തേക്കടി: മാതൃഭൂമി ആഴ്ചപ്പതിപ്പും കേരള വനം-വന്യജീവി വകുപ്പും ചേർന്ന് നടത്തുന്ന അക്ഷരപ്രകൃതി സാഹിത്യശില്പശാലയെ ഹൃദയത്തോടുചേർത്ത് യുവ എഴുത്തുകാർ. വിവിധ സെഷനുകളിലായി എഴുത്തുകാരുമായി യുവപ്രതിഭകൾ ചർച്ചകൾ നടത്തി.

To advertise here,

വിമർശകരെ വിശ്വാസത്തിലെടുക്കുക എന്നതാണ് എഴുത്തുകാരന്റെ ധർമമെന്ന് കവി വീരാൻകുട്ടി അഭിപ്രായപ്പെട്ടു. അവർ വിമർശിക്കുന്തോറുമാണ് ഓരോ എഴുത്തുകാർക്കും കൂടുതൽ കരുത്തോടെ മുന്നോട്ടുപോകാൻ സാധിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

എഴുത്ത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇതിൽ ഒരുപാട് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. പക്ഷേ, എഴുതിക്കഴിയുമ്പോൾ ലഭിക്കുന്ന ആത്മസംതൃപ്തി വളരെ വലുതാണെന്നും എഴുത്തുകാരി കെ. രേഖ അഭിപ്രായപ്പെട്ടു.

കോഴിക്കോട് ഡി.എഫ്.ഒ. ജോഷിൽ, എഴുത്തുകാരായ കെ. രേഖ, പി.വി. ഷാജികുമാർ, മനോജ് കുറൂർ തുടങ്ങിയവർ സംസാരിച്ചു. പാനൽ ചർച്ചയിൽ സൈമൺ ഫ്രാൻസിസ്, മനു സത്യൻ, ജോസഫ് ജെ. കരൂർ തുടങ്ങിയവർ പങ്കെടുത്തു. കവി ഗിരീഷ് പുലിയൂരിന്റെ കാവ്യസന്ധ്യയും ഉണ്ടായിരുന്നു. വനംവകുപ്പിന്റെ നേതൃത്വത്തിലുള്ള ട്രെക്കിങ്, യുവ എഴുത്തുകാർക്ക് പ്രകൃതിപഠനത്തിനുള്ള അവസരംകൂടിയായി.

ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നിന് സമാപനസമ്മേളനവും സർട്ടിഫിക്കറ്റ് വിതരണവും മാതൃഭൂമി മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ ഉദ്ഘാടനംചെയ്യും. വി.ജെ. ജെയിംസ്, ക്യാമ്പ് ഡയറക്ടറും സാഹിത്യകാരനുമായ സുഭാഷ് ചന്ദ്രൻ തുടങ്ങിയവർ ക്ലാസ് നയിക്കും.

മാതൃഭൂമി ന്യൂസ് എഡിറ്റർ ഡി. അജിത്കുമാർ, പെരിയാർ ടൈഗർ റിസർവ് ഈസ്റ്റ് ഡിവിഷൻ ഡെപ്യൂട്ടി ഡയറക്ടർ ആർ. ലക്ഷ്മി, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർമാരായ പ്രിയ ടി. ജോസഫ്, ഫ്രാൻസിസ് എം. യോഹന്നാൻ തുടങ്ങിയവർ പ്രസംഗിക്കും. തേക്കടി ബാംബൂഗ്രോവിലാണ് പരിപാടി നടക്കുന്നത്.