോട്ടുപോവാനുള്ള ഉള്‍ക്കരുത്ത് ഈ നോവലിനുണ്ട്. കാരണം ഇത് രണ്ടുമനുഷ്യരുടെ സര്‍ഗാത്മകതയും, യുക്തിചിന്തയും കൃത്യമായ അളവില്‍ സമന്വയിപ്പിച്ച എഴുത്താണ്. നമ്മള്‍ കരുതും പോലെ അത്ര എളുപ്പമല്ല ഒരു നോവലില്‍ യുക്തിയുടെ പ്രയോഗം. കൃത്യമായ ശാസ്ത്രീയ ബോധത്തോടെ യുക്തി ഉപയോഗിച്ച് ചരിത്രത്തേയും മിത്തിനേയും സമീപിക്കാന്‍ ഈ എഴുത്തുകാര്‍ കാട്ടിയ ചങ്കൂറ്റമാണ് ഈ നോവലിന്റെ വിജയകാരണങ്ങളില്‍ ഒന്ന്. വായനയ്ക്കിടയില്‍ പലയിടത്തും സംഭവങ്ങളുടെ യുക്തിഭദ്രത എന്നെ അതിശയിപ്പിക്കുകയുണ്ടായി. നോവലിസ്റ്റുകളില്‍ നിന്നല്ലെങ്കിലും ഈ നോവലിന്റെ പ്രമേയം, ഞാന്‍ നോവല്‍ ഇറങ്ങും മുമ്പേ, ഏതാണ്ട് മനസ്സിലാക്കി കഴിഞ്ഞിരുന്നു. എന്നിട്ടും ഇത് ഇത്ര ആകാംക്ഷയോടെ വായിച്ച് മുഴുമിപ്പിക്കാന്‍ പറ്റി എന്നതും ഈ നോവലിസ്റ്റുകളുടെ വിജയമാണ്. നോവലിന്റെ പ്രമേയത്തെപ്പറ്റിയും, കഥാപാത്രങ്ങളെ പറ്റിയും ഒന്നും പറയാന്‍ നിവൃത്തിയില്ല. അത് നിങ്ങള്‍ വായിച്ചുതന്നെ അറിയുക. ഈ കവര്‍ ചിത്രത്തിന്റെ ഉള്ളടക്കം വായനയുടെ ഒരു ഘട്ടത്തില്‍ നമ്മള്‍ അത്ഭുതാദരങ്ങളോടെ തിരിച്ചറിയും. അത് മലയാള നോവല്‍ ചരിത്രത്തില്‍ ആദ്യത്തെ അനുഭവമാണെന്ന് തോന്നുന്നു. കവര്‍ തയ്യാറാക്കിയ Josemon Vazhail  ന് ബിഗ് സല്യൂട്ട്. ബി.സി. 261 ഇപ്പോള്‍ കടലും കടന്ന് ഷാര്‍ജയില്‍ എത്തിയിട്ടുണ്ട്. ഇനിയും ഒരുപാട് കടലുകള്‍ താണ്ടി, അതിലേറെ വായനക്കാരെ നേടി,
പല ഭാഷകളിലായി ഈ നോവല്‍ മുമ്പോട്ട് പോവട്ടെ എന്ന ആശംസയോടെ 
സസ്‌നേഹം 
അബ്ബാസ്.
മാതൃഭൂമി ബുക്‌സാണ് പ്രസാധകര്‍ 
വില:420 രൂപ