ഡല്‍ഹി: സല്‍മാന്‍ റുഷ്ദിയുടെ നോവല്‍ 'ദ സാത്താനിക് വേഴ്സസ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിന്  തടസ്സമില്ലെന്ന്‌  ഡല്‍ഹി ഹൈക്കോടതി. ഇതുസംബന്ധിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണ് കോടതി ഉത്തരവ്, 1988 ല്‍ രാജീവ് ഗാന്ധിയുടെ ഭരണകാലത്താണ് പുസ്തകം ഇന്ത്യയില്‍ നിരോധിച്ചത്. മുസ്ലിംമതവികാരം വ്രണപ്പെടുത്തിയെന്ന ആക്ഷേപം പരക്കെ ഉയര്‍ന്ന സാഹചര്യത്തിലായിരുന്നു നിരോധനം. ഈ നോവലിനെച്ചൊല്ലി സല്‍മാന്‍ റുഷ്ദി വധഭീഷണിയും നേരിട്ടിരുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ആദ്യമായി നിരോധനമേര്‍പ്പെടുത്തേണ്ടി വന്ന നോവലാണ് 'ദ സാത്താനിക് വേഴ്സസ്.'

To advertise here,

ജസ്റ്റിസ് രേഖ പള്ളി, ജസ്റ്റിസ് സൗരഭ് ബാനര്‍ജി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. നിരോധനം സംബന്ധിച്ച വിജ്ഞാപനം ഹാജരാക്കാന്‍ ഹര്‍ജിക്കാരനോ അധികാരികള്‍ക്കോ കഴിഞ്ഞില്ല. നിരോധനമുണ്ട് എന്ന് സ്ഥാപിക്കാനുള്ള തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ല

1988ല്‍ പ്രസിദ്ധീകരിച്ച ദ സാത്താനിക് വേഴ്സസ് ഇറങ്ങിയ ഉടന്‍ തന്നെ ഉള്ളടക്കത്തിലെ പ്രകോപനപരമായ പരാമര്‍ശങ്ങളിലൂടെ മുസ്ലിംമതവികാരങ്ങളെ വ്രണപ്പെടുത്തുന്നു എന്നാരോപിച്ച് ആഗോളതലത്തില്‍ വിവാദങ്ങള്‍ക്ക് വഴിതെളിച്ചിരുന്നു.

2019ല്‍ സന്ദീപന്‍ ഖാന്‍ എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് സാത്താനിക് വേഴ്സസിന്റെ നിരോധനത്തെ ചോദ്യം ചെയ്തത്. നിരോധനം കാരണം പുസ്തകം ഇന്ത്യയിലേക്ക് കൊണ്ടുവരാനാവുന്നില്ല എന്നുകാണിച്ചായിരുന്നു സന്ദീപന്‍ ഖാനിന്റെ ഹര്‍ജി. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ ബന്ധപ്പെട്ട അധികാരസ്ഥാപനങ്ങളില്‍ നിന്നോ നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ലാതിരിക്കെ നോവലിന്റെ നിരോധനം ഇന്ത്യയില്‍ തുടരുന്ന സാഹചര്യത്തെയായിരുന്നു ഖാന്‍ ചോദ്യം ചെയ്തത്.

ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം സാത്താനിക് വേഴ്സസ് ഇന്ത്യയില്‍ ലഭ്യമാക്കാന്‍ കഴിയുമെങ്കിലും മറ്റനേകം രാജ്യങ്ങളില്‍ നോവലിനുള്ള വിലക്ക് തുടരുകയാണ്.