മലയാള നോവല്‍ സാഹിത്യത്തിന്റെ വായനപ്രിയതയുടെ ചരിത്രത്തിലെ വലിയ പേരുകളിലൊന്നാണ് ടി.ഡി രാമകൃഷ്ണന്റേത്. ചരിത്രവും മിത്തും നിഗൂഢതയും വിജ്ഞാനവും ഇടകലര്‍ത്തി ടി.ഡി കഥ തുടങ്ങുമ്പോള്‍ അതുവരെ അപരിചിതമായൊരു ലോകത്തിന്റെ ഉള്ളറകളിലേക്ക് വായനക്കാര്‍ അനായാസം കടന്നുചെല്ലുകയായി. ടി.ഡിയുടെ കഥകള്‍ സാധാരണ മനുഷ്യരുമായി സംവദിക്കാനാണ് പലപ്പോഴും ഇഷ്ടപ്പെടുന്നത്. മാതൃഭൂമി ബുക്‌സ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന 'ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി' എന്ന കഥാസമാഹാരത്തെ മുന്‍നിര്‍ത്തി എഴുത്തുകാരനുമായി നടത്തിയ അഭിമുഖം.

To advertise here,

ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന കഥ വായിച്ചുകൊണ്ടിരിക്കേ, കഥ കൈകാര്യം ചെയ്യുന്ന വിഷയത്തേക്കാള്‍ ആകര്‍ഷിച്ചത് ആ കഥയ്ക്കായി തിരഞ്ഞെടുത്ത ഭാഷയാണ്. ചെറുകഥ എന്ന ദുഷ്‌കരമായ സങ്കേതത്തോട് ഭാഷ എവ്വിധത്തിലാണ് ഒട്ടിച്ചേര്‍ന്നുനില്‍ക്കുന്നത്.

എനിക്കേറ്റവും പ്രിയപ്പെട്ട മലയാള ചെറുകഥകളിലൊന്നാണ് സേതുവിന്റെ 'ദൂത്'. എന്റെ എഴുത്തിനേയും ചിന്തകളേയും വലിയ തോതില്‍ ആ കഥ സ്വാധീനിച്ചിട്ടുണ്ട്. ദൂതില്‍ രണ്ടുപേര്‍ തമ്മിലുള്ള സംഭാഷണങ്ങളിലൂടെ വളരെ ലളിതമായിട്ടാണ് സേതുവേട്ടന്‍ കഥ പറയുന്നത്. പക്ഷേ,   തികച്ചും സ്വാഭാവികമായ ആ സംസാരഭാഷയുടെ താളവും സൗന്ദര്യവും വ്യാഖാനത്തിന്റെ അനന്തസാധ്യതകളും എന്നെ അത്ഭുതപ്പെടുത്തി. വാക്കുകള്‍കൊണ്ട് വിശദീകരിക്കാനാവാത്ത ഒരു അനുഭവമായി ആ കഥയുടെ വായന മാറി. റോളങ്ങ് ബാര്‍ത്ത് 'പ്ലഷര്‍ ഓഫ് ടെക്സ്റ്റി'നെകുറിച്ച് പറയുന്നതുപോലെ ഒരു റീഡേഴ്‌സ് ടെക്സ്റ്റ്, റൈറ്റേഴ്‌സ് ടെക്സ്റ്റായി മാറുന്ന മാന്ത്രികവിദ്യ ഞാന്‍ ദൂതില്‍ കണ്ടു.

ചെറുകഥയെന്ന സാഹിത്യരൂപം ഭാഷയുടെ വളരെ സൂക്ഷ്മമായ പ്രയോഗം ആവശ്യപ്പെടുന്ന ഒന്നാണ്. ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന കഥ പുരോഹിതപഠനം പാതിയിൽ ഉപേക്ഷിച്ചുപോന്ന ലാസറച്ചനും ആഖ്യാതാവായ ബെന്നിയും തമ്മിലുള്ള സംഭാഷണങ്ങളുടെ രൂപത്തിലാണ് വികസിക്കുന്നത്. കുന്നംകളം, ചാവക്കാട് എന്നീ പ്രദേശങ്ങളിലെ ക്രിസ്ത്യാനികളുടെ സംസാരഭാഷയാണ് കഥയില്‍ ഉപയോഗിച്ചിരിക്കുന്നത്. എന്നാല്‍, ഇതൊരു റിയലിസ്റ്റിക് കഥയല്ല. ചരിത്രത്തിലേക്കും മിത്തിലേക്കുമുള്ള ഭാവനയുടെ സൂക്ഷ്മസഞ്ചാരങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. അതുകൊണ്ടുതന്നെ അതിന് അനുയോജ്യമായൊരു ഭാഷ സൃഷ്ടിക്കേണ്ടി വരുന്നു. എന്നാല്‍, ഇക്കാര്യങ്ങളൊന്നും കഥയെഴുതുന്ന സമയത്ത് അത്ര ഗൗരവമായി ചിന്തിച്ചിരുന്നില്ല. മനസ്സില്‍ തോന്നിയത് അങ്ങെഴുതിപ്പോവുകയായിരുന്നു. പിന്നീട് വായിച്ചുനോക്കുമ്പോള്‍ ചില തിരുത്തലുകള്‍ വേണമെന്ന് തോന്നും. അവ തിരുത്തുമ്പോള്‍ വേറെ ചിലത് തിരുത്തിയാലോ എന്ന് തോന്നും. അങ്ങനെ തിരുത്തിത്തിരുത്തിയാണ് കഥ ഇപ്പോള്‍ കാണുന്ന രൂപത്തിലായത്. 

 കറുത്ത മാലാഖ, വെളുത്ത മാലാഖ, യമനികള്‍, അടിമത്തം, ആലിലയില്‍ കിടക്കുന്ന കൊച്ചുകുട്ടിയായി മാറി എന്നു പറയപ്പെടുന്ന ഉണ്ണിയീശോ... ടി.ഡി രാമകൃഷ്ണന്‍ എന്ന എഴുത്തുകാരന്‍ വേറിട്ടുനിര്‍ത്തുന്ന ബിംബങ്ങള്‍, കാഴ്ചകള്‍ ഇങ്ങനെയൊക്കെയാണ്. ഒറ്റക്കഥകൊണ്ട് ഒരു ചരിത്രവും മിത്തും പറയുന്നുണ്ട് താങ്കള്‍. 

ആറുവിരലുകളുള്ള ഉണ്ണിയേശു എന്ന എന്റെ ഭ്രാന്തന്‍ ഭാവനയില്‍ തോന്നിയൊരു ചിന്തയില്‍ നിന്നാണ് ഈ കഥ പിറവിയെടുക്കുന്നത്. ആ സങ്കല്‍പ്പത്തെ ബലപ്പെടുത്താന്‍ വേണ്ടി കറുത്ത മാലാഖ, വെളുത്ത മാലാഖ, യമനികള്‍ തുടങ്ങിയ ബിംബങ്ങള്‍ കൂടി ചേര്‍ത്തതാണ്. ചരിത്രത്തിലെ പൂരിപ്പിക്കപ്പെടാത്ത ഇടങ്ങളിലേക്കാണല്ലോ നമുക്ക് ഭാവന ഉപയോഗിച്ച് കയറിച്ചെല്ലാന്‍ കഴിയുക. ചാവക്കാട് കടപ്പുറത്തിനടുത്തൊന്നും അങ്ങനെയൊരു ദ്വീപുണ്ടായിരുന്നില്ല. അങ്ങനെയൊരു ദ്വീപും ദ്വീപിലൊരു പള്ളിയും ഉണ്ടായിരുന്നെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഒരു ദിവസം കടപ്പുറത്തിരിക്കുമ്പോള്‍ എനിക്ക് തോന്നിയതാണ്. 

ആ ദ്വീപിലൊരു പള്ളിയും പള്ളിയില്‍ ദിവ്യശക്തിയുള്ള ഉണ്ണിയേശുവിന്റെ വിഗ്രഹവുമുണ്ടായിരുന്നെങ്കിലോ? കരയില്‍ നിന്ന് കൂട്ടംകൂട്ടമായി ആളുകള്‍ തോണികളില്‍ അങ്ങോട്ടൊഴുകിയെത്തില്ലേ? ക്രമേണ അതൊരു വലിയ തീര്‍ത്ഥാടന കേന്ദ്രമാകില്ലേ? പണം വന്ന് കുമിഞ്ഞുകൂടില്ലേ? ഇല്ലാത്തൊരു പള്ളിയെക്കുറിച്ച് ചിന്തിച്ചുചിന്തിച്ചാണ് നമ്മള്‍ ഇവിടേക്കെത്തുന്നത്. മുസരിസ് ഭരിച്ചിരുന്ന ചേരചക്രവര്‍ത്തി ഭാസ്‌കരരവിവര്‍മ്മന്‍ മകള്‍ക്ക് കാഴ്ച ലഭിക്കാനായി അവിടേക്ക് വന്നാലോ? മകള്‍ക്ക് കാഴ്ച കിട്ടുമ്പോള്‍ ഉണ്ണിയേശുവിന്റെ വിഗ്രഹം മുസരിസിലേക്ക് കൊണ്ടുപോകണമെന്ന് തോന്നിക്കൂടെ? രാജാവിന്റെ ദുരാഗ്രഹത്തോട് ദൈവം എങ്ങനെയായിരിക്കും പ്രതികരിക്കുക? ഭാവനയെ യുക്തികൊണ്ട് തിരിച്ചം മറിച്ചും വായിക്കാനുള്ള ശ്രമങ്ങളില്‍ കഥയുടെ അനന്തസാധ്യതകള്‍ മുന്നിലേക്ക് വരും. ചരിത്രവും ഇവിടെ കഥ പറയാനുള്ളൊരു സാധ്യതയാകുന്നുവെന്ന് മാത്രം.

ചാവക്കാട് കടപ്പുറം ഗുരുവായൂരിന് വളരെയടുത്താണ്. ഗുരുവായൂര്‍ ക്ഷേത്രത്തേക്കുറിച്ചുള്ളൊരു മിത്തില്‍ മഹാപ്രളയത്തിനുശേഷം ആലിലയില്‍ കിടക്കുന്ന കൃഷ്ണനാണ്. അതുപോലെ ഉണ്ണിയേശു ആലിലയില്‍ കിടക്കുന്നത് കഥയിലല്ലേ സങ്കല്‍പ്പിക്കാന്‍ പറ്റൂ.

 'പലുകേ ബംഗാരമായേനാ...' കാഞ്ചേര്‍ല ഗോപണ്ണയുടെ പ്രശസ്ത കീര്‍ത്തനം. ശങ്കരാഭരണം എന്ന ചിത്രത്തിനുവേണ്ടി വാണി ജയറാം അസാധ്യമായി പാടിയ തെലുങ്കു കീര്‍ത്തനം എന്നുകൂടി കൂട്ടിച്ചേര്‍ത്താല്‍ മലയാളിക്ക് അടുത്ത ബന്ധുവായിത്തീരുന്നു 'പലുകേ ബംഗാരമായേനാ...' കഥയിലെ മനുഷ്യരുടെ ദുര്യോഗമോര്‍ക്കുകയായിരുന്നു. ചാമ്യേട്ടന്‍ എന്ന കഥാപാത്രം പ്രതിനിധാനം ചെയ്യുന്ന ജീവിതാവസ്ഥ എക്കാലവും നമ്മള്‍ക്കിടയിലുണ്ട്. കുടത്തിലെ വിളക്കുപോലെ എരിഞ്ഞുകത്തുന്ന പ്രതിഭകള്‍. ഈ കഥയില്‍ ഇടയ്ക്ക് വന്ന് പറന്നുപോകുന്ന കാക്ക തരുന്ന ഒരു ദുസ്സൂചനയുണ്ട് - മരണം. കഥയുടെ ഒടുക്കം സംഭവിക്കുന്നതും അതാണ്. തെളിഞ്ഞുകത്തുന്ന പ്രതിഭകളും കരിഞ്ഞുകത്തുന്ന മനുഷ്യരും തമ്മിലുള്ള അകലം ഈ കഥയില്‍ പ്രകടമാണ്. സംഗീതം പശ്ചാത്തലമാക്കി ഇത്തരത്തിലൊരു കഥ പറയാനുള്ള മോട്ടീവ് എന്തായിരുന്നു?

ഈ ലോകം മുഴുവന്‍ തങ്ങളുടെ കാല്‍ക്കീഴിലാക്കിയെന്ന മനുഷ്യവംശത്തിന്റെ അഹങ്കാരത്തിനേറ്റ കനത്ത തിരിച്ചടിയായിരുന്നു കോവിഡ് മഹാമാരി. ഒരു സൂക്ഷ്മജീവി ഉയര്‍ത്തിയ വെല്ലുവിളിക്ക് മുമ്പില്‍ നമുക്ക് നിസ്സഹായരായി നില്‍ക്കേണ്ടി വന്നു. ആ സമയത്ത് ഞാനും ഭാര്യ ആനന്ദവല്ലിയും പാലക്കാട് സുല്‍ത്താന്‍പേട്ടക്കടുത്തുള്ള ചെട്ടിത്തെരുവിലെ ഒരു ഫ്‌ളാറ്റില്‍ താമസിക്കുകയാണ്. തെരുവിന്റെ ഒരറ്റത്ത് സംഗീതവിനായകര്‍ കോവിലാണ്. മറ്റേയറ്റത്താണ് ഞങ്ങള്‍ താമസിച്ചിരുന്ന ഫ്‌ളാറ്റ്. രണ്ടാം നിലയിലുള്ള ഫ്‌ളാറ്റിലിരുന്നാല്‍ ആ ചെറിയ തെരുവിലെ എല്ലാ വീടുകളും സംഗീതവിനായകര്‍ കോവിലും കാണാം. കോവിലുകളിലും കല്യാണങ്ങള്‍ക്കും നാദസ്വരം വായിച്ച് കിട്ടുന്ന തുച്ഛമായ വരുമാനംകൊണ്ട് ജീവിക്കുന്ന തമിഴ് ചെട്ടിമാരാണ് ആ തെരുവില്‍ താമസിച്ചിരുന്നവരില്‍ ഭൂരിപക്ഷവും. കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ അവര്‍ക്ക് ജോലിയില്ലാതായി. സംഗീതവിനായകര്‍ കോവില്‍ അടച്ചിട്ടു. കല്യാണങ്ങള്‍ നടക്കാതായി. ആ ദിവസങ്ങളില്‍ ഉച്ചസമയത്തൊക്കെ തെരുവിലെ വൃദ്ധനായൊരു നാദസ്വരവായനക്കാരന്‍ എന്നും വീടിന്റെ ഉമ്മറത്തിരുന്ന് നാദസ്വരം വായിക്കുമായിരുന്നു. മുന്നിലെ വൈദ്യുതി കമ്പിയിലിരിക്കുന്ന കാക്കകളൊഴികെ വേറെയാരും കേള്‍ക്കാനുണ്ടാവില്ല. 

ടി.ഡി.രാമകൃഷ്ണന്റെ പുസ്തകങ്ങൾ വാങ്ങാം

കുടത്തിലെ വിളക്കുപോലെ എരിഞ്ഞുകത്തുന്ന പ്രതിഭകള്‍ക്ക് കല ഒരു ജീവതോപാധി കൂടിയാണ്. ആവിഷ്‌ക്കാരത്തിനുള്ള ഇടങ്ങള്‍ ഇല്ലാതായാല്‍ അവരുടെ ജീവിതം കരിഞ്ഞുപോകും. കോവിഡ് കാലത്ത് പല കലാകാരന്മാര്‍ക്കും ഈ അവസ്ഥ നേരിടേണ്ടി വന്നിരുന്നു. എങ്കിലും അവര്‍ക്ക് തങ്ങളുടെ ജീവിതത്തിന്റെ ഭാഗമായ കലയെ ഉപേക്ഷിക്കാനാവില്ല. അതുകൊണ്ടാണ് ചാമ്യേട്ടന്‍ നട്ടുച്ചയ്ക്ക് ആരും കേള്‍ക്കാനില്ലെങ്കിലും നാദസ്വരം വായിക്കുന്നത്. 

അന്ന് ഞങ്ങള്‍ക്ക് ശബരിയെന്നൊരു ചെറുപ്പക്കാരനാണ് ഭക്ഷണം കൊണ്ടുവന്നുതരാറുള്ളത്. അവനാണ് തെരുവിലെ ആളുകളെപ്പറ്റിയും അവരുടെ ജീവിതത്തെപ്പറ്റിയും വിശ്വാസങ്ങളെപ്പറ്റിയുമൊക്കെ പറഞ്ഞുതന്നത്. തെരുവില്‍ ഓരോരുത്തരേയായി കോവിഡ് ബാധിക്കാന്‍ തുടങ്ങി. അവരെ ആംബുലന്‍സില്‍ കയറ്റിക്കൊണ്ടുപോകുന്നത് ഞങ്ങള്‍ ജനലിലൂടെ കണ്ടു. അതില്‍ പലരും മരിച്ചു. നട്ടുച്ചക്ക് നാദസ്വരം വായിച്ചിരുന്ന വൃദ്ധനും അങ്ങനെ മരണത്തിന് കീഴടങ്ങി. എല്ലാ പ്രതിസന്ധികളിലും തങ്ങളെ രക്ഷിക്കുമെന്ന് അവര്‍ വിശ്വസിച്ച സംഗീതം അവര്‍ക്ക് തുണയായില്ല. ആ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് പലുകെ ബംഗാരമായേന എഴുതിയത്. ഞങ്ങള്‍ അവിടെ നിന്ന് കുന്നംകുളത്തേക്ക് മടങ്ങിയതിനുശേഷമാണ് കഥ മാതൃഭൂമി ഓണപ്പതിപ്പില്‍ അച്ചടിച്ചുവന്നത്. പക്ഷേ അതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ശബരി കോവിഡ് ബാധിച്ച് മരിച്ചു. അത് വലിയൊരു വേദനയായി.

 ഒരു കോവിഡ്​കാല റഫറന്‍സ് കഥയായി മാറുന്നുണ്ട് പലുകേ ബംഗാരമായേനാ... ബ്ലാക് ഡെത്ത് കാലത്തെക്കുറിച്ച് എമിലി ഡിക്കിസണ്‍ കവിതകളിലൂടെ നമ്മള്‍ തിരയുന്നതുപോലെ കോവിഡ്​കാലജീവിതത്തെക്കുറിച്ച് ഈ കഥ ഡോക്യുമെന്റ് ചെയ്യുന്നുണ്ട്. ഭാവിയിലേക്കുള്ള ചരിത്രനിര്‍മിതി കൂടിയാണോ കഥയെഴുത്ത്.

എമിലി ഡിക്കിന്‍സന്റെ കവിതകളോട് താരതമ്യം ചെയ്യാവുന്ന മഹത്തായ രചനയൊന്നുമല്ല പലുകെ ബംഗാരമായേന. ആ സാഹചര്യത്തില്‍ ഞാന്‍ നേരിട്ടുകണ്ട കുറെ പച്ച മനുഷ്യരുടെ ജീവിതം രേഖപ്പെടുത്തിവെച്ചുവെന്നേയുള്ളൂ. എന്നാല്‍ കേവിഡ് കാലത്തിനു ശേഷം അങ്ങനെയൊരു കഥയെഴുതിയത് വളരെ നന്നായിയെന്ന് തോന്നി. ഇന്ന് ആ കഥയെടുത്ത് വായിച്ചുനോക്കുമ്പോള്‍ കോവിഡ് കാലത്തെ ഭയവും വേദനയും കണ്ണീരും എനിക്ക് കണ്‍മുന്നില്‍ കാണാന്‍ കഴിയുന്നുണ്ട്. ഞാന്‍ ഉള്‍പ്പെടുന്ന ജനത എങ്ങനെയാണ് ആ കാലത്തെ അതിജീവിച്ചതോര്‍ക്കുമ്പോള്‍ ഭയം തോന്നുന്നു. 

കോവിഡ് മഹാമാരി തീര്‍ച്ചയായും നമ്മുടെ ചരിത്രത്തില്‍ രേഖപ്പെടുത്തേണ്ട കാര്യം തന്നെയാണ്. അതിനെ സഹായിക്കുന്ന ഔദ്യോഗിക രേഖകളും മാധ്യമ റിപ്പോര്‍ട്ടുകളും പുസ്തകങ്ങളുമെല്ലാം ധാരാളമുണ്ടാവും. എന്നാല്‍ ഒരു സര്‍ഗ്ഗാത്മകരചനയിലൂടെ അത് നിര്‍വഹിക്കുമ്പോള്‍ അതിന് മറ്റൊരു മാനം വരും. തകഴിയുടെ വെള്ളപ്പൊക്കത്തില്‍ എന്ന കഥ വായിക്കുമ്പോളാണ് അത്തരം രചനകളുടെ പ്രധാന്യം നമുക്ക് മനസ്സിലാകുന്നത്. 

 'മെനഞ്ഞെടുക്കുന്ന കഥകളിലെ യാഥാര്‍ഥ്യത്തിന്റെ അംശത്തെക്കുറിച്ച് ടി. പത്മനാഭനോട് ഒരിക്കല്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു; 'എല്ലാം നടന്ന കഥ തന്നെയായിരിക്കും. തനി സ്വര്‍ണം പൊട്ടിപ്പോവാതിരിക്കാന്‍ ഒരു തരി ചെമ്പുചേര്‍ക്കുന്നതുപോലെ ലേശം ഭാവന വിളക്കിച്ചേർക്കും.' 'അഭയാര്‍ഥികള്‍' എന്ന കഥയിലെ ലച്ച്മിയെയും മുത്തുവിനെയും അങ്ങനെയാണ് കാണാന്‍ കഴിയുന്നത്. ടി.ഡി രാമകൃഷ്ണന്‍ എന്ന കഥാകൃത്ത് ഇക്കഥയ്ക്കു സ്വീകരിച്ച ഡോക്യുമെന്റ് നരേറ്റീവ് രീതി 'സംഭവിച്ച കഥ' എന്ന നിഗമനത്തെ ശക്തമാക്കുന്നുമുണ്ട്. അഭയാര്‍ഥികള്‍ എന്ന കഥയുടെ പിന്നാമ്പുറങ്ങളെക്കുറിച്ച് പറയാമോ.

ടി. പത്മനാഭന്‍ പറഞ്ഞത് നൂറുശതമാനം സത്യമാണ്. അദ്ദേഹത്തിന്റെ മിക്ക കഥകളും യഥാര്‍ത്ഥ സംഭവങ്ങളെ ഭാവനകൊണ്ട് വളരെ സൂക്ഷ്മമായി വിളക്കി ബലപ്പെടുത്തിയവയാണ്. അതുകൊണ്ടാണ് നമ്മള്‍ അദ്ദേഹത്തെ മലയാളത്തിലെ ഏറ്റവും പ്രഗത്ഭനായ വേഡ്‌സ്മിത്തായി കണക്കാക്കുന്നത്. പപ്പേട്ടനെപ്പോലെ തന്നെ എനിക്ക് ഏറെ പ്രിയപ്പെട്ട കഥാകാരനായ സി.വി.ശ്രീരാമനോട് ഒരിക്കല്‍ അദ്ദേഹത്തിന്റെയൊരു കഥ വായിച്ച് യഥാര്‍ത്ഥ ജീവിതത്തില്‍ ഇങ്ങനെയൊക്കെ സംഭവിക്കുമോയെന്ന് ചോദിച്ചപ്പോള്‍, ''തനിക്ക് അവരെ നേരിട്ട് കാണണോ?'' എന്ന് തിരിച്ചുചോദിച്ചതാണ് ഈ അവസരത്തില്‍ ഓര്‍മ്മ വരുന്നത്. യാഥാര്‍ത്ഥ്യവും ഭാവനയും തമ്മിലുള്ള അതിര്‍വരമ്പ് തിരിച്ചറിയാനാവാത്ത വിധം അത്ര നേര്‍ത്തതായിരുന്നു ആ കഥയില്‍.

യാഥാര്‍ത്ഥ്യത്തെ ഭാവനകൊണ്ട് പരമാവധി പോളിഷ് ചെയ്ത് അവതരിപ്പിക്കാനാണ് ഞാന്‍ ശ്രമിക്കാറുള്ളത്. ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി പോലെയുള്ള കഥകളില്‍ യാഥാര്‍ത്ഥ്യം വളരെ കുറവും ഭാവന കൂടുതലുമാണ്. എന്നാല്‍ അഭയാര്‍ത്ഥികള്‍ പോലെയുള്ള കഥകളില്‍ നേരേ തിരിച്ചുമാണ്. അഭയാര്‍ത്ഥികളില്‍ ഭാവന തീരെയില്ലെന്നുതന്നെ പറയാം. 

ഞാന്‍ റെയില്‍വേയില്‍ ജോലിക്ക് ചേര്‍ന്ന് മൂന്നോ നാലോ കൊല്ലം കഴിഞ്ഞാണ് സേലത്തുനിന്ന് പാലക്കാട്ടേക്ക് ട്രാന്‍സ്ഫറായി വരുന്നത്. കോളേജില്‍ നിന്ന് പുറത്തിറങ്ങിയിട്ട് അധികം കാലമായിട്ടില്ലാത്തതിനാല്‍ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളില്‍ വളരെ ആവേശത്തോടെ പങ്കെടുക്കുന്ന കാലം. അതിന്റെ ഭാഗമായി സീനിയറായ പല ജീവനക്കാരേയും സമീപിക്കുമ്പോള്‍ അവരുടെ ഭാഗത്തുനിന്നുള്ള തണുപ്പന്‍ പ്രതികരണം എന്നെ നിരാശനാക്കിയിരുന്നു. ഒരിക്കല്‍ കൊഴിഞ്ഞമ്പാറക്കാരനായൊരു കീമാന്‍ അതിന്റെ കാരണം എന്നോട് വിശദമായി പറഞ്ഞതാണ് അഭയാര്‍ത്ഥികള്‍ എന്ന കഥ. 1974-ലെ ഐതിഹാസികമായ റെയില്‍വേ സമരത്തില്‍ പങ്കെടുത്ത് ഒളിവിലായിരുന്നപ്പോള്‍, ആര്‍പിഎഫുകാര്‍ രാത്രി വന്ന് അദ്ദേഹത്തിന്റെ കുടുംബത്തെ പുറത്താക്കി ക്വാര്‍ട്ടേഴ്‌സ് സീല്‍ ചെയ്തു. ആ പാതിരയ്ക്ക് അദ്ദേഹത്തിന്റെ മാതാപിതാക്കളും ഭാര്യയും കുട്ടികളും വീട്ടുസാധനങ്ങളുമായി ഒരു കാളവണ്ടിയില്‍ കൊഴിഞ്ഞാമ്പാറയിലേക്ക് പോകേണ്ടവന്നു. പിന്നീട് അദ്ദേഹത്തെ തമിഴ്‌നാട്ടില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. തീവണ്ടി മറിക്കാന്‍ ശ്രമിച്ചു വെന്ന് കേസ് കെട്ടിച്ചമച്ച് ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. മൂന്നരക്കൊല്ലം അദ്ദേഹത്തിന് ജോലിയില്ലാതെ കഴിയേണ്ടി വന്നു. അതായിരുന്നു ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനങ്ങളോട് സഹകരിക്കാനുള്ള ഭയത്തിന് കാരണം. അഭയാര്‍ത്ഥികളില്‍ അദ്ദേഹം പറഞ്ഞ കാര്യങ്ങളില്‍ ഞാന്‍ കാര്യമായിട്ടൊന്നും കൂട്ടിച്ചേര്‍ത്തിട്ടില്ല.

 ബ്യൂറോക്രസിയുടെ മറ്റൊരു നെറികെട്ട അവസ്ഥ ചൂണ്ടിക്കാണിക്കുന്ന കഥകൂടിയാണ് അഭയാര്‍ഥികള്‍. സമരം, നിലപാടുകള്‍, മുറുകെപ്പിടിക്കുന്ന ആദര്‍ശങ്ങള്‍, അടിയറവെക്കുന്ന ജീവിതം. ഒരു മനുഷ്യന്‍ തന്റെ ജീവിതകാലയളവില്‍ ഇത്രയധികം തരണം ചെയ്യേണ്ടി വരുന്നു. ആ മനുഷ്യന്റെ ജീവിതചക്രത്തെ നിയന്ത്രിക്കുന്ന തരത്തില്‍ പിടിമുറുക്കുന്നു ഉദ്യോഗസ്ഥഭരണം. ഇത് രണ്ടും റെയില്‍വേ ഉദ്യോഗസ്ഥനായിരുന്ന എഴുത്തുകാരന്റെ നിരീക്ഷണത്തില്‍ എങ്ങനെയാണ് വിലയിരുത്തപ്പെട്ടിരിക്കുന്നത്.

 1974-ലെ റെയില്‍വേ സമരം ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ശക്തമായ തൊഴിലാളി പ്രക്ഷോഭമായിരുന്നു. പതിനെട്ട് ലക്ഷത്തോളം വരുന്ന റെയില്‍വേ തൊഴിലാളികള്‍ ജീവിക്കാന്‍ വേണ്ട മിനിമം ശമ്പളത്തിന് (Need based minum wage) വേണ്ടിയാണ് അന്ന് സമരം ചെയ്തത്. ഈ സമരത്തിനുശേഷം 1981-ലാണ് ഞാന്‍ റെയില്‍വേയില്‍ ചേരുന്നത്. അന്ന് ടിക്കറ്റ് കളക്ടറെന്ന മൂന്നാം ക്ലാസ് ജോലിയില്‍ ചേര്‍ന്ന എന്റെ അടിസ്ഥാന ശമ്പളം 260 രൂപയായിരുന്നു. ഒരു കൊല്ലം ജോലി ചെയ്താല്‍ കിട്ടുന്ന ഇന്‍ക്രിമെന്റ് ആറുരൂപ! അതിലും മോശമായ സാഹചര്യത്തില്‍ ജീവിക്കാന്‍ വഴിയില്ലാതെയാണ് 1974-ല്‍ റെയില്‍ വേ ജീവനക്കാര്‍ സമരം ചെയ്തത്. ഒരു തീവണ്ടിപോലും ഓടാതെ ഇന്ത്യ മഹാരാജ്യം അന്ന് നിശ്ചലമായി. അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധി അതിക്രൂരമായി സമരത്തെ അടിച്ചമര്‍ത്തി. ഭീഷണി, അറസ്റ്റ്, മര്‍ദ്ദനം, പിരിച്ചുവിടല്‍ എന്നിങ്ങനെ എല്ലാ തന്ത്രങ്ങളും അതിനായി പ്രയോഗിച്ചു. റെയില്‍വേയുടെ ടോപ് ബ്രൂറോക്രസിയും ഭരണകക്ഷിയുടെ ട്രേഡ് യൂണിയനും അതിനുവേണ്ട എല്ലാ ഒത്താശകളും ചെയ്തു. ഇപ്പോഴും അന്നത്തെ അടിച്ചമര്‍ത്തലിന്റെ നടുക്കത്തില്‍ നിന്ന് റെയില്‍വേ ജീവനക്കാര്‍ മോചിതരായി എന്ന് പറയാറായിട്ടില്ല.

ഇന്ത്യന്‍ റെയില്‍വേയിലെ ജീവനക്കാരുടെ അവസ്ഥയില്‍ ഇപ്പോഴും കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചിട്ടില്ല. ശമ്പളത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടായെങ്കിലും റണ്ണിങ് സ്റ്റാഫിന്റേയും ലൈന്‍ സ്റ്റാഫിന്റേയും വര്‍ക്കിങ് കണ്ടീഷന്‍സ് ഇന്നും വളരെ മോശമാണ്. മനുഷ്യത്വരഹിതമായ തൊഴില്‍ നിയമങ്ങളുടേയും അധികാരികളുടെ അടിച്ചമര്‍ത്തലിന്റേയും ഇരകളാണ് അവര്‍. ഇതിനെല്ലാം കാരണം ഇന്ത്യന്‍ റെയില്‍വേ ബ്രിട്ടീഷുകാരുടെ പാരമ്പര്യം അതുപോലെ തുടരുന്നതുകൊണ്ടാണെന്ന് പറയാറുണ്ട്. അതില്‍ വലിയ കാര്യമൊന്നുമില്ല. ബ്രിട്ടീഷ് ബ്രൂറോക്രസി ഇതിലും എത്രയോ ഭേദമായിരുന്നു. ബ്രിട്ടീഷുകാരുടെ നന്മകളെല്ലാം ഉപേക്ഷിച്ച് തിന്മകള്‍ മാത്രം നിലനിര്‍ത്തുകയാണ് പുതിയ ഭരണാധികാരികള്‍ ചെയ്തത്. 2016 ജനുവരി 31 ന്, റെയില്‍വേയില്‍ നിന്ന് സ്വമേധയാ റിട്ടയര്‍ ചെയ്ത ദിവസം, തലയില്‍ നിന്ന് വലിയൊരു ഭാരം ഇറക്കിവെച്ചതുപോലെയാണ് എനിക്ക് തോന്നിയത്. അത്ര സമ്മര്‍ദ്ദം നിറഞ്ഞതായിരുന്നു റെയില്‍വേയിലെ ജോലി. 

placeholder
TD Ramakrishnan
ടി.ഡി. രാമകൃഷ്ണൻ. ഫോട്ടോ: ടി.ഡി.സിദ്ധിഖുൽ അക്ബർ​

പാലക്കാട് എലപ്പുള്ളി രണ്ട് കഥകളില്‍ പരാമര്‍ശിച്ചുകണ്ടു. അഭയാര്‍ഥികള്‍, അന്നം എന്നീ കഥകളില്‍. എലപ്പുള്ളിയോട് എന്താണിത്ര മമത? പറയാന്‍ വന്നത് അതല്ലെങ്കിലും കൂടി സ്ഥലരാശി എടുത്തുപറയണമെന്നുതോന്നി. അച്യുതന്‍ കുട്ടി എന്ന കൃഷിക്കാരനെപ്പറ്റി ഓര്‍ക്കുകയായിരുന്നു. ലാഭമായാലും നഷ്ടമായാലും പാട്ടത്തിനു പാടമെടുത്ത് കൃഷിയിറക്കാന്‍ മാത്രമറിയുന്ന ഒരു നിഷ്‌കളങ്കന്‍. മെട്രോ മനുഷ്യരുടെ ബിഗ്‌പ്രൊജക്ടുകള്‍ക്കുമുന്നില്‍ തീപിടിച്ചുപോകുന്ന അധ്വാനവും ജീവനും. ഈ കഥയില്‍ ചിരുതേയി എന്ന മിത്തും ലിവിങ് റ്റുഗേദര്‍ എന്ന യാഥാര്‍ഥ്യവും ചേരുവകളാവുന്നുമുണ്ട്. അതുപോലെ തന്നെ സരസ്വതി ടീച്ചറുടെ മകള്‍ ഗ്രീഷ്മ വരയ്ക്കുന്ന ശ്രീദേവിയുടെ ചിത്രം- നാഭിയില്‍ നെല്ലുവിളഞ്ഞ കൈകാലുകള്‍ ബന്ധിക്കപ്പെട്ട ദേവത-അന്നം പോലൊരു കഥയുടെ പ്രചോദനം എന്തായിരുന്നു.

ഞാന്‍ ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ കാലം താമസിച്ചിട്ടുള്ളത് പാലക്കാട് ജില്ലയിലാണ്. അവിടെയാണെനിക്ക് ഏറ്റവുമധികം സുഹൃത്തുക്കളുള്ളത്. 
ആ കൂട്ടുകാരില്‍ കൃഷിയെ സ്വന്തം ജീവനെപ്പോലെ സ്‌നേഹിക്കുന്ന നിരവധിപേരുണ്ടായിരുന്നു. അവര്‍ പറഞ്ഞുകേട്ട നിരവധി അനുഭവകഥകള്‍ എന്റെ മനസ്സിൽ ഇപ്പോഴും മായാതെ കിടക്കുന്നുണ്ട്. ആ കഥകളില്‍ നിന്നാണ് അച്യുതന്‍കുട്ടിയുണ്ടാകുന്നത്. സ്വന്തമല്ലാത്ത കോള്‍പ്പാടത്ത് കൃഷി ചെയ്യുന്ന അച്യുതന്‍കുട്ടി സ്വന്തമല്ലാത്തൊരു സ്ത്രീയുടെ കൂടെ താമസിക്കുന്ന കഥ. 

റെയില്‍വേയില്‍ നിന്ന് റിട്ടയര്‍ ചെയ്തശേഷമാണ് ഞാന്‍ ആദ്യമായി തൃശ്ശൂര്‍ ജില്ലയിലെ കോള്‍പ്പാടങ്ങള്‍ കാണാന്‍ പോകുന്നത്. അതുവരെ കോള്‍പ്പാടങ്ങള്‍ എന്ന് കേട്ടിട്ടേയുണ്ടായിരുന്നൂള്ളൂ. അവിടെച്ചെന്നപ്പോള്‍ കൃഷിയുടെ മറ്റൊരു മുഖമാണ് കാണുന്നത്. വിളഞ്ഞ് കൊയ്യാറായിക്കിടക്കുന്ന പാടത്തിന് സ്വര്‍ണനിറമായിരുന്നു. കൊയ്ത്തു, മെതിയന്ത്രങ്ങള്‍ വരാന്‍ കാത്തുകിടക്കുന്ന വിശാലമായ പാടശേഖരങ്ങള്‍. അവിടെ കോള്‍ പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്നൊരു പാലക്കാട്ടുകാരനെ പരിചയപ്പെടുകയും ചെയ്തു. അവിടെ നിന്ന് മടങ്ങി ഏതാനും ദിവസങ്ങള്‍ കഴിഞ്ഞപ്പോളാണ് കോള്‍പ്പാടത്തിന് തീപിടിച്ച വാര്‍ത്ത പത്രത്തില്‍ വായിക്കുന്നത്. അതായിരുന്നു അന്നം എന്ന കഥ എഴുതാനുള്ള പ്രചോദനം. അന്ന് മുതല്‍ എന്റെ എഴുത്തിന്റെ രീതിയനുസരിച്ച് അന്നത്തെപ്പറ്റി കിട്ടാവുന്നത്ര വിവരങ്ങള്‍ അറിയാനുള്ള ശ്രമമായി. അങ്ങനെയാണ് ഇൻഡൊനീഷ്യയിലെ ശ്രീദേവിയെന്ന മിത്തിലേക്കെത്തുന്നത്. ഗ്രീഷ്മ വരക്കുന്നത് ആ ശ്രീദേവിയെയാണ്. 

എനിക്ക് പാലക്കാട് എലപ്പുള്ളിക്കടുത്ത് പഞ്ചായത്ത് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്തിരുന്ന പ്രദീപ് എന്നൊരു സുഹൃത്തുണ്ടായിരുന്നു. പ്രദീപ് പാലക്കാട് എന്ന പേരില്‍ ഫെയ്​സ്ബുക്കിലൊക്കെ എഴുതുമായിരുന്നു. കാസ്‌ട്രേഷന്‍, കോയമ്പത്തൂര്‍ ബോംബ് സ്‌ഫോടനം എന്നീ രണ്ട് ചെറുകഥാസമാഹാരാങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മികച്ച വായനക്കാരനും കഥാകൃത്തുമായ പ്രദീപ് ഫ്രാന്‍സിസ് ഇട്ടിക്കോര വായിച്ച് ഇഷ്ടപ്പെട്ട് തന്റെ കാറിന്റെ പിറകിലെ ഗ്ലാസില്‍ Francis Itty Cora എന്ന വലിയൊരു സ്റ്റിക്കര്‍ ഒട്ടിച്ചിരുന്നു. പ്രദീപ് അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത്, പുതിയതായി പണികഴിപ്പിച്ച വീട് ചുവന്ന നാടമുറിച്ച് ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചപ്പോളാണ്. 2018- ല്‍ പ്രദീപ് ഈ ലോകത്തു നിന്ന് വിടവാങ്ങി. എലപ്പുള്ളിയെക്കുറിച്ച് ചോദിച്ചാല്‍ എനിക്ക് ആദ്യം പ്രദീപിനെക്കുറിച്ചേ പറയാന്‍ കഴിയൂ. അവിടെ പ്രദീപിനെക്കൂടാതെ വേറേയും കൂട്ടുകാരുമുണ്ട്. എനിക്ക് വളരെ പ്രിയപ്പെട്ടൊരു സ്ഥലമാണത്. രണ്ടുവര്‍ഷം മുമ്പ് എലപ്പുള്ളിയിലെ അത്താച്ചി എന്ന ഫാം ഹൗസില്‍ കുറച്ചുദിവസം താമസിച്ചിരുന്നു. ഇരുപത്തിയഞ്ചേക്കറില്‍ നെല്ലും തെങ്ങും മാവും പ്ലാവും മറ്റ് ഫലവൃക്ഷങ്ങളും നിറഞ്ഞ മനോഹരമായൊരു സ്ഥലം. മൂന്നേക്കറിലേറെ വലിപ്പമുള്ളൊരു കുളവും അതിലുണ്ട്. അത്താച്ചിയില്‍ ഞാറ് നടുന്നത് കണ്ട് നില്‍ക്കുമ്പോളാണ് ഞാന്‍ അന്നം എന്ന കഥ എഴുതി തുടങ്ങുന്നത്. 

എം.ജി.എസ് നാരായണന്‍ ഐസിഎച്ച്ആറിന്റെ അധ്യക്ഷനായിരിക്കുമ്പോള്‍ അന്നത്തെ മാനവവിഭവശേഷി മന്ത്രിയായിരുന്ന മുരളീമനോഹര്‍ ജോഷി ഒരു കാര്യം ആവശ്യപ്പെട്ടു. എഡി 8-ാം നൂറ്റാണ്ടില്‍ ജനിച്ച ശങ്കരാചാര്യരെ ബി.സി 3000-ലേക്ക് മാറ്റി രേഖപ്പെടുത്തണം എന്നായിരുന്നത്രേ അത്. ഒപ്പം മറ്റൊന്നുകൂടിയുണ്ടായിരുന്നു വേദിക് പിരീഡിനെ സിന്ധുനദീതട സംസ്‌കാരവുമായി ബന്ധിപ്പിക്കണം. എം.ജി.എസ് ഐസിഎച്ച്ആറിന്റെ അധ്യക്ഷകസേരയുമായി ഇടയുന്നത് അങ്ങനെയാണ്. 'കാശി' എന്ന കഥ വായിച്ചപ്പോള്‍ വളച്ചൊടിച്ച് മുനമ്പ് പൊട്ടിയ ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലിനെ ഓര്‍ത്തുപോയി. ചരിത്രഗവേഷകരെയും അക്കാദമിക്കുകളെയും അധികാരത്തിന്റെ അച്ചുതണ്ടില്‍ നിര്‍ത്തുന്ന പ്രവണത ഇന്ത്യന്‍ അക്കാദമിക സമൂഹത്തിന് അപമാനമാണ്. അത്തരം സാഹചര്യത്തെ വളരെ ഗൗരവമായിട്ടാണ് താങ്കള്‍ 'കാശി' എന്ന കഥയിലൂടെ ട്രീറ്റ് ചെയ്തിരിക്കുന്നത്. ജയ് ഭാരത് മാതായും ജയ് ഹിന്ദും തമ്മിലുള്ള വലിയ വ്യത്യാസം നമ്മള്‍ തിരിച്ചറിഞ്ഞിട്ടും മിണ്ടാതിരിക്കുകയാണോ.

കാശി എന്ന കഥയില്‍ വര്‍ത്തമാന ഇന്ത്യയിലെ വിദ്യാഭ്യാസ ഗവേഷണ മേഖലകളുടെ അവസ്ഥയാണ് ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചിട്ടുള്ളത്. അധികാരത്തിലിരിക്കുന്നവര്‍ തങ്ങളുടെ താത്പര്യങ്ങള്‍ നടപ്പാക്കാന്‍ എത്ര സമര്‍ത്ഥമായിട്ടാണ് ഇന്ന് ചരിത്രത്തേയും ഗവേഷണങ്ങളേയും മാനിപ്പുലേറ്റ് ചെയ്യുന്നത്. എം.ജി.എസിനോട് മുരളിമനോഹര്‍ ജോഷി അങ്ങനെ ആവശ്യപ്പെട്ടിരുന്നോ എന്ന് എനിക്കറിയില്ല. ഉണ്ടെങ്കില്‍ അതിലൊട്ടും അത്ഭുതപ്പെടാനില്ല. എന്റെ ആല്‍ഫ എന്ന നോവലില്‍, പ്രധാന കഥാപാത്രമായ നരവംശശാസ്ത്രഗവേഷകന്‍ ഉപലേന്ദു ചാറ്റര്‍ജിയോട്, അടിയന്തരാവസ്ഥക്കാലത്ത് വ്യാജചരിത്രം എഴുതാന്‍ പ്രധാനമന്ത്രി നേരിട്ട് ആവശ്യപ്പെടുന്നതിനെക്കുറിച്ച് പറയുന്നുണ്ട്. ഉത്തരം മുമ്പേ തയ്യാറാക്കി നടത്തുന്ന അന്വേഷണമായി ഇന്ന് ചരിത്ര ഗവേഷണം അധഃപതിച്ചിരിക്കുന്നു. നഗരങ്ങളുടെ പേര് മാറ്റുന്നതിനും ആരാധാനാലയങ്ങളില്‍ ഉദ്ഘനനം നടത്തി മതഃസ്പര്‍ദ്ധ വളര്‍ത്തുന്നതിനും ന്യായീകരണങ്ങള്‍ കണ്ടെത്തുകയാണ് ഇന്ന് ഗവേഷകരുടെ ചുമതല. ഉത്തരേന്ത്യയിലെ മഹാഭാരതത്തിലും രാമായണത്തിലും പരാമര്‍ശിക്കുന്നതായി വിശ്വസിക്കപ്പെടുന്ന സ്ഥലങ്ങളില്‍ ഉദ്ഘനനങ്ങള്‍ നടത്തി കൂടുതല്‍ തെളിവുകള്‍ കണ്ടെത്താന്‍ പ്രത്യേക ഗവേഷണ പദ്ധതികള്‍ തന്നെ ആവിഷ്‌ക്കരിച്ചിരിക്കുന്നു. ഇത് ഇന്ത്യയില്‍ മാത്രം നടക്കുന്ന കാര്യവുമല്ല. ശ്രീലങ്കയില്‍ മഹീന്ദ രാജപക്‌സെയുടെ ഭരണകാലത്ത് ജാഫ്‌നയിലും പരിസരപ്രദേശങ്ങളിലും സിംഹളര്‍ സഹസ്രാബ്ദങ്ങള്‍ക്കുമുമ്പേ താമസിച്ചിരുന്നുവെന്ന് സ്ഥാപിക്കാനായി വ്യാജമായ ആര്‍ക്കിയോളജിക്കല്‍ തെളിവുകള്‍ ഉണ്ടാക്കിയിരുന്നു. ഞാന്‍ അതിനെപ്പറ്റി സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകിയില്‍ എഴുതിയിട്ടുണ്ട്. ഫാസിസ്റ്റ് സ്വഭാവമുള്ള ഭരണകൂടങ്ങള്‍ മറ്റ് രാജ്യങ്ങളിലും ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. 

വാരാണസി വലിയ പാരമ്പര്യമുള്ള സ്ഥലമാണ്. മതസൗഹാര്‍ദ്ദത്തിന്റെ, സാഹിത്യത്തിന്റെ, സംഗീതത്തിന്റെ, ശാസ്ത്രത്തിന്റെ ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഒക്കെ വലിയ പാരമ്പര്യം ആ പ്രദേശത്തിന് അവകാശപ്പെടാന്‍ കഴിയും. കമ്മ്യൂണിസ്റ്റുകാരനായ സത്യനാരായണ്‍ സിങ് 1967-ല്‍ പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മണ്ഡലമാണ് വാരാണസി. ആ മണ്ണിലാണിന്ന് വെറുപ്പിന്റെ രാഷ്ട്രീയം വിളയിച്ചെടുക്കുന്നത്. ചരിത്രവും ശാസ്ത്രവുമെല്ലാം അതിനുവേണ്ടി മാനിപ്പുലേറ്റ് ചെയ്യപ്പെടുന്നത്. അതെല്ലാം ഈ രാജ്യത്തെ ചിന്തിക്കുന്ന മനുഷ്യര്‍ തിരിച്ചറിയുന്നുണ്ട്. അവര്‍ അവരുടേതായ രീതിയില്‍ പ്രതികരിക്കുന്നുമുണ്ട്. നുണകള്‍ക്ക് മുകളില്‍ പണിതുയര്‍ത്തുന്ന അധികാരഗോപുരത്തിന് അധികകാലം നിലനില്‍ക്കാനാവില്ല. അത് ഇന്നല്ലെങ്കില്‍ നാളെ നിലം പതിക്കുക തന്നെ ചെയ്യും. അതാണ് ചരിത്രം നമുക്ക് നല്‍കുന്ന പാഠം. 

ഫാദര്‍ പൗലോസ് പാലാട്ട് എന്ന വൈദികന്റെ കഥയായ 'ഇര' കോര്‍പ്പറേറ്റുശക്തികളും നിയമവാഴ്ചയും തമ്മിലുള്ള അന്തര്‍ധാര പ്രകടമാക്കുന്ന ഒന്നാണ്. എഴുന്നേറ്റ് നടക്കാന്‍ പരസഹായം ആവശ്യമുള്ള എണ്‍പതുകഴിഞ്ഞ വൃദ്ധപുരോഹിതന്‍ ഓടിപ്പോകുമോ എന്നു ഭയന്ന് കൈകാലുകള്‍ ബന്ധിപ്പിച്ചിരിക്കുന്ന വിധം കഥാകൃത്ത് വിവരിക്കുമ്പോള്‍ വായിക്കുന്നയാള്‍ അനുഭവിക്കുന്ന മാനസികാവസ്ഥ വിശദീകരിക്കാന്‍ കഴിയാത്തതാണ്. ഫാദര്‍ സ്റ്റാന്‍സ്വാമിയുടെ പ്രതിബിംബമായി നില്‍ക്കുന്നു ഫാ. പൗലോസ് പാലാട്ട്. ഹിന്ദുത്വപാര്‍ട്ടികളുടെ വീക്ഷണത്തിലെ ക്രിസ്ത്യന്‍, നക്സല്‍, പാതിരിമാര്‍, സര്‍ക്കാരിനെ പിണക്കാന്‍ തയ്യാറല്ലാത്ത സഭ, ബോക്സൈറ്റ് ഖനനത്തിന്റെ പ്രത്യാഘാതമനുഭവിക്കാന്‍ വിധിക്കപ്പെട്ട ആദിവാസികള്‍... ഒരു ത്രികോണ സംഘര്‍ഷം നിലനില്‍ക്കുന്ന വര്‍ത്തമാനകാല ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കഥയാണ് ഇര. ഇരകള്‍ക്കുവേണ്ടി സ്വയം ഇരയാകാന്‍ ഇറങ്ങിത്തിരിക്കുന്ന ഫാ. പൗലോസിനെ കണ്ടെടുത്തത് സ്റ്റാന്‍സ്വാമിയില്‍ നിന്നായിരിക്കുമല്ലോ.

 എനിക്ക് പാദര്‍ സ്റ്റാന്‍സ്വാമിയെ നേരിട്ടറിയില്ല. അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ച് മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകളാണ് ഈ കഥയെഴുതാന്‍ പ്രേരിപ്പിച്ചത്. ഇന്ത്യയെപ്പോലൊരു ജനാധിപത്യരാജ്യത്ത് ഇത്ര ക്രൂരമായൊരു മനുഷ്യാവകാശധ്വംസനം നടന്നുവെന്നറിഞ്ഞപ്പോള്‍ എനിക്ക് കടുത്ത അപമാനവും ലജ്ജയും തോന്നി. ഒഡിഷ, ഛത്തിസ്ഘട്ട്, ഝാര്‍ഖണ്ഡ് മുതലായ ധാതുസമ്പന്നമായ സംസ്ഥാനങ്ങളില്‍ തദ്ദേശവാസികള്‍ക്കെതിരെ ഖനനമാഫിയ നടത്തുന്ന ആസൂത്രിതമായ കുടിയൊഴിപ്പിക്കലുകളെക്കുറിച്ച് മുമ്പ് വായിച്ചറിഞ്ഞ കാര്യങ്ങളുമായി സ്റ്റാന്‍സ്വാമിയുടെ മരണത്തെ ചേര്‍ത്തുവെച്ചപ്പോള്‍ കഥക്കുള്ള സാധ്യത തെളിഞ്ഞുവന്നു. പിന്നെയും ആ വിഷയത്തെക്കുറിച്ച് ധാരാളം വായിക്കുകയും മനസ്സിലാക്കുകയും ചെയ്തതിനുശേഷമാണ് എഴുതാന്‍ തുടങ്ങുന്നത്. 

ഫാദര്‍ സ്റ്റാന്‍സ്വാമിയെ നേരിട്ടറിയാത്തതുകൊണ്ടോ എന്തോ, ജീവിതത്തില്‍ വലിയ തോതില്‍ സഹായിച്ച മറ്റൊരു ഫാദറാണ് ആ കഥയെഴുതുമ്പോള്‍ സ്റ്റാന്‍സ്വാമിയുടെ രൂപത്തില്‍ എന്റെ മനസ്സിലുണ്ടായിരുന്നത്. സുഹൃത്തുക്കള്‍ മുളങ്ങാട്ടിലച്ചന്‍ എന്നു വിളിക്കുന്ന അദ്ദേഹത്തിന്റെ പേര് ഫാദര്‍ എം.ടി.ജോസഫ് എന്നാണ്. 1976-ല്‍ ഞാന്‍ ആലുവ യു.സി. കോളേജില്‍ പ്രീഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഫാദര്‍ അവിടെ ഡിഗ്രിക്ക് പഠിക്കുന്നുണ്ടാ യിരുന്നു. അടിയന്തരാവസ്ഥക്കാലമാണ്. അദ്ദേഹമായിരുന്നു ഞങ്ങളുടെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍. ഞങ്ങള്‍ രണ്ടുപേരും കൂടി കോളേജിനെ പ്രതിനിധീകരിച്ച് പ്രസംഗമത്സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അച്ചനാണ് എന്നെ ഗൗരവമായ വായനയിലേക്ക് നയിച്ചത്. പിന്നീട് മഹാരാജാസ് കോളേജില്‍ ചേര്‍ന്ന അദ്ദേഹം താലന്ത് എന്ന മാസികക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ബല്‍ഗാമിലേക്ക് ട്രാന്‍സ്ഫറായിപ്പോയ ഫാദര്‍ അവിടത്തെ സാധാരണക്കാരായ മനുഷ്യര്‍ക്കുവേണ്ടി ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്.

 ശിവലേഖയുടെ അമ്മ എന്ന കഥയില്‍ ടി.ഡി രാമകൃഷ്ണന്‍ എന്ന എഴുത്തുകാരനെ വളരെ അടുത്തുനിന്നും കാണാന്‍ കഴിയുന്നുണ്ട്. വായനക്കാരാണ് എഴുത്തുകാരുടെ വളരെയടുത്ത ബന്ധുക്കള്‍ എന്നു പ്രസ്താവിക്കുന്ന, വായനക്കാരെ അലിവോടെ പരിഗണിക്കുന്ന എഴുത്തുകാരന്‍. ഓര്‍മ നഷ്ടപ്പെട്ടുപോയ ഒരമ്മ പക്ഷേ ഓര്‍ത്തിരിക്കുന്നുണ്ട് ദേവനായകിയുടെ പിറന്നാള്‍. ശിവലേഖയുടെ അമ്മയ്ക്ക് ഓര്‍മ നഷ്ടപ്പെടും മുമ്പ് വായിച്ചുമടക്കിവെച്ച പുസ്തകമാണ് സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി. കഥാപാത്രത്തോടൊപ്പം ജീവിക്കുന്ന 'തിയേറ്റര്‍ എഫക്ട്' പ്രകടമാക്കുന്ന കഥ. ഇത് അനുഭവമാണോ.

 ഒരു യഥാര്‍ത്ഥ അനുഭവമല്ല. ജീവിതത്തില്‍ പലകാലങ്ങളിലായി ഞാന്‍ പരിചയപ്പെട്ട പല വ്യക്തികളില്‍ നിന്നാണ് ഈ കഥ രൂപം കൊള്ളുന്നത്. ആദ്യമായി ശിവലേഖയെന്ന പേര് കിട്ടിയതെങ്ങനെയെന്ന പറയാം. മുപ്പതിലേറെ കൊല്ലങ്ങള്‍ക്കുമുമ്പ് ഞാന്‍ ഗുഡ്‌സ് ഗാര്‍ഡായി ജോലി ചെയ്യുന്ന കാലത്ത് കല്ലായി റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായി ഒരു വനിതയുണ്ടായിരുന്നു. അന്ന് പാലക്കാട് ഡിവിഷനിലുണ്ടായിരുന്ന ഏക വനിത സ്റ്റേഷന്‍ മാസ്റ്റര്‍. അവരുടെ പേരാണ് ശിവലേഖ. വളരെ മാന്യയായ സ്മാര്‍ട്ടായ ഉദ്യോഗസ്ഥയായിരുന്നു അവര്‍. ആ പേരുള്ള മറ്റൊരാളേയും ഞാനിതുവരെ കണ്ടിട്ടില്ല. പേരിലല്ലാതെ ഈ കഥയുമായി അവര്‍ക്കൊരു ബന്ധവുമില്ല. 

വായനക്കാരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന ആളാണ് ഞാന്‍. ഈ കഥയില്‍ പറയുന്ന അവസ്ഥയില്‍ അല്ലെങ്കിലും പല വായനക്കാരുടെ അടുത്തും നേരിട്ട് പോയിട്ടുണ്ട്. അതിന്റെ പലമടങ്ങ് വായനക്കാര്‍ കാണാന്‍ വീട്ടിലേക്ക് വരാറുമുണ്ട്. അവര്‍ ഞാനെഴുതിയ കഥയെക്കുറിച്ചും കഥാപാത്രങ്ങളെക്കുറിച്ചും പറയുന്നത് കേട്ട് അത്ഭുതപ്പെട്ടിരുന്നിട്ടുണ്ട്. എന്റെ കഥാപാത്രങ്ങളെക്കുറിച്ച് അവര്‍ക്ക് എന്നേക്കാള്‍ നന്നായിട്ടറിയാം. അതുകൊണ്ടാണ് ശിവലേഖയുടെ അമ്മ ഇന്ന് ദേവനായകിയുടെ പിറന്നാളാണ് എന്ന് പറയുന്നത്. 

ഷാജി എന്‍ കരുണിന്റെ 'ഓള്‍' എന്ന സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതുന്ന കാലത്താണ് ഞാന്‍ അദ്ദേഹത്തിന്റെ അസോസിയേറ്റ് ഡയറക്ടറായ മുരളിയെ പരിചയപ്പെടുന്നത്. മുരളിയും കോഴിക്കോട്ടുകാരനാണ്. മുരളിയുടെ ജ്യേഷ്ഠസഹോദരി നല്ലൊരു വായനക്കാരിയാണ്. എന്റെ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി അവരുടെ പ്രിയപ്പെട്ട പുസ്തകമാണെന്ന് മുരളി പറഞ്ഞു. മുരളിയുടെ അമ്മ പതിനാറുമാസമായി കോഴിക്കോട്ടെ ഒരു ഹോസ്പിറ്റലില്‍ കോമയില്‍ കിടക്കുകയായിരുന്നു. ഈ ചേച്ചിയാണ് അമ്മയ്ക്ക് കൂട്ടിരിക്കുന്നത്. ഒരു ദിവസത്തില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ ഏതാനും നിമിഷത്തേക്ക് അമ്മക്ക് ബോധം തെളിയും. അപ്പോള്‍ ചേച്ചിയെ നോക്കിയൊന്ന് പുഞ്ചിരിക്കും. ആ പുഞ്ചിരി കാണാന്‍ വേണ്ടി മാത്രമാണ് സ്‌കൂള്‍ ടീച്ചറായ ചേച്ചി ലീവെടുത്ത് കൂട്ടിരിക്കുന്നത്. എനിക്ക് അതുകേട്ടപ്പോള്‍ അത്ഭുതം തോന്നി. ആ അമ്മയേയോ ചേച്ചിയേയോ ഞാന്‍ നേരിട്ട് കണ്ടിട്ടില്ല. മുരളി പറഞ്ഞ അറിവ് മാത്രമേയുള്ളൂ. പക്ഷേ അതെന്റെ മനസ്സില്‍ ഇന്നും മായാതെ കിടക്കുന്നുണ്ട്. അതില്‍ നിന്നാണ് ശിവലേഖയുടെ അമ്മയെന്ന കഥയുണ്ടായത്.  

 സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി, അന്ധര്‍, ബധിരര്‍, മൂകര്‍, ഫ്രാന്‍സിസ് ഇട്ടിക്കോര, മാമാ ആഫ്രിക്ക, പച്ച, മഞ്ഞ, ചുവപ്പ്...തുടങ്ങി വൈവിധ്യമാര്‍ന്ന പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന നോവലുകളുടെ മഹാഭണ്ഡാരം തന്നെ ടി.ഡി രാമകൃഷ്ണന്റെ അക്കൗണ്ടിലുണ്ട്. ചെറുകഥാകൃത്ത് എന്ന നിലയില്‍ താങ്കള്‍ തൃപ്തിയില്ലായ്മ അനുഭവിച്ചിട്ടുണ്ടോ. ആറ്റിക്കുറുക്കലാണല്ലോ ഈ തച്ചിലെ പ്രധാന നയിപ്പ് എന്നുപറയുന്നത്. 

ഒരിക്കലുമില്ല. രണ്ടിലും കഥയാണ് പറയുന്നതെങ്കിലും ചെറുകഥയും നോവലും വളരെ വ്യത്യസ്തങ്ങളായ രണ്ട് സാഹിത്യരൂപങ്ങളാണ്. പ്രമേയത്തിന്റെ സ്വഭാവമനുസരിച്ച് ഏതുരൂപമാണ് സ്വീകരിക്കേണ്ടതെന്ന് തീരുമാനിക്കുകയാണ്. ഫ്രാന്‍സിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാള്‍ ദേവവനായകി എന്നിവപോലെയുള്ള ഒരു പ്രമേയങ്ങള്‍ നോവലായി മാത്രമേ എഴുതാന്‍ കഴിയൂ. ആറ് വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി ചെറുകഥയായിട്ടാല്ലാതെ എനിക്ക് സങ്കല്‍പ്പിക്കാനും കഴിയില്ല.