ആരോപണങ്ങള്‍ സമൂഹമധ്യത്തില്‍ തന്നെ കുറിച്ച് അവമതിപ്പ് സൃഷ്ടിച്ചുവെന്ന് കാണിച്ചാണ് കെ.ആര്. മീര നോട്ടീസ് അയച്ചത്

കലാച്ചി എന്ന നോവലുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ കോപ്പിയടി വിവാദം പുതിയ വഴിത്തിരിവിലേക്ക്. ആരോപണമുന്നയിച്ച ഹരിതാ സാവിത്രിക്കെതിരെ എഴുത്തുകാരി കെ.ആർ. മീര വക്കീൽ നോട്ടീസ് അയച്ചു. ഹരിത തനിക്കും കലാച്ചിക്കുമെതിരെ ഉന്നയിച്ച ആരോപണങ്ങൾ സമൂഹമധ്യത്തിൽ തന്നെ കുറിച്ച് അവമതിപ്പ് സൃഷ്ടിച്ചുവെന്ന് കാണിച്ചാണ് കെ.ആർ. മീര നോട്ടീസ് അയച്ചത്. മീര തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
ഹരിതാ സാവിത്രിയുടെ ആരോപണങ്ങൾ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശത്തോടെയാണെന്ന് തനിക്ക് ബോധ്യപ്പെട്ടുവെന്ന് കെ.ആർ. മീര പറയുന്നു. നോട്ടീസിൽ പറഞ്ഞ തിയ്യതിക്കകം താൻ ആവശ്യപ്പെട്ട നടപടികൾ കൈക്കൊണ്ടില്ലെങ്കിൽ കോടതിയെ സമീപിക്കുക മാത്രമേ മാർഗമുള്ളൂ എന്ന് കെ.ആർ. മീര മുന്നറിയിപ്പ് നൽകി. ബാക്കി വിവരങ്ങൾ ഹരിതയുടെ മറുപടി ലഭിച്ചശേഷം അറിയിക്കാമെന്നും അവർ കൂട്ടിച്ചേർത്തു. അഡ്വ. എൻ.കെ. ഉണ്ണികൃഷ്ണൻ മുഖേനെയാണ് കെ.ആർ. മീര, ഹരിതാ സാവിത്രിക്കെതിരെ വക്കീൽ നോട്ടീസ് അയച്ചത്.
കെ.ആർ. മീരയുടെ കലാച്ചി എന്ന നോവൽ ഹരിതാ സാവിത്രി എഴുതിയ സിൻ എന്ന നോവൽ കോപ്പിയടിച്ചതാണ് എന്നാണ് സാമൂഹികമാധ്യമങ്ങളിൽ ഉയർന്ന ആരോപണം. പിന്നാലെ വിഷയം വലിയ ചർച്ചയാകുകയും രണ്ട് എഴുത്തുകാരും തമ്മിൽ സോഷ്യൽ മീഡിയയിൽ വാക്‌പോരുണ്ടാകുകയും ചെയ്തിരുന്നു. 2025-ലാണ് കലാച്ചി പുസ്തകരൂപത്തിൽ പുറത്തിറങ്ങിയതെങ്കിലും 2020 നവംബർ 16 മുതൽ നോവൽ ഖണ്ഡ:ശ്ശ പ്രസിദ്ധീകരിച്ചിരുന്നു എന്നാണ് കോപ്പിയടി വിവാദത്തിൽ കെ.ആർ. മീരയുടെ വാദം.
2020-ൽ പ്രസിദ്ധീകരിച്ചത് ആറ് അധ്യായങ്ങൾ മാത്രമാണെന്നും അതിന് ശേഷമുള്ള ഭാഗങ്ങളിലാണ് സാമ്യമുള്ളതെന്നുമാണ് ഇതിന് മറുപടിയായി ഹരിതാ സാവിത്രി പറഞ്ഞത്. കൂടാതെ, എഴുതി പൂർത്തിയാക്കിയശേഷം 2020-ൽ അവതാരികയ്ക്കായി എൻ.എസ്. മാധവന് സിൻ ഇമെയിലായി അയച്ചുകൊടുത്തതിന്റെ സ്‌ക്രീൻഷോട്ടും ഹരിത പുറത്തുവിട്ടിരുന്നു.
കെ.ആർ. മീരയുടെ ഫേസ്ബുക്ക് പോസ്റ്റ്
എന്റെ പ്രിയ വായനക്കാരുടെയും എന്നെ സ്‌നേഹിക്കുന്നവരുടെയും പൊതു സമൂഹത്തിന്റെയും അറിവിലേക്ക് :
എന്റെ 'കലാച്ചി' എന്ന നോവലിനെയും 'കലാച്ചി'യുടെ രചയിതാവ് എന്ന നിലയിൽ എന്നെയും സംബന്ധിച്ച്, സമൂഹ മാധ്യമങ്ങളിലും പൊതു മണ്ഡലത്തിലും ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും പൊതുസമൂഹത്തിന്റെയും വായനക്കാരുടെയും മുമ്പിൽ എന്നെ അപകീർത്തിപ്പെടുത്തണം എന്ന ദുരുദ്ദേശ്യത്തോടെ മാത്രമാണ് എന്ന് എനിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
ശ്രീമതി ഹരിത സാവിത്രി ഉയർത്തിയ ആരോപണങ്ങളും ആക്ഷേപങ്ങളും സമൂഹമധ്യത്തിൽ എന്നെപ്പറ്റി അവമതിപ്പ് സൃഷ്ടിച്ചതായും എനിക്കു ബോധ്യമുണ്ട്.
ഈ സാഹചര്യത്തിൽ,
ഇതുസംബന്ധിച്ചുള്ള നിയമ നടപടികൾക്കു മുന്നോടിയായി അഡ്വ. എൻ.കെ ഉണ്ണികൃഷ്ണൻ മുഖേന ഹരിത സാവിത്രിക്ക് ഒരു ലീഗൽ നോട്ടീസ് അയച്ചുകഴിഞ്ഞു.
നോട്ടീസിൽ ഞാൻ ആവശ്യപ്പെട്ട വിധത്തിലുള്ള നടപടികൾ, നോട്ടീസിൽ രേഖപ്പെടുത്തിയ തീയതിക്കകം
ശ്രീമതി ഹരിത സാവിത്രി കൈക്കൊള്ളാത്തപക്ഷം നീതിക്കായി കോടതിയെ സമീപിക്കുകമാത്രമേ എനിക്കു മാർഗമുള്ളൂ.
ലീഗൽ നോട്ടീസിനുള്ള ഹരിത സാവിത്രിയുടെ മറുപടി ലഭിച്ചശേഷം ബാക്കി വിവരങ്ങൾ അറിയിക്കാം.
സ്‌നേഹത്തോടെ,
കെ ആർ മീര
Content Highlights: Prominent Malayalam writer K.R. Meera has sent a legal notice via Adv. N.K. Unnikrishnan to author Haritha Savithri over plagiarism allegations involving her novel Kalachi. Meera stated on Facebook that the claims were intended to defame her and warned of court action if demands are not met.
Published: 27 Jun 2026, 06:32 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented