തിരുവനന്തപുരം: സി.പി.എമ്മിലെ ആഭ്യന്തരസംഘര്‍ഷങ്ങളുടെയും വെട്ടിനിരത്തലിന്റെയും വെളിപ്പെടുത്തലുമായി മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പിരപ്പന്‍കോട് മുരളിയുടെ ആത്മകഥ പുറത്തിറങ്ങുന്നു. വി.എസ്. അച്യുതാനന്ദന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചതിനുപിന്നിലെ കഥകളും, 'മലപ്പുറത്ത് കാണാം' എന്ന പിണറായി വിജയന്റെ വെല്ലുവിളിയും, മലപ്പുറം സമ്മേളനത്തിലെ പാര്‍ട്ടിപിടിത്തവുമെല്ലാം 'എന്റെ കമ്യൂണിസ്റ്റ് യാത്രയിലെ പോരാട്ടങ്ങള്‍' എന്ന ആത്മകഥയില്‍ വിവരിക്കുന്നു.

To advertise here,

2006-ലെ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്. അധികാരത്തിലെത്തുമെന്ന് എല്ലാവര്‍ക്കും ഉറപ്പായിരുന്നു. അതോടെ, കേരളത്തിലെ ഭൂരിപക്ഷം കേന്ദ്രകമ്മിറ്റി അംഗങ്ങളും വി.എസിനെ സ്ഥാനാര്‍ഥിയാക്കരുതെന്ന് കേന്ദ്രകമ്മിറ്റിയോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ച് പൊളിറ്റ് ബ്യൂറോ വി.എസിന് സ്ഥാനാര്‍ഥിത്വം നിഷേധിച്ചു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ജനങ്ങള്‍ ഇളകി. പാര്‍ട്ടിക്ക് തിരുത്തേണ്ടിവന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

2001-ല്‍ പ്രതിപക്ഷനേതാവായ വി.എസ്. സമരഭൂമിയിലും കോടതിയിലും കയറി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്തു. ഈ കര്‍ക്കശനിലപാടുകളില്‍ പാര്‍ട്ടിയില്‍നിന്ന് അദ്ദേഹം ഒറ്റപ്പെട്ടു. 2005-ല്‍ ജില്ലാസമ്മേളനങ്ങളില്‍ ഭൂരിപക്ഷം ജില്ലകളിലും നേതൃത്വത്തിനെതിരേ ശക്തമായ വിമര്‍ശനമുയര്‍ന്നു. തിരുവനന്തപുരം ജില്ലാസമ്മേളനത്തില്‍ പ്രതിനിധികളുടെ നിയന്ത്രണംവിട്ട വിമര്‍ശനങ്ങള്‍ക്ക് 'നമുക്ക് മലപ്പുറത്തുവെച്ച് കാണാം' എന്നായിരുന്നു സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്റെ മറുപടിയെന്നും പുസ്തകത്തില്‍ പറയുന്നു.

വെട്ടിനിരത്തലിന്റെ കഥ

മലപ്പുറം സമ്മേളനത്തില്‍ നടന്ന നാടകങ്ങളും പുസ്തകത്തില്‍ പറയുന്നു. തിരുവനന്തപുരം ജില്ലയില്‍ വി.എസിനുപിന്നില്‍ ഉറച്ചുനിന്ന പ്രമുഖരായ മൂന്ന് യുവനേതാക്കളടക്കം 14 പേര്‍ വി.എസിന്റെ വിമര്‍ശകരായി. തൃശ്ശൂര്‍ സമ്മേളനത്തില്‍ നേതൃത്വത്തിന് താത്പര്യമില്ലാത്തവരെയെല്ലാം ഒഴിവാക്കിയെന്ന് ആത്മകഥയില്‍ പറയുന്നു. ഒഴിവാക്കപ്പെട്ട 16 പേരില്‍ ആദ്യത്തെ പേര് തന്റേതായിരുന്നുവെന്ന് പിരപ്പന്‍കോട് എഴുതുന്നു. ഒഴിവാക്കുന്നതിന് 80 വയസ്സ് പ്രായപരിധിയാണ് പറഞ്ഞത്.

തനിക്ക് 74 വയസ്സേ ആയിട്ടുള്ളൂവെന്ന് പറഞ്ഞ് കോടിയേരിയോട് സംസാരിക്കുന്നതിനിടെ അധ്യക്ഷനായിരുന്ന പിണറായി ഇരിക്കാന്‍ പറഞ്ഞു. 'നിങ്ങളെ പിന്താങ്ങുന്നില്ല. അതങ്ങ് തുറന്നുപറഞ്ഞാല്‍ പോരേ'യെന്ന് തിരിച്ചുചോദിച്ചു.

അങ്ങനെ, വി.എസിന് ക്യാപിറ്റല്‍ പണിഷ്മെന്റ് കൊടുക്കണമെന്ന് വാദിച്ചവരും വൈലോപ്പിള്ളിയെക്കൊണ്ട് വാഴക്കുല എഴുതിച്ചവരുമെല്ലാമായ പതിനാറ് പുതുമുഖങ്ങള്‍ സംസ്ഥാനകമ്മിറ്റിയില്‍വന്നുവെന്നും ആത്മഥയില്‍ പറയുന്നു.