മലയാളസാഹിത്യത്തില്‍ കടത്തനാടിനെ വളരെമുമ്പുതന്നെ അടയാളപ്പെടുത്തിയ ഒരു പേരുണ്ട്... കടത്തനാട്ട് മാധവിയമ്മ... ആ കവയിത്രിയെ അദ്ഭുതത്തോടെ നോക്കിക്കണ്ട്, അവരുടെ കവിതകളെക്കുറിച്ച് ആഴത്തില്‍ പഠിച്ച് സാഹിത്യനിരൂപണരംഗത്ത് തന്റേതായ ഇടം നേടിയെടുത്ത മറ്റൊരു പേരാണ് കടത്തനാട്ട് നാരായണന്‍... സാഹിത്യത്തില്‍ കടത്തനാടിന്റെ മറ്റൊരു അഭിമാനസ്തംഭം. അദ്ദേഹത്തിനിതാ ഒടുവില്‍ കേരള സാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം. 85ാം വയസ്സിന്റെ നിറവിലാണ് ഇദ്ദേഹത്തെ പുരസ്‌കാരം തേടിയെത്തുന്നത്.

To advertise here,

''ഒരിക്കലും പ്രതീക്ഷിച്ചതല്ല ഇത്... വലിയ സന്തോഷമുണ്ട്...'' എന്നും സൗമ്യഭാവത്തില്‍മാത്രം കാണുന്ന കടത്തനാട്ട് നാരായണന്‍ സന്തോഷം മറച്ചുവെച്ചില്ല. നിരൂപണമാണ് റിട്ട. ഇംഗ്ലീഷ് പ്രൊഫസര്‍ കൂടിയായ നാരായണന്റെ മേഖല. കടത്തനാട്ട് മാധവിഅമ്മയുമായും അവരുടെ കുടുംബവുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു ഇദ്ദേഹം.

കടത്തനാടിന്റെ പ്രിയകവി വി.ടി. കുമാരനുമായും അടുത്തബന്ധം പുലര്‍ത്തിയിരുന്നു ഇദ്ദേഹം. വി.ടി. കവിയും മനുഷ്യനും എന്ന പുസ്തകം പിറന്നത് അങ്ങനെയാണ്. മാധവിഅമ്മയുടെയും വി.ടി.യുടെയുമെല്ലാം സൃഷ്ടികള്‍ കൂടുതല്‍ പഠിക്കാനും വായിക്കാനും ചര്‍ച്ചകള്‍ക്ക് വിധേയമാക്കാനുമൊക്കെ ഈ പുസ്തകങ്ങള്‍ക്ക് സാധിച്ചു.

'സാഹിതീയ വിചാരങ്ങള്‍' എന്ന പുസ്തകത്തിന്റെ അവതാരികയില്‍ ഡോ. സി.പി. ശിവദാസ് ഇങ്ങനെ എഴുതി. ''അഭിമതനായ ഒരു സുഹൃത്തിന്റെകൂടെ പുതിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതുപോലുള്ള അനുഭവമാണ് ഇദ്ദേഹത്തിന്റെ പ്രബന്ധങ്ങളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് അനുഭവപ്പെടുക. എല്ലാം ഇഴകീറി പരിശോധിക്കുന്നതായിരുന്നു ഇദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളും. നിരൂപണമാണ് വിഷയമെങ്കിലും വിമര്‍ശനങ്ങളില്‍പ്പോലും സൗമ്യത കാത്തുസൂക്ഷിക്കാന്‍ ഇദ്ദേഹത്തിന് സാധിച്ചു''.

1992ല്‍ മടപ്പള്ളി ഗവ.കോളേജില്‍നിന്ന് വിരമിച്ചശേഷം സാഹിത്യസാംസ്‌കാരിക രംഗത്ത് സജീവമായിരുന്നു. വിശ്രമജീവിതമാണെങ്കിലും ഇപ്പോഴും വടകരയുടെ സാംസ്‌കാരികരംഗത്ത് ഇദ്ദേഹമുണ്ട്.

നേരത്തെ അബുദാബി ശക്തി പുരസ്‌കാരം, മൂടാടി ദാമോദരന്‍ പുരസ്‌കാരം എന്നിവ നേടിയിട്ടുണ്ട്. സാഹിത്യഅക്കാദമി അംഗവും സാഹിത്യപ്രവര്‍ത്തകസഹകരണസംഘം ഭരണസമിതി അംഗവുമായിരുന്നു. പു.ക.സ. ജില്ലാ പ്രസിഡന്റായും സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ശ്രീമതിയാണ് ഭാര്യ. മക്കള്‍: രാഗേഷ് (ചൊക്ലി രാമവിലാസം എച്ച്.എസ്.എസ്.), രാഗി (അധ്യാപിക, വെണ്ണല എച്ച്.എസ്, തൃപ്പുണിത്തറ). മരുമക്കള്‍: ജഗദ് മോഹന്‍ (ഷിപ്പിങ് കമ്പനി, ഏറണാകുളം), സരിത (ലക്ചററര്‍, കണ്ണൂര്‍ ഗവ.എന്‍ജിനിയറിങ് കോളേജ്).