ആയുര്‍വേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ ഇന്‍ഡോ-അമേരിക്കന്‍ എഴുത്തുകാരന്‍ ദീപക് ചോപ്രയുമായി മാതൃഭൂമി പ്രതിനിധി കെ. ഉണ്ണികൃഷ്ണന്‍ നടത്തിയ അഭിമുഖം; 

To advertise here,

ഇന്‍ഡോ-അമേരിക്കന്‍ എഴുത്തുകാരന്‍, പ്രഭാഷകന്‍, ഡോക്ടര്‍, അധ്യാപകന്‍, സാമൂഹികപ്രവര്‍ത്തകന്‍ എന്നിങ്ങനെ പലതലങ്ങളില്‍ പടര്‍ന്നുകിടക്കുന്നതാണ് ദീപക് ചോപ്രയുടെ കര്‍മമണ്ഡലം. ഓള്‍ ഇന്ത്യ മെഡിക്കല്‍ സയന്‍സില്‍നിന്ന് എം.ബി.­ബി.എസ്. പാസായി 23-ാം വയസ്സിലാണ് ദീപക് ചോപ്ര അമേരിക്കയില്‍ പോയത്. 54 വര്‍ഷം മുമ്പായിരുന്നു അത്. ഇപ്പോള്‍ പ്രായം 77. എം.ഡി., എഫ്.എ.സി.പി., കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പൊതുജനാരോഗ്യം, ഫാമിലി മെഡിസിന്‍ എന്നിവയുടെ ക്ലിനിക്കല്‍ പ്രൊഫസര്‍, ഗാലപ്പിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന്‍, ഗ്ലാസ്ഗോ റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സ് ആന്‍ഡ് സര്‍ജന്‍സില്‍ മെഡിസിനിലെ ഓണററി ഫെലോ എന്നീനിലകളില്‍ പ്രവര്‍ത്തിക്കുന്നു. ഭാര്യ റിത ചോപ്രയും മക്കളുമടങ്ങുന്ന കുടുംബം.

ചികിത്സകഴിഞ്ഞ് കാലിഫോര്‍ണിയയിലേക്ക് മടങ്ങുന്നതിനുമുമ്പാണ് അങ്കമാലി അകാമി ആയുര്‍വേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍വെച്ച് ദീപക് ചോപ്രയുടെ 98-ാമത് പുസ്തകമായ 'ക്വാണ്ടം ബോഡി ദ ന്യൂ സയന്‍സ് ഓഫ് ലിവിങ് എ ലോങ്ങര്‍, ഹെല്‍ത്തിയര്‍, വൈറ്റല്‍ ലൈഫ്' പ്രകാശനംചെയ്തത്.

ആത്മീയത, ശാസ്ത്രം, വിജയമന്ത്രങ്ങള്‍, മാനസികസമ്മര്‍ദം, മരണം, യോഗ, സൗഖ്യം, സമാധാനം എന്നിങ്ങനെയുള്ള വിഷയങ്ങളെക്കുറിച്ചാണ് പുസ്തകങ്ങളെല്ലാം. അവ ലോകത്തെ 43 ഭാഷകളില്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ലോകത്തെ പ്രമുഖചാനലുകളിലും വേദികളിലും ശ്രദ്ധാകേന്ദ്രം. ലോകത്തെ സ്വാധീനിക്കുന്ന 100 വ്യക്തികളെ ടൈം മാഗസിന്‍ തിരഞ്ഞെടുത്തതില്‍ ദീപക് ചോപ്രയും ഉള്‍പ്പെട്ടിരുന്നു.

യുക്രൈന്‍, ഗാസ... യുദ്ധങ്ങള്‍ തീരുന്നില്ല 

ലോകം ഭരിക്കുന്നവരെല്ലാം ഗുണ്ടകളാണ് എന്നാണ് എന്റെ നിരീക്ഷണം. അധികാരം, അഴിമതി, പണം ഇതൊക്കെയാണ് നോട്ടം. അമേരിക്കയില്‍ത്തന്നെ അത്തരത്തിലുള്ള ആളാണ് അധികാരത്തിലേക്ക് എത്തുന്നതെന്ന് കേള്‍ക്കുന്നു. അവരെ കുറ്റപ്പെടുത്താനാകില്ല. നമ്മളാണ് അവരെ ജയിപ്പിക്കുന്നത്. അവരുടെയുള്ളിലെ ഞാനെന്ന ഭാവം കൂടിക്കൂടി എത്രയെത്ര യുദ്ധങ്ങള്‍ നടക്കുന്നു. ഒരിക്കല്‍ റഷ്യയില്‍ സര്‍ക്കാരിനെതിരേ നിലപാടെടുത്ത പുസിഫുട് എന്ന മ്യൂസിക് ബാന്‍ഡിന്റെ സമാന്തര ടി.വി. ചാനലില്‍ അവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിക്കാന്‍ ഞാന്‍ പോയിരുന്നു. ഇടയ്ക്ക് എനിക്ക് അപായസന്ദേശം വന്നു -'ദയവുചെയ്ത് ആറുമണിക്കൂറിനകം റഷ്യ വിടുക.' എനിക്ക് പോരേണ്ടിവന്നു. പുതിയ ചെറുപ്പക്കാരെ അവതരിപ്പിച്ച് അവര്‍ക്ക് പരിശീലനം നല്‍കിയാല്‍മാത്രമേ ഭരണനേതൃത്വം നന്നാകൂ.

98 പുസ്തകങ്ങള്‍. എല്ലാം നന്നായി വിറ്റുപോകുന്നു...

എന്റേതായ എഴുത്തിന്റെ രീതിയുണ്ട്. ദിവസവും രാവിലെ നാലുമണിക്ക് എഴുന്നേല്‍ക്കും. പിന്നെ യോഗ, പ്രാണായാമം, ധ്യാനം നിത്യകര്‍മങ്ങള്‍ എന്നിവ ചെയ്യും. ദിവസവും മൂന്നുമണിക്കൂര്‍ എഴുതും. 11 മണി കഴിഞ്ഞേയുള്ളൂ മറ്റുകാര്യങ്ങള്‍. എഴുത്തില്‍ എനിക്ക് പറയാനുള്ളവ പറയുന്നു എന്നുമാത്രം. അതില്‍ സന്തോഷമുണ്ട്.

എ.ഐ.യെക്കുറിച്ച് പലരും ആശങ്കയിലാണ്...

എ.ഐ. തൊഴിലവസരങ്ങള്‍ ഇല്ലാതാക്കുമെന്ന് പലരും കരുതുന്നു. തൊഴിലിന്റെ പുനര്‍വിതരണം നടക്കും എന്നതാണ് സത്യം. ഒപ്പം പുതിയ തൊഴിലുകളും പിറക്കും. ആത്മീയവികാസത്തിലും വ്യക്തിവികാസത്തിലും എ.ഐ. നന്നായി സഹായിക്കും. തുടര്‍ന്ന് നിങ്ങളുടെ സാധനയും വേണം. ആ സാധ്യതകളെക്കുറിച്ച് പറയുന്നതാണ് എന്റെ അടുത്ത പുസ്തകം -'ഡിജിറ്റല്‍ ധര്‍മ'.

പുതുകാലത്തില്‍ ലോകത്തില്‍ ഭാരതത്തിന്റെ സ്ഥാനം...

ലോകം എന്തിനെയും വിലയിരുത്തുന്നത് പാശ്ചാത്യരുടെ അളവുകോലുകള്‍കൊണ്ടാണ്. പക്ഷേ, ഭാരതമാണ് ലോകത്തെ നയിക്കുക എന്നകാര്യത്തില്‍ സംശയമില്ല. വസുധൈവകുടുംബകം എന്നതുപോലെയുള്ള ആശയങ്ങള്‍ മറ്റെവിടെയുമില്ല. പക്ഷേ, അതിരുകവിഞ്ഞ ദേശീയത അപകടവുമാണ്. യോഗയും ധ്യാനവും ഉപനിഷത്തുക്കളും ആയുര്‍വേദവും മാനവരാശിക്ക് വലിയ പ്രയോജനം ചെയ്യുന്നതാണ്. അത് എന്റെ അനുഭവമാണ്.

എന്തായിരുന്നു ജീവിതത്തിലെ വഴിത്തിരിവ്...

ഋഷികേശില്‍വെച്ച് മഹര്‍ഷി മഹേഷ് യോഗിയുമായുള്ള കണ്ടുമുട്ടല്‍. ഞാന്‍ ഭാരതീയ ദര്‍ശനങ്ങളെക്കുറിച്ച് പഠിക്കാന്‍ ആരംഭിച്ചു. കേദാര്‍നാഥിലും ബദരീനാഥിലും പോയി. ഇപ്പോഴും ഇടയ്ക്ക് പോകാറുണ്ട്. അറിവുകള്‍ നമ്മെ കൈപിടിച്ചുകൊണ്ടുപോകും. നാം തേടുന്ന അജ്ഞാതമായ പ്രപഞ്ചരഹസ്യങ്ങള്‍ അകക്കാമ്പിലാണെന്ന് നാമറിയും.

ന്യൂ ഏജ് ഗുരു എന്നാണല്ലോ വിശേഷണം...

അങ്ങനെയൊന്നുമില്ല. പറയുന്നതില്‍ കാര്യമുണ്ടോ എന്നതല്ലേ പ്രധാനം. ഗുരുക്കന്മാരുടെ പ്രഭാഷണങ്ങള്‍ ഞാന്‍ നിരന്തരം ശ്രദ്ധിക്കാറില്ല. ചിലര്‍ നല്ല കമ്യൂണിക്കേറ്റര്‍മാരാണ് എന്നത് സത്യം. ആദിശങ്കരാചാര്യരാണ് എന്റെ ആരാധ്യഗുരു. കാലടിയില്‍ ഞാന്‍ പോകുന്നുണ്ട്.

ചോപ്ര ഫൗണ്ടേഷന്റെപ്രവര്‍ത്തനങ്ങള്‍...

ഫൗണ്ടേഷന്‍ തുടങ്ങിയത് 20 വര്‍ഷംമുമ്പാണ്. ആത്മഹത്യാപ്രതിരോധം, ആരോഗ്യം, ദീര്‍ഘായുസ്സ്, നേതൃത്വ പരിശീലനം തുടങ്ങിയവയുടെ പഠനഗവേഷണവും മറ്റുമാണ് പ്രവര്‍ത്തനങ്ങള്‍. വിവിധരാജ്യങ്ങളില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തനമുണ്ട്.

തുടര്‍ന്ന് വായിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.