കോഴിക്കോട്: സ്വന്തം ഭാഷകൊണ്ടും ശൈലികൊണ്ടുംതീർത്ത സാഹിത്യപ്രപഞ്ചത്തിലൂടെ തലമുറകൾക്ക് വായനമധുരംനൽകിയ ബേപ്പൂർ സുൽത്താന്റെ ഓർമ്മകളുടെ 'ആകാശമിഠായി' ശനിയാഴ്ച ചെപ്പുതുറക്കും. ആത്മകഥാംശമുള്ള രചനകൾക്കൊണ്ട് പ്രണയം മുതൽ വിപ്ലവംവരെ മറ്റാർക്കും പറ്റാത്തവിധം മലയാളികളെ അനുഭവിപ്പിച്ച ബഷീറും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളും വീണ്ടുമിവിടെ പുനർജനിക്കും.

To advertise here,

വിനോദസഞ്ചാരവകുപ്പിന്റെ മലബാർ ലിറ്റററി സർക്യൂട്ടിന്റെ പ്രധാനകേന്ദ്രമായ ബേപ്പൂരിലെ 'ആകാശമിഠായി' പൂർണരൂപത്തിൽ എത്തുന്നതോടെ ബഷീറിയൻ അനുഭവങ്ങൾ പകരുന്ന കേന്ദ്രമായി ഇവിടം മാറും. ലിറ്ററേച്ചർ കഫ്റ്റീരിയയിലെ കാപ്പിനുണഞ്ഞ് വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങളിലൂടെ സഞ്ചരിച്ച് കമ്യൂണിറ്റി ഹാളിലെയും ഓപ്പൺസ്റ്റേജിലെയും ചർച്ചകളിലൂടെ കടന്നുപോയി അക്ഷരത്തോട്ടത്തിൽ ബഷീറിയൻ കഥാപത്രങ്ങളോട് സംവദിച്ച് ഓഡിയോ വിഷ്വൽ റൂമിലെയും വി.ആർ. സ്‌പേസിലെയും കാഴ്ചകണ്ട് ബേപ്പൂർ ഉരുനിർമാണശാലയിൽ അവസാനിക്കുന്ന ഒരു മുഴുനീള അനുഭവമായി ഇത് മാറും. ഒന്നാംഘട്ടത്തിൽ 10.07 കോടി ചെലവിൽ പൂർത്തിയായ 11,000 ചതുരശ്രയടി ഇരുനിലക്കെട്ടിടത്തിൽ എ.സി. കമ്യൂണിറ്റി ഹാൾ, ഭക്ഷണത്തോടൊപ്പം പുസ്തകവായനയ്ക്കും ചർച്ചയ്ക്കും ഇടമുള്ള ലിറ്ററേച്ചർ കഫ്റ്റീരിയ, ചർച്ചകൾക്കും കലാപ്രദർശനങ്ങൾക്കും അനുയോജ്യമായ ഗ്രീൻ റൂം അടങ്ങിയ ഓപ്പൺസ്റ്റേജ്, കരകൗശല അലങ്കാരവസ്തുക്കളുടെ വിൽപ്പനകേന്ദ്രമായ ക്യൂരിയോ ഷോപ്പ് എന്നിവയാണുള്ളത്. ലിഫ്റ്റ്, ശൗചാലയം, മുലയൂട്ടൽകേന്ദ്രം, ചുറ്റുമതിൽ, ലൈറ്റിങ്, ലാൻഡ്സ്‌കേപ്പിങ് എന്നിവയും ഒരുക്കിയിട്ടുണ്ട്.

ഫെയ്‌സ് ആർട്ട് ഡിസൈൻചെയ്ത കെട്ടിടത്തിന്റെ നിർമാണച്ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ്. ചെറുവണ്ണൂർ-ബേപ്പൂർ റോഡിൽ പഴയ കമ്യൂണിറ്റി ഹാൾ പൊളിച്ച കോഴിക്കോട് കോർപ്പറേഷന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് നിർമാണം.

രണ്ടാംഘട്ടപ്രവർത്തനങ്ങളിലേക്കായി 10 കോടി രൂപയുടെ ഭരണാനുമതി ടൂറിസംവകുപ്പ് നൽകിയിട്ടുണ്ട്. ബഷീർ ആർക്കൈവ്‌സ്, പരമ്പരാഗതവീടുകളിൽനിന്ന് പ്രചോദനമുൾക്കൊണ്ട കിനാത്തറ, യോഗങ്ങൾചേരാവുന്ന ബോർഡ് റൂം, ലൈബ്രറി, ഓഡിയോ വിഷ്വൽ റൂം, വി.ആർ. സ്‌പേസ് എന്നിവയടങ്ങുന്ന കൾച്ചറൽ ബിൽഡിങ്ങും അക്ഷരത്തോട്ടവുമടങ്ങിയതാണ് രണ്ടാംഘട്ടത്തിലെ പ്രവർത്തനം. അക്ഷരത്തോട്ടത്തിൽ ബഷീറിന്റെ വിവിധകഥാപാത്രങ്ങളുടെ ശില്പങ്ങളുണ്ടാവും. കേരള ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്താണ് ശില്പങ്ങളുടെ ക്യുറേറ്റർ. ആകാശമിഠായിയുടെ പുറകിലുള്ള ബേപ്പൂർ ഉരുനിർമാണശാലയെക്കൂടി പദ്ധതിയുടെ ഭാഗമാക്കും. 2008 മുതൽ ബഷീർ സ്മാരകത്തിനായി പല സർക്കാരുകളും പണമനുവദിക്കുന്നുണ്ടെങ്കിലും വിവിധകാരണങ്ങളാൽ യാഥാർഥ്യമായില്ല. ബഷീർ സ്മാരകം കേരള ടൂറിസം സർക്യൂട്ടിന്റെ ഭാഗമാക്കാൻ തീരുമാനിക്കുകയും മന്ത്രി മുഹമ്മദ് റിയാസ് രണ്ടുവർഷംമുൻപുനടന്ന ബഷീർ അനുസ്മരണത്തിൽ പ്രഖ്യാപനം നടത്തുകയും ചെയ്തതോടെയാണ് നിർമാണത്തിന് വഴിതെളിഞ്ഞത്.

ആദ്യഘട്ടപ്രവർത്തനങ്ങളുടെ ഉദ്ഘാടനവും രണ്ടാംഘട്ടപ്രവർത്തനങ്ങളുടെ പ്രവൃത്തി ഉദ്ഘാടനവും ടൂറിസം-പൊതുമരാമത്ത് വകുപ്പുമന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിക്കും. വൈകീട്ട് ആറിനുനടക്കുന്ന ചടങ്ങിൽ കോർപ്പറേഷൻ മേയർ ഒ. സദാശിവൻ അധ്യക്ഷനാകും.

എം.കെ. രാഘവൻ എം.പി., സിനിമാനടനും സംവിധായകനുമായ പ്രകാശ് രാജ് എന്നിവർ മുഖ്യാതിഥികളാകും. കോർപ്പറേഷൻ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ കെ. രാജീവ്, ബേപ്പൂർ മുൻ എം.എൽ.എ. വി.കെ.സി. മമ്മദ്‌കോയ, സാഹിത്യകാരരായ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, പി.കെ. പാറക്കടവ്, ബഷീറിന്റെ കുടുംബാംഗങ്ങൾ, വിനോദസഞ്ചാരവകുപ്പ് മേഖലാ ജോയിന്റ് ഡയറക്ടർ ഡി. ഗിരീഷ്‌കുമാർ തുടങ്ങിയവർ പങ്കെടുക്കും.

രണ്ടാംഘട്ടംകൂടി പൂർത്തിയാവുന്നതോടെ സഞ്ചാരികൾക്ക് ഒരുദിവസം മുഴുവൻ ബഷീറിയൻ അനുഭവങ്ങൾ പകരുന്ന കേന്ദ്രമാക്കുന്നതരത്തിലാണ് 'ആകാശമിഠായി' രൂപകല്പനചെയ്തിട്ടുള്ളതെന്ന് ആകാശമിഠായിയുടെ ആർക്കിടെക്ട് വിനോദ് സിറിയക് പറഞ്ഞു. ബഷീറിനെ വായിക്കാനും അറിയാനും അനുഭവിക്കാനും ചർച്ചചെയ്യാനും കഴിയുന്ന ഇടമാവും. ആകാശമിഠായിയെ കേന്ദ്രബിന്ദുവാക്കി ബേപ്പൂരിനെയാകെ ബഷീർ സ്മരണകളുമായി ബന്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.