
* പാട്ട് ആസ്വദിക്കുന്നവരില്‍ ഒരു നിഷ്‌കളങ്കതയുണ്ട് *പ്രതിഷേധക്കവി എന്ന വിശേഷണത്തില്‍ ഖേദമില്ല * എല്ലാ വിയോഗവും കവിതയായി മാറിക്കൊള്ളണമെന്നില്ല- കവിത, ഗാനരചന, പ്രതിഷേധക്കവിതകള്‍, വൈകാരികതലങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് റഫീക്ക് അഹമ്മദ് സംസാരിക്കുന്നു.
'ആമയെപ്പിടിക്കല്ലേ...' റഫീക്ക് അഹമ്മദിന്റെ ഏറ്റവും പുതിയ കവിത വന്നു, സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുത്തു. നിലവിലെ 'അവസ്ഥകളെ' വിമര്‍ശിക്കാന്‍ കവിതയെ ഒരു മികച്ച മാധ്യമമാക്കുകയാണോ?
കവിത സാമൂഹിക വിമര്‍ശനത്തിന് മാത്രമായിട്ടുള്ള ഒരു ടൂളായി ഞാന്‍ കാണുന്നില്ല. ഒരുപാട് സാധ്യതകളും മാനങ്ങളുമുള്ള സംഗതിയാണ് കവിത. പലപ്പോഴും രാഷ്ട്രീയകവിത ഏകമാനത്തില്‍ ഒതുങ്ങിപ്പോവുന്നവയാണ്. മികച്ച പൊളിറ്റിക്കല്‍ കവിതയല്ല നമ്മള്‍ പൊളിറ്റിക്കല്‍ കവിതയായിട്ട് കണക്കാക്കുന്നത്. മലയാളത്തില്‍ വളരെ മികച്ച പൊളിറ്റിക്കല്‍ കവിതകള്‍ ഉണ്ടായിട്ടുണ്ട്. പക്ഷേ, അവ പ്രകടമായിട്ട് പൊളിറ്റിക്കലായിരിക്കില്ല. സൂക്ഷ്മവായനയില്‍ മാത്രം മനസ്സിലാക്കപ്പെടുന്നവയായിരിക്കും. അതുകൊണ്ടുതന്നെ കവിതയിലൂടെ ഒരു സാമൂഹിക വിമര്‍ശനം അല്ല ഞാന്‍ ഉദ്ദേശിക്കുന്നത്. സാമൂഹിക മാധ്യമങ്ങളുടെ വലിയൊരു സാധ്യത നിലനില്‍ക്കുന്നുണ്ട്. ഫേസ്ബുക് പോസ്റ്റുകള്‍ എന്നത് പുതിയൊരു ആവിഷ്‌കാരരീതിയാണ്. അത് ഞാന്‍ ഉപയോഗപ്പെടുത്തുന്നുണ്ട് എന്നുമാത്രം. 'ആമയെപ്പിടിക്കല്ലേ' എന്നത് എന്റെ ഫേസ്ബുക് പോസ്റ്റ് മാത്രമാണ്. 'ഹേ കേ' എന്നതും ഒരു കവിതയായിട്ട് ഞാന്‍ കണക്കാക്കിയിട്ടില്ല. അതും ഒരു ഫേസ്ബുക് പോസ്റ്റാണ്. പുതിയ തരത്തിലുള്ള ആവിഷ്‌കാര രീതിയായി ഞാനതിനെ കാണുന്നു. കവിതയിലൂടെയോ കഥയിലൂടെയോ നോവലിലൂടെയോ പറയുന്നതിനേക്കാള്‍ കൂടുതല്‍ ആഴത്തില്‍ ജനങ്ങളിലേക്കെത്തുന്നത് ചിലപ്പോള്‍ ട്രോളുകളിലൂടെയായിരിക്കും. എന്റെ പ്രവര്‍ത്തന മേഖല കവിതയായതുകൊണ്ട് ഞാന്‍ അതുപയോഗിച്ചു, ഒപ്പം ഒരു വരയും ചേര്‍ത്തു എന്നേയുള്ളൂ.
തെറിയാല്‍ തടുക്കുവാന്‍ കഴിയില്ല തറയുന്ന
മുനയുള്ള ചോദ്യങ്ങളെ, ളറിയാത്ത കൂട്ടരേ' എന്നുതുടങ്ങുന്ന ഒരു മറുപടിക്കവിത റഫീക്ക് അഹമ്മദ് എഴുതിയത് 'ഹേ കേ' എന്ന കവിത നേരിട്ട സാമൂഹികമാധ്യമ ആക്രമണത്തെ ചെറുക്കാനായിരുന്നല്ലോ. ഹേ കേ നല്‍കിയ സാമൂഹികമാധ്യമവിചാരണയെ എങ്ങനെയാണ് നോക്കിക്കണ്ടത്?
സാമൂഹിക മാധ്യമങ്ങളില്‍ എഴുതുമ്പോള്‍ അതിനുലഭിക്കുന്ന പ്രതികരണങ്ങള്‍ വളരെ സമചിത്തതയോടെയാണ് കാണേണ്ടത്. ഞാന്‍ അങ്ങനെത്തന്നെയാണ് കാണുന്നത്. അതേക്കുറിച്ച് കോലാഹലങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. എന്നെ ആക്രമിക്കുന്നു എന്ന് മാധ്യമങ്ങള്‍ പറഞ്ഞ് അറിയുകയാണ് പതിവ്. എനിക്കതില്‍ പരാതിയില്ല. സോഷ്യല്‍മീഡിയ വളരെ തുറസ്സായിട്ടുള്ള ഒരു സ്ഥലമാണ്. ഒരു മൈതാനത്തുനിന്നുകൊണ്ട് പറയുമ്പോള്‍ അതിനെതിരെ കൂക്കുവിളികളും കൈയടികളുമുണ്ടാകും. അതേപോലൊരിടമാണ് സോഷ്യല്‍ മീഡിയ. അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമുണ്ടാകും. അതേക്കുറിച്ച് വേവലാതിപ്പെട്ടിട്ട് കാര്യമില്ല. പക്ഷേ ഈ കവിതയ്ക്ക് സഭ്യേതരമായ പ്രതികരണങ്ങള്‍ നിരന്തരം വന്നതുകൊണ്ടാണ് അങ്ങനെയൊരു മറുപടിക്കവിത എഴുതേണ്ടി വന്നത്. പീഡിപ്പിച്ചതുകൊണ്ടോ, ശകാരിച്ചതുകൊണ്ടോ, തെറിയഭിഷേകം നടത്തിയതുകൊണ്ടോ നമ്മുടെ ചില പ്രതിബദ്ധതകളെയും നീതിബോധത്തെയും കെടുത്താന്‍ കഴിയില്ല എന്ന ഉറച്ച ധാരണയുള്ളതുകൊണ്ടുകൂടിയാണ് മറുപടിക്കവിത എഴുതിയത്. നമ്മളെ എതിര്‍ക്കുന്ന ആളുകളുടെ അതേ ഭാഷയിലും സംസ്‌കാരത്തിലും സംസാരിച്ചാല്‍ നമ്മുടെ നിലവാരം താഴ്ന്നുപോകും. അവരുടെ നിലവാരത്തിലല്ല ഞാന്‍ എന്ന ബോധ്യവും എനിക്കുണ്ട്.
'വീണ്ടും വരാതിരിക്കണേ...
കാണാന്‍ കൊതിക്കുന്നതേ
ഇല്ല നിന്നെ ഞാന്‍...'
' വേണ്ടാ'എന്ന കവിതയിലെ വരികളാണ്. അതേപോലെ തന്നെ 'മരണമെത്തുന്ന നേരത്ത് നീയെന്റെ/അരികില്‍ ഇത്തിരി നേരം ഇരിക്കണേ...' എന്നുതുടങ്ങുന്ന കവിത. രണ്ടിലും നിസ്സഹായമായൊരു അപേക്ഷയുടെ സ്വരം കേള്‍ക്കാം. വളരെ താഴ്മയോടെ വരികളെ വശത്താക്കുന്ന കവിയാണ് താങ്കള്‍ എന്നു പറഞ്ഞാല്‍?
കവിതയെ താങ്കള്‍ക്ക് എങ്ങനെ വേണമെങ്കിലും നോക്കിക്കാണാം, വ്യാഖ്യാനിക്കം. ഒരു വ്യക്തി എന്ന നിലയില്‍ ഞാന്‍ പലപ്പോഴും മറ്റുള്ളവരുടെ വികാരങ്ങളെ വ്രണപ്പെടുത്തരുത് എന്നു ചിന്തിക്കുന്നയാളാണ്. കവിതയെക്കുറിച്ചുള്ള ഈ കാഴ്ചപ്പാട് എന്റെ മേഖലയല്ല. എഴുതുവാന്‍ മാത്രമേ എനിക്കു കഴിയുകയുള്ളൂ. വിശദീകരിക്കാന്‍ ഞാന്‍ അപ്രാപ്തനാണ്.
'ഒരു തോണിയാത്ര'യില്‍ നിന്നുതുടങ്ങിയതാണ് കവിതയിലേക്കുള്ള സഞ്ചാരം. 'ആമയെപ്പിടിക്കല്ലേ' എന്ന കവിതയില്‍ എത്തിനില്‍ക്കുന്നു. കവിതയെഴുത്തിലെ ഗ്രാഫ് സ്വയം വിലയിരുത്തിനോക്കിയിട്ടുണ്ടോ?
അങ്ങനെയൊരു വിലയിരുത്തലൊന്നും നടത്തിനോക്കിയിട്ടില്ല. കവി ആയിത്തീരണം എന്നൊന്നു വിചാരിച്ചിട്ടല്ല പുറപ്പെട്ടത്. എന്റെ ജീവിതത്തിന്റെ ഭാഗമാണത്. ചിന്തകളുടെയും ആലോചനകളുടെയും ആശയങ്ങളുടെയുമൊക്കെ പരിണാമം കവിതയിലും കണ്ടേക്കാം. അത് വിലയിരുത്താന്‍ ഞാന്‍ മുതിര്‍ന്നിട്ടില്ല. എന്നെ വല്ലാതെ അലട്ടുന്ന വിഷയങ്ങള്‍, എഴുതാന്‍ നിര്‍ബന്ധിപ്പിക്കുന്ന പല കാര്യങ്ങള്‍... അവ ഞാന്‍ എഴുതുന്നു. കവിതയുടെയോ സാഹിത്യത്തിന്റെയോ സിദ്ധാന്തങ്ങള്‍ എന്നെ ബാധിക്കാറില്ല. എനിക്ക് തോന്നുന്ന വഴിയിലൂടെ ഞാന്‍ പോയ്ക്കൊണ്ടിരിക്കുന്നു. കുറച്ചാളുകള്‍ അത് ഇഷ്ടപ്പെടുന്നുണ്ടെന്ന് എനിക്കറിയാം. അതുമതി. എന്താണ് എന്റെ പോരായ്മകള്‍, എങ്ങനെയാണ് ഞാന്‍ മെച്ചപ്പെടേണ്ടത് എന്ന് മറ്റുള്ളവര്‍ പറയുകയാണെങ്കില്‍ അത് ഉള്‍ക്കൊള്ളാന്‍ ഞാന്‍ തയ്യാറാണ്. സ്വയം വിലയിരുത്താനുള്ള കഴിവ് എനിക്കില്ല.
സുഗതകുമാരിയുള്‍പ്പെടെയുള്ളവരെ മരക്കവികള്‍ എന്നാക്ഷേപിച്ച് പരിഹസിച്ചകാലമുണ്ടായിരുന്നല്ലോ. ' ഹേ കേ' എന്ന കവിതയെഴുതിയപ്പോള്‍ നേരിട്ട ആക്ഷേപങ്ങളെ എങ്ങനെയാണ് നേരിട്ടത്?
സൈലന്റ് വാലി കന്യാവനം ഇന്നും അങ്ങനെതന്നെ നിലനില്‍ക്കുന്നതില്‍ ഇവിടത്തെ രാഷ്ട്രീയക്കാരും ശാസ്ത്രജ്ഞരും വഹിച്ച പങ്കിനൊപ്പം തന്നെ നില്‍ക്കുന്നതാണ് സുഗതകുമാരി ടീച്ചറും മറ്റ് സാഹിത്യകാരും വഹിച്ചിട്ടുള്ള പങ്ക്. ആ പ്രാധാന്യം നമ്മള്‍ മറന്നുകൂടാ. നമുക്കിടയില്‍ തീവ്രപരിസ്ഥിതിവാദികളും പരിസ്ഥിതിയെ മതം പോലെ വിശ്വസിക്കുന്നവരുമൊക്കെയുണ്ട്. ശാസ്ത്രത്തിനൊപ്പം നില്‍ക്കാനാണ് ഞാനെപ്പോഴും ആഗ്രഹിക്കുന്നത്. പരിസ്ഥിതിയെ സംബന്ധിച്ചുള്ള ഏറ്റവും ശാസ്ത്രീയമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുക. കാല്‍പനികമായിട്ടുള്ളത് വേണ്ട. കവികള്‍ക്ക് പലതരം ഭാവനകളും സങ്കല്പങ്ങളുമൊക്കെയുണ്ടാവും. അത് അവര്‍ പറഞ്ഞുകൊണ്ടേയിരിക്കും.
പരിസ്ഥിതിയെക്കുറിച്ചും ഭൂമിയുടെ നിലനില്‍പിനെക്കുറിച്ചും ജീവജാലങ്ങളുടെ ഭാവിയെക്കുറിച്ചും ഏറ്റവും ആധുനികമായിട്ടുള്ള ശാസ്ത്രം എന്താണോ പറയുന്നത് ആ കാഴ്ചപ്പാട് സ്വീകരിക്കുക എന്നുള്ളതാണ് മുഖ്യം. ആ നിലപാടില്‍ നിന്നുകൊണ്ടാണ് ഞാന്‍ പരിസ്ഥിതിയെ കാണുന്നത്. പ്രകൃതിക്ക് താളഭംഗമുണ്ടാക്കുന്നത് മനുഷ്യരുള്‍പ്പെടെയുള്ള എല്ലാ ജീവജാലങ്ങള്‍ക്കും അപകടകരമാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അമിതമായ ചൂഷണാസക്തിയോട് യോജിപ്പില്ല. മനുഷ്യന്റെ ആവശ്യത്തിനുള്ളത് പ്രകൃതിയിലുണ്ട്, അത്യാര്‍ത്തിക്കുള്ളതില്ല എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്. ആ സിദ്ധാന്തത്തില്‍ ഞാനും വിശ്വസിക്കുന്നു.
മനുഷ്യന്റെ ആവശ്യങ്ങള്‍ക്കനുസൃതമായി മാത്രം പ്രകൃതിയെ ആശ്രയിക്കുക, ചൂഷണം ചെയ്യാതിരിക്കുക. വികസനം എന്നുപറയുന്നത് അറ്റമില്ലാത്തൊരു സംഗതിയാണ്. വിവേകത്തോടുകൂടി ചെയ്യേണ്ട ഒരു കാര്യമാണ്. ആധുനിക ശാസ്ത്രവും അതുതന്നെയാണ് പറയുന്നത് എന്നാണ് ഞാന്‍ കരുതുന്നത്.
സുഗതകുമാരിടീച്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട അവഹേളനങ്ങളെ സ്വാഭാവികമായ രീതിയിത്തന്നെ കാണാന്‍ കഴിയും. വിമര്‍ശകരില്‍ രണ്ട് തരത്തിലുള്ള ആള്‍ക്കാരുണ്ട്- കാര്യങ്ങള്‍ കൃത്യമായി മനസ്സിലാക്കിക്കൊണ്ട് എന്നാല്‍ സ്വാര്‍ഥതാല്‍പര്യങ്ങള്‍ക്കായി ഭാവി തലമുറയെക്കുറിച്ച് ചിന്തിക്കാതെ പ്രകൃതിയെക്കുറിച്ചും ജീവജാലങ്ങളെക്കുറിച്ചും യാതൊരു ഉത്കണ്ഠയുമില്ലാതെ ചൂഷണം ചെയ്തുകൊണ്ടിരിക്കുന്ന കോര്‍പ്പറേറ്റുകളും അവരുടെ പിന്നണിയാളുകളായിട്ടുള്ള ശാസ്ത്രജ്ഞരും ഉള്‍പ്പെടുന്ന സമൂഹം ഒന്ന്. അവരുടെയൊക്കെ രാഷ്ട്രീയ നേതാക്കള്‍ പറയുന്നത് അന്ധമായി വിശ്വസിച്ചുകൊണ്ട് 19-ാം നൂറ്റാണ്ടിലുള്ള ശാസ്ത്രബോധത്തെ ആധുനികമാണെന്ന് വിശ്വസിക്കുന്ന രണ്ടാമതൊരു വിഭാഗം. അവരോടൊക്കെ സഹതാപം മാത്രമേയുള്ളൂ. വിദ്വേഷമൊന്നുമില്ല. അവരൊക്കെ നേര്‍വഴിക്ക് എന്നെങ്കിലും തിരിച്ചുവരും എന്നുള്ള ആഗ്രഹം മാത്രമേയുള്ളൂ.
പ്രതിഷേധക്കവി എന്ന ആക്ഷേപം നേരിടേണ്ടി വന്നിട്ടുണ്ടോ?
പ്രതിഷേധക്കവി എന്ന വിശേഷണം മോശപ്പെട്ട കാര്യമായി ഞാന്‍ കാണുന്നില്ല. കാരണം ഞങ്ങളുടെയൊക്കെ കുലഗുരുവായിട്ടുള്ള, പുരോഗമന സാഹിത്യ പ്രസ്ഥാനത്തിന്റെ തലതൊട്ടപ്പനായിരുന്നു അദ്ദേഹം, വൈലോപ്പിള്ളി പറഞ്ഞു തന്നിട്ടുള്ളത് ഞങ്ങളെന്നുമൊരു സൗവര്‍ണപ്രതിപക്ഷം എന്നാണ്. എഴുത്തുകാരുടെ ദൗത്യം തിരുത്തല്‍ ശക്തിയായി നില്‍ക്കുക എന്നുള്ളതാണ്. സാംസ്‌കാരിക വിമര്‍ശനം എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. എല്ലാക്കാര്യങ്ങളും വളരെ ഭംഗിയായിട്ട് നടക്കുന്നുവെന്ന് പറയപ്പെടുന്ന സ്വര്‍ഗത്തില്‍ പോയിക്കഴിഞ്ഞാലും ദൈവത്തെ ചോദ്യം ചെയ്തുകൊണ്ട് പ്രതിപക്ഷ സീറ്റിലാണ് എഴുത്തുകാര്‍ ഇരിക്കേണ്ടത്. അങ്ങനെ വേണം. അല്ലെങ്കില്‍ മനുഷ്യന്റെ പുരോഗമനപരമായിട്ടുള്ള കാര്യങ്ങളൊന്നും തന്നെ മുന്നോട്ടുപോവില്ല.
കവിതയിലെ ബൗദ്ധികതയാണോ ഗാനരചനയിലെ ജനപ്രിയതയാണോ താങ്കള്‍ ഏറ്റവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളത്?
ജീവിതത്തിന്റെ സമഗ്രതയില്‍ വിശ്വസിക്കുന്ന ആളാണ് ഞാന്‍. ലോകത്ത് വളരെ ബൗദ്ധികമായിട്ടുള്ള വിഷയങ്ങളുണ്ട്, അല്ലാത്തതുമുണ്ട്. ഏതെങ്കിലും ഒന്നില്‍ മാത്രം ഒതുങ്ങിനില്‍ക്കുക എന്നത് മാനുഷികമായിട്ടുള്ള സംഗതിയല്ല. വളറെ ഗഹനമായിട്ടുള്ള തത്വചിന്തകളും ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുള്ള വലിയ ആശയങ്ങളും സിദ്ധാന്തങ്ങളുമൊക്കെ നിലനില്‍ക്കുമ്പോള്‍ത്തന്നെ മറുവശത്ത് വളരെ ലാളിത്യമാര്‍ന്ന ജീവിതത്തിന്റെ ആനന്ദം കണ്ടെത്തുന്ന കാര്യങ്ങളുമുണ്ട്. എല്ലാം കൂടിച്ചേര്‍ന്നതാണ് ഈ ലോകം. ബഹുസ്വരത നിറഞ്ഞതാണ് ജീവിതം. കലയിലും സാഹിത്യത്തിലും മഹത്തായിട്ടുള്ള ക്ലാസിക്കുകള്‍ക്കും ആധുനികതയ്ക്കും സ്ഥാനമുള്ളതുപോലെത്തന്നെ ഏറ്റവും സാധാരണക്കാര്‍ക്കുവേണ്ടിയിട്ടുള്ള പാട്ടുകള്‍ക്കും നൃത്തങ്ങള്‍ക്കും സ്ഥാനമുണ്ട്.
