സിനിമാപ്രേമികളും പുസ്തകപ്രിയരും ഒരുപോലെ കാത്തിരുന്ന ചലച്ചിത്രമാണ് രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത 'ഭ്രമയുഗം.' സിനിമാറ്റിക്കായ നിഗൂഢകൃതികളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച ടി.ഡി. രാമകൃഷ്ണന്‍ ചിത്രത്തിലൂടെ സ്‌ക്രീനിനായി വീണ്ടുമെഴുതി. വേഷപ്പകര്‍ച്ചയോടെ നടന്‍ മമ്മൂട്ടി നിറഞ്ഞാടി. പ്രേക്ഷകപ്രതീക്ഷയും വായനക്കാരുടെ വെമ്പലും വര്‍ധിപ്പിച്ച 'ഭ്രമയുഗ'ത്തിലൂടെ സിനിമയും സാഹിത്യവും വീണ്ടും ഒരുമിച്ചെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണങ്ങളോടെ തിയേറ്ററുകളില്‍ മുന്നേറുന്ന 'ഭ്രമയുഗ'ത്തെക്കുറിച്ച് എഴുത്തുകാരന്‍ ടി.ഡി. രാമകൃഷ്ണന്‍ സംസാരിക്കുന്നു; 

To advertise here,

നോവലില്‍ നിന്നും സിനിമയിലേക്കുള്ള ദൂരം വളരെ കുറച്ചു മാത്രമേയുള്ളൂവെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍. 'ഭ്രമയുഗ'ത്തിന്റെ സംഭാഷണമെഴുതിക്കൊണ്ടാണ് ഇത്തവണ ടി.ഡി.യുടെ പേര് സ്‌ക്രീനില്‍ തെളിഞ്ഞിരിക്കുന്നത്. പ്രൊജക്ടുമായി സഹകരിക്കാനുള്ള സാഹചര്യം എങ്ങനെയായിരുന്നു

കോവിഡ് കഴിഞ്ഞ സമയത്താണ് ചിത്രത്തിന്റെ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ 'ഭ്രമയുഗ'ത്തിന്റെ ആശയം പറയുന്നത്. കേട്ടപ്പോള്‍ എനിക്ക് താല്‍പര്യം തോന്നി. സിനിമയ്ക്ക് സംഭാഷണമെഴുതാമോ എന്നോട് ചോദിച്ചു. ഞാന്‍ സമ്മതമറിയിച്ചു. രാഹുലിന്റെ 'ഭൂതകാലം' എന്ന സിനിമ വന്നതിനുശേഷം മാസങ്ങളോളം ഒരുമിച്ചിരുന്ന് ഞങ്ങള്‍ 'ഭ്രമയുഗ'ത്തിനായി വര്‍ക്ക് ചെയ്യുകയായിരുന്നു.

എല്ലാ തലമുറ വായനക്കാരേയും ആകര്‍ഷിച്ച സാഹിത്യസൃഷ്ടികളാണ് താങ്കളുടേത്. നോവല്‍ വായിച്ചതിനാലാണോ സിനിമയിലെഴുതാന്‍ സംവിധായകന്‍ സമീപിച്ചത്

രാഹുലിന്റെ അച്ഛന്‍ നല്ലൊരു വായനക്കാരനാണ്. അവര്‍ക്ക് നമ്മളെക്കുറിച്ചൊക്കെ ഒരു ധാരണയുണ്ടായിരുന്നു. അങ്ങനെയാണ് എന്നിലേക്കെത്തുന്നത്. കഥ പിന്നീട് ചര്‍ച്ചയിലൂടെ വികസിച്ച് വന്നു. പണ്ടെത്തെ കഥയുമായൊന്നും ബന്ധമില്ല. പുതിയൊരു കഥ തുടങ്ങി, അത് വികസിപ്പിക്കുകയായിരുന്നു. 

പുസ്തകമെഴുത്തും സിനിമയ്ക്കായുള്ള എഴുത്തും എങ്ങനെ കാണുന്നു? 

ഷാജി എന്‍. കരുണിന്റെ 'ഓള്‌' എന്ന സിനിമയ്ക്കുശേഷമാണ് മറ്റൊരു സിനിമയുടെ ഭാഗമാകുന്നത്. പൊതുവേ ഞാന്‍ സിനിമ ഇഷ്ടമുള്ള ഒരാളാണ്. സിനിമയെ ഗൗരവത്തോടെ കാണാനും മനസ്സിലാക്കാനും ഇഷ്ടമുണ്ട്. പുതിയ കാലത്തിന്റെ ശക്തമായ ഒരു മാധ്യമമാണ് സിനിമ. ഒരേസമയം പലതലങ്ങളിലൂടെ കാര്യങ്ങള്‍ പറയാന്‍ സാധിക്കുന്ന ടെക്‌നോളജി ഉപയോഗപ്പെടുത്തിയുള്ള ഒരു ആര്‍ട്ട്. ഇക്കാലത്ത് ശക്തമായി സമൂഹത്തിലേക്ക് നമുക്കൊരു കാര്യം കൊടുക്കാന്‍ കഴിയുക സിനിമയിലൂടെയാണ്. അതുകൊണ്ടുതന്നെ സിനിമയുമായി ബന്ധപ്പെട്ട് വര്‍ക്ക് ചെയ്യുക എന്നത് സന്തോഷമുള്ള കാര്യമാണ്.

placeholder
Mammootty in 'Bramayugam'. | Photo: www.facebook.com/Mammootty
'ഭ്രമയുഗ'ത്തിൽ മമ്മൂട്ടി | ഫോട്ടോ: www.facebook.com/Mammootty

സിനിമയും എഴുത്തും രണ്ട് കലയാണ്. കഥയോ നോവലോ എല്ലാം വാക്കുകള്‍ ഉപയോഗിച്ച് ചെയ്യുന്ന ഒരു കലാപ്രവര്‍ത്തനമാണ്. അതിന്റെ സാധ്യത അനന്തമാണ്. ഭാഷയാണ് അവിടെ മാധ്യമം. നമുക്ക് ഭാവനയുടെ അനന്തമായ തലങ്ങളിലേക്ക് പോകാം. ഒരെഴുത്തുകാരനെന്ന നിലയ്ക്ക് ആ സ്വാതന്ത്ര്യം മറ്റൊരു മാധ്യമത്തിലും കിട്ടില്ല. എഴുത്ത് നമുക്ക് തരുന്ന സ്വാതന്ത്ര്യവും അതിന്റെ സാധ്യതകളുമുണ്ട്. ഭാഷകൊണ്ടുള്ള കലയാണത്. 

സിനിമ ആത്യന്തികമായി സംവിധായകന്റെ കലയാണ്. അതില്‍ പലതരത്തിലുള്ള കലാരൂപങ്ങളുടെ ഒരു മിശ്രണം സംഭവിക്കുന്നുണ്ട്. അഭിനയം, സിനിമാറ്റോഗ്രഫി, കഥ, സംഗീതം അങ്ങനെയങ്ങനെ... എല്ലാതരത്തിലുമുള്ള കലയുടെ സാധ്യതകളെ ടെക്‌നോളജി ഉപയോഗിച്ച് ഏറ്റവും ഭംഗിയായി പ്രദര്‍ശിപ്പിക്കുന്നതാണ് സിനിമ. അത് വലിയൊരു ടീം വര്‍ക്കാണ്. എഴുത്തുകാരന്‍, അഭിനേതാക്കള്‍, എഡിറ്റര്‍, സംഗീതം ചെയ്യുന്നവര്‍, ആര്‍ട്ട് ചെയ്യുന്നവര്‍, എല്ലാവരുമുള്ള ടീം. ഡയറക്ടറുടെ ഒരു കണ്‍സെപ്റ്റിലാണല്ലോ നമ്മളൊക്കെ അവിടെ കൂടെനില്‍ക്കുന്നത്. അത് ഏറ്റവും മികച്ച വര്‍ക്ക് ആക്കാന്‍ ഓരോരുത്തരും അവരവരുടെ നിലയില്‍ സംഭാവന ചെയ്യുന്നു.  

നോവലെഴുതുന്നത് വളരെ പേഴ്‌സണല്‍ ആണ്. ഒറ്റയ്ക്ക് ചെയ്യുന്ന കാര്യമാണത്. രണ്ടും വ്യത്യസ്തമായ കലാപ്രവര്‍ത്തനങ്ങളാണ്. താരതമ്യം ചെയ്യാന്‍ കഴിയില്ല. സിനിമയിലെ സംഭാഷണം ചെയ്യുമ്പോള്‍ സ്വാഭാവികമായും ഭാഷ ഉപയോഗിക്കുന്ന കാര്യത്തിലായിരിക്കും എഴുത്തുകാര്‍ക്ക് ഇടപെടാനും സംഭാവന ചെയ്യാനും സാധിക്കുക. ഒരു എഴുത്തുകാരന്‍ സിനിമയില്‍ ഇടപെടുമ്പോള്‍ ആ ധാരണ കൃത്യമായി ഉണ്ടെങ്കില്‍ നമുക്ക് നല്ലപോലെതന്നെ വര്‍ക്ക് ചെയ്യാനും അതിനോട് ചേര്‍ന്നുപോകുവാനും സാധിക്കും എന്നാണ് ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. 'ഭ്രമയുഗം' സിനിമയുടെ തുടക്കംമുതല്‍ മിക്കവാറും എല്ലാ സ്‌റ്റേജിലും ഞാനുണ്ടായിരുന്നു. ആ മാധ്യമത്തോടുള്ള ഇഷ്ടത്തിന്റെ കൂടി ഭാഗമായാണത്. എനിക്ക് എഴുത്തുപോലെയോ അതിനെക്കാള്‍ അധികമോ ഇഷ്ടമുള്ളൊരു മാധ്യമമാണ് സിനിമ. 

'ഫ്രാന്‍സിസ് ഇട്ടിക്കോര'യിലെ കോരപ്പാപ്പനേയും 'ഭ്രമയുഗ'ത്തിലെ കൊടുമണ്‍ പോറ്റിയേയും താരതമ്യപ്പെടുത്തിയുള്ള പ്രതികരണങ്ങള്‍ ലഭിച്ചോ? 

ഇട്ടിക്കോരയെ വായിച്ച് സിനിമയിലെ കഥാപാത്രമായ പോറ്റി അതുപോലെയാണ് എന്ന് വിചാരിച്ച് സിനിമ കണ്ടാല്‍ അതുപോലെ തോന്നും. എന്നാല്‍ രണ്ടും വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഇട്ടിക്കോര 'ഭ്രമയുഗ'ത്തിലെ കൊടുമണ്‍ പോറ്റിയില്‍നിന്നും തികച്ചും വ്യത്യസ്തനാണ്. എന്നാല്‍ അതും സിനിമാറ്റിക്കായ സാധ്യതയുള്ളതു തന്നെയാണ്. സിനിമയെക്കുറിച്ചുള്ള പ്രതികരണങ്ങളില്‍ ഈ താരതമ്യവും കേട്ടിരുന്നു.

മിതമായ സംഭാഷണങ്ങളോടെ രണ്ടരമണിക്കൂറില്‍ കുറഞ്ഞ സിനിമയാണ് 'ഭ്രമയുഗം'

സിനിമ മനസ്സില്‍ കണ്ടുകൊണ്ടാണ് സംവിധായകനും എഴുത്തുകാരനുമെല്ലാം വര്‍ക്ക് ചെയ്യുന്നത്. ഈ സിനിമ വിഷ്വലിന് വലിയ സാധ്യതയുള്ളതാണ്. അതില്‍ അമിതമായി ഡയലോഗുകള്‍ ഉപയോഗിക്കാതെ എന്നാല്‍ വളരെ കൃത്യമായും സൂക്ഷ്മമായും സംഭാഷണങ്ങള്‍ എഴുതുകയാണ് ചെയ്തത്. കൃത്യമായി അവിടെ വാക്കുകള്‍ പ്ലേസ് ചെയ്യാനാണ് ശ്രദ്ധിച്ചത്. 

കാര്യങ്ങള്‍ പരത്തിപ്പറയാനും വളരെ ചുരുക്കം വാക്കുകളില്‍ പറയാനും പറ്റും. കുറച്ച് വാക്കുകളിലൂടെ കാര്യം പറയുന്നതാണ് അതിന്റെ സൗന്ദര്യം. ഒരു കഥാപാത്രം ആ സാഹചര്യത്തില്‍ എങ്ങനെയായിരിക്കും പ്രതികരിച്ചിരിക്കുക എന്നുനോക്കിയാണ് ഡയലോഗുകള്‍ ഒരുക്കിയത്. എന്നാല്‍ സംഭാഷണം കുറയാനും പാടില്ല. ഇപ്പുറത്ത് വളരെ ഭംഗിയായി കാര്യത്തെ ഒരേസമയം ദൃശ്യത്തില്‍കൂടിയും ശബ്ദത്തില്‍കൂടിയും അഭിനയത്തില്‍കൂടിയും വിനിമയം ചെയ്യുന്നു. അതോരോന്നും കൃത്യമായ അളവില്‍ ചേരുമ്പോഴാണ് ഉത്തമ സൃഷ്ടിയായി മാറുന്നത്. 

എഴുത്തിനോടും എഴുത്തുകാരനോടുമുള്ള ഇഷ്ടംകൊണ്ട് അവര്‍ രചയിതാക്കളായ സിനിമയ്ക്കായി ആളുകള്‍ കാത്തിരിക്കുന്നു. ഈ സ്ഥിതിവിശേഷത്തെക്കുറിച്ച്

നമ്മുടെ ഭാഷയില്‍ മാത്രമല്ല, മറ്റ് ഭാഷയിലും അങ്ങനെ സംഭവിച്ചിട്ടുണ്ട്. 'പൊന്നിയന്‍ സെല്‍വന്‍' സിനിമയ്ക്ക് എഴുതിയത് ജയമോഹന്‍ ആണ്. ഇത് രണ്ടും പരസ്പരപൂരകങ്ങളായ പ്രവര്‍ത്തനങ്ങളാണ്. എഴുത്തുകാര്‍ സിനിമയിലേക്ക് വരുന്നതും നല്ലതാണ്. ഭാഷയുടെ സൂക്ഷ്മമായ തലം അറിയാന്‍ പറ്റും.

placeholder
സിനിമയുടെ പോസ്റ്റര്‍ | ഫോട്ടോ: www.facebook.com/Mammootty

മലയാളത്തില്‍ വായനക്കാരെ തിരിച്ചുകൊണ്ടുവന്ന വളരെ ഔട്ട്സ്റ്റാന്‍ഡിങ് ആയിട്ടുള്ള പുസ്തകമാണ് ബെന്യാമിന്റെ 'ആടുജീവിതം'. 21-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വായന ഇനിയുണ്ടാകുമോ എന്നൊക്കെ സംശയിച്ച സമയത്താണ് 'ആടുജീവിതം' എന്ന പുസ്തകം വരുന്നത്. അത് വലിയതോതില്‍ വായിക്കുകയും മലയാളികള്‍ക്ക് സുപരിചിതമായ പുസ്തകമായി മാറുകയും ചെയ്തു. ഉണ്ണി ആര്‍., ജി.ആര്‍. ഇന്ദുഗോപന്‍, സന്തോഷ് ഏച്ചിക്കാനം എന്നിവരൊക്കെ സിനിമയ്ക്ക് എഴുതുന്നു. അതെല്ലാം വളരെ പോസിറ്റീവായുള്ള കാര്യമായാണ് എനിക്ക് തോന്നുന്നത്. കാരണം സിനിമയ്ക്കും സാഹിത്യത്തിനും ഒരേപോലെ ഗുണം ചെയ്യുന്ന കാര്യങ്ങളാണവ. 
 
'ഫ്രാന്‍സിസ് ഇട്ടിക്കോര'യുടെ രണ്ടാം ഭാഗത്തെക്കുറിച്ച് 

നോവലിന്റെ രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ഡ്രാഫ്റ്റ് ഏകദേശം ചെയ്തുകഴിഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങള്‍ അതില്‍ ചെയ്യാനുണ്ട്. ഈ വര്‍ഷം അവസാനമാകും നോവല്‍ പൂര്‍ത്തിയാകാന്‍. 'കോരപ്പാപ്പന് സ്തുതിയായിരിക്കട്ടെ'എന്നാണ് കൃതിയുടെ പേര്. 

സിനിമയോടുള്ള താല്‍പര്യം നേരത്തെ പറഞ്ഞല്ലോ. സിനിമയെഴുത്ത് തുടരുമോ

ഒരു സിനിമാ പ്രൊജക്ടിലാണ് ഇപ്പോള്‍. 'ആദാമിന്റെ മകന്‍ അബു'വും,'പത്തേമാരി'യുമൊക്കെ സംവിധാനംചെയ്ത സലിം അഹമ്മദിന്റെ സിനിമയാണ്. പ്രതീക്ഷയുള്ള വര്‍ക്കാണത്. സിനിമകളുമായി ബന്ധപ്പെട്ട് പലരും സമീപിക്കുന്നുണ്ട്. എന്നാല്‍ സമയത്തിന്റെ ഒരു പ്രശ്‌നമുണ്ട്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഒരുമിച്ച് ചെയ്യാന്‍ കഴിയില്ല. ഒരു കാര്യത്തില്‍ സൂക്ഷമമായി മനസ്സിലാക്കി പോകണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. 

എഴുത്തിലും സിനിമയിലും ചരിത്രം അവതരിപ്പിക്കുമ്പോള്‍...

'ഭ്രമയുഗ'ത്തില്‍ സ്ഥലം, കാലം എന്നിവ രണ്ടും മാത്രമാണ് പറയുന്നത്. 17-ാം നൂറ്റാണ്ട് എന്നേ സിനിമയില്‍ സൂചിപ്പിക്കുന്നുള്ളു. അത് ഹിസ്റ്റോറിക്കലല്ല. തികച്ചും ഫിക്ഷനലാണ്. പ്രസ്തുത കാലത്തെ മാത്രമേ പ്രതിപാദിക്കുന്നുള്ളു. കഥ ഫിക്ഷണലാണെങ്കിലും അന്നുണ്ടാകാന്‍ സാധ്യതയുള്ള അവസ്ഥകളെ, അത് കേരളീയസമൂഹത്തിലാണെങ്കിലും ലോകം മുഴുവന്‍ ആണെങ്കിലും വളരെ സൂക്ഷമമായി പ്രശ്‌നവല്‍ക്കരിച്ചുകൊണ്ടാണ് 'ഭ്രമയുഗ'മുള്ളത്. 

ഒരു വര്‍ക്ക് ഓഫ് ആര്‍ട്ട് സാര്‍ഥകമാകുന്നത് അത് 'Infinite possibilities of interpretation' കൊണ്ടുവരുമ്പോഴാണ്. 'ഭ്രമയുഗ'ത്തെക്കുറിച്ചും എനിക്ക് പറയാനുള്ളത് അതാണ്. അനന്തമായ സാധ്യതകളുണ്ട് ഈ സിനിമയില്‍. നിങ്ങള്‍ക്ക് പലരീതിയില്‍ കാണാവുന്ന കഥയാണ്. അധികാരത്തിന്റെ അതിസങ്കീര്‍ണമായ സാമൂഹികാവസ്ഥകളെ, ഒരു കഥയിലൂടെ പ്രശ്‌നവല്‍ക്കരിച്ചിരിക്കുന്നു.

അതിന്റെ ഇരകളാക്കപ്പെടുന്ന ആളുകളുടെ അവസ്ഥകളെ പറ്റി, വേട്ടക്കാരെപ്പറ്റി... എല്ലാ കോണില്‍ നിന്നും ചിത്രം കാണാം. വളരെ ഗൗരവമായിതന്നെ മനസ്സിലാക്കേണ്ടതും ചര്‍ച്ചചെയ്യപ്പെടേണ്ടതുമായ സിനിമയാണ്. 

17-ാം നൂറ്റാണ്ടിലെ കേരളത്തിലെ അവസ്ഥ എന്തായിരിക്കാം... പല തരത്തിലുള്ള അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമെല്ലാം കെട്ടുപിണഞ്ഞ് കിടക്കുന്ന വളരെ വിചിത്രമായ ഒരു കാലമായിരിക്കില്ലേ. അതിന്റെ ഒരു സങ്കീര്‍ണത അക്കാലത്തുണ്ടാകാം. സമൂഹത്തിലുള്ള ഒരു അധികാര ഘടന അന്ന് ഇന്നത്തെപ്പോലെ ആയിരിക്കില്ല. അധികാരത്തിന്റെ കളികളിൽ പെട്ടുപോകുന്ന ആളുകളും അവിടെനിന്ന് രക്ഷപ്പെടാനുള്ള അവരുടെ ശ്രമവുമൊക്കെ ഇവിടെ പറയുന്നു. 

ഹിസ്റ്റോറിക്കല്‍ ആയിട്ടുള്ള റഫറന്‍സുകള്‍ എന്നല്ല, കാലത്തെക്കുറിച്ച്  നമുക്ക് കൃത്യമായുള്ള ഒരു അവബോധം ഉണ്ടാവുക എന്നതാണ്. അക്കാലത്തെ ഭാഷ അതുപോലെ ഉപയോഗിക്കാനാകില്ല. അത് ആശയവിനിമയത്തിന് പ്രശ്‌നമാകും. സിനിമ പ്രേക്ഷകനോട് കമ്മ്യൂണിക്കേറ്റ് ചെയ്യണമല്ലോ. അപ്പോള്‍ അതിനനുയോജ്യമായ ഒരു ഭാഷ വര്‍ക്കൗട്ട്  ചെയ്ത് എടുക്കുകയാണ് ചെയ്തിട്ടുള്ളത്. ഓരോ സംഭാഷണവും എഴുതുമ്പോഴും പലതരത്തില്‍ അതിനെക്കുറിച്ച് എക്‌സ്‌പ്ലോര്‍ ചെയ്തശേഷമാണ് എഴുതിയത്. സമയമെടുത്ത്, ഞങ്ങള്‍ ചര്‍ച്ചചെയ്താണ് അതെഴുതിയത്. ആളുകള്‍ക്ക് കണക്റ്റ് ആകണമല്ലോ. 17-ാം നൂറ്റാണ്ട് ആണെന്നുപറഞ്ഞ് ആളുകള്‍ക്ക് മനസ്സിലാകാത്തവിധത്തില്‍ ചെയ്ത് വെച്ചിട്ട് കാര്യമില്ല. 

വ്യക്തിപരമായി ഞാന്‍ ചിന്തിക്കുന്ന കാര്യംകൂടിയാണത്. സിനിമയില്‍ മാത്രമല്ല സാഹിത്യത്തിലാണെങ്കിലും കലയുമായി ബന്ധപ്പെട്ട എന്ത് വര്‍ക്കിലാണെങ്കിലും ആശയം സ്വീകര്‍ത്താവിലേക്ക് വിനിമയം ചെയ്യപ്പെടണം. പുസ്തകമെഴുതി കഴിഞ്ഞാല്‍ എഴുത്തുകാരന് പ്രസക്തിയില്ല എന്ന് പറയുന്ന പോലെതന്നെയാണ് സിനിമയുടെ കാര്യത്തിലും. കാണുന്ന ആളുകള്‍ക്കാണ് പ്രസക്തി. ഓരോരുത്തരും ഓരോ വിധത്തിലാണ് സിനിമ കാണുന്നത്. 

placeholder
ഫോട്ടോ: സിദ്ദിക്കുല്‍ അക്ബര്‍

ആര്‍ട്ട് എന്ന് പറയുന്നത് അവസാനവാക്കല്ല. ഒരു ആര്‍ട്ടിസ്റ്റ് ചെയ്യുന്നത് കല ആസ്വദിക്കുന്നവരുടെ മനസ്സില്‍ ചര്‍ച്ചയ്ക്കുള്ള ഇടമുണ്ടാക്കുക എന്നുള്ളതാണ്. ആസ്വാദകനും കലയില്‍ ഉള്‍ക്കൊള്ളപ്പെടുമ്പോഴാണ്‌ കല സാര്‍ഥകമാകുന്നത്. സമൂഹത്തിലേക്ക് ഏകപക്ഷീയമായി കാര്യങ്ങള്‍ പറയുന്നത് അല്ലല്ലോ ശരി. വളരെ ബഹുസ്വരമായ സംവാദത്തിന്റെ സ്‌പേസ് ഉണ്ടാക്കുന്നതാണല്ലോ. കാലത്തെക്കുറിച്ച് പറയുന്ന സംഭാഷണങ്ങളുണ്ട് സിനിമയില്‍. കാലത്തെ നമുക്ക് പലരീതിയില്‍ വ്യാഖ്യാനിക്കാം. ആ സംഭാഷണം എല്ലാകാലത്തേക്കുമുള്ളതാണ്.

കാലത്തെ സൂചിപ്പിക്കാന്‍ മാത്രമല്ല 'ഭ്രമയുഗം' ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപമണിഞ്ഞത് എന്നത് വ്യക്തമാണ്

ഈ കണ്‍സെപ്റ്റ് ബ്ലാക്ക് ആന്‍ഡ് വൈറ്റ് ആക്കണമെന്ന് സംവിധായകന്‍ രാഹുല്‍ നേരത്തെ തീരുമാനിച്ചിരുന്നു. നമ്മളൊരു കാലം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ചെയ്യുന്നു എന്ന് പറയുമ്പോള്‍ ചിലര്‍ കരുതും, ഇത് പഴയ കാലമായതുകൊണ്ട് അങ്ങനെ ചെയ്തത് ആണെന്ന്. 

ഈ സിനിമയില്‍ ജീവിതത്തിന്റെ എല്ലാവര്‍ണക്കാഴ്ചകളും നഷ്ടപ്പെട്ട ഒരവസ്ഥയിലാണ് കഥാപാത്രങ്ങളുടെ ജീവിതം. അതുകൊണ്ടുതന്നെ അവിടെയത് വെറുമൊരു ടെക്‌നിക്കല്‍ ബ്ലാക്ക് ആന്‍ഡ് വൈറ്റ് അല്ല. അതിന് മറ്റൊരു മാനംകൂടിയുണ്ട്. 17-ാം നൂറ്റാണ്ടിലെ കഥ ഏറ്റവും പുതിയകാലത്തെ അഭിസംബോധന ചെയ്തും കാണാം. അത് കാണുന്നയാളുടെ വീക്ഷണകോണ്‍ അനുസരിച്ചാണ് ഉണ്ടാവുക. വലിയൊരു മനയില്‍ രണ്ടോ മൂന്നോ പേര്‍ ജീവിക്കുന്നു, എത്ര വിചിത്രമായിരിക്കും അവരുടെ അവസ്ഥ. വിരസതയെക്കുറിച്ച് എടുത്തുപറയുന്നതിന് കാരണമതാണ്. 

സിനിമയ്ക്ക് ലഭിക്കുന്ന പ്രതികരണങ്ങള്‍

നല്ല പ്രതികരണങ്ങളാണ് സിനിമയ്ക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. പ്രേക്ഷകന്റെ മനസ്സിലൊരു ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞു, അവരെ ചിന്തിപ്പിക്കാന്‍ കഴിഞ്ഞു എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമാണ്. കലയുടെ പ്രധാന റോള്‍ അതുതന്നെയാണ്. കല കാണികളെ ചിന്തിപ്പിക്കണം. ചിന്തിക്കുന്നതുകൊണ്ടാണല്ലോ സിനിമ കഴിഞ്ഞിട്ടും അതേക്കുറിച്ച് സംസാരിക്കുന്നത്. അല്ലെങ്കില്‍ കണ്ട് മറന്നുപോകുന്ന കാര്യമാകുമല്ലോ. 

കേരളത്തിന് പുറത്തുനിന്നും ആളുകള്‍ വിളിച്ചു. അവര്‍ സന്തോഷത്തോടുകൂടി ചിത്രം സ്വീകരിച്ചു. ഞാന്‍ വിശ്വസിക്കുന്നത് നമ്മളാരുംതന്നെ പ്രേക്ഷകരെ വിലകുറച്ചൊന്നും കാണേണ്ട ആവശ്യമില്ല എന്നതാണ്. നല്ലരീതിയിലുള്ള വര്‍ക്കുകള്‍ നമ്മള്‍ ചെയ്യുകയാണെങ്കില്‍, അത് പുസ്തകമാണെങ്കിലും സിനിമയാണെങ്കിലും കാണാനും വായിക്കാനും ആസ്വദിക്കാനും ആളുകള്‍ക്ക് കഴിയും. ഞാന്‍ അങ്ങനെ വിശ്വസിക്കുന്നു.