കക്കട്ടില്‍: എഴുത്തുകാരനും കേരള സാഹിത്യ അക്കാദമിയുടെ ഉപാധ്യക്ഷനുമായിരുന്ന അക്ബര്‍ കക്കട്ടിലിന് ജന്മനാട്ടില്‍ സ്മാരകമൊരുക്കാനുള്ള ആലോചന എങ്ങുമെത്തിയില്ല. മൂന്നാംചരമവാര്‍ഷികത്തിന് തൊട്ടുമുന്‍പേ സാംസ്‌കാരികവകുപ്പ് 50 ലക്ഷംരൂപ അനുവദിച്ചെങ്കിലും സ്ഥലം കണ്ടെത്താനാവാതെ തുക പാഴാവുകയായിരുന്നു.

To advertise here,

2016 ഫെബ്രുവരി 17-നാണ് അദ്ദേഹം മരിച്ചത്. സാഹിത്യരചനകളിലൂടെ കക്കട്ടിലിന്റെയും കടത്തനാടിന്റെയും ഗ്രാമ്യഭാഷയുടെ തനിമ ലോകശ്രദ്ധയിലേക്ക് കൊണ്ടുവന്ന എഴുത്തുകാരനെയാണ് അവഗണനയുടെ ഇരുളില്‍ നിര്‍ത്തുന്നത്. ജീവിതത്തിലും എഴുത്തിലും നര്‍മമധുരമായ ശൈലി കാത്തുസൂക്ഷിച്ച അദ്ദേഹം ദീര്‍ഘകാലം കക്കട്ടിലിനടുത്തുള്ള വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനായിരുന്നു. 

വിപുലമായ ശിക്ഷ്യസമ്പത്തും സൗഹൃദവലയവും അദ്ദേഹത്തിനുണ്ട്. വിദേശത്തും സ്വദേശത്തുമുള്ള അദ്ദേഹത്തിന്റെ സുഹൃദ്വൃന്ദത്തെയും ശിഷ്യരെയും കൂട്ടിയിണക്കിയാല്‍ സ്മാരകം നിര്‍മിക്കാനുള്ള സ്ഥലം വിലയ്‌ക്കെടുക്കാന്‍ കഴിയും. ഇതിന് മുന്‍കൈയെടുക്കാന്‍ ബന്ധപ്പെട്ടവര്‍ താത്പര്യം കാണിക്കാത്തതാണ് സര്‍ക്കാര്‍ അനുവദിച്ച പണം നഷ്ടപ്പെടാന്‍ കാരണമായത്.

നോവല്‍, ചെറുകഥ, ഉപന്യാസം, നാടകം എന്നീ വിഭാഗങ്ങളിലായി ഒട്ടേറെ രചനകള്‍ അദ്ദേഹം നടത്തി. രണ്ടുതവണ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് (സ്‌കൂള്‍ ഡയറി, വടക്ക് നിന്നൊരു കുടുംബവൃത്താന്തം), മുണ്ടശ്ശേരി അവാര്‍ഡ്, സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരം എന്നിവയ്ക്കും അര്‍ഹനായി.

1954 ജൂലായ് ഏഴിന് കക്കട്ടിലെ പറമ്പത്ത് അബ്ദുള്ളയുടെയും സി.കെ. കുഞ്ഞാമിനയുടെയും മകനായി ജനിച്ച അക്ബര്‍ ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദവും മലയാളസാഹിത്യത്തില്‍ ബിരുദാനന്തരബിരുദവും നേടി. വട്ടോളി നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിനുപുറമേ, കുറ്റ്യാടി ഗവ. ഹൈസ്‌കൂള്‍, കൂത്താളി ഹൈസ്‌കൂള്‍, കോട്ടയം ജില്ലാ നവോദയ വിദ്യാലയം എന്നിവിടങ്ങളിലും അധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. അധ്യാപക കഥകളിലൂടെ അധ്യാപക കഥാപ്രസ്ഥാനത്തിനും നേതൃത്വംകൊടുത്ത അദ്ദേഹത്തിന്റെ 'പാഠം മുപ്പത്' മലയാളത്തിലെ ആദ്യ സര്‍വീസ് സ്റ്റോറിയായി പരിഗണിക്കുന്ന കൃതിയാണ്.

ആ ഇടവഴി നിറയെ മാലിന്യം

ശ്രദ്ധേയമായ രചനകളിലൂടെ കക്കട്ടില്‍ ദേശത്തെ മലയാളസാഹിത്യലോകത്ത് പരിചിതമാക്കിയ അക്ബര്‍ കക്കട്ടിലിനോട് ജന്മനാട് കാണിക്കുന്ന അനാദരവ് അദ്ദേഹം ദീര്‍ഘകാലം സഞ്ചരിച്ച വീടിന്റെ മുന്‍വശത്തെ ഇടവഴി നോക്കിയാല്‍ മതി. പ്ലാസ്റ്റിക് കവറുകളും മറ്റു മാലിന്യങ്ങളും നിറഞ്ഞും മലമൂത്രവിസര്‍ജനത്തിനുള്ള ഇടമായും കാല്‍നടപോലും ദുഷ്‌കരമായിരിക്കുകയാണ്.

placeholder
അക്ബര്‍ കക്കട്ടിലിന്റെ വീടിന്റെ മുന്‍വശത്തെ ഇടവഴിയില്‍
പ്ലാസ്റ്റിക് കവറുകളും മറ്റും നിറഞ്ഞനിലയില്‍. 

വെളിച്ചമില്ലാത്തതിനാല്‍ സന്ധ്യകഴിഞ്ഞാല്‍ പുകവലിക്കാരും ഇവിടെ താവളമാക്കുന്നു. ഈ ഇടവഴിയില്‍നിന്ന് കുറച്ച് മാറി കക്കട്ടില്‍-കൈവേലി റോഡില്‍നിന്ന് അദ്ദേഹത്തിന്റെ വീടുവരെ എത്താന്‍ കഴിയുന്ന റോഡ് ഇപ്പോള്‍ നിലവിലുണ്ടെങ്കിലും കാല്‍നടയായി വരുന്നവര്‍ ഈ ഇടവഴിയാണ് ആശ്രയിച്ചിരുന്നത്. മലയാളത്തിലെ ഒട്ടുമിക്ക എഴുത്തുകാരും അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നതും പ്രസ്തുത ഇടവഴിയിലൂടെത്തന്നെയായിരുന്നു.

രണ്ടുതവണ വാര്‍ഡംഗത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ശുചീകരണം നടത്തിയെങ്കിലും വീണ്ടും പഴയപടിയായി. പ്രത്യേകപദ്ധതിയിലോ തനതുഫണ്ടിലോ ഉള്‍പ്പെടുത്തി വഴി സംരക്ഷിക്കുകയും വഴിവിളക്ക് സ്ഥാപിക്കുകയും ചെയ്താല്‍ ഒരു പരിധിവരെ പരിഹാരം കാണാന്‍ കഴിയും. -പൊതുപ്രവര്‍ത്തകനായ ആനന്ദന്‍ എലിയാറ പറഞ്ഞു.