ഞാനും മലയാളഭാഷയുടെ ഒരു എളിയ ഭാഗമാണ്. ഈ 'പൊളിച്ചുനീക്കല്‍' മലയാളത്തിനാകെ അപമാനമാണ്. എം.ടി സ്മരണയോടുള്ള നിന്ദയും ആണ്.

'എന്റെ ഭാഷ എന്റെ വീടാണ്. എന്റെ ആകാശമാണ്, ഞാന്‍ കാണുന്ന നക്ഷത്രമാണ്...' ഒമ്പത് വര്‍ഷം മുമ്പ് എം.ടി എഴുതിയ ഭാഷാപ്രതിജ്ഞ തുടങ്ങുന്നത് ഇങ്ങനെയാണ്. മലയാളമൊന്നാകെ ഏറ്റെടുത്ത ആ പ്രതിജ്ഞയെ നിന്ദിക്കുന്ന പ്രവൃത്തിയാണ് കഴിഞ്ഞദിവസം സെക്രട്ടേറിയറ്റ് ഹാളില്‍ സംഭവിച്ചത്. എം.ടിയുടെ കൈയക്ഷരങ്ങള്‍ പതിഞ്ഞ, മുഖ്യമന്ത്രി അനാച്ഛാദനം ചെയ്ത ഭാഷാപ്രതിജ്ഞാഫലകം ഹാളില്‍ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. എങ്ങനെ നോക്കിക്കാണുന്ന ഈ സംഭവത്തെ?
മഹാനായ എം.ടിക്കും മലയാളത്തിനും മലയാളജനതയ്ക്കും സംസ്‌കാരത്തിനും ഇത് അപമാനമാണ്. അത്യന്തം വേദനാകരവുമാണ്.
ആരാലും സ്വാധീനിക്കപ്പെടാത്ത എം.ടി താങ്കളുടെ അഭ്യര്‍ഥനപ്രകാരമാണ് ഭാഷാപ്രതിജ്ഞ എഴുതിയത്. ഓര്‍ക്കുന്നുവോ ആ സന്ദര്‍ഭം?
എം.ടിക്ക് എന്നോടുണ്ടായിരുന്ന വാത്സല്യവും മാതൃഭാഷയോടുള്ള സ്‌നേഹവുമാണ് മുഖ്യപ്രേരണ. സംവിധായകന്‍ ഹരികുമാറിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ 2015 ഏപ്രിലില്‍ തിരുവനന്തപുരത്തുവന്നപ്പോള്‍ ഞാന്‍ ക്ഷണിച്ചതനുസരിച്ച് കുട്ടികളെ കാണാന്‍ അദ്ദേഹമെത്തി. എന്റെ അപേക്ഷയനുസരിച്ച് രണ്ടു മിനിറ്റിനുള്ളില്‍ ബോര്‍ഡിലെഴുതിയ വാക്യങ്ങള്‍ മാഹാകാവ്യം പോലെ തോന്നി. ബഹുമാന്യനായ മുഖ്യമന്ത്രിയുടെ മുന്നില്‍ അതു സമര്‍പ്പിച്ചപ്പോള്‍ അദ്ദേഹം വളരെ താല്‍പര്യത്തോടെ ഔദ്യോഗികഭാഷാപ്രതിജ്ഞയായി അംഗീകരിക്കാന്‍ വളരെ വേഗം നടപടികളെടുത്തു. ഔദ്യോഗികഭാഷാവിദഗ്ധനെയും ചില ഉദ്യോഗസ്ഥരെയും എം.ടിയുടെ അടുത്തേയ്ക്കയച്ച് അദ്ദേഹത്തിന്റെ അനുവാദം വാങ്ങി. അത് കേരളത്തിന്റെ ഔദ്യോഗികഭാഷാപ്രതിജ്ഞയാക്കിക്കൊണ്ട് 2018 ഫെബ്രുവരി 18 ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. മലയാളജനത ആദരണീയനായ മുഖ്യമന്ത്രിയോട് കടപ്പെട്ടിരിക്കുന്നു; എം.ടിയോടും.
ലോക മാതൃഭാഷാദിനത്തില്‍ എം.ടിയുടെ ഭാഷാപ്രതിജ്ഞയ്ക്ക് ഔദ്യോഗിക മാനം കൈവന്നതോടെ എല്ലാ കേരളപ്പിറവിക്കും വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലും പ്രതിജ്ഞ ഏറ്റുചൊല്ലുന്നതും നമ്മള്‍ പതിവാക്കിയിരുന്നു. പക്ഷേ എം.ടിയുടെ കൈപ്പടയില്‍ എഴുതിയ ഭാഷാപ്രതിജ്ഞ ആലേഖനം ചെയ്ത ഫലകവും പീഠവും താങ്കള്‍ സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയാണ് സെക്രട്ടേറിയറ്റില്‍ എത്തിച്ചത് എന്നു കേള്‍ക്കുന്നു. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് തുടക്കത്തില്‍ ഇതിനോട് താല്‍പര്യമില്ലായിരുന്നോ?
ഫലകം നിര്‍മ്മിച്ചുനല്‍കാന്‍ സര്‍ക്കാര്‍ എനിക്ക് കത്തു നല്‍കിയതനുസരിച്ച് ഞാന്‍ എന്റെ ചെലവില്‍ അതു പണികഴിപ്പിച്ച് സെക്രട്ടേറിയറ്റിലെത്തിച്ചു. വകുപ്പുകള്‍ക്ക് താല്‍പര്യക്കുറവുള്ളതായി ഒട്ടുമേ അനുഭവപ്പെട്ടില്ല.
ഭാഷാപ്രതിജ്ഞാഫലകം പൊളിച്ചുനീക്കിയത് എന്തിനാണെന്നതിന് തൃപ്തികരമായ മറുപടി നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് കഴിഞ്ഞിട്ടില്ല. ഇതിനെല്ലാം നാന്ദികുറിച്ചയാള്‍ എന്ന നിലയില്‍ നിയമപരമായി മുന്നോട്ടുപോകാന്‍ ഉദ്ദേശിക്കുന്നുണ്ടോ?
എന്തിന്! സര്‍ക്കാര്‍ തന്നെയല്ലേ നിയമപരമായുള്ളത് ചെയ്യേണ്ടത്? ഏതെങ്കിലും ഗൂഢതാത്പര്യക്കാര്‍ ചെയ്യുന്നതിനെതിരേ പോകാനുള്ള പ്രായവും മനസ്സുമല്ല എന്റേത്.
മുഖ്യമന്ത്രി താല്‍പര്യപൂര്‍വം മുന്‍കൈയെടുത്ത് മാതൃഭാഷയ്ക്കുവേണ്ടി ചെയ്ത മഹത്തായ കാര്യത്തെ തമസ്‌കരിക്കാന്‍ തുനിഞ്ഞത് മുഖ്യമന്ത്രിക്കും സംസ്ഥാനത്തിനും അപമാനകരമാണ്. ഭാഷയോടു പ്രതിബദ്ധത എന്നും പുലര്‍ത്തുന്ന മുഖ്യമന്ത്രി തന്നെ ഇതിനു പരിഹാരം കാണുമെന്ന പ്രതീക്ഷയുണ്ട്.
തത്വത്തില്‍ രണ്ടു തരത്തിലുള്ള അപമാനമാണ് ഈ സംഭവം വരുത്തിവെച്ചിരിക്കുന്നത്- ഒന്ന് മലയാള ഭാഷയോട്, രണ്ടാമതായി എം.ടിയോട്. ഉത്തരം പറയേണ്ടവര്‍ മൗനം തുടരുമോ?
മാതൃഭാഷയുടെ ഉത്കര്‍ഷത്തിനെതിരായ പ്രവര്‍ത്തനവും ചില മൗനങ്ങളും വളരെ നാളുകളായി ഈ നാട് കാണുന്നുണ്ടല്ലോ. ഭാഷ കൊണ്ടു ജീവിക്കുന്നവര്‍ പോലും ഭാഷയ്‌ക്കെതിരേ പ്രവര്‍ത്തിക്കുന്നതു കാണാം.
ഭാഷാ-സാംസ്‌കാരിക പ്രാധാന്യമുള്ള പലതിനും അര്‍ഹമായ പ്രാധാന്യമോ പരിഗണനയോ നല്‍കുന്നതില്‍ നമ്മള്‍ക്ക് വീഴ്ച സംഭവിക്കുന്നുണ്ടോ? എവിടെയാണ് പിഴയ്ക്കുന്നത്?
വീഴ്ചകള്‍ ധാരാളം.
2016-ല്‍ എം.ടി എഴുതിയ പ്രതിജ്ഞ മുഖ്യമന്ത്രി മുന്‍കൈയെടുത്താണ് ഔദ്യോഗിക ഭാഷാപ്രതിജ്ഞയാക്കിയത്. താങ്കള്‍ പണം മുടക്കി നിര്‍മിച്ചുനല്‍കിയ ഭാഷാപ്രതിജ്ഞാഫലകം സംസ്ഥാനത്തിന് സമര്‍പ്പിച്ചതും മുഖ്യമന്ത്രിയാണ്. അദ്ദേഹത്തിന്റെ ഓഫീസ് അറിയാതെയാണ് ഈ 'പൊളിച്ചുനീക്കല്‍' നടന്നത് എന്നതാണ് അതിശയം?
മുഖ്യമന്ത്രി അറിഞ്ഞിട്ടേയില്ല ഈ സംഭവം എന്ന് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നു. ഓഫീസിനെക്കുറിച്ച് എനിക്കറിയില്ല. സെക്രട്ടേറിയറ്റിനുള്ളില്‍ ഇങ്ങനെയാരു സംഭവം നടന്നത് അതിശയകരമെന്നതിനേക്കാള്‍ ലജ്ജാകരമാണ്.
താങ്കള്‍ക്കുകൂടി നേരിടേണ്ടി വന്ന ഒരു അപമാനമായി ഇതിനെ കാണുന്നുണ്ടോ?
ഞാനും മലയാളഭാഷയുടെ ഒരു എളിയ ഭാഗമാണ്. ഈ 'പൊളിച്ചുനീക്കല്‍' മലയാളത്തിനാകെ അപമാനമാണ്. എം.ടി സ്മരണയോടുള്ള നിന്ദയും ആണ്.
എന്താണ് സാംസ്‌കാരികത? വരുംതലമുറകളിലേക്ക് സാംസ്‌കാരികത പകര്‍ന്നുകൊടുക്കേണ്ടതെങ്ങനെയാണ്?
നാടിന്റെ സാംസ്‌കാരികതയുടെ അസ്തിവാരം മാതൃഭാഷ തന്നെയാണ്. മാതൃഭാഷാസംസ്‌കാരത്തിലൂടെ വേണം കുരുന്നു തലമുറകള്‍ക്ക് ആത്മബോധവും ആത്മവിശ്വാസവും പകര്‍ന്നുകൊടുക്കേണ്ടത്. 'എന്റെ ഭാഷ ഞാന്‍ തന്നെയാണ്' എന്ന പ്രതിജ്ഞാവാക്യം വ്യക്തിയുടെയും സമൂഹത്തിന്റെയും സൃഷ്ടിക്കുള്ളതാണ്. അതിനെതിരേ, സങ്കുചിത താല്‍പര്യത്തോടെ ഗൂഢമായി പ്രവര്‍ത്തിക്കുന്നവരെയാണ് സര്‍ക്കാര്‍ കണ്ടെത്തേണ്ടത്. നാടിന്റെ ഭദ്രതയ്ക്കായുള്ള എല്ലാ ആവശ്യങ്ങളും പരിഗണിച്ചു മുന്നോട്ടുപോകുന്ന സര്‍ക്കാറാണ് ഉത്തമ സര്‍ക്കാര്‍. എതിരേയുള്ള ഏതു നീക്കങ്ങളെയും പ്രതിരോധിക്കാന്‍ ഈ സര്‍ക്കാറിനു കഴിയുമെന്ന് പ്രത്യാശിക്കുന്നു.
ഫലകം പുനഃസ്ഥാപിക്കാനുള്ള നീക്കമുണ്ടാവുമോ? ഇനിയൊരു ഫലകം കൂടി താങ്കളുടെ ചെലവില്‍ നിര്‍മിച്ചുകൊടുക്കേണ്ടിവരുമോ?
അപ്രത്യക്ഷമായ ഫലകം തന്നെ പുനഃസ്ഥാപിക്കപ്പെടുമെന്നാണ് എന്റെ പ്രതീക്ഷ.
Published: 05 Oct 2025, 11:31 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented