ബേപ്പൂർ: ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുന്ന വിശ്വസാഹിത്യകാരനായ വൈക്കം മുഹമ്മദ് ബഷീർ സ്മാരകമായ 'ആകാശമിഠായി' ലോകമെമ്പാടുമുള്ള ബഷീറിയൻ വായനക്കാർക്കും ചർച്ചകൾക്കും ആസ്വാദനത്തിനുമുള്ള വേദിയാവുമെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.
ബഷീർ ഓർമകൾ എന്നും നിലനിർത്തുന്നരീതിയിൽ ബഷീർ സാഹിത്യോത്സവവേദിയായി 'ആകാശമിഠായി' മാറണമെന്നാണ് ആഗ്രഹം. ഫറോക്ക് പിഡബ്ല്യുഡി റസ്റ്റ്ഹൗസിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ സംസ്ഥാന ബജറ്റിൽ സ്മാരകനിർമാണം സംബന്ധിച്ച് പ്രഖ്യാപനം വന്നതോടെയാണ് മലബാർ ലിറ്റററി സർക്യൂട്ടിന്റെ പ്രധാനകേന്ദ്രമായി ആകാശമിഠായി മാറുന്നത്. കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 10.07 കോടിയുടെ പദ്ധതി ഒന്നാംഘട്ടത്തിൽ പൂർത്തിയാക്കിയത്. 11,000 ചതുരശ്രയടി വിസ്തൃതിയിൽ പണിത ഇരുനിലക്കെട്ടിടത്തിൽ സമ്മേളനഹാൾ, കഫ്‌റ്റേരിയ, ശൗചാലയം, ലിഫ്റ്റ്, ഓപ്പൺ സ്റ്റേജ്, കരകൗശല അലങ്കാരവസ്തുക്കളുടെ വിൽപ്പനകേന്ദ്രം എന്നിവയുണ്ട്.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ആദ്യഘട്ടനിർമാണം പൂർത്തിയാക്കിയത്. ബഷീർ ആർക്കൈവ്, കിനാത്തറ, ബോർഡ്റൂം, ലൈബ്രറി എന്നിവയുൾപ്പെടുന്ന കൾച്ചറൽ കെട്ടിടം, അക്ഷരത്തോട്ടം എന്നിവയാണ് രണ്ടാംഘട്ടത്തിലുണ്ടാവുക. വാർത്താസമ്മേളനത്തിൽ ടൂറിസംവകുപ്പ് ജോ. ഡയറക്ടർ ഡി. ഗിരീഷ്‌കുമാർ, ഡെപ്യൂട്ടി ഡയറക്ടർ പ്രദീപ് ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.
ശനിയാഴ്ച ആറുമണിക്ക് മന്ത്രി മുഹമ്മദ് റിയാസാണ് ആകാശമിഠായിയുടെ ആദ്യഘട്ട ഉദ്ഘാടനവും രണ്ടാംഘട്ട പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുക. മേയർ ഒ. സദാശിവൻ അധ്യക്ഷനാവും. എം.കെ. രാഘവൻ എം.പി, നടനും സംവിധായകനുമായ പ്രകാശ്രാജ് എന്നിവർ മുഖ്യാതിഥികളാവും.
Content Highlights: Explore `Aakashamittai`, the new Vaikom Muhammad Basheer memorial in Beypore.
Published: 23 Jan 2026, 07:36 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented