കുമളി: മാതൃഭൂമി ആഴ്ചപ്പതിപ്പും കേരള വനം-വന്യജീവി വകുപ്പും ചേർന്ന് തേക്കടി ബാംബു ഗ്രോവിൽ നടത്തിയ, യുവ എഴുത്തുകാർക്കായുള്ള ‘അക്ഷരപ്രകൃതി’ സാഹിത്യ ശിൽപ്പശാല സമാപിച്ചു. മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. 

To advertise here,

കാലാവസ്ഥയിലെ മാറ്റങ്ങൾ ഭയപ്പെടുത്തുന്നതാണെന്ന്  ശ്രേയാംസ്‌കുമാർ പറഞ്ഞു. സാഹിത്യവും പ്രകൃതിയും ചേർന്നുപോകുന്നവയാണ്. പ്രകൃതിയിൽ ഓരോ ജീവജാലത്തിനും അവകാശമുണ്ട്. എല്ലാവരും പ്രകൃതിസംരക്ഷണത്തിന്റെ പോരാളികളാകണം. വരാനിരിക്കുന്ന തലമുറകളിൽനിന്നുകൂടി കടംകൊണ്ടതാണ് ഇവിടത്തെ വാസമെന്ന് തിരിച്ചറിയണം.

കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ മാതൃഭൂമിയുടെ സീഡ് പദ്ധതിക്കായി. ഏഴായിരം സ്കൂളുകളിലാണ് പദ്ധതി നടക്കുന്നത്. കുട്ടികൾ പതിനഞ്ചുലക്ഷം വൃക്ഷത്തൈകൾ നട്ട് സംരക്ഷിക്കുന്നു. കൃഷിയിലൂടെ ലക്ഷക്കണക്കിന് രൂപയുടെ വിളകൾ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ശ്രേയാംസ്‌കുമാർ പറഞ്ഞു. ശിൽപ്പശാലയിൽ പങ്കെടുത്ത കുട്ടികൾക്ക് അദ്ദേഹം പ്രശംസാപത്രം നൽകി.

ക്യാമ്പ് ഡയറക്ടറും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോഴിക്കോട് ഡി.എഫ്.ഒ. ജോഷിൽ, ജീവകാരുണ്യപ്രവർത്തകൻ സി.വി. സാലിഹ്, തേക്കടി റെയ്‌ഞ്ച് ഓഫീസർ ഫ്രാൻസിസ് യോഹന്നാൻ, മാതൃഭൂമി കോട്ടയം ന്യൂസ് എഡിറ്റർ ഡി. അജിത് കുമാർ, അസിസ്റ്റന്റ് മാനേജർ (സർക്കുലേഷൻ) ജി. വിനീത്, സീനിയർ ഓഫീസർ (സർക്കുലേഷൻ) വിമൽകുമാർ എന്നിവർ സംസാരിച്ചു.

കഥയുടെ കൊടുമുടികൾ എന്ന വിഷയത്തിൽ എഴുത്തുകാരൻ വി.ജെ. ജെയിംസും എഴുതാതിരിക്കലിനെക്കുറിച്ച് മാതൃഭൂമി അസിസ്റ്റന്റ് എഡിറ്റർകൂടിയായ സുഭാഷ് ചന്ദ്രനും ക്ലാസ് നയിച്ചു. പ്രമുഖരായ എഴുത്തുകാർക്കൊപ്പം തേക്കടി ബാംബു ഗ്രോവിൽ മൂന്ന് ദിവസമായി നടന്ന ക്യാമ്പിൽ, മാതൃഭൂമി വിഷുപ്പതിപ്പ് കോളേജ് വിദ്യാർഥികൾക്കായി നടത്തിയ കഥ, കവിത മത്സരങ്ങളുടെ അവസാനഘട്ടത്തിലെത്തിയ 50 യുവ എഴുത്തുകാരാണ് പങ്കെടുത്തത്.