ഇന്ത്യന്‍ ഇംഗ്ലീഷ് സാഹിത്യത്തിലെ പ്രശസ്തമായ പേരാണ് ജീത് തയ്യിലിന്റേത്. സാഹിത്യത്തിനപ്പുറം ജീവിതത്തെക്കുറിച്ചാണ് ജീത് ഈ അഭിമുഖത്തില്‍ സംസാരിക്കുന്നത്. മയക്കുമരുന്നിനടിമയായി താന്‍ കടന്നുപോയ ഒരു ഇരുണ്ടകാലത്തെക്കുറിച്ച് അദ്ദേഹം തുറന്നുപറയുന്നു. അനന്തസാധ്യതകളുള്ള കാലത്തെ എത്ര ക്രൂരമായി മയക്കുമരുന്ന് മനുഷ്യജീവിതത്തില്‍നിന്ന് കവര്‍ന്നെടുക്കുന്നു എന്നുകൂടി വെളിവാക്കുന്നു ഈ സംഭാഷണം.

To advertise here,

 ജീത് തയ്യില്‍ എന്ന എഴുത്തുകാരനെ ബ്രാന്‍ഡ് ചെയ്യുന്നതില്‍ വളരെ വലിയ പങ്കുവഹിച്ച നോവല്‍ എന്നനിലയില്‍ 'നാര്‍കോപൊളിസ്' പ്രധാനപ്പെട്ടതാണ്. അഞ്ചുവര്‍ഷത്തെ പരിശ്രമം, ആയിരം പേജുകളില്‍നിന്ന് ഇരുനൂറ്റി എണ്‍പതായി വെട്ടിക്കുറച്ചുള്ള എഡിറ്റിങ്. അന്നേവരെയുള്ള ജീത് തയ്യിലിന്റെ ജീവിതത്തില്‍നിന്നുള്ള മുക്തികൂടിയായിരുന്നില്ലേ 'നാര്‍കോപൊളിസ്'. 

ആയിരുന്നു. എന്റെ വായനയും ജീവിതവും ആ നോവലിനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. സാഹിത്യത്തിലെ ഒരു പുതുമുഖക്കാരന്റെ കൗതുകം എന്ന നിലയില്‍ എനിക്ക് എഴുതാന്‍ കഴിയില്ലായിരുന്നു. എന്റെ നാല്പതാമത്തെ വയസ്സിലാണ് ഞാന്‍ ആദ്യ നോവലിന്റെ പണികള്‍ തുടങ്ങുന്നത്. ഒരു മോശംകൃതി അല്ലെങ്കില്‍ ഒരു ഇന്‍സ്റ്റന്‍ഡ് നോവല്‍ പ്രസിദ്ധീകരിക്കാന്‍ എനിക്കിഷ്ടമില്ലായിരുന്നു. നിങ്ങള്‍ ഒരു നല്ലപുസ്തകമെഴുതിയാല്‍ ആളുകള്‍ തീര്‍ച്ചയായും സ്വീകരിക്കും എന്നത് ഒരു പൊതുതത്ത്വമാണ്. പക്ഷേ, നിങ്ങള്‍ കുറെസമയം അതിനായി ചെലവഴിക്കണം.

'നിങ്ങള്‍ക്ക് ആരോടെങ്കിലും വ്യക്തിവിദ്വേഷമുണ്ടെങ്കില്‍ ഏറ്റവും നല്ലത് അയാള്‍ക്ക് ഓപിയം പരിചയപ്പെടുത്തുകയാണ്...' എന്ന് നോവലിലെ കഥാപാത്രം പറയുന്നുണ്ട്.

എന്റെ പതിന്നാലാം വയസ്സില്‍, ഹോങ് കോങ്ങില്‍ ഞാന്‍ പഠിച്ചിരുന്ന സ്‌കൂളില്‍വെച്ചായിരുന്നു ആദ്യമായി ഞാന്‍ ഹെറോയിന്‍ കാണുന്നത്. എന്റെ സഹപാഠി ഉപയോഗിക്കുന്നതുകണ്ട് ഞാനും വേണമെന്ന് ആവശ്യപ്പെട്ടു. ഉപയോഗിച്ച ഉടന്‍തന്നെ ഛര്‍ദിച്ചു. രണ്ടാമതും ശ്രമിച്ചു. ഛര്‍ദിച്ചു. മൂന്നാമതും നാലാമതും അഞ്ചാമതും ആറാമതും ഉപയോഗിച്ചപ്പോഴും ഛര്‍ദിച്ചു. ഏഴാമത്തെ തവണ ശരീരം വഴങ്ങി. പിന്നെ ഞാന്‍ ഛര്‍ദിച്ചില്ല. പക്ഷേ, ഹെറോയിന്‍ അതിന്റെ കുത്തകയാക്കി എന്റെ ലോകത്തെ മാറ്റിക്കഴിഞ്ഞിരുന്നു.

ഒരു മനുഷ്യന്‍ മരണത്തെക്കണ്ട് തിരികെ വരുന്നതുപോലെയാണ് ഛര്‍ദിക്കുക എന്നത്. ആറാമതും ഛര്‍ദിച്ചിട്ടും പിന്തിരിയാന്‍ ജീത് തയ്യാറാവാതിരുന്നതെന്തുകൊണ്ടാണ്

ന്യായമായ ചോദ്യം. ഓരോ തവണയും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ശരീരം മയക്കുമരുന്നിനെ തള്ളിക്കളയാന്‍ ശ്രമിച്ചുകൊണ്ടേയിരുന്നപ്പോഴെല്ലാം തലച്ചോറ് ആദ്യ ഉപയോഗത്തില്‍ത്തന്നെ അടിമപ്പെട്ടുകഴിഞ്ഞിരുന്നു. അതാണ് ശരീരവും തലച്ചോറും തമ്മിലുള്ള വ്യത്യാസം. ശരീരത്തിനുവേണ്ടാത്തതെല്ലാം അത് എങ്ങനെയെങ്കിലും പ്രതിരോധിച്ചു പുറന്തള്ളും. പക്ഷേ, 'അഡിക്ടീവ് ബ്രെയ്ന്‍' അങ്ങനെയല്ല. മനുഷ്യനില്‍ ശരീരത്തെക്കാള്‍ വളരെധികം അധികാരം കൈകാര്യംചെയ്യുന്നത് തലച്ചോറാണ്. എന്റെ ശരീരം പിന്നീട് തലച്ചോറിന് വഴങ്ങിക്കൊടുത്തു.

വളരെ പ്രതീക്ഷയോടെ രക്ഷിതാക്കള്‍ നല്ല വിദ്യാഭ്യാസത്തിനയച്ച മകന്‍ പിന്നീട് തിരികെവരുന്നത് മയക്കുമരുന്നിന് അടിമയായിട്ടാണ്. വിദ്യാഭ്യാസം എങ്ങനെ പൂര്‍ത്തിയാക്കി

ഹോങ് കോങ്ങില്‍ ലെവല്‍, എ ലെവല്‍ എന്നിവ പൂര്‍ത്തിയാക്കിയശേഷം ഞാന്‍ തിരികെ മുംബൈയിലെത്തി ബി.എ.യ്ക്ക് ചേര്‍ന്നു. ഇംഗ്ലീഷ് സാഹിത്യം മെയിന്‍. ഇക്കണോമിക്‌സ്, ആന്ത്രോപോളജി എന്നിവ സബ്‌സിഡിയറി സബ്ജക്ട്. മൂന്നു പ്രൊഫസര്‍മാരും ഞാനൊരു വിദ്യാര്‍ഥിയും മാത്രമേ ഇംഗ്ലീഷ് സാഹിത്യം ബി.എ. ഡിപ്പാര്‍ട്ട്‌മെന്റില്‍ അന്നുണ്ടായിരുന്നുള്ളൂ. ഞാന്‍ ക്ലാസ് കട്ടുചെയ്യുന്നു എന്നറിഞ്ഞാല്‍ അവര്‍ മൂന്നുപേരും വല്ലാതെ അസ്വസ്ഥനാവുമായിരുന്നു. രണ്ടുവര്‍ഷം അങ്ങനെത്തന്നെ തുടര്‍ന്നു. ഞാനൊരു റെഗുലര്‍ വിദ്യാര്‍ഥിയേ ആയിരുന്നില്ല. ക്ലാസില്‍ ഇരിക്കുന്നത് പലപ്പോഴും ഹെറോയിന്‍ ഹാങ്ങോവറോടുകൂടിയായിരുന്നു. ഉറക്കംതൂങ്ങി അങ്ങനെ ഇരിക്കും. എന്റെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ് മിസിസ് കുര്യനെ ഓര്‍മവരുന്നു. അവര്‍ മികച്ച അധ്യാപികയായിരുന്നു. ഒരുദിവസം അവര്‍ എലിയറ്റിന്റെ കവിതകള്‍ പഠിപ്പിക്കുകയായിരുന്നു തല കനംവെച്ചു തൂങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചതും തല മേശയില്‍ ഇടിച്ചു. ഞാന്‍ വേഗം അവരോട് സോറി പറഞ്ഞു. അവര്‍ എന്നെ വളരെ നിരാശയോടെ നോക്കി. ഞാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ക്കറിയാമായിരുന്നു. പക്ഷേ, എല്ലാ അധ്യാപകര്‍ക്കും എന്നില്‍ ഒരു വിശ്വാസമുണ്ടായിരുന്നു. പരീക്ഷകളെല്ലാം ഞാന്‍ നന്നായി എഴുതിയിരുന്നു. ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അതൊരു ഭാഗ്യം എന്ന് കരുതുന്നു.

നാലുവര്‍ഷംമുമ്പ്, കേരളത്തില്‍ സ്‌കൂള്‍കുട്ടികള്‍ക്കിടയില്‍ നര്‍ക്കോട്ടിക് കേസുകള്‍ കൂടിവന്നപ്പോള്‍ താങ്കളുടെ അമ്മയെ ഒരിക്കല്‍ ഞാന്‍ വിളിച്ചു. ഒരമ്മയ്ക്ക് എങ്ങനെയാണ് മയക്കുമരുന്ന് ഉപയോഗിക്കുന്ന മക്കളെ തിരിച്ചറിയാനാവുക, എങ്ങനെയാണ് അവരെ ഡീ അഡിക്ട് ചെയ്യുക എന്ന് സ്വന്തം അനുഭവത്തില്‍നിന്നു പറയാമോ എന്നു ചോദിച്ചപ്പോള്‍ അമ്മ പറഞ്ഞത് ''എന്റെ മകന്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ല, നിങ്ങള്‍ക്ക് ആളുമാറിയതാണ്, സോറി'' എന്നായിരുന്നു. 'നാര്‍കോപൊളിസ്' എഴുതിയ ജീത് തയ്യിലിന്റെ അമ്മയല്ലേ എന്ന് വീണ്ടും ചോദിച്ചപ്പോള്‍ ''അവന്‍ ഒരു എഴുത്തുകാരനാണ്, ഭാവനയില്‍ പലതും എഴുതും'' എന്നായിരുന്നു മറുപടി. നോക്കൂ, ഒരമ്മ സ്വന്തം മകനെ സംരക്ഷിക്കുന്ന, വിശ്വസിക്കുന്ന വിധം! താങ്കളോട് ഇത് നേരിട്ടുപറയാനുള്ള അവസരം കാലം എനിക്ക് തന്നു. 

നിങ്ങള്‍ എന്റെ അമ്മയെ വിളിച്ചിരുന്നു എന്നത് എനിക്ക് വിശ്വസിക്കാനാവുന്നില്ല. കാരണം, അമ്മ എന്നോട് ഇതേപ്പറ്റി ഒന്നുംപറഞ്ഞിട്ടില്ല. അമ്മയുടെ ഈ പ്രതികരണം എന്നെ ഞെട്ടിക്കുന്നു. ഞാന്‍ മയക്കുമരുന്നിന് അടിമയായിരുന്നു എന്ന് എന്റെ മാതാപിതാക്കള്‍ക്ക് അറിയാമായിരുന്നു. പക്ഷേ, ഞങ്ങള്‍ അതേപ്പറ്റി പരസ്പരം സംസാരിച്ചിരുന്നില്ല. അമ്മ നിസ്സഹായയായിരുന്നു. ഞാന്‍ വീട്ടില്‍ത്തന്നെയുണ്ടായിരുന്നതിനാല്‍ എന്റെ മയക്കുമരുന്നിന്റെ കാലംമുഴുവന്‍ അവര്‍ക്ക് നേരില്‍ക്കാണാമായിരുന്നു. 

placeholder
ജീത് തയ്യിലും സഹോദരി ഷീബ തയ്യിലും അച്ഛൻ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി. ജെ.എസ് ജോർജിനും അമ്മ അമ്മു ജോർജിനുമൊപ്പം (ഒരു പഴയ ഫോട്ടോ). 

ഏതൊരു മലയാളിരക്ഷിതാക്കളെയുംപോലെ കണ്‍വെന്‍ഷണലായിരുന്നു എന്റെ മാതാപിതാക്കളും. പ്രായപൂര്‍ത്തിയായ മകന്‍ ജോലിനേടേണ്ടതും സെറ്റിലാവേണ്ടതും അവരുടെയുംകൂടി ആഗ്രഹമായിരുന്നു. അല്ലാത്തപക്ഷം അവര്‍ പലയിടങ്ങളില്‍നിന്നുള്ള ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കാന്‍ ബാധ്യസ്ഥരാണ്. ജോലി എന്റെയും ആവശ്യമായിരുന്നു. മധ്യവര്‍ഗജീവിതാന്തരീക്ഷമായതിനാല്‍ കുടുംബത്തില്‍നിന്നോ കൂട്ടുകാരില്‍നിന്നോ സാമ്പത്തികബാധ്യത ഉണ്ടാവാതിരിക്കാന്‍ ഞാന്‍ നിരന്തരം ജോലിചെയ്തു.

കുടുംബത്തില്‍നിന്ന് ഒന്നും മോഷ്ടിച്ചില്ല, വിറ്റില്ല. മയക്കുമരുന്നിന് അടിമയായതുകാരണം കാശ് എനിക്കായിരുന്നു ഏറ്റവുംകൂടുതല്‍ ആവശ്യം. ഇരുപതുവര്‍ഷം നീണ്ടുനിന്ന എന്റെ അഡിക്ഷന്‍ മാനേജ് ചെയ്തിരുന്നത് ജോലിയായിരുന്നു. ജീവിതത്തിലേക്ക് തിരികെവരണമെന്ന് അതിയായി ആഗ്രഹിച്ചപ്പോള്‍ ആദ്യം ചെയ്തത് എന്റെ ജോലി ഉപേക്ഷിക്കുക എന്നതായിരുന്നു. എനിക്കിനി പണംവേണ്ടാ, എന്റെ അഡിക്ഷന്‍ നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നു. 

അപ്പോഴേക്കും മാധ്യമപ്രവര്‍ത്തനം ഞാന്‍ വല്ലാതെ വെറുത്തുപോയിരുന്നു. ഞാന്‍ എന്റെ പിതാവിനെപ്പോലെയായിരുന്നില്ല. അദ്ദേഹം മാധ്യമരംഗത്തെ അതികായനായി അറിയപ്പെട്ടപ്പോള്‍ ആ മേഖലയില്‍ ഒട്ടുമേ താത്പര്യമില്ലാത്ത ഒരു മോശം പെര്‍ഫോമറായി മാറി ഞാന്‍. മയക്കുമരുന്നും മാധ്യമപ്രവര്‍ത്തനവും ഒരേസമയം നിര്‍ത്താന്‍ ഞാന്‍ തീരുമാനിച്ചു. ആദ്യം പറഞ്ഞത് അമ്മയോടാണ്. പിന്നീട് അച്ഛനെയും അറിയിച്ചു. മുംബൈയിലെ ഒരു നല്ല ഡീ അഡിക്ഷന്‍ സെന്ററിനെക്കുറിച്ച് ഞാന്‍ കേട്ട അറിവുകള്‍ അവരോട് പറഞ്ഞു. അച്ഛനും ഞാനുംകൂടിയാണ് ഡീ അഡിക്ഷന്‍ സെന്ററില്‍ പോയത്. ആ യാത്രയിലുടനീളം ഞങ്ങള്‍ ഒരക്ഷരംപോലും പരസ്പരം സംസാരിച്ചിരുന്നില്ല. അച്ഛന്‍ എന്നെ അവിടെയാക്കി തിരികെ ബെംഗളൂരുവിലേക്ക് പോന്നു. അവര്‍ക്ക് എന്നില്‍ വലിയപ്രതീക്ഷയുണ്ടെന്ന് ഞാന്‍ കുറ്റബോധത്തോടെ തിരിച്ചറിഞ്ഞു.

എന്നെ അവര്‍ നല്ലരീതിയില്‍ വളര്‍ത്തി, നല്ലവിദ്യാഭ്യാസം എനിക്ക് ലഭിക്കണമെന്ന് ആഗ്രഹിച്ചു. പക്ഷേ, എന്റെ വഴി മാറിപ്പോയി. ഇത്തരമൊരു സാഹചര്യം എങ്ങനെ നേരിടണമെന്ന് അവര്‍ക്ക് ഒരുപിടിയുമില്ലായിരുന്നു. ആ മാതാപിതാക്കളുടെ മകനായതുകൊണ്ടാണ് എനിക്ക് അതിജീവിക്കാന്‍ പറ്റിയത്. ഞാന്‍ ഏതവസ്ഥയിലായാലും എന്ത് സംഭവിച്ചാലും വീട്ടിലേക്ക് ധൈര്യപൂര്‍വം കടന്നുചെല്ലാം എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ആ സാഹചര്യം അവര്‍ ഒരുക്കിയിരുന്നു. പല അവസരങ്ങളിലും എന്റെ ജീവനും ജീവിതവും സംരക്ഷിക്കപ്പെട്ടത് ആ വിശ്വാസത്തിന്റെ ബലത്തില്‍ക്കൂടിയായിരുന്നു.

 പുറത്തുനിന്നുള്ള ബന്ധങ്ങളും സൗഹൃദങ്ങളും ഒരുപരിധിവരെ നമ്മളെ നേര്‍വഴിക്കു കൊണ്ടുവരാന്‍ ശ്രമിക്കില്ലേ

ആര്‍ക്കും നിങ്ങളെ മയക്കുമരുന്നില്‍നിന്ന് പിന്തിരിപ്പിക്കാനാവില്ല, നിങ്ങള്‍ക്കല്ലാതെ. പിന്തുടരുന്നത് അപകടകരമായ ശീലമാണെന്ന് നിങ്ങള്‍ക്കും എല്ലാവര്‍ക്കുമറിയാം. മദ്യത്തിനോ മയക്കുമരുന്നിനോ അടിമപ്പെട്ട ഒരാളെ നിങ്ങളുടെ റിസ്‌കില്‍ തിരികെക്കൊണ്ടുവരാനാവില്ല. അതാണ് ആദ്യം നമ്മളും സമൂഹവും ഉള്‍ക്കൊള്ളേണ്ട വസ്തുത. കുടുംബവും ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ത്തൂ നിര്‍ത്തൂ എന്നു കരഞ്ഞുവിളിച്ചതുകൊണ്ടൊന്നും നിങ്ങള്‍ ഡ്രഗ് അഡിക്ഷന്‍ നിര്‍ത്താന്‍ പോകുന്നില്ല. മതിയാക്കണം, തനിക്ക് ചുറ്റുപാടുമുള്ള ജീവിതത്തില്‍ പങ്കുചേരണം എന്ന് സ്വയംതോന്നുകയാണ് വേണ്ടത്. പലപ്പോഴും വൈകിപ്പോകും.

ജീതിന്റെ ജീവിതത്തിലെ രണ്ടാം ഇന്നിങ്‌സ് തുടങ്ങുന്നത് നാര്‍കോപൊളിസിലൂടെയാണ്. മയക്കുമരുന്നില്‍നിന്നു മോചിതനായി നേരേ ലാന്‍ഡ് ചെയ്യുന്നത് ഇന്റര്‍നാഷണല്‍ ബുക്കര്‍പ്രൈസ് അന്തിമപ്പട്ടികയിലേക്കാണ്; പ്രഥമനോവലിലൂടെ. എഴുതിത്തുടങ്ങാം എന്നു തീരുമാനിക്കാന്‍ കാരണമെന്തായിരുന്നു.

പതിനഞ്ചുവയസ്സുമുതല്‍ ഞാന്‍ എഴുത്തുതുടങ്ങിയിരുന്നു. മയക്കുമരുന്ന്് എന്നെ കീഴടക്കിയപ്പോള്‍ കൂടുതല്‍സമയം എഴുതാന്‍ പറ്റാതെയായി. എഴുതുന്നതിനെക്കുറിച്ച് ചിന്തിക്കുകപോലുമില്ലായിരുന്നു. പക്ഷേ, കവിതകള്‍ എഴുതിയിരുന്നു. മയക്കുമരുന്നിന്റെ ലഹരിയില്ലാത്ത ഇടവേളകളില്‍ കവിതയെഴുതാന്‍പറ്റി. എന്നെ സംബന്ധിച്ചിടത്തോളം 'ഫസ്റ്റ് വേഡ്‌സ് ആര്‍ ദ ബെസ്റ്റ് വേഡ്‌സ്' എന്ന പോളിസിയാണ് കവിതയില്‍ ഉപയോഗിക്കുന്നത്. പക്ഷേ, നോവല്‍ ചെറിയകാര്യമല്ല. ഒരുപാട് ദിവസങ്ങള്‍ അതില്‍ ഇരുന്ന് പണിയെടുത്തുകൊണ്ടേയിരിക്കണം. മയക്കുമരുന്ന് അതിന് സമ്മതിക്കില്ലായിരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുക എന്നത് 24 മണിക്കൂര്‍ ജോലിയെടുക്കുന്നതുപോലെയാണ്. മറ്റൊന്നും ചെയ്യാന്‍ അത് നിങ്ങളെ അനുവദിക്കില്ല. എന്നാല്‍, നിങ്ങള്‍ ഒന്നുംചെയ്യുന്നുമില്ല.

ഏതാണ്ട് ഒരു നല്ലകാലത്തിന്റെ പകുതി, അധ്വാനിച്ച പണം, കാണാതെപോയ ബന്ധങ്ങള്‍... ജീത് താങ്കള്‍ക്ക് കുറ്റബോധം തോന്നിയിരുന്നോ

അതേക്കുറിച്ച് ഇപ്പോള്‍ എനിക്ക് ചിന്തിക്കാന്‍പോലുമാവില്ല. മയക്കുമരുന്നിന് അടിമയായിരിക്കുക എന്നത് വളരെ ചെലവേറിയ ഒന്നാണ്. തൊണ്ണൂറുകളില്‍ മുംബൈയില്‍ ഓരോ ദിവസവും അഞ്ഞൂറുരൂപയായിരുന്നു ഹെറോയിനുവേണ്ടി ഞാന്‍ ചെലവഴിച്ചിരുന്നത്. ഇന്ന് ആ പണത്തിന്റെ മൂല്യം ഒരുപക്ഷേ രണ്ടായിരം ആയിരിക്കാം. പണം ഒഴുകിപ്പോവുന്നത് അറിയില്ല, ബന്ധങ്ങളും. ഞാന്‍ നല്ലൊരു സഹോദരനായിരുന്നു ചെറുപ്പകാലങ്ങളില്‍. പിന്നീട് എന്റെ സഹോദരിയുമായി ആ ബന്ധം ഞാന്‍ തിരിച്ചുസ്ഥാപിച്ചത് മയക്കുമരുന്നില്‍നിന്ന് മുക്തമായതിനുശേഷമാണ്.

placeholder
മാതാപിതാക്കൾക്കൊപ്പം ജീത്.

 അച്ഛനെയും അമ്മയെയും നല്ലബോധത്തോടെ കാണുന്നതും ഉള്‍ക്കൊള്ളുന്നതും അപ്പോഴാണ്. എന്റെ കൗമാരകാലത്തും യൗവനത്തിലും എന്നെക്കുറിച്ചുള്ള ആകുലതകളും ഉത്കണ്ഠയും മാത്രമായിരുന്നു മാതാപിതാക്കള്‍ക്കുണ്ടായിരുന്നത്. ഓരോ ദിവസവും എന്നെക്കുറിച്ച് മാത്രമോര്‍ത്ത് അവര്‍ വേദനിച്ചു. 2019-ല്‍ ഞാന്‍ ഡല്‍ഹിയില്‍നിന്ന് ബെംഗളൂരുവിലേക്ക് താമസംമാറ്റി. എന്റെ അച്ഛനും അമ്മയ്ക്കും പ്രായമായി. ഇനി അവരോടൊപ്പം ഞാന്‍ ഉണ്ടായിരിക്കേണ്ടതുണ്ട് എന്ന് തിരിച്ചറിഞ്ഞുകൊണ്ടായിരുന്നു ആ മാറ്റം. എന്റെ ജീവിതത്തില്‍ ആദ്യമായി ഞാന്‍ നല്ലൊരു മകനായി മാറുകയായിരുന്നു. ബന്ധങ്ങളുടെ ദൃഢത ഞാന്‍ തിരിച്ചറിഞ്ഞു. ഇപ്പോള്‍ അവര്‍ സന്തോഷം കുറച്ചെങ്കിലും അറിയുന്നുണ്ട്.

ആ മാറ്റം നല്ലതായിരുന്നല്ലോ

പൂര്‍ണമായുള്ള ഒരു മാറ്റം ഞാന്‍ എന്നോ ആഗ്രഹിച്ചിരുന്നു. പക്ഷേ, മാറാന്‍ കഴിഞ്ഞിരുന്നില്ല. മയക്കുമരുന്ന് നിങ്ങളെ എപ്പോഴും മയക്കത്തിലേക്ക് നയിച്ചുകൊണ്ടേയിരിക്കും. ഉപയോഗിച്ചില്ലെങ്കില്‍ നിങ്ങളുടെ ഉറക്കത്തെ അത് തടസ്സപ്പെടുത്തിക്കൊണ്ടേയിരിക്കും. ആളുകള്‍ക്ക് ഈ അവസ്ഥ തരണംചെയ്യാന്‍ കഴിയില്ല. മരിക്കുകയേ രക്ഷയുള്ളൂ. പലഘട്ടങ്ങളിലും ഞാന്‍ മരിക്കേണ്ടതായിരുന്നു. പക്ഷേ, അത് സംഭവിച്ചില്ല.

 'നാര്‍കോപൊളിസ്' പുറത്തുവന്നതോടെ ജീതിന്റെ പ്രൊഫൈല്‍ ആകെ മാറി. ബുക്കര്‍ പ്രൈസ് ഷോര്‍ട്ട് ലിസ്റ്റില്‍ വരുന്നു. സാഹിത്യ അക്കാദമി അവാര്‍ഡ് നേടുന്നു. വായനക്കാരുടെ ഇഷ്ടപ്പെട്ട എഴുത്തുകാരനായി താങ്കള്‍ മാറുന്നു

ഞാനൊരിക്കലും ആര്‍ക്കും ഒരു നല്ല റോള്‍മോഡല്‍ അല്ല. അങ്ങനെ ആവാതിരിക്കട്ടെ. ഞാന്‍ ജീവിച്ചതുപോലൊരു ജീവിതത്തിലൂടെ ആരും കടന്നുപോകരുത് എന്ന് ഞാന്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. കാരണം, വളരെ കുറച്ചുപേര്‍മാത്രമേ മയക്കുമരുന്നുകയത്തില്‍നിന്ന് അതിജീവിച്ചിട്ടുള്ളൂ. എല്ലാദിവസവും രാവിലെ എഴുന്നേറ്റാല്‍ എഴുതാനിരിക്കുക എന്നത് എന്റെ ശീലമാണ്. മറ്റൊരുജോലിയും എനിക്കിപ്പോള്‍ ഇല്ലാത്തതിനാല്‍ എഴുത്താണ് എന്റെ ജോലി.

എഴുത്ത് ഒരു ജോലിയാവുമ്പോള്‍ നമ്മള്‍ നിരന്തരം കൃതികളെ പ്രസവിച്ചുകൊണ്ടേയിരിക്കേണ്ടിവരില്ലേ. ഒന്നുകഴിയുമ്പോള്‍ അടുത്തത് എന്ത് എന്ന ചിന്ത എഴുത്തിനെ ഒരു മെക്കാനിക്കല്‍ പ്രോസസിലേക്ക് നയിക്കില്ലേ

ഇതുവരെ എഴുതിയത് വായിക്കാതെ അടുത്ത പുസ്തകം ഏതാണെന്ന് ചോദിക്കുക എന്നത് ആളുകളുടെ സ്വഭാവമാണ്. എനിക്കത്ര ധൃതിയില്ല. നമ്മള്‍ നിരന്തരം ചെയ്തുകൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് ജോലിയെന്നത്. സാമ്പത്തികനേട്ടം മാത്രമല്ല. കഴിഞ്ഞ നാലുവര്‍ഷമായി ഒരു പുസ്തകം തയ്യാറാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. എനിക്ക് പതുക്കെ പോയാല്‍മതി. പുസ്തകം പൂര്‍ത്തിയാകുമ്പോള്‍മാത്രം പ്രസിദ്ധീകരിക്കുക. ജീവിതോപാധിയായി എഴുത്തിനെ ഞാന്‍ ആശ്രയിക്കുന്നില്ല. വളരെ മിതമായ ജീവിതരീതികളാണ് എന്റേത്. ഏറ്റവും മികച്ചരീതിയില്‍ എഴുത്ത് പൂര്‍ത്തിയാക്കുക എന്ന ജോലിയാണ് എനിക്കിഷ്ടം.

'നാര്‍കോപൊളിസ്' ഇപ്പോള്‍ കേരളത്തിന് പ്രധാനപ്പെട്ടതായിരിക്കുന്നതിന് കാരണമുണ്ട്- ഇവിടെ ഇളംപ്രായത്തിലുള്ള കുട്ടികള്‍മുതല്‍ മുതിര്‍ന്നവര്‍വരെ രാസലഹരിയുടെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ്

എന്റെ ജീവിതത്തിലെ നിര്‍ണായകമായ ഇരുപതുവര്‍ഷമാണ് ഞാന്‍ മയക്കുമരുന്നിന് അടിയറവുവെച്ചത്. എന്റെ മാതാപിതാക്കളും സഹോദരിയും ആ ഇരുപതുവര്‍ഷം എനിക്കുവേണ്ടി വേദനിച്ചു. ഞാനത് കണ്ടില്ല. അഞ്ചുവര്‍ഷമൊക്കെ ആയിരുന്നെങ്കില്‍ പോട്ടെ എന്നുവെക്കാമായിരുന്നു. എന്റെ ജീവിതകാലഘട്ടത്തിലെ നിര്‍ണായകമായ ഇരുപതുവര്‍ഷം ഞാന്‍തന്നെ ഇല്ലാതാക്കിയതാണ്. പശ്ചാത്താപവും കുറ്റബോധവും ഇന്നും എന്നെ വേട്ടയാടിക്കൊണ്ടേയിരിക്കുന്നു. എന്റെ അമ്മ നിങ്ങളോട് പറഞ്ഞല്ലോ, അത് ജീത് ആയിരുന്നില്ല എന്ന്. മക്കള്‍ എത്ര മോശം അവസ്ഥയിലായാലും അമ്മമാര്‍ അത് സമ്മതിച്ചുതരില്ല. ലോകം കീഴടക്കാനുള്ള ത്വരയുമായി നില്‍ക്കുന്ന എന്റെ കൗമാരകാലത്താണ് ഞാന്‍ അഡിക്ട് ആവുന്നത്. കുട്ടികളും മാതാപിതാക്കളും സൂക്ഷിക്കണം ഈ കാലത്തെ. കാരണം, കാലത്തെ തിരിച്ചെടുക്കാനാവില്ല.

ഒരു അഭിമുഖത്തില്‍ താങ്കള്‍ പറയുന്നുണ്ട് ബോംബെ മുംബൈ ആയി പേരുമാറിയാലും നഗരം പഴയതുതന്നെയാണെന്ന്. ഇന്ത്യയെ ഭാരതം ആക്കാനുള്ള ചര്‍ച്ചകള്‍ വ്യവസ്ഥാപിത താത്പര്യക്കാരില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയെ ഭാരതം ആക്കുന്നതിനെക്കുറിച്ച് എന്താണ് അഭിപ്രായം

അവര്‍ക്കാവശ്യമുള്ളതുപോലെ അവര്‍ വിളിക്കട്ടെ. നമ്മള്‍ ഭൂരിഭാഗവും ഇന്ത്യ എന്നുതന്നെയേ വിളിക്കുകയുള്ളൂ. ചുരുങ്ങിയത് ദക്ഷിണേന്ത്യയിലെങ്കിലും ഇന്ത്യയായി നിലനില്‍ക്കും.

നാര്‍കോപൊളിസില്‍ ചൈനക്കാര്‍ കഥാപാത്രങ്ങളായി വരുന്നുണ്ട്. ഒരു അധ്യായത്തിന്റെ പേരുതന്നെ വുഹാന്‍ എന്നാണ്. താങ്കളുടെ പിതാവ് ടി.ജെ.എസ്. ജോര്‍ജ് ചൈനയെക്കുറിച്ച് പുസ്തകമെഴുതിയിട്ടുണ്ട്. ചൈനയെക്കുറിച്ചുള്ള റഫറന്‍സ് ഗ്രന്ഥങ്ങളില്‍ ഒന്ന് അദ്ദേഹത്തിന്റെ സംഭാവനയാണ്. എന്താണ് ചൈനയോടുള്ള സെന്റിമെന്റ്‌സ്

ബ്രിട്ടീഷ്‌കോളനിയാധിപത്യത്തിലുള്ള ഹോങ് കോങ്ങിലായിരുന്നു ഞാന്‍ വളര്‍ന്നത്. സാമ്പത്തികത്തില്‍ മാത്രമല്ല, സാമൂഹിക കാര്യങ്ങളിലും ലെസെഫെയര്‍ നിലപാടുകള്‍ പുലര്‍ത്തിയിരുന്ന അസലൊരു കോസ്മോപൊളിറ്റന്‍ സിറ്റിയായിരുന്നു ഹോങ് കോങ്. ഇന്ന് അതെല്ലാം പാടേ മാറി. 2014-ലെ അംബ്രലവിപ്ലവവും തുടര്‍ച്ചയായ പ്രക്ഷോഭങ്ങളും കാരണം ഹോങ് കോങ്ങില്‍നിന്ന് ആളുകള്‍ കൂടൊഴിഞ്ഞുപോകാന്‍ തുടങ്ങി. ഏറെക്കാലത്തേക്ക് ഹോങ് കോങ്ങുകാരുടെയുള്ളില്‍ ഭീതിനിറയ്ക്കുന്ന അനുഭവങ്ങളായിരുന്നു. ഷാങ്ഹായിയിലായിരുന്നു ഞാന്‍ താമസിച്ചത്. ബെയ്ജിങ്ങിലും പോയിട്ടുണ്ട്. ആ രാജ്യത്തിന്റെ ഒരുപാട് സവിശേഷതകള്‍ എനിക്കിഷ്ടമാണ്. അവിടെ ജീവിച്ച നാളുകള്‍ എനിക്കേറെ പ്രിയപ്പെട്ടതാണ്.

മഗ്ദലനമറിയം, അസിയ, ലിഡിയ, സൂസന്ന, ജോഹാന, മാര്‍ത്ത... തുടങ്ങി പതിനഞ്ചു പെണ്ണുങ്ങളുടെ പുസ്തകമാണ് നെയിംസ് ഓഫ് വുമണ്‍. പുതിയ നിയമത്തിലെ പാര്‍ശ്വവത്കരിക്കപ്പെട്ട പെണ്ണുങ്ങള്‍ക്കായുള്ള ഒരു നോവല്‍. ആദ്യനോവലില്‍ ബൈബിള്‍ വിമര്‍ശിക്കപ്പെട്ടപ്പോള്‍ സ്ത്രീപക്ഷകാഴ്ചപ്പാടിലൂടെയാണ് ഈ നോവല്‍ അവതരിപ്പിക്കപ്പെട്ടത്. ലൈംഗികതയാണ് മുഖ്യവിഷയം. മതഗ്രന്ഥങ്ങള്‍ ഭാവനയുടെ കലവറയായി തോന്നിയിട്ടുണ്ടോ

ബൈബിള്‍ ഒരു സാഹിത്യഗ്രന്ഥമായി വായിച്ചുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. അതിലെ കാവ്യാത്മകതകളുടെ അനുഗാമിയാണ് ഞാന്‍. കിങ് ജെയിംസ് ബൈബിള്‍ വേര്‍ഷനാണ് ഞാനിവിടെ ഉപയോഗിച്ചിട്ടുള്ളത്. മറ്റെല്ലാ പുരാതന ഇതിഹാസഗ്രന്ഥങ്ങളെയുംപോലെ ഇതുമൊരു കഥകളുടെ കലവറയാണ്. കലാകാരര്‍ക്കും ചിന്തകര്‍ക്കും തങ്ങളുടേതായ സൃഷ്ടികള്‍ക്കുചിതമായ കലവറകള്‍ എല്ലാ സംസ്‌കാരത്തിലുമുണ്ട്. രാമായണത്തില്‍നിന്നും...

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.