മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവം ജനുവരി 29 മുതല് ഫെബ്രുവരി ഒന്നുവരെ തിരുവനന്തപുരം കനകക്കുന്നില്

കോഴിക്കോട്: അയാൾ സുന്ദരനായിരുന്നു. ഒത്ത ഉയരം, ഉറച്ച ശരീരം, കാന്തിയും കൗശലവും ക്രൗര്യവും കലർന്ന കണ്ണുകൾ. ഇംഗ്ലീഷും ഫ്രഞ്ചുമടക്കം പല ഭാഷകൾ അനായാസം കൈകാര്യംചെയ്യും. അയാളുടെ കൈയിലുണ്ടായിരുന്ന പാസ്പോർട്ടുകളിൽ മിക്കതും കൊലചെയ്യപ്പെട്ട ഹതഭാഗ്യരായ ഏതൊക്കെയോ മനുഷ്യരുടേതായിരുന്നു. നോട്ടമിട്ട മനുഷ്യരെ കൈയറപ്പില്ലാതെ കൊല്ലാനും കത്തിച്ചുകളയാനും അയാൾക്ക് ഒരു മടിയുമില്ലായിരുന്നു.
ഹോട്ചന്ദ് ഭവ്നാനി ഗുരുമുഖ് ശോഭ്‌രാജ് എന്നുപേരുള്ള ഈ മനുഷ്യൻ സർപ്പം, ബിക്നി കില്ലർ എന്നിങ്ങനെ പേടിപ്പിക്കുന്ന മറുപേരുകളിലും അറിയപ്പെട്ടു.
ലോകത്തെ വിറപ്പിച്ച ചാൾസ് ശോഭ്‌രാജിനെ രണ്ടുതവണ പിന്തുടർന്ന് അറസ്റ്റുചെയ്ത ഒരേയൊരു പോലീസ് ഉദ്യോഗസ്ഥൻമാത്രമേ ലോകത്തുള്ളൂ. അത് മുംബൈ പോലീസിൽ മൂന്നരപ്പതിറ്റാണ്ടിലധികം സേവനമനുഷ്ഠിച്ച മധുകർ സെൻഡേയാണ്. ശോഭ്രാജിനെ അറസ്റ്റുചെയ്ത ത്രസിപ്പിക്കുന്ന കഥപറയാൻ മധുകർ സെൻഡേ മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിലെത്തും.
ഡൽഹിയിലെ അശോക ഹോട്ടലിൽനിന്ന് രത്‌നാഭരണങ്ങൾ കവർന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട ശോഭ്‌രാജിനെ പിടികൂടാനാണ് സെൻഡേ ആദ്യം നിയോഗിക്കപ്പെട്ടത്. ശോഭ്‌രാജിനെ അതിസൂക്ഷ്മം നിരീക്ഷിച്ച സെൻഡേയും സംഘവും, 1971 നവംബർ 11-ന് മുംബൈയിലെ താജ് ഹോട്ടലിലെ ലാ പാറ്റസേറി എന്ന കെയ്ക്ക് ഷോപ്പിൽ കടലയും കൊറിച്ച് കാത്തുനിന്നു.
കുറച്ചുസമയം കഴിഞ്ഞപ്പോൾ വെളുത്ത സ്യൂട്ടണിഞ്ഞ ഒരാൾ അവിടെയെത്തി. അയാൾ സിഗരറ്റ് കൊളുത്താൻ മുന്നോട്ടാഞ്ഞപ്പോൾ സെൻഡേ പുറകിൽനിന്ന് ചുറ്റിപ്പിടിച്ചു. ഒരക്ഷരം പറയാതെ, ഒട്ടും ചെറുക്കാതെ ശോഭ്രാജ് കീഴടങ്ങി.
1977-ൽ പലപല കുറ്റങ്ങൾക്കുമായി ശോഭ്‌രാജിനെ വീണ്ടും അറസ്റ്റുചെയ്ത് കോടതിയിൽ ഹാജരാക്കിയപ്പോൾ സെൻഡേയെയും വിളിപ്പിച്ചിരുന്നു. കോടതിയിൽ കുപ്രസിദ്ധ ബിക്നി കില്ലറുടെ അടുത്തിരിക്കുമ്പോൾ സെൻഡേ അയാളോട് ചോദിച്ചു:
''ചാൾസ്, ഞാൻ മുംബൈ പോലീസിലെ ഇൻസ്‌പെക്ടർ സെൻഡേയാണ്. 1971-ൽ ഞാനാണ് താങ്കളെ അറസ്റ്റുചെയ്തത്. എന്തിനാണ് നിങ്ങളിതൊക്കെ ചെയ്തത്?