മലയാള ചലച്ചിത്രഗാനശാഖയെ അത്ര നിസ്സാരമായിട്ടു കാണാന്‍ കഴിയുന്ന ഒന്നല്ല. മലയാളിയുടെ ബോധമണ്ഡലത്തെ ഒരുപാട് സ്വാധീനിച്ചതും സ്വാധീനിച്ചു കൊണ്ടിരിക്കുന്നതുമായ ഒന്നാണ്. കൃത്യവും സ്പഷ്ടവുമായിട്ടുള്ള സംതൃപ്തി ലഭിക്കുന്നത് കവിത എഴുമ്പോഴായിരിക്കാം. പക്ഷേ, പാട്ട് ജനങ്ങളിലേക്കെത്തുകയും നമ്മള്‍ അറിയപ്പെടുകയും ഏറ്റവും സാധാരണക്കാരായ ആളുകള്‍ നമ്മളെ തിരിച്ചറിയുകയും അംഗീകരിക്കുകയും അത്രയൊന്നും സാഹിത്യാഭിരുചിയില്ലാത്ത ആളുകള്‍ പാട്ടിന്റെ പേരില്‍ നമ്മളെ സ്നേഹിക്കുകയും ചെയ്യുന്നത് വേറൊരു തരത്തിലുള്ള സന്തോഷമാണ് തരുന്നത്. ഏതാണ് വലുത് ഏതാണ് ചെറുത് എന്ന് വിലയിരുത്താന്‍ ഞാന്‍ ആളല്ല.
സാഹിത്യം വേണ്ടാത്ത ഗാനങ്ങളാണ് പുതുതലമുറയിലെ സംവിധായകര്‍ക്ക് വേണ്ടത് എന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്.
അത് ഞാന്‍ പറഞ്ഞതല്ല, എന്നോട് പലരും പറഞ്ഞിട്ടുള്ളതാണ്. പാട്ടെഴുതാനിരിക്കുമ്പോള്‍ ഇങ്ങോട്ട് വരുന്ന നിര്‍ദ്ദേശങ്ങളാണിതെല്ലാം. കാവ്യാത്മകമായിട്ടുള്ളത് വേണ്ട. ലളിതവും സാധാരണവുമായിട്ടുള്ളതുമതി എന്നൊക്കെ പലരും പറയാറുണ്ട്. കണ്‍ഫ്യൂഷസ് പറഞ്ഞിട്ടുണ്ട് ഭൂതകാലത്തെക്കുറിച്ചുള്ള നിങ്ങളുടെ അറിവ് ഭാവിയെ നിര്‍വചിക്കാന്‍ സഹായിക്കുമെന്ന്. എന്താണ് നമ്മുടെ പാട്ടിന്റെ ചരിത്രം എന്നൊരു ധാരണ ഉണ്ടായാല്‍ വളരെ നല്ലതാണ്. നാഴിയൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം/ നാലഞ്ച് തുമ്പകൊണ്ട് മാനത്തൊരു പൊന്നോണം എന്നെഴുതിയത് പി. ഭാസ്‌കരന്‍ മാഷാണ്. ഏറ്റവും ലളിതമാണ്, പക്ഷേ അത് കവിതയാണ്. കവിത നഷ്ടപ്പെടുത്തുക എന്നത് സങ്കടമുള്ള കാര്യമാണ്. പാട്ടില്‍ കവിത നഷ്ടപ്പെടുത്തരുത് എന്ന് പറയാനാണ് ഞാന്‍ ഉദ്ദേശിച്ചത്.
ഒരു കാലത്ത് സിനിമാഗാനങ്ങളും നാടകഗാനങ്ങളും നടത്തിയ സാമൂഹ്യപ്രവര്‍ത്തനവും ഇടപെടലുകളും എങ്ങനെ നിരീക്ഷിക്കുന്നു?
അതൊരു പഠനവിഷയമാണ്. ചെറിയ മറുപടിയില്‍ ഒതുങ്ങുന്ന കാര്യമല്ല. മലയാളിയെ നവീകരിക്കുകയും ആധുനീകരിക്കുകയുമൊക്കെ ചെയ്തിട്ടുള്ള, മലയാളിയെ മതേതരനാക്കിയിട്ടുള്ള ഒന്നാണ് ചലച്ചിത്രഗാനങ്ങള്‍. അത്ര തിരിച്ചറിയപ്പെടാതെ പോയിട്ടുള്ള വളരെ സൂക്ഷ്മമായി നവോത്ഥാനപ്രക്രിയയുടെ ഭാഗമായി ചലച്ചിത്രഗാനവും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിനെക്കുറിച്ച് വിശദമായി സംസാരിക്കേണ്ടതുണ്ട്.
ജനപ്രിയത എന്നതിനേക്കാള്‍ സിനിമാഗാനങ്ങള്‍ തരുന്ന സംതൃപ്തി എന്താണ്?
പാട്ടെഴുതേണ്ടത് എങ്ങനെയാണെന്ന് എനിക്കറിയില്ലായിരുന്നു. വളരെ ചെറുപ്പം മുതലേ പാട്ട് ആസ്വദിക്കുമായിരുന്നു. ഇപ്പോഴും അത് തുടരുന്നു. പാട്ടെഴുത്തിന്റെ സാങ്കേതികവശങ്ങളെക്കുറിച്ച് അജ്ഞനായിരുന്നു ഞാന്‍. പാട്ടും കവിതയും രണ്ടും രണ്ടാണെന്ന് വളരെ കൃത്യമായി മനസ്സിലാക്കിയെടുക്കുകയാണ് ആദ്യം ചെയ്തത്. പാട്ടിനുവേണ്ടതായിട്ടുള്ള വിട്ടുവീഴ്ചകളും നിലപാടുകളുമൊക്കെ ഇപ്പോള്‍ സ്വീകരിക്കാറുണ്ട്.
പറയാന്‍ മറന്ന പരിഭവങ്ങള്‍..., തട്ടം പിടിച്ചു വലിക്കല്ലേ..., കിഴക്കുപൂക്കും മുരിക്കിനെന്തൊരു ചുകചുകപ്പാണ്... റഫീക്ക് അഹമ്മദിന്റെ വരികള്‍ തമ്മില്‍ ഗാനവും കവിതയും കൂടിക്കലര്‍ന്നതല്ലേ? ഗാനമെഴുതുമ്പോള്‍ കവിത്വത്തില്‍ നിന്നും മുക്തി നേടാന്‍ ആഗ്രഹിക്കാറുണ്ടോ?
കവിതയ്ക്ക് അനേകം മാനിഫെസ്റ്റേഷന്‍സ് ഉണ്ട്. വിപുലമായ മഹാകാവ്യം മുതല്‍ വിരലില്‍ച്ചുരുങ്ങുന്ന വരികളുള്ള ഹൈക്കുവരെയുള്ള എല്ലാറ്റിലും ഇത് പ്രകടമാണ്. എല്ലാം കവിത എന്നുപറയുന്ന മഹത്തായ കുടക്കീഴില്‍ വരുന്നു. പാട്ടും അങ്ങനെത്തന്നെയാണ്. പാട്ടെഴുതുമ്പോള്‍ കവിതയില്‍ നിന്നും മുക്തിനേടുക എന്നതില്‍ അര്‍ഥമില്ല. നമ്മുടെ ദൈനംദിന വ്യവഹാരങ്ങളില്‍പ്പോലും കവിതയുണ്ട്. പക്ഷേ, പാട്ടിലേക്കുവരുമ്പോള്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ലളിതമായിരിക്കണം, ആളുകളിലേക്ക് എളുപ്പം കയറിച്ചെല്ലാന്‍ കഴിയണം, വളരെ ഗഹനമായ കാര്യങ്ങള്‍ പറയുമ്പോഴും ലളിതമായി പറഞ്ഞിരിക്കണം. മുന്‍തലമുറയിലെ ഭാസ്‌കരന്‍മാഷും വയലാറും ഒ.എന്‍.വിയുമൊക്കെ ശ്രീകുമാരന്‍ തമ്പിസാറുമൊക്കെ കൃത്യമായ ഉദാഹരണങ്ങള്‍ പാട്ടുകളായി നമുക്ക് തന്നിട്ടുണ്ട്. അവരുടെ ഗാനങ്ങളില്‍ കൂടി സഞ്ചരിക്കുമ്പോള്‍ നമുക്കത് കാണാന്‍ കഴിയും.
പാട്ട് പെട്ടെന്നു കേള്‍ക്കുമ്പോള്‍ ലളിതമായിരിക്കണം എന്നാല്‍ അകത്ത് ആന്തരാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുകയും വേണം.
'കാടാറുമാസം നാടാറുമാസം/കണ്ണീര്‍ക്കടല്‍ക്കരെ താമസം 'എന്ന പാട്ട് പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വളരെ എളുപ്പമായി തോന്നും പക്ഷേ, ആന്തരാര്‍ഥത്തിലേക്ക് കടന്നുചെല്ലുമ്പോള്‍ വളരെ ഗഹനമായ വീക്ഷണങ്ങള്‍ നമുക്ക് കാണാന്‍ കഴിയും. അത്തരത്തിലാണ് പാട്ടെഴുതേണ്ടത്.
സിനിമയില്‍നിന്നും പാട്ടുകള്‍ ഇല്ലാതാവുന്ന കാലത്തെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?
സിനിമയ്ക്ക് പാട്ട് വേണ്ടാതാവുന്ന കാലം അതിവിദൂരമല്ല, ഇപ്പോള്‍ത്തന്നെ അത് സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. പാട്ട് എന്നുപറയുന്നത് സിനിമയുടെ ആവശ്യമല്ല, ജനങ്ങളുടെ ആവശ്യമായിരുന്നു. സമൂഹത്തിന്റെ ആവശ്യമായിരുന്നു. സമൂഹത്തിന് പാട്ടുകള്‍ ആവശ്യമായിരുന്നു. അതാരും കൊടുത്തിരുന്നില്ല. അങ്ങനെയൊരു സംസ്‌കാരം കേരളത്തിലുണ്ടായിരുന്നില്ല. അനുഷ്ഠാനപരമായിട്ടുള്ള കലകളിലെ സംഗീതം മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഓരോ സമുദായത്തിന്റെയും മതാനുഷ്ഠാനവുമായി ബന്ധപ്പെട്ട പാട്ടുകള്‍, ചില സമുദായങ്ങള്‍ക്കുള്ളില്‍ മാത്രം നിലനില്‍ക്കുന്ന പാട്ടുകള്‍...ഇതൊക്കെ സജീവമായിരുന്ന ഒരു കാലമുണ്ടായിരുന്നു.
നാടന്‍ പാട്ട്, കുറത്തിപ്പാട്ട്, വടക്കന്‍ പാട്ട് തുടങ്ങി അനേകം പാട്ടുകള്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ആധുനികനും മതേതരനുമായ മലയാളിക്ക് പൊതുവായി ആസ്വദിക്കാനുള്ള പാട്ട് കൊടുത്തത് നാടകവും സിനിമയുമൊക്കെയാണ്. അത് വാസ്തവത്തില്‍ സമൂഹത്തിന്റെ ആവശ്യം നിറവേറ്റുകയാണ് ചെയ്തത്. പാട്ടില്ലെങ്കിലും സിനിമ നിലനില്‍ക്കും. എത്രയോ ക്ലാസിക് സിനിമകള്‍ പാട്ടില്ലാതെ നിലനില്‍ക്കുന്നുണ്ട്.
കവിയായ റഫീക്ക് അഹമ്മദിനേക്കാള്‍ ആസ്വാദകമനസ്സില്‍ ഇടം നേടിയിട്ടുള്ളത് ഗാനരചയിതാവായ റഫീക്ക് അഹമ്മദാണ്. പണ്ട് വലയാര്‍ ഗാനങ്ങള്‍ എഴുതാന്‍ തുടങ്ങിയപ്പോള്‍ നിരൂപകര്‍ പറഞ്ഞത് നല്ല ഒരു കവിയെ മലയാളത്തിന് നഷ്ടപ്പെട്ടു എന്നായിരുന്നു.
അതിലെനിക്ക് ഖേദമൊന്നുമില്ല. പി.ഭാസ്‌കരനും വയലാറും ഒ.എന്‍.വിയുമൊക്കെ സിനിമാഗാനരചനാരംഗത്ത് പ്രവര്‍ത്തിച്ചതുകൊണ്ട് അവരുടെ കവിതയിലെ സംഭാവന വലിയതോതില്‍ ആഘോഷിക്കപ്പെടാതെ പോയ അവസ്ഥയുണ്ടായിട്ടുണ്ട്. ഇങ്ങനെ ചില മാറ്റിനിര്‍ത്തലുകളും വിലയിരുത്തലുമൊക്കെ മലയാളിയുടെ സ്വഭാവത്തിന്റെ ഭാഗമാണ്. ഞാന്‍ കവിത മാത്രം എഴുതുകയാണെങ്കിലും അത്രവലിയ ശ്രദ്ധ കിട്ടാനൊന്നും സാധ്യതയില്ല. കാരണം കവിത ആസ്വദിക്കുന്ന ഒരു ലോകത്തിന് പലതരത്തിലുള്ള മുന്‍വിധികളുണ്ട്. കവിതയല്ല അവര്‍ പലപ്പോഴും നോക്കുന്നത്. അത് എഴുതുന്ന ആളിനെ ചുറ്റിപ്പറ്റിയാണ്. ആ കവിത ആര് എഴുതി എന്ന അന്വേഷണമാണ് ആദ്യം ഉണ്ടാവുക. പക്ഷേ പാട്ടിനെ സംബന്ധിച്ച് അങ്ങനെയല്ല. ആരാണ് ഇന്ന പാട്ട് എഴുതിയത് എന്നാരും നോക്കാറില്ല. സാധാരണക്കാരാണ് പാട്ട് ആസ്വദിക്കുന്നത്. അതിനകത്തൊരു നിഷ്‌കളങ്കതയുണ്ട്. കവിത ആസ്വദിക്കുന്ന കാര്യത്തില്‍ ഒരു വലിയ ശതമാനത്തോളം ഈ നിഷ്‌കളങ്കതയില്ല. കാരണം അതെഴുതിയ ആളുമായി ബന്ധപ്പെട്ട പലവിഷയങ്ങളും അവരുടെ ചിന്താമണ്ഡലത്തിലേക്ക് വരും. അതിന്റേതായ കുറേ മുന്‍വിധികളും അവര്‍ക്കുണ്ടാവും.
അതേ സമയം പാട്ടിന്റെ കാര്യം വരുമ്പോള്‍ പാട്ടുമാത്രമേ കേള്‍ക്കുന്നുള്ളൂ. അതിലെ സംഗീതം, പാടിയവിധം, ദൃശ്യാത്മകത...ഈ സമഗ്രതയാണ് ആസ്വാദകര്‍ക്ക് പാട്ട് കേള്‍ക്കുമ്പോള്‍ മനസ്സിലുണ്ടാവുക. 'കായലരികത്ത് വലയെറിഞ്ഞപ്പോള്‍ വള കിലുക്കിയ സുന്ദരീ' എന്ന പാട്ടുകേള്‍ക്കുമ്പോള്‍ അത് ആരെഴുതി, ആര് സംഗീതം ചെയ്തു, ആര് പാടി എന്നതിനപ്പുറം പാട്ടിലേക്ക് അലിഞ്ഞുചേരുകയാണ് ചെയ്യുന്നത്. ഒരു മുന്‍വിധിയുമില്ലാതെ കല എന്ന നിലയിലാണ് പാട്ട് ആസ്വദിക്കപ്പെടുന്നത്.
'ഉമ്മുക്കുലുസു മരിച്ചന്നു രാത്രിയില്‍
ഉമ്മ തനിച്ചുപുറത്തുനിന്നു
ഉറ്റവരൊക്കെയും പോയിരുന്നു
മുറ്റമോ ശൂന്യമായി തീര്‍ന്നിരുന്നു...' വിയോഗത്തിന്റെ പരകോടി വേദന താങ്കള്‍ അക്ഷരങ്ങളിലൂടെ കുത്തിയിറക്കുന്നു. വിയോഗത്തെ താങ്കള്‍ പലതരത്തില്‍ അവതരിപ്പിക്കുന്നുണ്ട്.
'തോരാമഴ' ഉള്‍പ്പെടെയുള്ള കവിതകളൊക്കെത്തന്നെയും ശൂന്യതയില്‍ നിന്നുണ്ടായിട്ടുള്ളതല്ല. അതിനൊക്കെ അടിസ്ഥാനപരമായിട്ടുള്ള ചില സംഭവങ്ങളും യാഥാര്‍ഥ്യങ്ങളുമൊക്കെയുണ്ട്. കുറേ ഭാവനകള്‍ അതില്‍ ചേര്‍ക്കപ്പെടുന്നു എന്നുമാത്രം. വിയോഗങ്ങളും അതുണ്ടാക്കിയിട്ടുള്ള ആത്മസംഘര്‍ഷവും ദുഃഖവുമെല്ലാം കാലമെടുത്ത് മനസ്സില്‍ പാകപ്പെട്ട് കവിതാരൂപത്തില്‍ വരുന്നതാണ്. ആ രംഗം വെറുതേ സങ്കല്‍പിച്ച് ചെയ്തതല്ല എന്നുമാത്രമേ 'തോരാമഴ'യെക്കുറിച്ച് എനിക്ക് പറയാനുള്ളൂ. എല്ലാ വിയോഗവും കവിതയായി മാറിക്കൊള്ളണമെന്നില്ല. പക്ഷേ എനിക്ക് വളരെ സ്നേഹം തോന്നിച്ച ഒരു കുട്ടിയുടെ വിയോഗം 'തോരാമഴ'യായി മാറി.
'മരണമെത്തുന്ന നേരത്ത് നീയെന്റെ അരികില്‍ ഇത്തിരി നേരമിരിക്കണേ...' 'സ്പിരിറ്റ്' എന്ന സിനിമ ഈ കവിതയെ മറ്റൊരു തലത്തിലേക്ക് മാറ്റാന്‍ കാരണമായിട്ടുണ്ടോ?
മരണം എന്നതിപ്പുറത്ത് പ്രണയത്തിന്റെ തീവ്രതയാണ് ഈ കവിതയില്‍ ആവിഷ്‌കരിക്കാന്‍ ശ്രമിച്ചത്. ഏതു തരത്തിലാണ് അത് സ്വീകരിക്കപ്പെട്ടത് എന്നെനിക്കറിയില്ല. 'സ്പിരിറ്റ്' എന്ന സിനിമയ്ക്കുവേണ്ടി എഴുതിയ പാട്ടല്ല. അതിനുംമുമ്പേ എഴുതിയ കവിതയാണ്. സ്പിരിറ്റിലെ ഒരു പ്രത്യേക സിറ്റ്വേഷനില്‍ പാട്ട് ആവശ്യമായി വന്നപ്പോള്‍ ഈ കവിത യോജിക്കുന്നുവെന്ന വിശ്വാസത്തില്‍ സംവിധായകന് കൊടുത്തു. അദ്ദേഹമത് ഉപയോഗിച്ചു. ജീവിതകാമനകളോടുള്ള ആഗ്രഹമാണ് അതിലുള്ളത്. പക്ഷേ പാട്ടില്‍ മരണം എന്ന സംഗതിയില്‍ മാത്രം നില്‍ക്കുന്നതായിട്ടുതോന്നു. പക്ഷേ പ്രണയത്തിന്റെ ശക്തിയാണ് ഞാന്‍ വിഷ്‌കരിക്കാന്‍ ശ്രമിച്ചത്.
മരണമെത്തുന്ന നേരത്ത്... എന്നുതുടങ്ങുന്ന കവിത എഴുതിയ പശ്ചാത്തലത്തെക്കുറിച്ച്?
കവിതയുടെ പശ്ചാത്തലം എപ്പോഴും വിവരിക്കാന്‍ പറ്റിയെന്നുവരില്ല. 'ടിപ് ഓഫ് ദ ഐസ്ബര്‍ഗ്' എന്നു പറയുംപോലെയാണത്. മഞ്ഞുപാളിയുടെ മുകളറ്റം. അതിനടിയില്‍ പലതുമുണ്ടാകും. കവിതയുടെ രാസപ്രക്രിയ എന്നത് എന്റെ അനുഭവത്തില്‍ ഒരിക്കലും കൃത്യമായി പറഞ്ഞുതരാന്‍ പറ്റാത്തതാണ്. എങ്ങനെ ഒരു കവിതയുണ്ടായി എന്നുചോദിച്ചാല്‍ പലര്‍ക്കും ഉത്തരം തരാന്‍ പറ്റുമായിരിക്കും. എനിക്കതിന് പറ്റാറില്ല.
'അഴുക്കില്ലം' താങ്കള്‍ എഴുതിയ നോവലാണ്. സര്‍ഗാത്മകതയ്ക്കായി സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് ആളാണ് താങ്കള്‍. ഗൗരവമായ നോവലെഴുത്തിനെക്കുറിച്ച് ചിന്തിക്കാറുണ്ടോ?
'അഴുക്കില്ലം' ഗൗരവത്തോടെയല്ല എഴുതിയത് എന്നു കരുതുന്നുണ്ടോ? എന്തെഴുതുന്നതും വളരെ ഗൗരവത്തോടുകൂടിയാണ് ഞാനെഴുതുന്നത്. എഴുതിയ ശേഷം ഞാന്‍ വീട്ടില്‍ മൂടിവെച്ചിട്ടില്ല. ജനങ്ങള്‍ക്കു വായിക്കാന്‍ വേണ്ടിയാണ് എഴുതിയത്. നോവല്‍ വേണ്ട രീതിയില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നത് മറ്റൊരു കാര്യം. ഒരു നോവല്‍ എഴുതുന്ന കാര്യം ഇപ്പോള്‍ പരിഗണനയില്‍ ഇല്ല. ചിലപ്പോള്‍ എഴുതിയെന്നും വരാം.
Content Highlights: Rafeek Ahammed, Shabitha, Mathrubhumi
Published: 17 Aug 2023, 04:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented