കമ്പിളികണ്ടത്തെ ജീവിതത്തിന് സത്യസന്ധതയുണ്ടായിരുന്നു. അത് വായനക്കാരനു മുന്നില്‍ പാണ്ഡിത്യത്തിന്‍റെ കോട്ടകള്‍ കെട്ടിയുയര്‍ത്തിയില്ല.

എഴുത്തുകാരന് ബാബു അബ്രഹാം
വായിച്ചവര്‍ പറഞ്ഞു പറഞ്ഞ് ഒരു പുസ്തകം വിപണിയില്‍ തരംഗമായി മാറുന്നു. അതുവരെ അപരിചിതനായ ഒരെഴുത്തുകാരനും ഇടുക്കിയിലെ ഒരു മലയോരഗ്രാമവും വായനാലോകത്തിലെ ആഘോഷമാകുന്നു. പ്രസിദ്ധീകൃതമായതിന്‍റെ ആറാം മാസത്തില്‍ ഇരുപത്തെട്ടാം പതിപ്പിലെത്തിയ വിസ്മയസഞ്ചാരത്തിനു മുന്നില്‍ മലയാളി വായനക്കാര്‍ അന്തംവിട്ടു നില്‍ക്കുകയാണ്. വിധിയും ചുറ്റുമുള്ള മനുഷ്യരും ക്രൂരമായി പരീക്ഷിച്ചപ്പോഴും പ്രതീക്ഷ കൈവിടാതിരുന്ന ഒരു പിടി ജീവിതങ്ങളുടെ ധീരമായ ചെറുത്തുനില്‍പ്പ് അക്ഷരങ്ങളായി വായനക്കാരിലേക്ക് പടരുകയായിരുന്നു. ഒരിക്കല്‍ എഴുത്തുകാരനാവാന്‍ പുറപ്പെട്ട് നിരാശനായി മടങ്ങിയ കൗമാരക്കാരന്‍, വായനക്കാരുടെ പ്രിയപ്പെട്ട എഴുത്തുകാരനായി മാറിയിരിക്കുന്നു.
മാതൃഭൂമി ബുക്സ് പുറത്തിറക്കിയ കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ എന്ന പുസ്തകം ഇരുപത്തെട്ടാം പതിപ്പിലേക്ക് എത്തിയിരിക്കുകയാണ്. രചയിതാവായ ബാബു അബ്രഹാം തിരുവനന്തപുരത്തുനിന്ന് കാസര്‍കോട് വരെ സഞ്ചരിച്ച് വായനക്കാരുമായി സംവദിക്കുകയാണ്. സാഹിത്യാസ്വാദകരെക്കാള്‍, സാധാരണക്കാരായ വായനക്കാരാണ് ഈ ചര്‍ച്ചകളെ സജീവമാക്കുന്നത്. അവര്‍ സംവാദത്തിനിടയില്‍ കരയുന്നുണ്ട്. എഴുത്തുകാരനെ കെട്ടിപ്പിടിക്കുന്നുണ്ട്. അയാള്‍ പറയുന്ന കാര്യങ്ങള്‍ കേട്ട് ചിരിക്കുകയും കരയുകയും ചെയ്യുന്നുമുണ്ട്.
പുസ്തകത്തിന്‍റെ പിറവിയെക്കുറിച്ചും അവിശ്വസനീയമായ വിജയത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമെല്ലാം കമ്പിളികണ്ടത്തിന്‍റെ രചയിതാവായ ബാബു അബ്രഹാം മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
കമ്പിളികണ്ടത്തെ കല്‍ഭരണികള്‍ എന്ന ആത്മകഥാപരമായ കുറിപ്പുകളിലൂടെ കടന്നുപോവുമ്പോള്‍ ഒരു മനുഷ്യൻ തിരിഞ്ഞുനോക്കാൻ ആഗ്രഹിക്കാത്ത അത്രയും കയ്പേറിയ കഠിനപാതകളാണ് താങ്കൾ നടന്നു കയറിയതെന്നു കാണാന്‍ കഴിയും. വർഷങ്ങൾക്കിപ്പുറം, ആരാണ്, എന്താണ്, ഒരു തിരിഞ്ഞുനോട്ടത്തിന് പ്രേരകമായത് ?
ഞാന്‍ ഫ്രാന്‍സിലെത്തിയതിനു ശേഷം 26 വര്‍ഷം കഴിഞ്ഞു. ജീവിതം പല സാഹചര്യങ്ങളിലൂടെയും ഇതിനിടയില്‍ കടന്നുപോയി. പക്ഷേ, 2023 നവംബറില്‍ വ്യക്തിപരമായി ആകെയുലച്ചു കളഞ്ഞ ചില സംഭവവികാസങ്ങള്‍ എന്‍റെ ജീവിതത്തിലുണ്ടായി. മാനസികമായി ഏറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ച ആ ദിനങ്ങളിലൊന്നില്‍ ജീവിതം ഏല്‍പ്പിക്കുന്ന മുറിവുകളെക്കുറിച്ചും മനുഷ്യനന്മയിലെ എന്‍റെ അവിശ്വാസത്തെക്കുറിച്ചുമെല്ലാം ഭാര്യയോട് സംസാരിക്കാനിടയായി. അപ്പോള്‍, എന്നോട് ശക്തിയായി വിയോജിച്ചുകൊണ്ട് ഭാര്യ പറഞ്ഞു, “നന്ദികുന്നേല്‍ മേരിയുടെ മകനായ നിങ്ങള്‍ ഒരിക്കലും ഇങ്ങനെ സംസാരിക്കാന്‍ പാടില്ല. ജീവിതം നല്‍കിയ തിരിച്ചടികളെ തിരിഞ്ഞുനിന്ന് ചെറുത്ത ഒരമ്മയുടെ മകനാണ് നിങ്ങള്‍. കഴിഞ്ഞ കാലം പകര്‍ന്നു തന്ന പാഠങ്ങളും താണ്ടിയ കനല്‍പാതകളും ഒന്നും മറന്നുകൊണ്ട് സംസാരിക്കരുത്. ” അന്നാണ്, എന്‍റെ ഭൂതകാലത്തെക്കുറിച്ചും നാടിനെക്കുറിച്ചുമെല്ലാം ഞാന്‍ വീണ്ടും ഓര്‍ത്തത്. ഞാന്‍ ഓര്‍മകളിലൂടെ കമ്പിളികണ്ടത്തേക്ക് ഒന്നുകൂടി തിരിച്ചുപോയി. അവിടെ നന്ദികുന്നേല്‍ മേരിയെന്ന അസാധാരണയും ധീരയുമായ ഒരു സ്ത്രീ തലയുയര്‍ത്തി നില്‍ക്കുന്നുണ്ടായിരുന്നു. 2023 നവംബര്‍ 27-ന് ഓര്‍മക്കുറിപ്പിലെ ആദ്യഭാഗം ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തു, അക്ഷരത്തെറ്റുകളോടെ. പിന്നെ, ഓര്‍മകളുടെ പ്രവാഹമായിരുന്നു. അങ്ങനെ 36 അധ്യായങ്ങളിലൂടെയാണ് കല്‍ഭരണികള്‍ പൂര്‍ത്തിയാകുന്നത്.
കമ്പിളി കണ്ടത്തിനു മുൻപ് മലയാളികൾക്ക് ബാബു അബ്രഹാം എന്ന എഴുത്തുകാരനെ പരിചയമേയില്ല. പക്ഷേ, ആ അപരിചിതത്വം ഈ അനുഭവ പുസ്തകത്തെ ഹൃദയത്തോട് ചേർക്കാൻ അവർക്ക് തടസ്സമായില്ല. എന്തായിരുന്നു രചനയിലെ ആ മാജിക്ക് ?
ഹൃദയത്തിന്‍റെ ജാലകങ്ങളെല്ലാം തുറന്നിടുക. ഏറ്റവും ലളിതമായി എഴുതുക. വലിയ ആശയങ്ങളെ, കഠിനമായ ജീവിതങ്ങളെ, ആവിഷ്കരിക്കാന്‍ പാണ്ഡിത്യസ്പര്‍ശമുള്ള ഭാഷയുടെ ആവശ്യമില്ല. അതൊക്കെ ഏറ്റവും ലളിതമായ ഭാഷയില്‍ അലങ്കാരങ്ങളുടെ അമിതഭാരമില്ലാതെ തന്നെ അവതരിപ്പിക്കാം. ഹൃദയം ഹൃദയത്തോട് നേരിട്ട് സംസാരിക്കുന്ന അനുഭവമുണര്‍ത്താന്‍ അത്തരം എഴുത്തുകള്‍ക്കു കഴിയും. എഴുതുന്നതെല്ലാം സത്യസന്ധമാവുമ്പോള്‍ വാക്കുകള്‍ക്ക് നമ്മള്‍ പ്രതീക്ഷിച്ചതിലും സൗന്ദര്യവും കരുത്തും കൂടും. കമ്പിളികണ്ടത്തെ ജീവിതത്തിന് സത്യസന്ധതയുണ്ടായിരുന്നു. അത് വായനക്കാരനു മുന്നില്‍ പാണ്ഡിത്യത്തിന്‍റെ കോട്ടകള്‍ കെട്ടിയുയര്‍ത്തിയില്ല. ഏതൊരു വായനക്കാരനും തൊട്ടറിയാവുന്ന എഴുത്തും ജീവിതവുമായിരുന്നു അതില്‍. അതു മാത്രമാണ് അതിലെ മാജിക്.
തിരുവനന്തപുരം മുതൽ കാസർകോട് വരെ വായനക്കാരെ കണ്ടും സംവദിച്ചും യാത്ര ചെയ്യുകയാണ് കുറച്ചു ദിവസങ്ങളായിട്ട്. ആ അനുഭവത്തെക്കുറിച്ച് പറയാമോ?
വലിയ ജനക്കൂട്ടമാണ് എല്ലായിടത്തും എത്തുന്നത്. അതില്‍ 90 ശതമാനം ആളുകളും മുന്‍പ് പുസ്തകചര്‍ച്ചകളില്‍ പങ്കെടുത്തവരല്ലെന്നതാണ് ഈ കൂട്ടായ്മകളിലെ സവിശേഷത. മിക്ക സ്ഥലത്തും പ്രതീക്ഷിച്ചതിലുമേറെയാളുകളാണ് എത്തിയത്. എത്തിയവരില്‍ ഭൂരിഭാഗവും സ്ഥിരമായി സാഹിത്യം ആസ്വദിക്കുന്നവര്‍ ഒന്നുമല്ല. ഒരു തരത്തില്‍ പറഞ്ഞാല്‍, ഒരു പുതിയ വായനാസമൂഹം രൂപപ്പെടുകയായിരുന്നു ഈ പുസ്തകത്തിന്‍റെ പാരായണത്തിലൂടെ. ഈ അനുഭവം പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ തന്നെ വായനക്കാര്‍ ഇതിനെ നെഞ്ചോട് ചേര്‍ത്തു. പല പ്രായത്തിലുള്ളവര്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ മുതല്‍ തല നരച്ച മുത്തശ്ശിമാര്‍ വരെ, ദീര്‍ഘമായ യാത്രകള്‍ ചെയ്ത് എന്നെ കാണുന്നതിനായി പുസ്തകശാലകളില്‍ എത്തി. അവിസ്മരണീയമായ അനുഭവം എന്നല്ലാതെ മറ്റൊന്നും പറയാനില്ല.
മെസഞ്ചറിലൂടെ, ഇന്‍സ്റ്റഗ്രാമിലൂടെ, ഇ മെയിലിലൂടെ, എനിക്ക് ലഭിക്കുന്ന സന്ദേശങ്ങള്‍ക്ക് പൊതുവായ സ്വഭാവമുണ്ട്. കമ്പിളികണ്ടം വായിച്ചതില്‍ എഴുപതു ശതമാനം ആളുകളും പുതിയ വായനക്കാരാണ്.
ഭൂതകാലത്തിൽനിന്നു കുറെ കഥാപാത്രങ്ങൾ പുസ്തകത്തിൽ പ്രത്യക്ഷപ്പെടുകയാണ്. ഇതൊരു ഫിക്ഷണൽ രചനയല്ല. അനുഭവമാണ്. കഥാപാത്രങ്ങളിൽ പലരും ഇപ്പോഴും ജീവനോടെയുണ്ടാകും. മരിച്ചു പോയവരുടെ ബന്ധുക്കളുണ്ടാകും. അവരിൽ ചിലർക്ക് ഈ എഴുതിയതെല്ലാം സ്വീകാര്യമാവണം എന്നില്ല. ആ രീതിയിൽ വല്ല പ്രതികരണങ്ങളും ഉണ്ടായിരുന്നോ?
ഓര്‍മക്കുറിപ്പുകള്‍ എഴുതിയത് ആരെയെങ്കിലും കുറ്റപ്പെടുത്താനോ ദ്രോഹിക്കാനോ അല്ല. കഴിഞ്ഞ കാലത്തെ കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ് പ്രതികാരം ചെയ്യാനുമല്ല. ഓര്‍മയെഴുത്തുകള്‍ എപ്പോഴും ഓര്‍മപ്പെടുത്തല്‍ ആയിരിക്കണം എന്നു നിര്‍ബന്ധമായിരുന്നു. എന്‍റെ എഴുത്തുകള്‍ വായിക്കുന്നവര്‍ കൂടുതല്‍ മെച്ചപ്പെട്ട മനുഷ്യര്‍ ആയിത്തീരണമെന്ന നിര്‍ബന്ധം എനിക്കുണ്ട്. ഈ ഓര്‍മക്കുറിപ്പുകളിലൂടെ കടന്നു പോകുന്ന മനുഷ്യരുടെ ചുറ്റും സമാന അനുഭവങ്ങളുള്ള മറ്റു മനുഷ്യര്‍ ഉണ്ടായേക്കാം. അവരോട് കാരുണ്യത്തോടെ ഇടപെടാന്‍ ഒരു പക്ഷേ, എന്‍റെയെഴുത്തുസഹായകമായേക്കാം. ഞാന്‍ എഴുതിക്കൊണ്ടിരുന്നപ്പോള്‍ ബന്ധുക്കളില്‍നിന്നും പരിചയക്കാരില്‍നിന്നുമെല്ലാം പ്രതിഷേധം ഉയര്‍ന്നു. ബന്ധുക്കളില്‍ പുതിയ തലമുറയിലെ, എന്‍റെ പ്രായക്കാരായവര്‍ക്ക് ഞാന്‍ എഴുതിയതൊക്കെ കുറച്ചു ബുദ്ധിമുട്ടായിട്ടുണ്ടാവാം. മുന്‍തലമുറയിലെ ആരൊക്കെയോ ചെയ്തതിന്‍റെ പഴി ഇപ്പോള്‍ അവര്‍ കേള്‍ക്കേണ്ടി വരുന്നു എന്നാണ് അവരുടെ പരാതി. ഞാന്‍ എഴുതിയത് ആരെയും കുറ്റപ്പെടുത്താനല്ല. ഇതില്‍ എനിക്ക് ഒന്നും ചെയ്യാനില്ല. എഴുത്ത് സത്യസന്ധമായിരിക്കണം എന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ഈ എഴുത്ത് ആരെയും കുറ്റപ്പെടുത്താനല്ല. ഞാന്‍ ഇതെല്ലാം കടന്ന് എന്തൊക്കെയോ ആയി എന്ന ഉച്ചത്തില്‍ വിളിച്ചു പറയാനുമല്ല. ഇത്തരം കഠിനാനുഭവങ്ങളിലൂടെ ഒക്കെ കടന്നു പോവേണ്ടി വന്ന ഒരു ജീവിതത്തെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുക എന്നതു മാത്രമായിരുന്നു ഉദ്ദേശ്യം. അത് വായിക്കുന്നവര്‍ ഹൃദയത്തില്‍ അലിവുള്ളവരായിത്തീരണം എന്ന ഒരു കടന്ന ആഗ്രഹവും അതിനു പിന്നിലുണ്ടായിരുന്നു.
മലയാളത്തിൽ എഴുതുന്ന ആദ്യത്തെ പുസ്തകം എന്നു പറഞ്ഞു താങ്കൾ. 25 വർഷത്തോളം മലയാളം ഒന്നും വായിച്ചിട്ടില്ലെന്നും. അനുഭവങ്ങൾക്കുപരിയായി എഴുത്തിന് സഹായകമായ ഘടകങ്ങൾ എന്തൊക്കെയായിരുന്നു?
ഞാന്‍ കഴിഞ്ഞ 26 വര്‍ഷമായി ഫ്രാന്‍സില്‍ ജീവിക്കുന്നയാളാണ്. ഭാര്യയോട് മാത്രമാണ് ഇക്കാലമൊക്കെ മലയാളത്തില്‍ സംസാരിച്ചിരുന്നത്. മക്കളോടു പോലും ഫ്രഞ്ചിലാണ് സംസാരിച്ചിരുന്നത്. ഫ്രാന്‍സില്‍ ചെന്നതിനു ശേഷം മലയാളം നിത്യജീവിതത്തിലെ ഉപയോഗത്തിലോ വായനയിലോ ഒന്നും ഉണ്ടായിരുന്നില്ല. സര്‍വകലാശാലയില്‍ ഞാന്‍ പഠിപ്പിക്കുന്നത് മാനേജ്മെന്‍റും സോഷ്യോളജിയും ഒക്കെയാണ്. എങ്കിലും സാഹിത്യം എന്നും എനിക്ക് ഏറെ താല്‍പര്യമുള്ള മേഖലയായിരുന്നു. പുസ്തകങ്ങള്‍ ഇംഗ്ളീഷിലും ഫ്രഞ്ചിലുമെല്ലാം വായിക്കുന്നുമുണ്ടായിരുന്നു. മലയാളത്തില്‍ എഴുതിത്തുടങ്ങുന്നത് 2023 നവംബര്‍ 27-ന് ആയിരുന്നു. 2018 ഒക്ടോബര്‍ മുതല്‍ ഞാന്‍ എഴുതുന്നുണ്ട്. അത് മലയാളത്തില്‍ ആയിരുന്നില്ല. ഇംഗ്ളീഷിലും ഫ്രഞ്ചിലുമെല്ലാം പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്. അതെല്ലാം, പ്രസിദ്ധീകരണത്തിനു തയാറെടുക്കുകയാണ്. മലയാളം എഴുതിത്തുടങ്ങുന്നത് 2023 നവംബര്‍ 27 മുതലാണ്. ആദ്യം അത് ഫെയ്സ് ബുക്കിലാണ് പ്രസിദ്ധീകരിച്ചത്. പിന്നീട് അത് തിരുത്തിയെഴുതി. പിന്നെ ഒരു പ്രൂഫ് റീഡറെ വച്ച് അക്ഷരത്തെറ്റുകള്‍ തിരുത്തുകയും ഒരു കണ്ടന്‍റ് എഡിറ്റിങ്ങും ലൈന്‍ എഡിറ്റിങ്ങും നടത്തുകയും ചെയ്തു. എഡിറ്റിങ് കഴിഞ്ഞപ്പോള്‍ ആദ്യം എഴുതിയതില്‍നിന്നു 72 പേജുകള്‍ കുറയ്ക്കേണ്ടി വന്നു. ആഖ്യാനത്തിന്‍റെ സുഗമമായ ഒഴുക്കിനു വേണ്ടി അനാവശ്യവും അപ്രസക്തവുമായ ഭാഗങ്ങള്‍ നീക്കുകയായിരുന്നു. കമ്പിളികണ്ടത്തിനെ ഞാന്‍ ഇംഗ്ളീഷിലേക്കും ഫ്രഞ്ചിലേക്കും മാറ്റിയെഴുതുന്നുണ്ട്. അതൊരിക്കലും ഒരു പദാനുപദ തര്‍ജമ ആയിരിക്കില്ല.
ഞാന്‍ മലയാളം വായിക്കുന്നില്ല എന്നു പറഞ്ഞത്, സാഹിത്യം വായിക്കുന്നില്ല എന്ന അര്‍ഥത്തിലാണ്. സാഹിത്യകൃതികള്‍ വായിക്കാതിരിക്കുമ്പോഴും മലയാള പത്രങ്ങളുടെ ഓണ്‍ലൈന്‍ എഡിഷന്‍ വായിക്കുന്നത് നിഷ്ഠയോടെ പിന്തുടരുന്ന ഒരു ശീലമായിരുന്നു. ഈ വായനയിലൂടെ ഭാഷയുമായുള്ള എന്‍റെ ബന്ധം മുറിഞ്ഞുപോവാതെ നിലനിന്നു.
ഇംഗ്ലീഷിലും ഫ്രഞ്ചിലും പുസ്തകങ്ങൾ എഴുതിയതായി പറഞ്ഞു. ഏതൊക്കെയായിരുന്നു പുസ്തകങ്ങൾ. അവയെക്കുറിച്ച് വിശദീകരിക്കാമോ?
എഴുത്തിന്‍റെ ലോകത്തു നിന്നുള്ള അകല്‍ച്ച എന്നു പറയുന്നത് 16 വയസ്സില്‍ അവസാനിച്ചതാണ്. പിന്നീട് പഠനത്തിലായിരുന്നു കൂടുതല്‍ ശ്രദ്ധ. പിന്നീട് ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെട്ടതിനു ശേഷം മാത്രമാണ് എഴുതുന്നതിനെക്കുറിച്ചുള്ള ചിന്ത പോലും മനസ്സിലേക്ക് കയറി വന്നത്. നമ്മുടെ ജീവിതത്തില്‍ നമ്മളെ ചുറ്റിപ്പറ്റി കുറെയാളുകള്‍ നില്‍ക്കുന്നുണ്ട്. അവരുടെ ജീവിതവും സുരക്ഷയും നമ്മുടെ ഉത്തരവാദിത്തമാവുമ്പോള്‍ നമ്മള്‍ നമ്മുടെ സ്വപ്നങ്ങളെ മറക്കുകയും ജീവിതയാഥാര്‍ഥ്യങ്ങളുമായി മല്ലിടുകയും ചെയ്യും. എഴുത്ത് എന്നു പറയുന്നത് എനിക്ക് വൈകാരികമായ അവസ്ഥയാണ്. അതേസമയം കുടുംബാംഗങ്ങളുടെ ജീവിതം നമ്മുടെ ജീവിതവുമായി കെട്ടുപിണഞ്ഞു കിടക്കുകയും ചെയ്യുന്നുണ്ട്. അപ്പോള്‍, അവരുമായെല്ലാം ബന്ധപ്പെട്ടു കിടക്കുന്ന ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചതിനു ശേഷം മാത്രമേ നമ്മുടെ സ്വപ്നങ്ങള്‍ക്കു പുറകെ സഞ്ചരിക്കാന്‍ കഴിയൂ.
2018-ല്‍ ആണ് ഞാന്‍ ആദ്യമായി എഴുത്തുജീവിതം എന്ന സാധ്യതയെക്കുറിച്ച് ചിന്തിക്കുന്നത്. ആ ചിന്ത എന്നിലുണര്‍ത്തിയത് എന്‍റെ ഭാര്യയാണ്. കുടുംബജീവിതത്തിന്‍റെ ഉത്തരവാദിത്തങ്ങള്‍ സ്വയം ഏറ്റെടുത്തതിനു ശേഷം അവര്‍ എന്നെ സ്വതന്ത്രനാക്കി വിട്ടു. അന്നെഴുതിയത് ഒരു ഇംഗ്ളിഷ് നോവലാണ്. മൂന്നരമാസം കൊണ്ട് അതെഴുതിക്കഴിഞ്ഞു. പിന്നെ ആറു മാസത്തിനു ശേഷം അത് മാറ്റിയെഴുതി. ഇതുവരെ നാലു തവണ ആ നോവല്‍ ഞാന്‍ മാറ്റിയെഴുതി. പ്രശസ്തമായ ഒരു പ്രസാധകശാലയുമായി ആ പുസ്തകത്തിന്‍റെ പ്രസിദ്ധീകരണം സംബന്ധിച്ച് ധാരണയായിട്ടുണ്ട്. ഒരുപക്ഷേ, 2026-ല്‍ ആ നോവല്‍ പുറത്തിറങ്ങിയേക്കാം.
അതു കൂടാതെ, കമ്പിളികണ്ടത്തില്‍ പറയാതെ പോയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു മലയാളം പുസ്തകം കൂടി ഇറങ്ങാനുണ്ട്. ഫ്രഞ്ച് ഭാഷയിലും കമ്പിളികണ്ടത്തിന്‍റെ കൃത്യമായ പരിഭാഷയല്ലാതെയുള്ള ഒരു പുസ്തകം ഇറങ്ങാനുണ്ട്. ഈ പുസ്തകങ്ങളെല്ലാം കഴിഞ്ഞ കാലത്തിന്‍റെ സങ്കീര്‍ത്തനങ്ങളാണ്. അവ നമ്മുടെ മക്കളടക്കമുള്ള യുവതലമുറയ്ക്കു വേണ്ടി രചിക്കപ്പെടുന്നവയാണ്.
അഞ്ച് മാസത്തിനുള്ളിൽ 23 പതിപ്പുകൾ. പുസ്തക വിപണി അന്തം വിട്ടു നിൽക്കുകയാണ്. ഇത്രയും വലിയ വിജയം പ്രതീക്ഷിച്ചിരുന്നോ?
ആറു മാസമായി പുസ്തകം പ്രസിദ്ധീകരിച്ചിട്ട്. പുസ്തകവിപണി മാത്രമല്ല, എഴുത്തുകാരനും അന്തംവിട്ടു നില്‍ക്കുകയാണ്. പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ ഏറിയാല്‍ ഒരു വര്‍ഷം കൊണ്ട് പത്ത് പതിപ്പു വരെ എത്തിയേക്കാം എന്നു മാത്രമേ ഞാന്‍ കരുതിയുള്ളൂ. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും എനിക്കു കിട്ടിയ പ്രതികരണങ്ങള്‍ ഈ പുസ്തകം വിപണിയില്‍ പരാജയപ്പെടില്ലെന്ന ഒരു തോന്നല്‍ എന്നിലുളവാക്കിയിരുന്നു. പക്ഷേ, പുസ്തകം പ്രസിദ്ധീകൃതമായതിനു ശേഷം വായനക്കാരുടെ ഭാഗത്തുനിന്നുള്ള പ്രതികരണം അവിശ്വസനീയമായ രീതിയിലായിരുന്നു. പ്രസാധകരായ മാതൃഭൂമി ബുക്സും ഈ വിജയം പ്രതീക്ഷിച്ചിരുന്നില്ല. സ്ഥിരം സാഹിത്യാസ്വാദകരല്ല, സാധാരണക്കാരായ വായനക്കാരാണ് ഈ വിജയത്തിനു പിന്നില്‍. ഏപ്രിലില്‍ ആദ്യ പതിപ്പിറങ്ങിയ കമ്പിളികണ്ടത്തിന്‍റെ ഇരുപത്തെട്ടാം പതിപ്പ് ഉടനുണ്ടാവും.
കമ്പിളികണ്ടത്തിൽ പ്രതിപാദിക്കപ്പെടുന്ന അനുഭവങ്ങൾ പലതും വായനക്കാരെ കരയിപ്പിക്കുന്നവയാണ്. എങ്കിലും, പുസ്തകത്തിൽ പരാമർശിക്കപ്പെടാതെ പോയ അനുഭവങ്ങളും വ്യക്തികളും വേറെയും ഉണ്ടാവില്ലേ?
അഞ്ചു വയസ്സു മുതല്‍ എന്‍റെ ജീവിതത്തില്‍ സംഭവിച്ചവയില്‍ എന്നെ തീവ്രമായി സ്പര്‍ശിച്ച അനുഭവങ്ങളാണ് കമ്പിളികണ്ടത്തെ കല്‍ഭരണികളില്‍ എഴുതിയിരിക്കുന്നത്. അഞ്ചു വയസ്സു മുതല്‍ 26 വയസ്സു വരെയുള്ള എന്‍റെ ജീവിതമാണത്. അതില്‍തന്നെ 18 വയസ്സു മുതല്‍ 26 വയസ്സു വരെയുള്ള ജീവിതം പ്രതിപാദിക്കുന്നതില്‍ കുറച്ചു തിടുക്കം കൂടിപ്പോയോ എന്ന ഒരു സംശയം എനിക്കുണ്ട്. അവിടെയൊക്കെ ഒരുപാട് കാര്യങ്ങള്‍ പറയാതെ പോയിട്ടുണ്ട്. അതൊക്കെ വീണ്ടും കുറച്ചുകൂടി വിശദമായി എഴുതേണ്ടതുണ്ട്. മറ്റൊരവസരത്തില്‍ അതെല്ലാം പുറത്തുവരുമായിരിക്കും. കമ്പിളികണ്ടം എഴുതി പൂര്‍ത്തിയാക്കിയതിനു ശേഷം അതില്‍ പറയാതെ പോയ കാര്യങ്ങള്‍ മാതൃഭൂമി ഡോട്ട് കോമിൽ 31 അധ്യായങ്ങളായി എഴുതി. കൂടുതല്‍ എഴുതാനുണ്ടായിരുന്നെങ്കിലും അത് തല്‍ക്കാലം അവസാനിപ്പിക്കുകയായിരുന്നു. സമയം കിട്ടുന്നതുപോലെ അതും എഴുതി പൂര്‍ത്തിയാക്കണം.
കമ്പിളികണ്ടത്തിനു ശേഷം മലയാളത്തിൽ ഇനിയും എഴുതുന്നുണ്ടോ ? അനുഭവം? നോവൽ?
നേരത്തെ പറഞ്ഞല്ലോ, ആദ്യം എഴുതിയപ്പോള്‍ ഓര്‍മയില്‍ വരാതിരുന്ന പല കാര്യങ്ങളും മാതൃഭൂമി ഡോട്ട് കോമിൽ പിന്നീട് എഴുതിയിരുന്നു. അതു മുഴുവനായില്ല. സമയം കിട്ടുന്നതു പോലെ അതെഴുതി പൂര്‍ത്തിയാക്കണം. കൂടാതെ, പാരിസില്‍ ഞാന്‍ എത്തിയതു മുതലുള്ള ജീവിതവും എഴുതുന്നുണ്ടായിരുന്നു. അതും പാതിവഴിയിലാണ്. ഞാന്‍ തുടര്‍ച്ചയായി എഴുതുന്ന ഒരാളാണ്. ഇംഗ്ളീഷിലും മലയാളത്തിലുമെല്ലാം എഴുതുന്നുണ്ട്. എഴുതിയതെല്ലാം പ്രസിദ്ധീകരണയോഗ്യമാവണമെന്നില്ല. രണ്ടു നോവലുകള്‍ എഴുതിയിട്ടുണ്ട്. അതൊക്കെ തിരുത്തിയെഴുതി പ്രസിദ്ധീകരണയോഗ്യമെന്ന് ബോധ്യം വന്നാല്‍ മാത്രമേ അതിന് ഒരുമ്പെടുകയുള്ളൂ. കമ്പിളികണ്ടം വിജയിച്ചു എന്നതുകൊണ്ട് പുസ്തകം എഴുതിക്കൊണ്ടിരിക്കണമെന്നില്ല. ഇനിയൊരു പുസ്തകമെഴുതുമ്പോള്‍ അത് കമ്പിളികണ്ടത്തിന്‍റെ നിഴലോ അനുകരണമോ ആവരുതെന്ന് എനിക്കുണ്ട്.
കമ്പിളികണ്ടത്തിന്‍റെ വിജയം എന്നു പറയുന്നത് വായനക്കാര്‍ ദാനം തന്നതാണ്. എങ്കിലും ഇതിലും താഴേക്ക് പോകുമെന്നു കരുതി എഴുതാതിരിക്കുകയുമില്ല. ഇപ്പോള്‍ ഞാന്‍ കരുതുന്നത് ഇനിയെന്തെങ്കിലും എഴുതുന്നുണ്ടെങ്കില്‍ അത് ക്രാഫ്റ്റിലോ വിഷയവൈവിധ്യത്തിലോ ഭാഷയിലോ കഥാപരിസരത്തിലോ വ്യത്യസ്തത പുലര്‍ത്തുന്ന ഒന്നായിരിക്കണം എന്നാണ്.
Published: 14 Oct 2025, 10:00 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented