കേരള സാഹിത്യ അക്കാദമി എം. സ്വരാജിന് പുരസ്‌കാരം പ്രഖ്യാപിച്ചതിനു പിന്നാലെ ഉയര്‍ന്ന വിവാദത്തില്‍ മറുപടിയുമായി അക്കാദമി ഉപാധ്യക്ഷന്‍ അശോകന്‍ ചരുവില്‍. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെ സ്വരാജ് പുരസ്‌കാരം സ്വീകരിക്കില്ലെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നില്ലെന്നും ഉണ്ടായിരുന്നെങ്കില്‍ പുരസ്‌കാരത്തിനായി പരിഗണിക്കില്ലായിരുന്നുവെന്നും ചരുവില്‍ ഫെയ്​സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. പുരസ്‌കാരനിര്‍ണയത്തില്‍ അക്കാദമി ജൂറിയുടെ തീരുമാനങ്ങളില്‍ ഇടപെടാറില്ലെന്നും അശോകന്‍ ചരുവില്‍ പറഞ്ഞു. 

To advertise here,

അശോകന്‍ ചരുവിലിന്റെ ഫെയ്​സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എനിക്ക് 1998-ല്‍ ചെറുകഥാവിഭാഗത്തില്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. എം.ടി. ആയിരുന്നു അന്ന് പ്രസിഡണ്ട്. ഞാനോ ബന്ധുക്കളോ സുഹൃത്തുക്കളോ അവാര്‍ഡിനു വേണ്ടി അപേക്ഷിച്ചിരുന്നില്ല. പുസ്തകവും അയച്ചിട്ടില്ല. പുസ്തകങ്ങള്‍ അയച്ചു കൊടുക്കാത്തവരേയും പരിഗണിക്കുന്നു എന്നതാണ് കേരള സാഹിത്യ അക്കാദമി അവാര്‍ഡിനെ കൂടുതല്‍ മേന്മയുള്ളതാക്കുന്നത്.

അപേക്ഷിച്ചും പുസ്തകമയച്ചും (ഇപ്പോള്‍ ചില അവാര്‍ഡ് മാഫിയകള്‍ വലിയ രജിസ്‌ട്രേഷന്‍ ഫീസും വാങ്ങുന്നുണ്ട്) അവാര്‍ഡ് നല്‍കുന്നതും സ്വീകരിക്കുന്നതും ഒരു നിലയ്ക്ക് അപമാനകരമായിട്ടാണ് എനിക്കു തോന്നുന്നത്. എഴുത്തിന്റെ ആദ്യകാലങ്ങളില്‍ ഞാന്‍ പല അവാര്‍ഡുകള്‍ക്കും പുസ്തകങ്ങള്‍ അയച്ചു കൊടുത്തിട്ടുണ്ട്. അവാര്‍ഡിനൊപ്പമുള്ള തുകയായിരുന്നു അന്ന് എന്റെ താല്‍പ്പര്യം. വരുമാനമില്ലാത്തതുകൊണ്ട് ജീവിതം അത്രക്ക് ബുദ്ധിമുട്ടേറിയതായിരുന്നു. സാമ്പത്തികമായി ഒരു മട്ടില്‍ കരകയറിയ ശേഷം ഞാന്‍ ഒരു പുരസ്‌കാരത്തിനും പുസ്തകങ്ങള്‍ അയച്ചു കൊടുത്തിട്ടില്ല.

ഓരോ വിഭാഗത്തിലും അവാര്‍ഡിന് അര്‍ഹമായ പത്ത് കൃതികള്‍ തിരഞ്ഞെടുക്കുന്നത് അക്കാദമി ലൈബ്രറിയെ അവലംബമാക്കിയാണ്. ഒന്നുംതന്നെ വിട്ടുപോകരുത് എന്നു കരുതിയാണ് എഴുത്തുകാരോട് കൃതികള്‍ അയക്കാന്‍ ആവശ്യപ്പെടുന്നത്.

പ്രാഥമിക ലിസ്റ്റ് തയ്യാറാക്കുന്ന സമിതിയിലും ഫൈനല്‍ ജൂറിയിലും അക്കാദമി അംഗങ്ങള്‍ ഉള്‍പ്പെടേണ്ടതില്ല എന്നാണ് തീരുമാനിച്ചിട്ടുള്ളത്. അധികാരമുണ്ടെങ്കിലും ജൂറിയുടെ തീരുമാനത്തില്‍ എക്‌സിക്യുട്ടീവ് കമ്മിറ്റി ഇടപെടുക പതിവില്ല. ഇതുപറയുമ്പോള്‍ എല്ലാകാലത്തും ഇങ്ങനെ കൃത്യമായാണ് കാര്യങ്ങള്‍ നടക്കുന്നത് എന്നു തെറ്റിദ്ധരിക്കരുത്. അതതുകാലത്തെ ഭരണസമിതികള്‍ തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് മാനദണ്ഡങ്ങളില്‍ ഭേദഗതികള്‍ വരുത്താറുണ്ട്. പ്രാഥമികപരിശോധന മാത്രമല്ല; അന്തിമവിധിയും എക്‌സിക്യുട്ടീവ് / ജനറല്‍ കൗണ്‍സില്‍ അംഗങ്ങള്‍ ഉള്‍പ്പെട്ട സമിതികള്‍ നിശ്ചയിച്ച ചരിത്രമുണ്ട്. ആരുടെ കാലത്താണ് എന്ന് പറയുന്നില്ല.

ഇപ്പോഴത്തെ അക്കാദമി നേതൃത്വം എന്തായാലും അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഉള്‍പ്പെടാന്‍ ആഗ്രഹിക്കുന്നില്ല. കൃത്യവും സുതാര്യവുമാണ് നടപടികള്‍ എങ്കിലും അവാര്‍ഡ് നിര്‍ണ്ണയം ഇപ്പോഴും 'പരിപൂര്‍ണ്ണമായും ശരിയായി' നടക്കുന്നു എന്ന് ഞാന്‍ കരുതുന്നില്ല. വിഷയം സാഹിത്യമായിരിക്കുകയും അഭിരുചികള്‍ വ്യക്തിനിഷ്ഠമായി തുടരുകയും ചെയ്യുന്ന കാലത്തോളം മൂല്യനിര്‍ണ്ണയം എല്ലാവര്‍ക്കുമുള്ള ശരിയാവാനിടയില്ല.

സി.പി.എം. നേതാവ് എം.സ്വരാജിന് ഉപന്യാസത്തിനുള്ള സി.ബി.കുമാര്‍ എന്റോവ്‌മെന്റ് പ്രഖ്യാപിച്ചതാണല്ലോ ഇപ്പോഴത്തെ വിമര്‍ശനത്തിനു കാരണം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് ഏറെ മുന്‍പ് തന്നെ പ്രാഥമികപരിശോധനയും ജൂറിമാരുടെ തീര്‍പ്പും ഉണ്ടായിക്കഴിഞ്ഞിരുന്നു. കവറുകള്‍ തുറന്ന് ടാബുലേഷന്‍ നടത്താത്തതുകൊണ്ട് സംഗതി ആരും അറിഞ്ഞിരുന്നില്ല എന്നുമാത്രം. നിശ്ചിത കാലയളവിനുള്ളില്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു കൃതി മെച്ചപ്പെട്ടതാണെന്ന് പ്രാഥമികപരിശോധന കമ്മിറ്റിക്ക് തോന്നിയാല്‍ അത് പട്ടികയില്‍ ഉള്‍പ്പെടുത്തുക തന്നെ ചെയ്യും. അക്കാര്യത്തില്‍ ഗ്രന്ഥകാരന്റെ അനുവാദം ചോദിക്കുക പതിവില്ല. അവാര്‍ഡ് പ്രഖ്യാപിച്ചാല്‍ താല്‍പ്പര്യമില്ലെങ്കില്‍ ഗ്രന്ഥകാരന് അത് നിരസിക്കാവുന്നതാണ്. ഉചിതമായ ആ നടപടിയാണ് എം.സ്വരാജ് ചെയ്തത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെപ്പോലെ യാതൊരു പുരസ്‌കാരങ്ങളും സ്വീകരിക്കുകയില്ല എന്ന് നേരത്തേ പ്രഖ്യാപിച്ചിട്ടുള്ളവരെ ലിസ്റ്റില്‍ ഉള്‍പ്പെടുത്താറില്ല. പക്ഷേ സ്വരാജ് അങ്ങനെ പ്രഖ്യാപിച്ചിരുന്നില്ല. അവാര്‍ഡ് കിട്ടാനിടയുള്ള ഒരു സാഹിത്യകാരനാണ് താന്‍ എന്ന് അദ്ദേഹം കരുതിയിട്ടുണ്ടാവില്ല.

ഒരു വായനക്കാരന്‍ എന്ന നിലയില്‍ എം.സ്വരാജിന്റെ പുസ്തകം ഉപന്യാസത്തിനുള്ള ബഹുമതി കിട്ടാന്‍ നൂറുശതമാനം അര്‍ഹമാണെന്ന് ഞാന്‍ പറയും.  ഹൃദ്യമായ, വായിക്കാന്‍ പ്രേരിപ്പിക്കുന്ന ഗദ്യശൈലിയാണ് അദ്ദേഹത്തിന്റേത്. അതുകൊണ്ടാണ് ആ പുസ്തകം ഇന്ന് ഡി.സി. ബുക്ക് ഷോപ്പില്‍ നോവലുകള്‍ക്കൊപ്പം ബെസ്റ്റ് സെല്ലര്‍ ആയിരിക്കുന്നത്.

എഴുത്തും വായനയും പൊതുപ്രവര്‍ത്തനത്തിന്റെ ഉപാധിയാക്കുന്നവര്‍ തീരെ കുറഞ്ഞുകൊണ്ടിരിക്കുന്ന കാലത്താണ് എം.സ്വരാജ് വലിയ പ്രതീക്ഷയായി നില്‍ക്കുന്നത്. കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍!