
പിറ്റേന്ന് കാലത്ത് അവര്‍ വിമാനത്തില്‍ പൊഖാറയിലേക്ക് പോയി. വയലുകളുടെ,വീടുകളുടെ, ബാഗ്മതിയുടെ മുകളിലൂടെയൊക്കെ അവരുടെ കൊച്ചുവിമാനം താണുപറന്നു. ഗൗരി വളരെ ആഹ്ലാദവതിയായിരുന്നു. പൊഖാറയില്‍നിന്ന് അന്നപൂര്‍ണ്ണയുടെ തണലിലേയ്ക്ക് കാറില്‍. പിന്നീട് തടാകത്തിന്റെ മധ്യത്തിലുള്ള പഴയ ഹോട്ടലില്‍... ഹോട്ടല്‍ എന്നുവെച്ചാല്‍ ചെത്തിത്തേയ്ക്കാത്ത ഉരുളന്‍ കല്ലുകളും മിനുക്കാത്ത കാട്ടുതടിയുംകൊണ്ട് നിര്‍മ്മിച്ച ഏതാനും കുടിലുകള്‍. കുടിലുകളില്‍ മുളകൊണ്ടും ചൂരല്‍കൊണ്ടും മടഞ്ഞെടുത്ത കട്ടില്, മേശ, കസേര... ബാഹ്യലോകത്ത് ലഭിക്കുന്ന സൗകര്യം എന്ന് പറയാന്‍ അവിടെ ആകെയുണ്ടായിരുന്നത് പൈപ്പുവെള്ളവും ഇലക്ട്രിസിറ്റിയുമായിരുന്നു. പിന്നെ ടെലഫോണും.. ഏറ്റവും സമാധാനം നിറഞ്ഞ ഏതാനും ദിവസങ്ങള്‍... കുടിലിലെ വരാന്തയില്‍നിന്ന് കാണുന്ന തടാകത്തിലെ ജലപ്പരപ്പ്; തടാകത്തിന്റെ അങ്ങേക്കരയിലുള്ള താഴ്വരകള്‍; താഴ്വരകളിലെ കാട്ടുപൂക്കള്‍... എല്ലാറ്റിനുമുപരിയായി സദാ മഞ്ഞിന്റെ ശിരോവസ്ത്രമണിഞ്ഞുനില്‍ക്കുന്ന അന്നപൂര്‍ണ്ണ... ഗൗരി ആഹ്ലാദവതിയായിരുന്നു. ....തിരിച്ചെത്തിയ ഉടനെത്തന്നെ ഗൗരി എഴുതി: 'ഇന്നലെ യാത്രയുടെ ക്ഷീണം ഞാന്‍ അറിഞ്ഞതേയില്ല. എന്റെ ഒപ്പം ആരാണുണ്ടായിരുന്നതെന്നോ?പറയില്ല ! എനിക്കറിയില്ല . ഞാനാകെ മാറിയിരിക്കുന്നു! ഈ സ്നേഹം മധുരമായ വേദന തന്നെ! അങ്ങ് ഒരിക്കലെഴുതിയില്ലേ,'വേദനയോടുകൂടി സ്നേഹിക്കുന്നു' എന്ന്? എത്ര ശരി! ഞാന്‍ ഇപ്പോഴതറിയുന്നു...ധര്‍മ്മസങ്കടങ്ങളുടെ നടുവിലും പേരിടാനാവാത്ത ആഹ്ലാദം! (ഗൗരി എന്ന കഥയില്‍നിന്ന്)
മലയാള കഥാചരിത്രത്തില്‍ മറവിയില്‍ മറഞ്ഞുപോകാത്ത ഒരു കഥാപാത്രമുണ്ട് - ഗൗരി.
ആരാണ് ഗൗരി?
ആ ചോദ്യത്തില്‍നിന്ന് ടി. പത്മനാഭന് ഒഴിഞ്ഞുമാറി. അദ്ദേഹം പറഞ്ഞു:
''നമുക്ക് കടല്‍ എന്ന കഥയെക്കുറിച്ച് സംസാരിക്കാം''
മിക്കവാറും, എല്ലാ സമാഹാരങ്ങളും ടി. പത്മനാഭന് കൈയൊപ്പിട്ടു പലകാലങ്ങളില്‍ തന്നിരുന്നു. കടല്‍ മാത്രമുണ്ടായിരുന്നില്ല.
കടലിന്റെ ഒരു കോപ്പി കൈയൊപ്പിട്ടുതരണമെന്ന ആഗ്രഹം പറഞ്ഞപ്പോള്‍ ടി. പത്മനാഭന് സന്തതസഹായിയായ രാമചന്ദ്രനെ വിളിച്ചു. കിടപ്പുമുറിയുടെ ചുവരോടുചേര്ന്നുള്ള സാമ്പ്രദായികരീതിയിലുള്ള ബുക്ക് ഷെല്‍ഫില്‍, കടലിനുവേണ്ടി ചെറിയൊരു തിരച്ചില്തന്നെ നടത്തേണ്ടിവന്നു, രാമചന്ദ്രന്. കഥാസമാഹാരങ്ങളുടെ ഓഥേഴ്സ് കോപ്പി പല സ്നേഹിതരും കൊണ്ടുപോയിരുന്നു. ഇത് എല്ലാ എഴുത്തുകാരും അഭിമുഖീകരിക്കുന്ന പ്രശ്നംതന്നെ. ചിലപ്പോള്‍ ഫയല്‍ കോപ്പിപോലും കാണില്ല. ചെറിയൊരു തിരച്ചിലിനുശേഷം കടല്‍ കണ്ടു. അതില്‍ കൈയൊപ്പിട്ട് അദ്ദേഹം തന്നു. സ്വന്തം കഥകളില്‍ ഏറ്റവും പ്രിയപ്പെട്ട കഥയേത് എന്ന ചോദ്യത്തിന്, കുറച്ചുനേരംമുന്പ് അദ്ദേഹം ഹൃദയത്തില്ത്തൊടുന്നരീതിയില് സംസാരിക്കുകയുണ്ടായി. ഒ ഹെന്റിയെക്കുറിച്ച് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം:
''എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കഥാകൃത്താണ്, ഒ ഹെന്റി. അദ്ദേഹമെഴുതിയ ലാസ്റ്റ് ലീഫ് ലോകകഥാസാഹിത്യത്തിലെ മാസ്റ്റര്‍പീസാണ്. അദ്ദേഹം എഴുത്തുകാര്‍ക്കു നല്കിയ ഒരു ഉപദേശമുണ്ട്. നിങ്ങളുടെ സന്തോഷമാണ് പ്രധാനം. നിങ്ങളുടെ സന്തോഷത്തിനനുസരിച്ച് നിങ്ങള്‍ കഥയെഴുതുക. ബാക്കിയൊന്നും നിങ്ങള്‍ നോക്കണ്ട. വായനക്കാരുടെ പ്രതികരണമെന്താണെന്നുപോലും നോക്കണ്ട. നിങ്ങള്‍ക്ക് സന്തോഷമുണ്ടോ, ആ എഴുത്തില്‍... എന്നാല്‍, എഴുതുക. ഇതിലും വലിയൊരു ഉപദേശമില്ല. ഞാനങ്ങനെയാണ് ചെയ്യാറ്. ഒരാള്‍ അയാള്‍ക്ക് സന്തോഷം ലഭിക്കുന്നതിനനുസരിച്ച് എഴുതുന്നു. ഞാനതില്‍ വിശ്വസിക്കുന്നു. എഴുത്തുകാര്‍ക്കുള്ള ഒ ഹെന്റിയുടെ ഉപദേശം വായിച്ചത് അടുത്തകാലത്താണ് കേട്ടോ. ഇത് വായിക്കുന്നതിന് എത്രയോ വര്‍ഷം മുന്‍പേയും എഴുത്തില്‍ എന്റെ സന്തോഷം മാത്രമാണ് ഞാന്‍ പ്രധാനമായിക്കണ്ടത്. നമ്മുടെ കഥാസാഹിത്യത്തില്‍ പലതും വന്നുവല്ലോ. സാമൂഹികപ്രതിബദ്ധതവന്നു, ആധുനികം, അത്യന്താധുനികം - ഒന്നിലും ഞാന്‍ പെട്ടിട്ടില്ലല്ലോ. കാരണം എന്നും എനിക്കെന്റെ സന്തോഷമാണ് പ്രധാനം. ഈ വയസ്സിലും ഞാനതേ കാര്യമാക്കുന്നുള്ളൂ. അത് വായനക്കാരായ നിങ്ങള്‍ക്ക് രുചിക്കുന്നുണ്ടെങ്കില് എനിക്കും വലിയ സന്തോഷം. കടല്‍ എഴുതുന്ന ആ ദിവസങ്ങളിലുണ്ടായ അനുഭവത്തെക്കുറിച്ച് പറഞ്ഞുകൊണ്ട് 'ഗൗരി'യിലേക്ക് കടക്കാം. ഏറ്റവും നന്നായി വിറ്റുപോയ കഥാസമാഹാരങ്ങളുണ്ട്. ഉദാഹരണത്തിന് 'നളിനകാന്തി' എന്ന പുസ്തകം. വളരെയധികം വിറ്റുപോയതാണ്. മറ്റൊന്ന് 'ഗൗരി'. 'പ്രകാശം പരത്തുന്ന ഒരു പെണ്‍കുട്ടി'യും വളരെയധികം വിറ്റുപോയതാണ്. എന്നാല്‍, എനിക്കേറ്റവും പ്രിയപ്പെട്ട കഥയേത് എന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളൂ, 'കടല്‍'. 'ഗൗരി'യുടെ ഒരു എക്സ്റ്റന്‍ഷനാണ് കടല്‍. ഗൗരിയിലെ കഥാപാത്രങ്ങള്‍ തന്നെയാണ് അതിലുമുള്ളത്. പുതുതായി ചിലര്‍ വരുന്നുമുണ്ട്. പക്ഷേ, ശില്പഭംഗിതികഞ്ഞ, ശില്പി എന്നനിലയില്‍ എനിക്ക് പരിപൂര്‍ണ തൃപ്തിനല്കിയ ഏകകഥ കടലാണ്... അത്രത്തോളമെത്തില്ലെങ്കിലും പിന്നെയും ഏതാനും കഥകളുണ്ട്. ഒന്ന്, സാക്ഷി. ഏറ്റവുമൊടുവില്‍ മരയ. മറ്റുകഥകള്‍ മോശമാണ് എന്നൊന്നുമല്ല. ലോകോത്തരമാണ് എന്നുമല്ല... പക്ഷേ, കടല്‍പോലെ ഒരു കഥ ഞാന്‍ ഒന്നേ എഴുതിയിട്ടുള്ളൂ. ഗൗരിയൊക്കെ ആ കഥയുടെ താഴെമാത്രമേ നില്ക്കുകയുള്ളൂ.''
ടി. പത്മനാഭന് സ്വന്തം കഥകളെ വിലയിരുത്തുന്നത് ആകാംക്ഷയോടെ കേട്ടുകൊണ്ടിരുന്നു. മലയാള കഥകള്‍ക്ക് ആഖ്യാനത്തിന്റെ സ്വതഃസിദ്ധമായ പാതയൊരുക്കിയ ഒരാള്‍, മനസ്സാക്ഷിയുടെ ആസ്വാദനത്തിലൂടെ കടന്നുപോവുകയാണ്. സ്വന്തം കഥകളെ സ്വയം ഓര്‍മ്മിച്ചെടുക്കുന്ന നിമിഷങ്ങള്‍...
''ഞാനെഴുതിയതില്‍ പെര്‍ഫക്ട് എന്ന് പൂര്‍ണമായും പറയാവുന്ന കഥ കടലാണ്. ഞാന്‍ ഒരു കഥ എഴുതുമ്പോള്‍ ഭാഷ, പ്രയോഗം ഇതൊക്കെ വളരെ ശ്രദ്ധിക്കും...''
ടി. പത്മനാഭന് അല്പം നിര്‍ത്തി, ഏതോ ഒരാലോചനയില്‍ സ്വയം നഷ്ടപ്പെട്ടപോലെ, തെല്ലുനേരത്തെ മൗനത്തിനുശേഷം തുടര്‍ന്നു:
''ഒരു കഥയുടെ ബീജം മനസ്സില്‍ വീണുകഴിഞ്ഞാല്‍ ഞാന്‍ കാത്തിരിക്കും. വളരെ കുറച്ചുകഥകളേ ഞാനെഴുതിയിട്ടുള്ളൂ. എനിക്ക് തൃപ്തിവരുന്ന കഥകള്മാത്രമേ ഞാനെഴുതിയിട്ടുള്ളൂ. ഞാനാദ്യം ഗള്ഫില്പ്പോകുന്നത് 1962-ലാണ്. സാക്ഷി എന്ന കഥയ്ക്ക് ഒരു അവാര്‍ഡ് വാങ്ങാന്‍വേണ്ടിയാണ്. അല്‍ ഐനില്വെച്ചായിരുന്നു ആ ചടങ്ങ്. ആ യാത്രയ്ക്കിടയില്‍ ഒരു കഥയുടെ കരു എന്റെ മനസ്സിലേക്കുവന്നു. വളരെ സുഖകരമായ അനുഭവങ്ങളായിരുന്നു ആ യാത്രയിലുണ്ടായത്. അവിടെവെച്ച് ഒരു തൊഴിലാളിസുഹൃത്ത് പറഞ്ഞ അനുഭവം ഞാന്‍ മനസ്സില്‍ക്കുറിച്ചു. എപ്പോഴെങ്കിലും എടുക്കാം... ആ സുഹൃത്ത് പറഞ്ഞതില്‍ നല്ല ഒരു കഥയുണ്ടല്ലോ എന്ന് എനിക്കുതോന്നി. പക്ഷേ, ഞാനപ്പോള്‍ എഴുതിയില്ല... പിന്നെ ഏതാണ്ട് മുപ്പത്തിരണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഞാന്‍ ബഹ്റൈനില്‍ വീണ്ടും പോയി. ബഹ്റൈനില്‍ ഇതുവരെയായി ആറുതവണ പോയിട്ടുണ്ട്. നാലാമത്തെയോ അഞ്ചാമത്തെയോ പോക്കില്‍ ഞാനവിടെനിന്ന് ഒരു കാഴ്ചകണ്ടു. ഞാന്‍ താമസിക്കുന്ന ഹോട്ടലിന്റെ പുറത്തേക്കുനോക്കുമ്പോള്‍ പുതിയപുതിയ കെട്ടിടങ്ങള്‍, പുതിയപുതിയ റോഡുകള്‍, ഇതൊക്കെ വന്നുകൊണ്ടിരിക്കുകയാണ്. ഒരു വരവുകഴിഞ്ഞ് അല്പകാലം പിന്നിട്ട് മറ്റൊരു വരവിനിടയില്‍ ഇവിടെ വന്നിട്ടില്ലല്ലോയെന്ന് തോന്നിപ്പോകും. ആ കാഴ്ചകണ്ടപ്പോള്‍ ഉടനെ എന്റെ മനസ്സില്‍ ഓടിയത്, മുപ്പത്തിരണ്ടു കൊല്ലംമുന്പ് അല്‍ ഐനിലെ ആ തൊഴിലാളി പറഞ്ഞ അനുഭവമാണ്. ഇതെഴുതണം, ഇതെഴുതണം -ബഹ്റൈനിലെ പരിപാടികഴിഞ്ഞ് നാട്ടിലെത്തിയയുടനെ അതെഴുതി. ദേശാഭിമാനിയുടെ ഓണം വിശേഷാല്‍ പതിപ്പിലാണ് ആ കഥവന്നത്. ഒരു ബീജം മനസ്സിലുണ്ടായിട്ടും അത് കഥയായിവരാന് മുപ്പതുവര്ഷമെടുത്തു. എഴുതാന്‍ തീരുമാനിച്ചാല്‍ ആദ്യ പാരഗ്രാഫ്മുതല് അവസാന പാരഗ്രാഫ്വരെ ഞാന്‍ മനസ്സിലെഴുതും. അതിലെ ചിഹ്നനങ്ങള്പോലും മനസ്സിലെഴുതിയ ആ കഥയിലുണ്ടാവും. എന്റെ മാനുസ്ക്രിപ്റ്റില്‍ വെട്ടും തിരുത്തും കൂട്ടിച്ചേര്‍ക്കലും വളരെ ചുരുക്കമായിരിക്കും. മനസ്സിലാണ് എന്റെ തിരുത്തുകള്‍. കടലാസില്‍ പകര്‍ത്തിയെഴുതുമ്പോള്‍ അതുകൊണ്ട് വലിയ വെട്ടും തിരുത്തും വരുത്തേണ്ടിവരാറില്ല. ഈയൊരു കാരണംകൊണ്ടാണ് എനിക്ക് നോവല്‍ എഴുതാന്‍ കഴിയാത്തത്. പരമാവധി മൂന്നുപേജുവരുന്ന കഥയേ ഇങ്ങനെ മനസ്സിലെഴുതാന്‍ കഴിയൂ. അഞ്ഞൂറുപേജുവരുന്ന നോവലില്‍ കഴിയില്ലല്ലോ. നോവലെഴുതാത്ത കാരണങ്ങളില്‍ ഒന്നിതാണ്. ഒരുപക്ഷേ, അബോധമനസ്സില്‍ രചനകള്‍ സംക്ഷിപ്തമാക്കി എഴുതണം എന്ന് എന്നെ പ്രേരിപ്പിച്ച ഘടകം, കുമാരനാശാന്റെ കവിതകളാണ്. വാക്കുകളെ ഒരിക്കലും അദ്ദേഹം ധൂര്‍ത്തടിച്ചിട്ടില്ല. കുമാരനാശാന് എന്നെ ഏറ്റവും സ്വാധീനിച്ച കവിയാണ്...''
എഴുതിയതില്‍ പിന്നീട് റിഗ്രെറ്റ് തോന്നിയ ഏതെങ്കിലും കഥയുണ്ടോ എന്നു ചോദിച്ചപ്പോള്‍ ടി. പത്മനാഭന് പറഞ്ഞു:
''ഗൗരി'. ആ കഥ. അത് വളരെ പോപ്പുലറായ കഥയാണല്ലോ. എന്നാല്‍, അത്... ഗൗരിയുടെ അസാന്നിധ്യത്തില്‍ ആ കഥ വായിക്കുമ്പോള്‍ വേദനതോന്നുന്നു.''
''ആരാണ് ഗൗരി?''
ആ ചോദ്യത്തിനുമുന്നില്‍, പത്മനാഭന് കുറച്ചുനേരം മൗനിയായി ഇരുന്നു.
''ഗൗരി എന്നൊന്നുമായിരുന്നില്ല അവരുടെ പേര്. അവര്‍ എനിക്ക് കത്തുകള്‍ എഴുതുമായിരുന്നു. വളരെ ഫോര്മലായ കത്തുകളായിരുന്നു ഗൗരി ആദ്യമൊക്കെ എനിക്കയച്ചത്. എനിക്ക് ഒന്നു കാണാന്‍ വരണമെന്നുണ്ട്, വിഷമമാകുമോ... ഇങ്ങനെ വളരെ ഔപചാരികമായ കത്തുകള്‍. പിന്നെ പതുക്കെപ്പതുക്കെ ഫോര്മാലിറ്റി പോകുന്ന കത്തുകളായി അവ മാറി. അവരുടെ ഒരുപിടി ഫോട്ടോകള്‍ എന്റെ കൈയിലുണ്ടായിരുന്നു. അതെല്ലാം നഷ്ടപ്പെട്ടു. അവര്‍ അയച്ച പല പോസുകളിലുള്ള ചിത്രങ്ങള്‍ ഞാന്‍ ഒന്നിച്ചുവെച്ചു. ഇടയില്‍ മിനുസക്കടലാസുവെക്കാതെ വെച്ചതിനാല്‍ പരസ്പരം ഒട്ടിപ്പിടിച്ച് കളറൊക്കെ അടര്‍ന്ന് അവ നഷ്ടമായി. ഗൗരിയെ ഞാന്‍ ആദ്യമായി കണ്ടുമുട്ടുന്നത് തിരുവനന്തപുരത്തുവെച്ചാണ്. തിരുവനന്തപുരത്തെ ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍വെച്ചാണ് ഞങ്ങള്‍ ആദ്യമായി കണ്ടുമുട്ടുന്നത്. ഗൗരി അവിടെ ആദ്യംചെന്ന് ഒരു മുറിയെടുത്തിരുന്നു. അതിനുമുന്പേ ഗൗരി എനിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഞാന്‍ .... ഈ തീയതിക്ക് .... തിരുവനന്തപുരത്ത് .... ഹോട്ടലില്‍ ഒരു മുറിയെടുക്കും. നിങ്ങള്‍ .... തീയതി അവിടെ വരണം. എനിക്കറിയാം, ഞാന്‍ വിളിച്ചാല്‍ നിങ്ങള്‍ വരുമെന്ന്... അതുപോലെതന്നെ ഞാന്‍ പോവുകയും ചെയ്തു. മാത്രമല്ല ആ ദിവസങ്ങളില്‍ ഞങ്ങള്‍ തമ്മില്‍ ....''
''നിങ്ങള്‍ തമ്മിലെ ഒട്ടിപ്പിടിക്കുന്ന ഈ പ്രണയത്തെക്കുറിച്ച് ഭാര്യക്കറിയുമായിരുന്നോ?''
''അവസാനം സംശയമുണ്ടായിരുന്നു. ഗൗരി അയച്ച കത്തുകള്‍ ഞാന്‍ കത്തിച്ചുകളഞ്ഞു.''
''ഗൗരി അയച്ച കത്തുകള്‍ക്ക് താങ്കള്‍ മറുപടികള്‍ അയച്ചിരുന്നോ?''
''തീര്‍ച്ചയായും. ഗൗരിയില്‍ അതൊക്കെ പറയുന്നുമുണ്ടല്ലോ. കടലില്‍ ഒരു സന്ദര്‍ഭമുണ്ടല്ലോ. സംശയംവന്ന് ഭാര്യയില്ലാത്ത സമയംനോക്കി ഭര്‍ത്താവ് അലമാര കുത്തിത്തുറന്ന് കത്തുകളെടുത്തു വായിക്കുന്നു.''
''ഗൗരി എഴുത്തുകാരിയായിരുന്നോ?''
''അല്ല... അല്ല... വായനക്കാരിയായിരുന്നു. ദൈവം അവരെ സൃഷ്ടിച്ചത് എന്നെ പ്രണയിക്കാനായിരുന്നു. ഗൗരിയുടെ ഞാനെഴുതിയ ആദ്യപ്രതി എന്റെ പുസ്തകക്കൂമ്പാരത്തില്‍ എവിടെയോ നഷ്ടപ്പെട്ടു. കുറെ പരതിയിട്ടും എനിക്ക് കിട്ടിയില്ല. ഏഴെട്ടു മാസം കഴിഞ്ഞ് പിന്നെയും ഞാനെഴുതി. അതിനൊരു കാരണമുണ്ടായിരുന്നു. അതെഴുതുമ്പോള്‍ വല്ലാത്തൊരു ആത്മസംഘര്‍ഷത്തിലൂടെ ഞാന്‍ കടന്നുപോയി. പ്രണയത്തെക്കുറിച്ച് സംസാരിക്കാനെളുപ്പമാണ്. അതനുഭവിപ്പിക്കുന്നത് സുഖം മാത്രമല്ല, വേദനയുമാണല്ലോ. പ്രണയത്തെക്കുറിച്ചെഴുതുമ്പോള്‍ വാക്കുകളുടെ നെഞ്ചിടിപ്പു കൂടും. അങ്ങനെ ഒരാത്മസംഘര്ഷത്തിന്റെ നാളുകള്‍... പറഞ്ഞല്ലോ, കഥയെഴുതിയ പേജുകള്‍ നഷ്ടപ്പെട്ടു. എനിക്ക് പിടിതരാതെ എവിടെയോ ഒളിച്ചുനിന്നു എന്നുപറയാം. ആയിടയ്ക്കാണ് ലേഡി മൗണ്ട് ബാറ്റന്റെ പരിചാരികയുടെ ഓര്‍മ്മക്കുറിപ്പുകള്‍ ഞാന്‍ വായിക്കുന്നത്. ഹൃദയസ്പര്‍ശിയായ ഒരു പുസ്തകമാണത്. നെഹ്റു, ലണ്ടനില്‍ മൗണ്ട് ബാറ്റന്റെ സമ്മര്‍ റിസോര്‍ട്ടില്‍, ഒരു സായാഹ്നത്തില്‍ ലേഡി മൗണ്ട് ബാറ്റണുമായി നടന്നുപോകുന്ന ദൃശ്യം ഈ പരിചാരിക മനോഹരമായി വിവരിക്കുന്നുണ്ട്. അതിങ്ങനെയാണ്: അസ്തമയസൂര്യന്റെ ശോഭ അവരുടെമേല്‍ വീഴുന്നു... ആ പുസ്തകം വായിച്ച രാത്രി, ഞാന്‍ ഗൗരി വീണ്ടുമെഴുതാന്‍ തുടങ്ങി. ആ കഥ കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ചുവന്നശേഷം ആദ്യമെഴുതിയ കഥ എനിക്ക് വീണ്ടുകിട്ടി. അങ്ങനെ കുറെ യാദൃച്ഛികതകള്‍ അതിലുണ്ട്. അതില്‍ കാഠ്മണ്ഡു, ഗോപാല്‍പുര്‍ -ഇവിടങ്ങളിലൊക്കെ ഗൗരിയുമായിപ്പോയ കാര്യങ്ങള്‍ പറയുന്നുണ്ടല്ലോ. ഞങ്ങള്‍ പോയത് ആ സ്ഥലങ്ങളിലായിരുന്നില്ല. ഞങ്ങള്‍ പോയത് മറ്റുചില സ്ഥലങ്ങളിലായിരുന്നു... എന്നാല്‍, അതിലെ സംഭാഷണങ്ങള്‍ ഗൗരിയുടേതാണ്. അവര്‍ അയച്ച കത്തിലെ വരികള്‍ അതേപോലെ കഥയില്‍ ചേര്‍ത്തു. ഒരുപക്ഷേ, ആ കഥ ഇത്രമാത്രം പോപ്പുലറാവാന്‍ കാരണം, അത് ഹൃദയംകൊണ്ടെഴുതിയ കഥയായതുകൊണ്ടാവാം. ബഷീറിന്റെ ബാല്യകാല സഖിയെക്കുറിച്ച് എം.പി. പോള്‍ പറഞ്ഞത് എനിക്കോര്‍മ്മവരുന്നു. ഇതിന്റെ വക്കില്‍ രക്തം പൊടിഞ്ഞിരിക്കുന്നു. 2024 ജൂലായ് നാലിന് ഗൗരി മരണപ്പെട്ടു...''
''ഇപ്പോള്‍, ഗൗരിയുടെ മരണത്തിനുശേഷം, ആ പ്രണയദിനങ്ങളെക്കുറിച്ചാലോചിക്കുമ്പോള് എന്തുതോന്നുന്നു?''
''അത്...''
പത്മനാഭന് പുറത്തേക്കുനോക്കി മഴ ചാറിയശേഷംവന്ന ഇളം മഞ്ഞവെയിലിലേക്ക്...
''ഞങ്ങള്‍ സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചുവെന്നു പറഞ്ഞില്ലേ... തിരിച്ചു ഞാന്‍ കണ്ണൂരിലെത്തിയപ്പോള്‍ എനിക്കുകിട്ടിയ ആദ്യത്തെ കത്ത്... അത് എത്രയോവട്ടം ഞാന്‍ വായിച്ചു... എനിക്ക് ഏതാണ്ട് അറുപതുവയസ്സുള്ളപ്പോളായിരുന്നു, ആ പ്രണയം. എഫ്.എ.സി.ടി.യില്നിന്ന് പിരിഞ്ഞ ആ വര്‍ഷം... ഗൗരിക്ക് എന്നെക്കാള്‍ കൃത്യം ഇരുപത് വയസ്സ് കുറവ്. പരിചയപ്പെടുമ്പോള്‍ അവര്‍ക്ക് 36 വയസ്സായിരുന്നിരിക്കണം...''
''പ്രണയം എങ്ങനെയാണ് ഒരു വ്യക്തിയെ മാറ്റിത്തീര്‍ക്കുന്നത്?''
''അതോ?''
പത്മനാഭന് ആശാന്റെ ചില വരികള്‍ ചൊല്ലി:
'പുരുഷന്ന് പുമര്‍ത്ഥ ഹേതു നീ
തരുണിക്കത്തരുണീ ഗുണങ്ങള്‍ നീ
നിരൂപിക്കുകില്‍ നീ ചമപ്പൂ ഹാ,
മരുഭൂ മോഹന പുഷ്പവാടിയായ്'
മറ്റൊന്ന്:
'സന്തതം മിഹിരനാത്മശോഭയും
സ്വന്തമാം മധു കൊതിച്ച വണ്ടിനും
ചന്തമാര്‍ന്നരുളി നില്ക്കുമോമലേ
ഹന്ത! ധന്യമിഹ നിന്റെ ജീവിതം'
(താഹ മാടായി മാതൃഭൂമി ബുക്സിനുവേണ്ടി തയ്യാറാക്കുന്ന ടി. പത്മനാഭന്റെ ജീവചരിത്രപുസ്തകത്തിലെ ഒരധ്യായം)
Content Highlights: t padmanabhan interview with thaha madayi mathrubhumi weekend
Published: 08 Dec 2024, 09:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented