ദേശീയരാഷ്ട്രീയത്തിലെ ഏറ്റവും സൂക്ഷ്മമായ ചലനങ്ങള്‍പോലും അടുത്തുനിന്നു മനസ്സിലാക്കി നാലുപതിറ്റാണ്ടിലേറെ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങില്‍ നിറഞ്ഞുനിന്ന പ്രമുഖമാധ്യമപ്രവര്‍ത്തകയാണ് നീര്‍ജ ചൗധരി. പത്തുവര്‍ഷത്തോളം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായിരുന്ന നീര്‍ജ എട്ട് പ്രധാനമന്ത്രിമാരുടെ കാലഘട്ടത്തെ രാഷ്ട്രീയം തലസ്ഥാനത്തുനിന്ന് റിപ്പോര്‍ട്ടുചെയ്തു. പത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുചെയ്ത അനുഭവവും പ്രധാനമന്ത്രിമാരും ദേശീയനേതാക്കളുമായുള്ള നേരിട്ടുള്ള അടുപ്പവും സൗഹൃദവും നീര്‍ജ ചൗധരിയുടെ റിപ്പോര്‍ട്ടുകളെ ശ്രദ്ധേയമാക്കി. HOW PRIME MINISTERS DECIDE എന്ന നീര്‍ജയുടെ പുസ്തകം ഏറെ ചര്‍ച്ചചെയ്യപ്പെട്ടതാണ്. നീര്‍ജ ചൗധരിയുമായി നടത്തിയ സംഭാഷണത്തിന്റെ പ്രസക്തഭാഗങ്ങളാണിത്...

To advertise here,

താങ്കള്‍ പത്രപ്രവര്‍ത്തനത്തില്‍ എത്തിപ്പെടാനുണ്ടായ സാഹചര്യം എന്തായിരുന്നു...

ഡല്‍ഹിയിലെ സ്‌കൂള്‍ ഓഫ് പ്ലാനിങ് ആന്‍ഡ് ആര്‍ക്കിടെക്ച്ചറില്‍ പഠിച്ചുകൊണ്ടിരുന്നകാലത്ത് ആര്‍ക്കിടെക്ട് എന്ന കരിയറിനപ്പുറം സമൂഹത്തിന് ഗുണകരമാവുന്ന എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം എന്നില്‍ ശക്തമായി. തീര്‍ത്തും യാദൃച്ഛികമായാണ് പഠനം ഉപേക്ഷിച്ച് രാജ്‌മോഹന്‍ ഗാന്ധി പത്രാധിപരായ ഹിമ്മത്ത് എന്ന ന്യൂസ് വീക്കിലിയില്‍ ഞാന്‍ ജോലിയില്‍ പ്രവേശിച്ചത്. 1975-ല്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച നാളുകളില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയപ്പോള്‍ സാഹചര്യം ഏറെ ദുഷ്‌കരമായിരുന്നു. മുംബൈയില്‍നിന്ന് പ്രസിദ്ധീകരിച്ച ഹിമ്മത്തിന്, അടിയന്തരാവസ്ഥക്കാലത്ത് കടുത്ത സെന്‍സര്‍ഷിപ്പ് നേരിടേണ്ടിവന്നു. സാമ്പത്തികപ്രതിസന്ധിയും പ്രയാസവും കാരണം പ്രസിദ്ധീകരണം തുടര്‍ന്നുകൊണ്ടുപോവുകയെന്നത് പ്രയാസകരമായി. ഹിമ്മത്തിന് ഭരണകൂടത്തിന്റെ ഏകാധിപത്യപ്രവണതകളെ ചെറുക്കാന്‍സാധിച്ചെങ്കിലും മാര്‍ക്കറ്റ് ശക്തികളുടെ കടന്നുകയറ്റത്തെ തടയുന്നതില്‍ പരാജയപ്പെട്ടു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെവന്നപ്പോള്‍ 1980-ല്‍ പ്രസിദ്ധീകരണം നിലച്ചു.

അടിയന്തരാവസ്ഥയുടെ തിക്താനുഭവം നേരിട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ടോ

മാധ്യമങ്ങള്‍ പൊതുവേ കടുത്തനിയന്ത്രണമാണ് നേരിട്ടത്. സെന്‍സര്‍ഷിപ്പില്‍ പാലിക്കേണ്ട പൊതുവായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ആ മാര്‍ഗനിര്‍ദേശം പലപ്പോഴും മാറ്റിക്കൊണ്ടിരുന്നു. ഗാന്ധിജയന്തിദിനത്തില്‍ രാജ്ഘട്ടില്‍ ജെ.പി. കൃപലാനി, രാജ്‌മോഹന്‍ ഗാന്ധി തുടങ്ങിയവര്‍ പ്രാര്‍ഥനായോഗം നടത്തിയപ്പോള്‍ അവരെ അറസ്റ്റുചെയ്തു. ഇത് റിപ്പോര്‍ട്ടുചെയ്തപ്പോള്‍, അത് നീക്കംചെയ്യാന്‍ ആവശ്യപ്പെട്ടു. പിന്നീട് ഹിമ്മത്ത് അച്ചടിച്ച പ്രസിനുമേല്‍ സമ്മര്‍ദമുണ്ടായി. ഒരു പ്രസില്‍നിന്ന് മറ്റൊരു പ്രസിലേക്ക് അച്ചടി മാറ്റേണ്ടിവന്നു. സാമ്പത്തികപ്രയാസം നാള്‍ക്കുനാള്‍ കൂടിവന്നു. ഒടുവില്‍ പ്രസിദ്ധീകരണം നിലനിര്‍ത്താന്‍ നാട്ടുകാരോട് സഹായം അഭ്യര്‍ഥിക്കേണ്ടിവന്നു. ചോ രാമസ്വാമിയുടെ തുഗ്ലക്ക് എന്ന പത്രത്തില്‍ ഹിമ്മത്തിനുവേണ്ടി പണം സംഭാവനചെയ്യാന്‍ പരസ്യംചെയ്തു. ഒരു രൂപവെച്ച് പലരും മണിയോര്‍ഡര്‍ അയക്കാന്‍തുടങ്ങി. ഒടുവില്‍ ഇത് 70,000 രൂപവരെ എത്തി. ഈ പണംകൊണ്ട് സ്വന്തമായി പ്രസ് വാങ്ങിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷവും പ്രസിദ്ധീകരണം തുടര്‍ന്നു. വീണ്ടും സാമ്പത്തികപ്രശ്‌നം രൂക്ഷമായതോടെ പ്രസിദ്ധീകരണം നിര്‍ത്തി. താരതമ്യേന ചെറിയ സ്ഥാപനമായിരുന്നിട്ടും ഹിമ്മത്തില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയതുകാരണം എനിക്ക് അടിയന്തരാവസ്ഥയുടെ ഭീകരമായ സാഹചര്യം നേരിട്ടുകാണാനും മനസ്സിലാക്കാനും സാധിച്ചു.

ഈ ദുരനുഭവം പത്രപ്രവര്‍ത്തനത്തില്‍നിന്ന് പിന്മാറാന്‍ പ്രേരിപ്പിച്ചിരുന്നോ

പത്രപ്രവര്‍ത്തനരംഗത്ത് ശക്തമായി തുടരാനുള്ള ആത്മബലം ലഭിച്ചത് ഈ ദുരനുഭവങ്ങളില്‍നിന്നാണ്. 1982-ല്‍ സ്റ്റേറ്റ്‌സ്മാന്‍ പത്രത്തില്‍ ചേര്‍ന്നു. സിവല്‍ റൈറ്റ്‌സ് കറസ്‌പോണ്ടന്റായി അഞ്ചുവര്‍ഷം ജോലിചെയ്തു. ഒരുപക്ഷേ, രാജ്യത്തെ ആദ്യ സിവില്‍ റൈറ്റ്‌സ് കറസ്‌പോണ്ടന്റ് ഞാനായിരിക്കും. യഥാര്‍ഥ ഇന്ത്യയെക്കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചത് ഈ വേളയിലാണ്. ബാലവേല, നിര്‍ബന്ധിതമായി തൊഴിലെടുപ്പിക്കല്‍, വിചാരണത്തടവുകാര്‍, വനിതകള്‍, മാധ്യമരംഗം, ജുഡീഷ്യറി തുടങ്ങിയ വിവിധമേഖലകളിലുള്ളവര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗൗരവമായി മനസ്സിലാക്കാന്‍ കഴിഞ്ഞു. ഈ സമയത്ത് കുറെ പൊതുതാത്പര്യ ഹര്‍ജികള്‍നല്‍കി വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നു. ബിഹാറിലെ മുസാഫര്‍പുരില്‍ 33 വര്‍ഷമായി വിചാരണത്തടവുകാരനായിക്കഴിഞ്ഞ റുബല്‍ സാഹിന്റെ കഥ വിവരിക്കുന്ന സ്റ്റോറിചെയ്തു. വാര്‍ത്തകണ്ട് ജസ്റ്റിസ് വൈ.വി. ചന്ദ്രചൂഡ് ശക്തമായ വിധിപ്രസ്താവിച്ചു. നമ്മുടെ നാട്ടില്‍ എല്ലാം നിയന്ത്രിക്കുന്നത് രാഷ്ട്രീയമാണെന്ന് എന്നെ ബോധ്യപ്പെടുത്തിയ കാലമായിരുന്നു അത്.

പ്രധാനമന്ത്രിമാര്‍ ഉള്‍പ്പെടെ രാജ്യത്തെ ഉന്നതരാഷ്ട്രീയനേതാക്കളുമായി ബന്ധംസ്ഥാപിക്കാന്‍ കഴിഞ്ഞത് എപ്പോഴാണ്

ഇന്ത്യന്‍ എക്‌സ്പ്രസില്‍ 1987-ല്‍ ചേര്‍ന്നതുമുതല്‍ പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിങ്ങില്‍ ശ്രദ്ധിക്കാന്‍തുടങ്ങി. താമസിയാതെ പത്രത്തിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായി. ഇടയ്ക്ക് ഒരുവര്‍ഷം ഇക്കണോമിക് ടൈംസില്‍ ജോലിചെയ്തതൊഴിച്ചാല്‍, പത്തുവര്‍ഷത്തോളം ഇന്ത്യന്‍ എക്‌സ്പ്രസിന്റെ പൊളിറ്റിക്കല്‍ എഡിറ്ററായിരുന്നു. അരുണ്‍ഷൂരി, എച്ച്.കെ. ദുവ്വ, ശേഖര്‍ ഗുപ്ത, രാജ്കമല്‍ ഝാ, സുഭന്ത് ദുബേ തുടങ്ങിയ പ്രമുഖരായ പത്രപ്രവര്‍ത്തകരോടൊപ്പം പ്രവര്‍ത്തിക്കാന്‍ ഈ കാലഘട്ടത്തില്‍ സാധിച്ചു. രാഷ്ട്രീയം റിപ്പോര്‍ട്ടുചെയ്യാന്‍ തുടങ്ങിയതോടെ ഇന്ദിരാഗാന്ധിമുതല്‍ മന്‍മോഹന്‍സിങ്വരെയുള്ള പ്രധാനമന്ത്രിമാരും പ്രമുഖരായ ദേശീയനേതാക്കളുമായി അടുത്തബന്ധം സ്ഥാപിക്കാനും അവരില്‍ പലരുമായി നേരിട്ട് ആശയവിനിമയം നടത്താനും എനിക്ക് അവസരംലഭിച്ചു.

placeholder
നീർജ ചൗധരി | ഫോട്ടോ: ശരൺ കുമാർ ബി.
നീർജ ചൗധരി | ഫോട്ടോ: ശരൺ കുമാർ ബി.

താങ്കളുടെ പുസ്തകത്തില്‍ ഇന്ദിരാഗാന്ധിമുതല്‍ മന്‍മോഹന്‍സിങ് വരെയുള്ള പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തി വിശകലനം ചെയ്യുന്നുണ്ടല്ലോ. ഈ പ്രധാനമന്ത്രിമാരില്‍ ഏറ്റവുംമികച്ച സംഭാവനകള്‍ അര്‍പ്പിച്ചതാരാണ്

പുസ്തകം പുറത്തിറങ്ങിയശേഷം എല്ലാവരും എന്നോട് ചോദിക്കുന്ന ചോദ്യമാണിത്. ആരാണ് മികച്ച പ്രധാനമന്ത്രി, വേണ്ടത്ര മനസ്സിലാക്കപ്പെടാതെപോയ പ്രധാനമന്ത്രി ആരാണ്, രാജ്യത്തിനുവേണ്ടി മികച്ചസംഭാവന അര്‍പ്പിച്ചതാരാണ് തുടങ്ങിയ ചോദ്യങ്ങള്‍. നല്ല പ്രധാനമന്ത്രി, മോശം പ്രധാനമന്ത്രി എന്ന് പറയുക പ്രയാസമായിരിക്കും. പ്രത്യേകിച്ച് പുസ്തകം എഴുതിയശേഷം. എന്നാല്‍, എന്നെ ഏറ്റവും കൂടുതല്‍ വിസ്മയിപ്പിച്ചത് ഇന്ദിരാഗാന്ധിയാണ്.

അടിയന്തരാവസ്ഥയില്‍ ഹിമ്മത്തിന് കടുത്ത പ്രതിസന്ധി നേരിടേണ്ടിവന്നിട്ടും എങ്ങനെയാണ് ഇന്ദിരാഗാന്ധി വിസ്മയിപ്പിക്കുന്നത്

വിസ്മയിപ്പിച്ചു എന്ന് പറയുമ്പോള്‍ അത് പൂര്‍ണമായും പ്രശംസയല്ല. ഭരണാധികാരി, രാജ്യംകണ്ട ഏക വനിതാപ്രധാനമന്ത്രി തുടങ്ങിയനിലകളില്‍ അവര്‍ എന്നെ ആകര്‍ഷിച്ചിട്ടുണ്ട്. അതേസമയം, അടിയന്തരാവസ്ഥ ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ്. മൗലികാവകാശവും മനുഷ്യാവകാശവും അടിച്ചമര്‍ത്തപ്പെട്ട വര്‍ഷങ്ങള്‍. കാലം എത്രപിന്നിട്ടാലും ആ മുറിവ് ഉണങ്ങില്ല. അതേസമയം, 1971-ല്‍ പാകിസ്താനുമായുണ്ടായ യുദ്ധം വിജയിച്ചപ്പോള്‍ എ.ബി. വാജ്‌പേയി അവരെ ദുര്‍ഗ എന്നാണ് വിശേഷിപ്പിച്ചത്. രാഷ്ട്രീയത്തില്‍ ഏറ്റവുംമികച്ച എതിരാളികളെയാണ് ഇന്ദിരാഗാന്ധിക്ക് നേരിടേണ്ടിവന്നത്. അവരുടെ കരുത്തുകൂട്ടുന്നതിന് അത് സഹായകരമായി. സമ്മര്‍ദങ്ങള്‍ക്കുമുന്‍പില്‍ പതറാത്ത ധീരവനിതയായിരുന്നു അവര്‍. രാജ്യത്ത് ഇന്ന് അനുവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന യഥാര്‍ഥരാഷ്ട്രീയത്തിന്റെ (റിയല്‍ പൊളിറ്റിക്‌സ്) ഉപജ്ഞാതാവാണവര്‍. അധാര്‍മിക, അന്യായ സമീപനങ്ങള്‍ കൈക്കൊണ്ടുപോലും ഉദ്ദേശിച്ചകാര്യം നേടുകയെന്നതായിരുന്നു ഇന്ദിരാശൈലി. അവരുടെ പിതാവ് ജവാഹര്‍ലാല്‍ നെഹ്‌റു കുറെക്കൂടി ആദര്‍ശവാദിയായിരുന്നു. ഇന്ദിരാഗാന്ധിക്കുശേഷംവന്നവര്‍ അവരെ എല്ലാ അര്‍ഥത്തിലും അനുകരിക്കാന്‍ ശ്രമിച്ചു. ഇന്ദിര എങ്ങനെ വീണ്ടും അധികാരത്തില്‍വന്നു എന്നതൊക്കെ പിന്നീടുവന്ന രാഷ്ട്രീയനേതാക്കള്‍ പഠനവിധേയമാക്കി. അതുകൊണ്ട് നല്ല അര്‍ഥത്തിലും മോശം അര്‍ഥത്തിലുമാണ് അവര്‍ എന്നെ വിസ്മയിപ്പിച്ചത്.

വര്‍ത്തമാനസാഹചര്യങ്ങളില്‍ ഇന്ദിരാഗാന്ധിയുടെ തെറ്റുകള്‍ ഗൗരവമുള്ളതല്ല എന്നൊരു തോന്നല്‍ ഉണ്ടായിട്ടുണ്ടോ

റാംമനോഹര്‍ ലോഹ്യ ഗുങ്കി ഗുഡിയ (മിണ്ടാത്ത പാവക്കുട്ടി) എന്നും മൊറാര്‍ജി ദേശായി ചോക്രി (പെണ്‍കുട്ടി) എന്നും അമേരിക്കന്‍ പ്രസിഡന്റായിരുന്ന നിക്‌സണ്‍ ഓള്‍ഡ് വിച്ച് (വൃദ്ധ മന്ത്രവാദിനി) എന്നും വിശേഷിപ്പിച്ചതിനെയെല്ലാം മറികടന്ന് 16 വര്‍ഷം പ്രധാനമന്ത്രിപദത്തില്‍ തുടരാന്‍ ഇന്ദിരയ്ക്ക് സാധിച്ചു. പ്രതിസന്ധിഘട്ടത്തിലെല്ലാം നെഹ്‌റുവിന്റെ മകള്‍ എന്ന പരിവേഷം അവര്‍ക്ക് ഗുണകരമായി. സോണിയാഗാന്ധി സ്വകാര്യമായി പറയാറുണ്ട്: ''ഞാന്‍ മിസിസ്സ് ഗാന്ധിയായിരിക്കാം. പക്ഷേ, ഒരിക്കലും നെഹ്‌റുവിന്റെ മകള്‍ അല്ല.''

ഇന്ദിരയ്ക്ക് മികച്ച എതിരാളികളെ കിട്ടി എന്നത് നേട്ടമായി എന്ന് പറഞ്ഞല്ലോ. അടിയന്തരാവസ്ഥയ്ക്കുശേഷം 1980-ലെ തിരഞ്ഞെടുപ്പിലെ തിരിച്ചുവരവിന് ഇത് സഹായിച്ചിട്ടുണ്ടോ

കാമരാജ്, നിജലിംഗപ്പ, മൊറാര്‍ജി തുടങ്ങിയ പ്രഗല്ഭര്‍ എതിരാളികളായത് ഇന്ദിരയെ തളര്‍ത്തുന്നതിനുപകരം മാനസികമായി കരുത്താര്‍ജിക്കാനാണ് സഹായിച്ചത്. ബുദ്ധിപൂര്‍വം കരുനീക്കാന്‍ അവര്‍ പഠിച്ചു. അടിയന്തരാവസ്ഥ പിന്‍വലിച്ച് 1977-ല്‍ പൊതുതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ അത് സ്വതന്ത്രവും നീതിയുക്തവുമായി നടത്തി. അവര്‍ക്കുവേണമെങ്കില്‍ തിരഞ്ഞെടുപ്പുവിധി അട്ടിമറിക്കാമായിരുന്നു. ആ തിരഞ്ഞെടുപ്പില്‍ മകന്‍ സഞ്ജയ് ഗാന്ധിയാണ് തന്റെ പിന്‍ഗാമിയെന്ന് രാജ്യത്തെയും ലോകത്തെയും അറിയിക്കേണ്ടത് അവരുടെ ആവശ്യമായിരുന്നു. എന്നിട്ടും ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ കോണ്‍ഗ്രസ് പരാജയപ്പെട്ടു എന്നത് തിരഞ്ഞെടുപ്പ് നീതിയുക്തമായാണ് നടന്നത് എന്നതിന് തെളിവാണ്. ഏകാധിപതി സഞ്ജയ്ഗാന്ധിയുടെ അമ്മ എന്നതിനെക്കാള്‍ ജനാധിപത്യവാദി നെഹ്‌റുവിന്റെ മകളാണ് ഇന്ദിരാഗാന്ധി എന്ന് ഡല്‍ഹിയില്‍ അന്ന് പലരും പറയുമായിരുന്നു.

നാലില്‍മൂന്ന് ഭൂരിപക്ഷവുമായി അധികാരത്തിലെത്തിയ രാജീവ്ഗാന്ധിക്ക് എന്തുകൊണ്ട് ആ ജനവിശ്വാസം അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിച്ചില്ല

21ാം നൂറ്റാണ്ടിലേക്ക് പുതിയ ഇന്ത്യയെ നയിക്കുകയെന്നതായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നം. അതേസമയം, അദ്ദേഹം പഴയ ഇന്ത്യയെ വേണ്ടത്ര മനസ്സിലാക്കിയിരുന്നില്ല. രാജ്യത്തു നിലനിന്ന ജാതി, മത സമവാക്യങ്ങള്‍ അദ്ദേഹം ഗൗരവമായിക്കണ്ടില്ല. ഷാ ബാനു കേസില്‍ കോടതിവിധി വന്നപ്പോള്‍ അതിനെ മറികടക്കാന്‍ നിയമം കൊണ്ടുവന്നു. തര്‍ക്കസ്ഥലമായ ബാബറി മസ്ജിദില്‍ ഹിന്ദുക്കള്‍ക്ക് ആരാധനനടത്താന്‍ സൗകര്യംചെയ്തുകൊടുത്തു. ഒടുവില്‍ ഹിന്ദു, മുസ്ലിം വിഭാഗങ്ങള്‍ എതിരായി. അങ്ങനെ 1984-ല്‍ 413 എം.പി.മാരുണ്ടായ സ്ഥാനത്ത് 1989-ല്‍ കോണ്‍ഗ്രസ് എം.പി.മാരുടെ എണ്ണം 197 ആയി ചുരുങ്ങി. അധികാരത്തില്‍നിന്ന് പുറത്തായി.

തുടര്‍ന്ന് അധികാരത്തില്‍വന്ന വി.പി. സിങ്, ചന്ദ്രശേഖര്‍, ഐ.കെ. ഗുജ്‌റാള്‍, ദേവഗൗഡ തുടങ്ങിയവര്‍ക്ക് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലല്ലോ

അഴിമതിക്കെതിരായി ശക്തമായ നിലപാടെടുക്കാന്‍ വി.പി. സിങ്ങിന് സാധിച്ചെങ്കിലും പാര്‍ട്ടിക്കുള്ളിലെ തര്‍ക്കം പ്രതിസന്ധിയിലാക്കി. രാജ്യത്ത് പലയിടത്തും സഞ്ചരിച്ച് 18-22 വയസ്സുള്ള യുവാക്കളും വിദ്യാര്‍ഥികളുമായി സംസാരിച്ചപ്പോള്‍ ഒരുകാര്യം എനിക്ക് വ്യക്തമായി. ഇവര്‍ പലരും ചില പ്രധാനമന്ത്രിമാരുടെ പേരുപോലും കേട്ടിട്ടില്ല. നെഹ്‌റുവിനെയും ലാല്‍ ബഹാദുര്‍ ശാസ്ത്രിയെയും ഇന്ദിരാഗാന്ധിയെയും എല്ലാവര്‍ക്കുമറിയാം. മൊറാര്‍ജിയെ മഹാരാഷ്ട്രയില്‍ കുറച്ചൊക്കെ അറിയാം. രാജീവിനെ അറിയാം. വി.പി. സിങ്, പി.വി. നരസിംഹറാവു, ഗുജ്‌റാള്‍ തുടങ്ങിയവരെല്ലാം വിസ്മൃതിയിലായി. മണ്ഡല്‍ കമ്മിഷന്‍ നടപ്പാക്കി ഇന്ത്യന്‍രാഷ്ട്രീയത്തെ മാറ്റിമറിച്ച നേതാവാണ് വി.പി. സിങ്. അദ്ദേഹം നടപ്പാക്കിയ മണ്ഡല്‍ റിപ്പോര്‍ട്ടിന്റെ നേട്ടം ലഭിച്ച ഒ.ബി.സി.വിഭാഗത്തിലെ വിദ്യാര്‍ഥികള്‍പോലും വി.പി. സിങ്ങിനെ മറന്നു. ലാലുപ്രസാദ് യാദവ്, മുലായംസിങ് യാദവ്, കാന്‍ഷിറാം തുടങ്ങിയ നേതാക്കളെല്ലാം ഉയര്‍ന്നുവന്നത് വി.പി. സിങ്ങിന്റെ സംവരണരാഷ്ട്രീയത്തിന്റെ ചുവടുപിടിച്ചാണെങ്കിലും അവരും വി.പി. സിങ്ങിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്താന്‍ ഒന്നും ചെയ്തില്ല. പാര്‍ലമെന്റ് മ്യൂസിയത്തില്‍പ്പോലും വേണ്ടത്ര ഒന്നും കാണാനില്ല.

യുവതുര്‍ക്കിയെന്ന് അടയാളപ്പെടുത്തിയ ചന്ദ്രശേഖറിന് പ്രധാനമന്ത്രിയായപ്പോള്‍ കാര്യമായൊന്നും ചെയ്യാന്‍സാധിച്ചില്ല. പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്ന ഗുജ്‌റാള്‍ ഡോക്ട്രിന്‍ ആണ് ഐ.കെ. ഗുജ്‌റാളിന്റെ കുറച്ചുകാലത്തെ പ്രധാന ഭരണനേട്ടം. ബഹുഭാഷാപണ്ഡിതനായ പി.വി. നരസിംഹറാവു തികഞ്ഞ രാഷ്ട്രീയകൗശലത്തോടെ അഞ്ചുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി. സാമ്പത്തിക ഉദാരവത്കരണനയം നടപ്പിലാക്കി രാജ്യത്ത് വികസനക്കുതിപ്പിന് തുടക്കമിട്ടത് നരസിംഹറാവുവാണ്. ആണവപരീക്ഷണവും പാകിസ്താനുമായുള്ള ബന്ധം മെച്ചപ്പെടുത്തിയതുമാണ് എ.ബി. വാജ്‌പേയിയുടെകാലത്തെ അടയാളപ്പെടുത്തുന്നത്.

മന്‍മോഹന്‍സിങ്ങിന്റെ പത്തുവര്‍ഷക്കാലം എങ്ങനെ വിലയിരുത്തുന്നു

ദുര്‍ബലനായ പ്രധാനമന്ത്രിയായാണ് മന്‍മോഹന്‍സിങ്ങിനെ കണ്ടത്. ഈ കാലഘട്ടത്തില്‍ സോണിയാഗാന്ധിയായിരുന്നു അരപ്രധാനമന്ത്രി. ഇടതുപക്ഷം പിന്തുണപിന്‍വലിച്ചപ്പോള്‍ സമാജ്വാദി പാര്‍ട്ടിയുടെ പിന്തുണയില്‍ അധികാരത്തില്‍ത്തുടര്‍ന്ന് ഇന്ത്യ-യു.എസ്. ആണവക്കരാറില്‍ ഒപ്പുവെക്കാന്‍ മന്‍മോഹന് സാധിച്ചു. പുസ്തകം സമ്മാനിക്കാന്‍ മന്‍മോഹന്‍സിങ്ങിനെ കാണാന്‍ചെന്നപ്പോള്‍, അദ്ദേഹത്തിന്റെ മേശപ്പുറത്ത് എന്റെ പുസ്തകമുണ്ടായിരുന്നു. ദുര്‍ബലനെന്നു വിലയിരുത്തപ്പെട്ട പ്രധാനമന്ത്രിയുടെ നേട്ടം എന്നതായിരുന്നു അതില്‍ മന്‍മോഹന്‍സിങ്ങിനെക്കുറിച്ചുള്ള ഭാഗത്തിന്റെ തലക്കെട്ട്. സത്യസന്ധവും നിഷ്പക്ഷവുമായിത്തന്നെ വിലയിരുത്തിയിട്ടുണ്ടെന്ന് മന്‍മോഹന്‍സിങ് എന്നോടു പറഞ്ഞു.

പ്രധാനമന്ത്രി മോദിയുടെകാലം പുസ്തകത്തില്‍ ഇല്ലല്ലോ. എന്തുകൊണ്ടാണ് മോദിയെ ഒഴിവാക്കിയത്

ഇന്ദിരാഗാന്ധിമുതല്‍ മന്‍മോഹന്‍സിങ്വരെയുള്ള എല്ലാ പ്രധാനമന്ത്രിമാരും ചുമതലയൊഴിഞ്ഞശേഷമാണ് അവരെ ഞാന്‍ വിലയിരുത്തുന്നത്. നരേന്ദ്രമോദി നിലവിലെ പ്രധാനമന്ത്രിയാണ്. അധികാരത്തിലുള്ള പ്രധാനമന്ത്രിയെ വിലയിരുത്തുന്നത് പൂര്‍ണമായും ശരിയാവില്ല. മന്‍മോഹന്‍സിങ്വരെയുള്ളവരുടെ കൂടെയുണ്ടായ ഉന്നത ഉദ്യോഗസ്ഥര്‍, പാര്‍ട്ടി നേതാക്കള്‍, അടുത്ത സുഹൃത്തുക്കള്‍ തുടങ്ങിയവരെക്കണ്ട് സംസാരിച്ചാണ് പുസ്തകം തയ്യാറാക്കിയത്. നിലവിലുള്ള പ്രധാനമന്ത്രിയോടൊപ്പമുള്ള ഉദ്യോഗസ്ഥര്‍, അവര്‍ ചുമതലയിലുള്ളപ്പോള്‍ കാര്യങ്ങള്‍ വിട്ടുപറയില്ല. മാത്രമല്ല ഇപ്പോള്‍ പറയുന്ന പലതും ശരിയാവണമെന്നുമില്ല. അധികാരമൊഴിഞ്ഞാല്‍ കുറച്ചുകൂടി സ്വതന്ത്രമായി അടുപ്പമുള്ളവര്‍ സംസാരിക്കും. അതുകൊണ്ട് ഇപ്പോള്‍ എഴുതുന്നത് നീതിപൂര്‍വമാവില്ല എന്നതുകൊണ്ടാണ് മോദിയെ ഒഴിവാക്കിയത്.

പാര്‍ട്ടിയിലും സര്‍ക്കാരിലും നരേന്ദ്രമോദി ഏകാധിപതിയാണെന്ന ആരോപണത്തെ എങ്ങനെ വിലയിരുത്തുന്നു

സാങ്കേതികവിദ്യ, കമ്യൂണിക്കേഷന്‍ ടൂള്‍ തുടങ്ങിയവയില്‍വന്ന വലിയമാറ്റങ്ങള്‍ ഏറ്റവുംനന്നായി മോദി പ്രയോജനപ്പെടുത്തുന്നുണ്ട്. ആര്‍എസ്.എസ് അജന്‍ഡയാണ് നടപ്പാക്കുന്നത്. എങ്കിലും തന്നെ അടയാളപ്പെടുത്തണമെന്ന് മോദിക്ക് നിര്‍ബന്ധമുണ്ട്. ഇന്ദിരാഗാന്ധിയുടെകാലത്ത് സാങ്കേതികവിദ്യ ഇത്ര വികസിച്ചിട്ടില്ല. മോദിയുടെകാലത്ത് അധികാരകേന്ദ്രീകരണം എളുപ്പമായി.

1970-കള്‍മുതല്‍ ദേശീയരാഷ്ട്രീയത്തിലെ ചലനങ്ങള്‍ ഡല്‍ഹിയില്‍നിന്ന് നേരിട്ടുകണ്ട് സൂക്ഷ്മമായി മനസ്സിലാക്കിയ മാധ്യമപ്രവര്‍ത്തകയാണല്ലോ താങ്കള്‍. മൂല്യങ്ങളിലും ആദര്‍ശത്തിലും രാഷ്ട്രീയനിലവാരം താഴേക്കുപോയി എന്ന് കരുതുന്നുണ്ടോ

രാഷ്ട്രീയത്തില്‍ മൂല്യത്തകര്‍ച്ചയുണ്ടായിട്ടുണ്ട് എന്നകാര്യത്തില്‍ സംശയമില്ല. അതേസമയം, ഗുണകരമായ വലിയമാറ്റങ്ങളും സംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ പിന്നാക്കവിഭാഗത്തില്‍നിന്നുള്ള ആളാണ് പ്രധാനമന്ത്രി. മുന്‍കാലങ്ങളില്‍ അത് സംഭവിക്കുമായിരുന്നോ. ഇന്ന് അത് സംഭവിച്ചു. നേരത്തേ പരിഗണനലഭിക്കാതിരുന്ന വനിതകള്‍, ദളിത്, ഒ.ബി.സി. എല്ലാവര്‍ക്കും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ ഒരു സ്ഥാനമുണ്ട്. മുന്‍പ് ഇങ്ങനെ സംഭവിക്കുമായിരുന്നോ. അധികാരം പ്രധാനമന്ത്രിയില്‍ മാത്രമായിച്ചുരുങ്ങുന്ന അവസ്ഥ ഇന്നുകാണാം. മന്ത്രിസഭയിലും പാര്‍ട്ടിയിലും എതിര്‍ശബ്ദമില്ല. എല്ലാം പി.എം.ഒ. തീരുമാനിക്കും. ജുഡീഷ്യറി ഇന്ന് സമ്മര്‍ദത്തിലാണ്. മാധ്യമരംഗം ജനാധിപത്യവത്കരിക്കപ്പെട്ടു. നേരത്തേ നാലോ അഞ്ചോ ശക്തമായ മാധ്യമങ്ങളാണ് രാജ്യത്തെ കാര്യങ്ങള്‍ നിശ്ചയിച്ചിരുന്നത്. ഇന്ന് ആയിരക്കണക്കിന് പോഡ്കാസ്റ്റ്, യുട്യൂബ് ചാനലുകള്‍ അദ്ഭുതകരമായ മാറ്റമാണ് സൃഷ്ടിച്ചത്. അതേസമയം, മാധ്യമങ്ങള്‍ പഴയകാലത്തെപ്പോലെ ഇന്ന് നിഷ്പക്ഷമല്ല. മാധ്യമങ്ങള്‍ സര്‍ക്കാരില്‍നിന്നും ബിസിനസ് ലോബികളില്‍നിന്നും ഇന്ന് കടുത്ത സമ്മര്‍ദം നേരിടുന്നു. എല്ലാതലത്തിലും മാറ്റം പ്രകടമാണ്. മോദിയിലെത്തിയപ്പോള്‍ എല്ലാം മാറി എന്നുപറയുന്നത് ശരിയല്ല. ഇന്ത്യയില്‍ നമ്മള്‍ അറിയാതെ, ശ്രദ്ധിക്കാതെനടന്ന മാറ്റമാണ് രാജ്യത്തെ മോദിയിലെത്തിച്ചത്. എന്തുകൊണ്ട് മോദി മൂന്നാംതവണ അധികാരത്തിലെത്തി? ഞാനും നിങ്ങളും അത് ഇഷ്ടപ്പെടുന്നുണ്ടാവില്ല. പക്ഷേ, മാറ്റം സംഭവിച്ചു എന്നത് യാഥാര്‍ഥ്യമാണ്. അത് അംഗീകരിച്ചേ പറ്റൂ. ഇത് ജനാധിപത്യവിരുദ്ധമാണെന്ന് നമ്മള്‍ ആക്ഷേപിക്കും. പക്ഷേ, മാറ്റം സംഭവിച്ചു. ഇത് ജനാധിപത്യസംവിധാനത്തിലുണ്ടായ മാറ്റമാണെന്ന് നമ്മള്‍ ഓര്‍ക്കണം. ഇതെല്ലാം ബ്രെയിന്‍ വാഷിങ് ആണെന്ന് ആക്ഷേപിക്കുന്നവരുണ്ട്. ആ ഉത്തരം ഉപരിപ്ലവമാണ്. അതുകൊണ്ട് നമ്മള്‍ സൂക്ഷ്മമായി പഠിക്കണം. 2024 തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് കരുത്താര്‍ജിച്ചുവന്നെങ്കിലും പരാജയപ്പെട്ടു. ഒരു രാജ്യം എന്നനിലയില്‍ നമ്മള്‍ എങ്ങോട്ടാണ് പോവുന്നത്. കോടിക്കണക്കിനുവരുന്ന മുസ്ലിങ്ങളില്‍ അവര്‍ രണ്ടാംതരം പൗരന്മാരാണെന്ന തോന്നലുണ്ടാക്കിയാല്‍ രാജ്യത്തിന്റെ ഭാവി എന്താവും. ഇതൊക്കെ നമ്മള്‍ സൂക്ഷ്മമായി പഠിക്കണം.

താങ്കളുടെ പുസ്തകത്തില്‍ വിവിധകാലഘട്ടത്തിലുള്ള പ്രധാനമന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്തുമ്പോള്‍, അക്കാലത്ത് ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ദക്ഷിണേന്ത്യയില്‍നിന്നുള്ള നേതാക്കളെ വേണ്ടത്ര പരാമര്‍ശിച്ചിട്ടില്ല എന്നൊരു വിമര്‍ശനമുണ്ടല്ലോ

ദേശീയരാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്ന ഒട്ടേറെ നേതാക്കള്‍ ദക്ഷിണേന്ത്യയില്‍നിന്നുണ്ടായിട്ടുണ്ടെങ്കിലും പലപ്പോഴും അവര്‍ക്ക് വേണ്ടത്ര പ്രാമുഖ്യംലഭിച്ചിട്ടില്ല എന്നത് സത്യമാണ്. ഡല്‍ഹിയില്‍നിന്ന് നോക്കിക്കാണുമ്പോള്‍ ഉത്തരേന്ത്യന്‍ നേതാക്കളാണ് കളത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. അതുകൊണ്ട് ആ വിമര്‍ശനം പലരും എന്നോട് സൂചിപ്പിച്ചിട്ടുണ്ട്. കാമരാജ്, കെ. കരുണാകരന്‍, ജി.കെ. മൂപ്പനാര്‍, വീരപ്പമൊയ്ലി, എ.കെ. ആന്റണി, കെ.പി. ഉണ്ണിക്കൃഷ്ണന്‍, രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഡല്‍ഹി രാഷ്ട്രീയത്തില്‍ നിറഞ്ഞുനിന്നിട്ടുണ്ട്. ദക്ഷിണേന്ത്യയില്‍നിന്നു ദേശീയരാഷ്ട്രീയത്തെ നോക്കിക്കണ്ടുകൊണ്ട് ഒരു പുസ്തകംകൂടി എഴുതണമെന്നുണ്ട്.