തേഞ്ഞിപ്പലം: 'ഇങ്ങനെ ഒരു മനുഷ്യന്‍ ഭൂമുഖത്ത് ജീവിച്ചിരുന്നുവെന്ന് ഭാവിതലമുറകള്‍ വിശ്വസിക്കുവാന്‍ മടിക്കു'മെന്ന് ഗാന്ധിജിയെക്കുറിച്ച് പറഞ്ഞത് ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനാണ്. 1944 ഒക്ടോബര്‍ രണ്ടിന് മഹാത്മാഗാന്ധിയുടെ എഴുപത്തിയഞ്ചാം ജന്മദിനത്തോടനുബന്ധിച്ച് പുറത്തിറക്കിയ 'ഗാന്ധിജി ഹിസ് ലൈഫ് ആന്‍ഡ് വര്‍ക്ക്' എന്ന പുസ്തകത്തിലേക്കുള്ള ആശംസയിലാണ് ഐന്‍സ്റ്റീന്‍ ഇങ്ങനെ പറഞ്ഞത്.

To advertise here,

അമേരിക്കയിലെ പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്നാണ് തന്റെ ഒപ്പോടുകൂടിയ ജന്മദിന സന്ദേശം ഐന്‍സ്റ്റീന്‍ അയച്ചത്. കര്‍ണാടക പ്രിന്റിങ് പ്രസ്, അഹമ്മദാബാദിലെ നവജീവന്‍ പ്രസ് എന്നിവരുടെ നേതൃത്വത്തില്‍ 1500 കോപ്പികള്‍ മാത്രമാണ് ഈ പുസ്തകം പുറത്തിറക്കിയത്. ഈ അപൂര്‍വ പുസ്തകം മലപ്പുറം മഞ്ചേരിയിലെ പുരാരേഖാ സൂക്ഷിപ്പുകാരന്‍ ഗിന്നസ് സലീമിന്റെ കൈവശമുണ്ട്. കാലിക്കറ്റ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം പ്രൊഫ. ഡോ. പി. ശിവദാസനാണ് സലീമിന്റെ ശേഖരത്തില്‍നിന്ന് ഇതു കണ്ടെത്തിയത്.

ന്യൂയോര്‍ക്കിലെ കൃഷ്ണലാല്‍ ശ്രീധരണിയാണ് ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനടക്കമുള്ള അമേരിക്കകാരില്‍നിന്ന് ആശംസകള്‍ ശേഖരിച്ചതെന്നു പുസ്തകത്തിലുണ്ട്. എഴുത്തുകാരന്‍ പേള്‍ എസ്. ബക്ക്, ജവാഹര്‍ലാല്‍ നെഹ്റു, മഹാദേവ് ദേശായ്, കമലാദേവി, ജി.എ. നടേശന്‍, മിനു ആര്‍. മസാനി, ഹുമയൂണ്‍ കബീര്‍, കെ.എ. അബ്ബാസ് തുടങ്ങിയവരുടെ ലേഖനങ്ങളും പുസ്തകത്തിലുണ്ട്. ബി.ജി. ടെണ്ടുല്‍ക്കറിന്റെ നേതൃത്വത്തിലാണ് പുസ്തകം തയ്യാറാക്കിയത്. ഗാന്ധിജിയുടെ രാഷ്ട്രീയ ജീവിതത്തിലെ ചിത്രങ്ങളാണ് ഈ പുസ്തകത്തിന്റെ മറ്റൊരു പ്രാധാന്യം. ദരിദ്രരായ മനുഷ്യരെ സഹായിക്കാനാണ് ഇതിലെ വരുമാനം വിനിയോഗിക്കുകയെന്ന് ഗാന്ധി തന്നെ എഴുതിയ സന്ദേശത്തില്‍ പറയുന്നുണ്ട്.