ഒരു നിമിഷം സെൻഡേയെ നോക്കി ശോഭ്‌രാജ് പറഞ്ഞു: ''നിങ്ങൾ നിങ്ങളുടെ പണി നോക്കിയാൽമതി''
തിഹാർ ജയിൽ തന്റെ ആനന്ദഭവനമാക്കിയ ശോഭ്‌രാജ് അവിടെ ഉദ്യോഗസ്ഥർക്ക് പിറന്നാൾപാർട്ടി നടത്തി മയക്കിക്കിടത്തി രക്ഷപ്പെട്ടു. ലോകം വീണ്ടും ജാഗ്രതയിലായി.
സെൻഡേയാണ് ശോഭ്‌രാജിനെ പിടികൂടാൻ ഇത്തവണയും നിയോഗിക്കപ്പെട്ടത്. ശോഭ്‌രാജ് ഗോവയിലുണ്ടെന്ന നിഗമനത്തിൽ സെൻഡേയും സംഘവും അവിടെയെത്തി. മധുകർ സെൻഡേ എന്ന പേരിലല്ല, ശശി റൗട്ട് എന്ന വ്യാജപേരിൽ.
ഒട്ടേറെ ദിവസങ്ങൾ, കാത്തിരിപ്പുകൾ, പിന്തുടരലുകൾ. ഒടുവിൽ ഗോവയിൽനിന്ന് വിദേശത്തേക്കു പോവുന്ന ഫോൺകോളുകളുടെ വിവരങ്ങളെടുത്തു. പോർവോറിമിലെ ഓ കോക്കിറോ ഹോട്ടലിന്റെ ബാറിൽമാത്രമേ അന്ന് ഈ സൗകര്യമുണ്ടായിരുന്നുള്ളൂ.
ഒടുവിൽ ഒരു ഞായറാഴ്ച, ടിവിയിൽ ഇന്ത്യ-പാകിസ്താൻ ഹോക്കി മത്സരവും ചുറ്റിലും കല്യാണഘോഷവും തകർക്കുന്നതിനിടയിലൂടെ രാത്രി എട്ടിന് ഒരു സുഹൃത്തിനൊപ്പം ശോഭ്‌രാജ് അവിടേക്കു വന്നു. വരാന്തയിലെ കസേരകളിലിരുന്ന് മദ്യം ഓർഡർ ചെയ്തു. ഇത്തവണയും പുറകിൽനിന്നാണ് സെൻഡേ പിടികൂടിയത്. ചേർത്തുപിടിച്ച് പുറകിൽ തോക്കമർത്തി. എന്നിട്ട് ചോദിച്ചു: ''ഹലോ ചാൾസ്, എന്തൊക്കെയുണ്ട്?''
കുതറാൻവേണ്ടി ഞെരുങ്ങിയെങ്കിലും തോക്കിന്റെ ബാരൽ കൂടുതൽ അമർന്നപ്പോൾ ചാൾസ് ശാന്തനായി. എന്നിട്ട് ചോദിച്ചു: ''ആരാണ് ചാൾസ്? അസംബന്ധം''
''അഭിനയം വേണ്ട ചാൾസ്, 1971-ൽ താങ്കളെ പിടികൂടിയ അതേ സെൻഡേ തന്നെയാണ് ഞാൻ. നീ ബ്ലഡി ചാൾസ് ശോഭ്‌രാജ് തന്നെയാണെന്ന് എനിക്കറിയാം.'' ചാൾസ് ശോഭ്‌രാജ് എന്ന സർപ്പം പത്തിമടക്കി കീഴടങ്ങി. പിറ്റേന്നത്തെ ഒരു പത്രത്തിന്റെ തലവാചകം ഇങ്ങനെയായിരുന്നു 'ZENDEBAD'.
പ്രധാനമന്ത്രിമുതൽ ലതാ മങ്കേഷ്‌കറും ആശാ ഭോസ്ലേയുംവരെ സെൻഡേയെയും സംഘത്തെയും വീട്ടിലേക്കു ക്ഷണിച്ചു. ഉദ്വോഗഭരിതമായ ഈ കഥ നേരിട്ട് കേൾക്കാൻ. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവ വേദിയിലും ഈ കഥ കേൾക്കാം. രജിസ്റ്റർ ചെയ്യാം.
Content Highlights: Charles Sobhraj, Madukar Zende, Bikini Killer, Serpent, Mathrubhumi International Festival of Letters, Crime story, Police officer, Arrest story, Mumbai Police
Published: 08 Jan 2026, 10:21 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented