സഞ്ജയ് മുഖോപാധ്യായ എഡിറ്റുചെയ്ത് 2003-ൽ ബോധിസത്വ ബുക്സ് പ്രസിദ്ധീകരിച്ച ഋത്വിക്: നിജെർ കോത്തായ്, നിജെർ ലേഖായ് (ഋത്വിക്: അദ്ദേഹത്തിന്റെ വാക്കുകളിൽ, അദ്ദേഹത്തിന്റെ എഴുത്തുകളിൽ) എന്ന പുസ്തകത്തിൽനിന്ന് വിവർത്തനം ചെയ്തതാണ് 1960-കളിൽ നടത്തിയ ഈ അഭിമുഖം. പലയിടത്തും പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കിലും അഭിമുഖം നടത്തിയ ആളുടെ പേരോ ആദ്യമായി പ്രസിദ്ധീകരിച്ച പ്രസാധനത്തിന്റെ പേരോ സ്ഥിരീകരിക്കാൻ ഈ സമാഹാരത്തിന്റെ എഡിറ്റർക്ക് കഴിഞ്ഞിട്ടില്ല. ഷമ്യദാസ്‌ ഗുപ്ത എഡിറ്റ്‌ ചെയ്ത്‌ വെസ്റ്റ്‌ ലാൻഡ്‌ പുറത്തിറക്കിയ UNMECHaNIcal- ritwik ghatak in 50 fragments എന്ന പുസ്തകത്തിൽനിന്നെടുത്തതാണ്‌ ഇത്‌.

To advertise here,

എന്തിനാണ് സിനിമ / എന്തിനാണ് സിനിമയെടുക്കുന്നത് ?

= മനുഷ്യർക്കുവേണ്ടി. എല്ലാ കലയുടെയും അവസാന വാക്ക് മനുഷ്യനാണ്. ഞാൻ, എന്റേതായ ചെറിയ രീതിയിൽ, അവർക്കായി പറ്റുന്നത് ചെയ്യാൻ ശ്രമിക്കുന്നു.

എല്ലാ കലകളും ജീവിതത്തിന്റെ അനുകരണമാണ് എന്നു പറയാറുണ്ട്. സിനിമയുടെ കാര്യത്തിലും അതങ്ങനെയാണോ?

=സിനിമയുടെ സ്ഥിതി വ്യത്യസ്തമല്ല. എല്ലാ കലയുമെന്നപോലെ പുതിയതോ ആഴമുള്ളതോ ആയ എന്തെങ്കിലും കണ്ടെത്തുകതന്നെയാണ് സിനിമയും ലക്ഷ്യമാക്കുന്നത്. സിനിമ ഒരു കലയാണ്. അതിന്റെ സാമൂഹികപ്രതിബദ്ധത തള്ളിക്കളയാനാകില്ല.

വ്യക്തിജീവിതമാണോ സാമൂഹിക ജീവിതമാണോ സിനിമ പകർത്തുന്നത് ?

= വ്യക്തിജീവിതത്തിനു കല്പിക്കുന്ന പ്രാധാന്യം കുറഞ്ഞുവരുകയാണിപ്പോൾ. മറിച്ച്, സാമൂഹികജീവിതത്തിനുള്ള പ്രാധാന്യം വർധിക്കുകയും ചെയ്യുന്നു. കല മനുഷ്യരുടെ സാമൂഹികജീവിതത്തെ വിഷയമാക്കണം. കല സ്വീകാര്യമാകുന്നുണ്ടോ എന്ന ചോദ്യമുണ്ട്; അങ്ങനെയല്ലെങ്കിൽ കലാകാരൻ അപ്രസക്തനാകുന്നു. എല്ലാ കലകളിലുമുള്ള ഒരുതരം വൈകല്യമാണതെന്നു തോന്നുന്നു. അത് തിരിച്ചറിഞ്ഞാൽ ഞാൻ ഇതുവരെ പറഞ്ഞതിന്റെ പൊരുൾ നിങ്ങൾക്ക് മനസ്സിലാക്കിയെടുക്കാം.

സാഹിത്യം, ചിത്രകല, നൃത്തം, സംഗീതം തുടങ്ങിയ മറ്റ് കലകളിൽനിന്ന് സിനിമയെ വ്യത്യസ്തമാക്കുന്ന എന്തെങ്കിലുമുണ്ടോ? 

= അങ്ങനെ പ്രത്യേകിച്ച് ഒന്നുമില്ല. എല്ലാ കലകളും ഒരുപോലെ മനുഷ്യരെ ആകർഷിക്കുകയും അതിശയിക്കുകയും ചെയ്യുന്നു. ഇക്കാര്യത്തിൽ സിനിമയ്ക്ക് ഒരു അധികമൂല്യം കല്പിച്ചുനൽകേണ്ടതില്ല. മനുഷ്യർ എല്ലായിടത്തും മനുഷ്യർതന്നെ. എല്ലാ കലകളോടുമുള്ള അവരുടെ സ്നേഹപ്രകടനവും ഏതാണ്ട് ഒരേ രീതിയിലാണ്. സിനിമയ്ക്ക് സവിശേഷപദവി നൽകാൻ ഒരു കാരണവും കാണുന്നില്ല. ഇക്കാര്യത്തിൽ കൂടുതലെന്ത് പറയണമെന്നും എനിക്കറിയില്ല.

മനുഷ്യരുടെ സാമൂഹിക ജീവിതത്തിൽവരുന്ന മാറ്റങ്ങൾക്കനുസരിച്ച് സിനിമയുടെ രൂപത്തിലും ഉള്ളടക്കത്തിലും മാറ്റങ്ങൾ വരുന്നുണ്ടോ?

= ഉള്ളടക്കമാണ് ഏറ്റവും പ്രധാനം. സത്യത്തിന്റെ അൾത്താരയിലാണ് ആദ്യം നമിക്കേണ്ടത്‌; അതിനുശേഷം മാത്രമാണ് സൗന്ദര്യത്തിനു മുന്നിൽ എന്ന് രബീന്ദ്രനാഥ് ടാഗോർ പറഞ്ഞിട്ടുണ്ട്. അദ്ദേഹം എന്താണ് പറഞ്ഞതെന്ന് മനസ്സിലാക്കാൻ ശ്രമിക്കൂ. രൂപം വെറും പുറന്തോടുമാത്രമാണ്. ആന്ദ്രേ വൈദയുടെ സിനിമകൾ നോക്കിയാലറിയാം. ഒരുപാട് അധ്വാനിച്ചും കഷ്ടപ്പാടുകൾ സഹിച്ചും നിർമിച്ച സിനിമകളാണ്. എന്നിട്ടും അവ ധാർഷ്ട്യപ്രകടനങ്ങളെന്ന് വിമർശിക്കപ്പെട്ടു. മനുഷ്യമനസ്സിന്റെ ആഴങ്ങളിലേക്ക് തുളച്ചുകയറണം. അവിടെയാണ് ഉള്ളടക്കം ഉരുവപ്പെടുന്നതും രൂപം നിർണയിക്കപ്പെടുന്നതും. മറ്റെല്ലാം ബാഹ്യഘടകങ്ങളാണ്. ദർശനമാണ് മുഖ്യം. അതിനാണ് ഇക്കാലത്ത് ക്ഷാമം. ലൂയി ബുനുവലിനു പിന്നാലെ കെൻജി മിസോഗുച്ചിയും യാസുജിറോ ഓസുവും കളമൊഴിഞ്ഞു. സ്വതന്ത്ര മുന്നേറ്റം നടത്തുന്നത് അകിര കുറൊസോവ മാത്രമാണ്. ഫെഡറിക്കോ ഫെല്ലിനി പൂർണമായും വിറ്റഴിയപ്പെട്ടിരിക്കുന്നു. ഗഹനമായ വിഷയങ്ങളിലേക്ക് കടന്നുചെല്ലാനുള്ള താത്പര്യം മൈക്കലാഞ്ചലോ അന്റോണിയോണി കാണിക്കുന്നില്ല. ഇംഗ്മർ ബർഗ്മാനാകട്ടെ കാപട്യക്കാരനാണ്. ഇലക്ട്ര (1962) പോലുള്ള ചില സിനിമകളിൽ മൈക്കൽ കക്കോയാനിസ് വ്യത്യസ്തത പരീക്ഷിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിനും ദിശതെറ്റി. ഫ്രഞ്ച് നവതരംഗവും അതിനെത്തുടർന്നുണ്ടായ പോളിഷ്, ചെക്കോസ്ലോവാക്യൻ പതിപ്പുകളും എന്നെ വല്ലാതെ നിരാശപ്പെടുത്തി. ഴാങ്-പോൾ സാർത്രിന്റെയും ആൽബർട്ട് കമ്യുവിന്റെയും ചിന്താരീതികൾ പിന്തുടർന്ന മിക്ക സൃഷ്ടികളും ബാലിശമായിരുന്നു. അവയ്ക്ക് ആഴവുമുണ്ടായിരുന്നില്ല. കണക്ഷൻ (1961) പോലുള്ള സിനിമകളിൽ സത്യസന്ധത പുലർത്താൻ ഷേർളി ക്ലാർക്കിന് കഴിഞ്ഞില്ല. ലിൻഡ്സെ ആൻഡേഴ്സണും അങ്ങനെത്തന്നെ. ഒന്നിനെയും ഗൗരവത്തോടെ സമീപിക്കാൻ അവർക്ക് സാധിച്ചില്ല. കലയുടെ എല്ലാ രൂപങ്ങളും സ്ഥിരവും ശാശ്വതവുമാണ്. സിനിമയെ ഒരു കലാരൂപമായി വിലയിരുത്തുമ്പോൾ, സെർജി ഐസൻസ്റ്റീൻ, പുഡോവ്കിൻ, ഡി.ഡബ്ല്യു. ഗ്രിഫിത്ത്, തുടക്കകാലത്തെ ചാർളി ചാപ്ലിൻ എന്നിവർ മാത്രമാണ് അത്യുന്നതരായി തലയുയർത്തിനിൽക്കുന്നത്. ഇക്കാലത്ത് സിനിമക്കാർ കാട്ടിക്കൂട്ടുന്ന ചെപ്പടിവിദ്യകൾ എനിക്ക് അംഗീകരിക്കാൻ കഴിയുന്നതല്ല. ബുനുവലിന്റെ സമസ്തസൃഷ്ടികളും ഫെല്ലിനിയുടെ ലാഡോൾസ് വിറ്റയും (1960) മാത്രമാണ് വേറിട്ടുനിൽക്കുന്നത്.

യൂറോപ്പിലെ സോഷ്യലിസ്റ്റ് രാജ്യങ്ങളിൽനിന്നുള്ള പുതിയ സിനിമകളും മറ്റ് പാശ്ചാത്യ രാജ്യങ്ങളിലെ പുതിയ സിനിമകളും തമ്മിൽ ശ്രദ്ധിക്കത്തക്ക വ്യത്യാസങ്ങളുണ്ടോ?

= എനിക്ക് തോന്നുന്നില്ല. സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ സിനിമക്കാർ ഫ്രഞ്ചുകാരുടെ സൂത്രപ്പണികളെ അനുകരിക്കുകയാണ്. എനിക്കതിനോട് പുച്ഛമാണ്. അവരുടെ സിനിമകളിൽ ചിത്രീകരിക്കുന്നതുപോലെയൊന്നുമല്ല അവരുടെ സമൂഹം. ഒന്നോ രണ്ടോ പേരെ ഒഴിച്ചുനിർത്തിയാൽ റഷ്യൻ സിനിമകൾ അബദ്ധമാണ്. അവയെക്കുറിച്ച് സംസാരിക്കുന്നത് സമയം പാഴാക്കലാകും. വിയറ്റ്നാമി, ക്യൂബൻ, ചൈനീസ് സിനിമകൾ ഞാൻ കണ്ടിട്ടില്ല. അതുകൊണ്ട് അവയെക്കുറിച്ച് സംസാരിക്കാൻ ഞാനാളല്ല. ബൗദ്ധിക-സാംസ്കാരിക നിലവാരമുള്ള സിനിമകളാണ് അവർ നിർമിച്ചതെങ്കിൽ അവർക്ക് അഭിനന്ദനങ്ങൾ.

ജീവിതത്തെ പ്രതിഫലിപ്പിക്കാൻ ശ്രമിക്കവേ, കലാകാരർ സ്വന്തം കണ്ണിലൂടെ ലോകത്തെ കാണിക്കുകയാണോ ചെയ്യുന്നത്?

= കലാകാരന്റെ യാത്ര ഒരു നിരന്തരാന്വേഷണമാണ്. ആ തിരച്ചിലിനൊടുവിൽ എവിടെയെങ്കിലും എത്തിച്ചേർന്നേക്കാം; അല്ലെങ്കിൽ പരാജയപ്പെട്ടേക്കാം. രണ്ടും ശരിയാണ്. കലാകാരൻ ശ്രമം തുടർന്നുകൊണ്ടേയിരിക്കും. ഒരു ഘട്ടത്തിൽ അത് അവസാനിച്ചാലും അയാൾ ഉന്നയിച്ച ഒരു ചോദ്യം മനുഷ്യരെ സ്പർശിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. അവിടെയാണ് കലാകാരന്റെ യഥാർഥ വിജയം.

പ്രേക്ഷകർ കലാകാരനെയോ കലാകാരന്റെ വീക്ഷണത്തെയോ അംഗീകരിക്കുന്നില്ലെങ്കിലോ? അപ്പോൾ കലാകാരൻ സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കണോ അതോ പ്രേക്ഷകർക്കനുസരിച്ച് മാറി ചിന്തിക്കണോ ? എവിടെയാണ് കലാകാരന്റെ സ്വാതന്ത്ര്യം അവസാനിക്കുന്നത്?

= ഒരു കലാകാരൻ എപ്പോഴും സ്വന്തം ബോധ്യങ്ങളിൽ ഉറച്ചുനിൽക്കുകതന്നെ വേണം.

താങ്കൾക്ക് ശേഷമാണ് ഇന്ത്യയിൽ സബ്ജക്ടീവ് റിയലിസം രൂപപ്പെട്ടത് എന്നു പറഞ്ഞാൽ..

= അത് ഞാനും കേട്ടിട്ടുണ്ട്. പക്ഷേ, ഇത്തരം അർഥമില്ലാത്ത ലേബലുകൾകൊണ്ട് ഒരു പ്രയോജനവുമില്ല. ഓരോ കലാകാരനും ഓരോ വഴിയാണ്. ഈ ഫ്രഞ്ച് ന്യൂ വേവ്... വെറും പ്രഹസനമാണെന്നാണ് എനിക്ക് തോന്നുന്നത്

വിവർത്തനം: അനന്യ ജി.