ആനന്ദ് എന്ന എഴുത്തുകാരന് വിശേഷണങ്ങളുടെ ആവശ്യമില്ല. ‘ആൾക്കൂട്ടം’ എന്ന നോവലിൽത്തുടങ്ങി ഒട്ടേറെ രചനകളിലൂടെ മലയാളി വായനക്കാരെ തീർത്തും വ്യത്യസ്തമായ ലോകങ്ങളിലൂടെ അദ്ദേഹം കൂട്ടിക്കൊണ്ടുപോയി. മനുഷ്യൻ, മതം, അധികാരം, ഏകാധിപത്യം, ഏകാന്തത, പലായനം എന്നിങ്ങനെ ഒട്ടേറെ സമസ്യകളെക്കുറിച്ച് ആനന്ദ് നമ്മെ ചിന്തിപ്പിക്കുന്നു. വിശ്രമത്തിനായി സ്വന്തംനാടായ ഇരിങ്ങാലക്കുടയിലെത്തിയ ആനന്ദ് സംസാരിക്കുന്നു -ആഴമുള്ള ചിന്തകളിലൂടെ
ഇന്ത്യയെ വിശാലമായിക്കണ്ട എഴുത്തുകാരനാണ് താങ്കൾ. പല ഭാഷകളോടൊപ്പം, പല കാലഘട്ടങ്ങളിൽ ജീവിച്ചയാൾ. മാറിയ ഇന്ത്യയെ എങ്ങനെ കാണുന്നു
പഠനം കഴിഞ്ഞ ഉടനെ ഞാൻ കേരളം വിട്ട് പുറത്തുപോയി. അപ്പോഴാണ് ഇന്ത്യയെക്കുറിച്ച് ധാരണയുണ്ടായത്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ സന്തോഷം അനുഭവിച്ചു. എന്നാൽ, വിഭജനം ഇന്ത്യയെ മുഴുവനായി ബാധിച്ചിരുന്നു. കേരളം അതെല്ലാം കുറച്ചേ അറിഞ്ഞുള്ളൂ. ഞാൻ ഇടപെട്ട ആളുകൾ ബുദ്ധിജീവികളൊന്നുമായിരുന്നില്ല, സാധാരണക്കാരായിരുന്നു. മിക്കവാറും എല്ലാ കുടുംബങ്ങളും വിഭജനത്തിന്റെ ഇരകളായിരുന്നു. അഭയാർഥികളായി മാറിയവർ. ആ പശ്ചാത്തലത്തിലാണ് ഞാൻ എഴുത്ത് തുടങ്ങിയത്. അതിനാൽ, എന്റെ എഴുത്തിൽ കേരളത്തിലെ ചുറ്റുവട്ടത്തെക്കാൾ കൂടുതലായിവന്നത് ഇന്ത്യയായിരുന്നു. ഇപ്പോൾ, ഇന്ത്യയിലെ ജനാധിപത്യത്തിന് സത്ത ഇല്ലാതാവുകയാണ്. ജനാധിപത്യം എന്നാൽ, ഭരണകൂടത്തിന്റെ നടപടികളിൽ ജനങ്ങളുടെ ഇടപെടലാണ്. ഇപ്പോൾ അതില്ല. ഇപ്പോഴത്തെ രാഷ്ട്രീയം വളരെമോശമായി. നമ്മൾ വോട്ടുചെയ്യുന്നു. അതുകഴിഞ്ഞ്, ആ ആൾ നേരേ എതിർപാർട്ടിയിൽ പോകുന്നു. അത് വഞ്ചനയാണ്. ആ വഞ്ചന നമ്മൾ അംഗീകരിച്ചിരിക്കുന്നു. വഞ്ചിക്കാനുള്ള അധികാരമാണ് നമ്മൾ കൊടുക്കുന്നത്.
രാഷ്ട്രീയത്തിൽ ധാർമികത കൊണ്ടുവന്നയാളാണ് ഗാന്ധി. ഇപ്പോഴത്തെ രാഷ്ട്രീയത്തിൽ നിന്ന് ആ ധാർമികത ചോർത്തിക്കളഞ്ഞിരിക്കുന്നു. നമ്മൾ ചതിക്കുന്നു, ചതിക്കാൻ അനുവദിക്കുന്നു. പാർലമെന്റിൽ കുറെ ബഹളംകൂട്ടുന്നു എന്നല്ലാതെ ഒന്നും നടക്കുന്നില്ല. മോദി രാമന് ക്ഷേത്രംപണിയുന്നു, കെജ്‌രിവാൾ ഹനുമാന് ക്ഷേത്രംപണിയുന്നു. വ്യത്യാസം ഇത്രമാത്രം. എല്ലാം നമ്മുടെ പണമുപയോഗിച്ച്. വലിയൊരു പ്രതീക്ഷയായിവന്ന ആം ആദ്മി പാർട്ടി പ്രതീക്ഷ നഷ്ടപ്പെടുത്തി, മറ്റുപാർട്ടികളെപ്പോലെയായി.
ആർജവമെന്ന സംഗതി ഭരണകർത്താക്കൾക്കു മാത്രമല്ല, ജനത്തിനും ഇല്ലാതായി. പറയുന്നതിൽ സത്യം വേണമെന്നില്ലാതായി.
ഒരു സിസ്റ്റവും അവസാനമല്ല. എല്ലാ മതങ്ങളും അന്തിമമാകാനാണ് ശ്രമിക്കുന്നത്. എന്നാൽ, ഒന്നും അന്തിമമല്ല. പരിണാമത്തിനനുസരിച്ച് സംസ്കാരവും ഉണ്ടാവുന്നു. മാറിക്കൊണ്ടേയിരിക്കുന്നതാണ് സംസ്കാരം. ശാസ്ത്രംതന്നെ അതാണ്. അറിവിന്റെ സമുദ്രം വികസിച്ചുകൊണ്ടിരിക്കേ അറിവില്ലായ്മയുടെ തീരവും വികസിച്ചുകൊണ്ടിരിക്കും. തുടർച്ചയായ വികാസമാണുണ്ടാവുന്നത്. മതങ്ങൾ ഇതിനെ തടസ്സപ്പെടുത്തുന്നു.
താങ്കളുടെ എഴുത്തിൽ പല നാടുകളിൽനിന്ന് ജീവിതംതേടിവന്ന പലതരം ആളുകളെല്ലാം ഒരേ ജീവിതത്തിന്റെ സങ്കടങ്ങളും വിഹ്വലതകളും അനുഭവിക്കുന്നവരാണ്. എല്ലാ വൈവിധ്യങ്ങൾക്കിടയിലും ഇന്ത്യക്ക് ഐക്യം സൂക്ഷിക്കാൻ കഴിയുന്നു എന്നതിനെ എങ്ങനെയാണ് താങ്കൾ വിലയിരുത്തുന്നത്
കൊൽക്കത്തയും ബോംബെയും മദ്രാസുമെല്ലാം അന്ന് പല ഭാഷകളും സംസ്കാരങ്ങളും ഉള്ളവരുടെ ആശ്രയമായിരുന്നു. ഇന്ത്യ സ്വാതന്ത്ര്യത്തിനുശേഷം ഒന്നായിനിന്നത് നെഹ്‌റുവിന്റെ വ്യക്തിത്വത്തിലാണ്. 25-നടുത്ത് ഭാഷകളുള്ള ഈ രാജ്യം ചേർന്നുനിന്നു എന്നത് വലിയകാര്യമാണ്. ഇത്തരം സന്ദർഭങ്ങളിൽ, പാശ്ചാത്യരാജ്യങ്ങൾ ഭിന്നിച്ചുമാറുന്നതാണ് കണ്ടിട്ടുള്ളത്. ചെക്കോസ്ലൊവാക്യ ഉദാഹരണം. സോവിയറ്റ് യൂണിയൻ കുറെക്കാലം പിടിച്ചുനിന്നു. കൊളോണിയൽ ഭരണത്തെ നാം എപ്പോഴും കുറ്റംപറയാറുണ്ട്. ചൂഷണംചെയ്യാൻവേണ്ടിത്തന്നെയാണ് കോളനിഭരണം ഉണ്ടാവുന്നത്. എന്നാൽ, ബ്രിട്ടന്റെ കോളനിഭരണം വ്യത്യസ്തമായിരുന്നു. ചെറിയൊരു രാജ്യമാണ് ബ്രിട്ടൻ. അവരുടെ രാജ്യത്ത് ഇംഗ്ലീഷ് സംസാരിക്കുന്നവരെക്കാൾ കൂടുതൽപ്പേർ ഇന്ത്യയിൽ ഇംഗ്ലീഷ് സംസാരിക്കുന്നു. ‘എൻലൈറ്റൻഡ്’ ആയ ഭരണമാണ് പൊതുവേ ബ്രിട്ടൻ നമ്മൾക്ക് തന്നത്. ഈ ഭരണത്തിലൂടെയാണ് ഇന്ത്യ എന്ന ഒരു സങ്കല്പംതന്നെ ഉണ്ടാവുന്നത്. നമ്മൾ ഒന്നിച്ചൊരു രാജ്യമെന്ന തോന്നലുണ്ടായി.
കോളനിഭരണങ്ങൾക്കു ശേഷമാണ് ഏകലോകമെന്ന സങ്കല്പംതന്നെ ഉണ്ടാവുന്നത്. നമ്മൾ ഇപ്പോൾ ഭക്ഷിക്കുന്ന ഉരുളക്കിഴങ്ങും ഉള്ളിയും തക്കാളിയുമെല്ലാം ദക്ഷിണ അമേരിക്കയിൽനിന്ന് വന്നതാണ്. കശുവണ്ടിപോലും പുറത്തുനിന്ന് വന്നതാണ്. നമ്മൾക്കിവിടെ ചുരുങ്ങിയ വിഭവങ്ങളേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഭക്ഷണകാര്യത്തിൽ ലോകം ഒന്നായത് കോളനിഭരണത്തിലൂടെയാണ്. സാഹിത്യത്തിലും ഇതു സംഭവിച്ചിട്ടുണ്ട്. കേരളത്തിലിരുന്ന് ലാറ്റിനമേരിക്കൻ കവിതകൾ വായിക്കാൻകഴിഞ്ഞു. ജാതി, സ്ത്രീസ്വാതന്ത്ര്യം എന്നിവസംബന്ധിച്ച് ഇന്ത്യയിലെ സ്ഥിതി വളരെമോശമായിരുന്നു. സതിപോലൊരു ഭീകരമായ സംഗതി ലോകത്ത് ഏതെങ്കിലും രാജ്യത്ത് ഉണ്ടായിരുന്നോ എന്നറിയില്ല. സതി നിർത്തലാക്കിയതുൾപ്പെടെ നവീകരണം ഇവിടെയുണ്ടായി. ഉത്തരേന്ത്യയിൽ പെൺകുട്ടികളെ ജനിച്ചയുടൻ കൊല്ലുന്ന പതിവുണ്ടായിരുന്നു. പെൺകുട്ടികളുടെ എണ്ണം അസ്വാഭാവികമായി കുറയുന്നതു ശ്രദ്ധിച്ച ഡോക്ടർമാരാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. നിയമപ്രകാരം ഇത് തടഞ്ഞു. അടിമവ്യാപാരം നിർത്തലാക്കി. ഈ വിധത്തിൽ ബ്രിട്ടീഷ് ഭരണകാലത്ത് അനേകം നവീകരണങ്ങളുണ്ടായിട്ടുണ്ട്. ഇല്ലെങ്കിൽ ഈ ദുരാചാരങ്ങളൊന്നും വേഗം ഇവിടെനിന്ന് പോകുമായിരുന്നില്ല. ഇന്ത്യയുടെ ചരിത്രവും സംസ്കാരവും പുറത്തുകൊണ്ടുവന്നത് ബ്രിട്ടീഷുകാരാണ്. സംസ്കൃതത്തിലുണ്ടായിരുന്ന ക്ലാസിക്കുകൾ പുറത്തുവന്നത് ഇക്കാലത്താണ്.
ഗ്രീനിച്ച് മെരിഡിയൻ ഉണ്ടായതിനുശേഷമാണ് ലോകത്ത് സമയക്രമം ഉണ്ടാവുന്നത്. അതോടെ യാത്രകൾക്ക് ക്രമംവന്നു. 19-ാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയിൽ ആദ്യത്തെ സ്വാധീനം ഡാർവിന്റെ പരിണാമസിദ്ധാന്തമായിരുന്നു. സെമിറ്റിക് മതങ്ങൾ വിശ്വസിച്ചപോലെ, മനുഷ്യനുവേണ്ടിയാണ് മറ്റുജീവികളെയെല്ലാം സൃഷ്ടിച്ചതെന്ന വാദം അതോടെ അപ്രസക്തമായി. മനുഷ്യൻ മറ്റു സ്പീഷീസുകളിൽ ഒന്നുമാത്രമാണെന്ന സത്യം പരിണാമസിദ്ധാന്തം പുറത്തുകൊണ്ടുവന്നു. ഇന്ത്യയിലെയും ഗ്രീസിലെയും ആദിമസംസ്കാരങ്ങളിൽ മനുഷ്യനും ജീവികളും എന്തിന് പർവതങ്ങൾപോലും തുല്യരായിരുന്നു. പർവതത്തിന്റെ മകളെ വിവാഹംചെയ്യുന്ന സന്ദർഭങ്ങൾപോലും വന്നു. നദികളും മനുഷ്യന് തുല്യരായി അവതരിപ്പിക്കപ്പെട്ടു. അതിനുശേഷം, കാൾ മാർക്സിന്റെ മൂലധനം വന്നു. മനുഷ്യൻ ഒറ്റവർഗമാവണമെന്ന കാഴ്ചപ്പാടുണ്ടായി. നിഘണ്ടു വന്നത് ഇക്കാലത്താണ്. ഭാഷയ്ക്ക് കൃത്യമായ അർഥങ്ങളുണ്ടായി. ഇതിനെല്ലാം കോളനിവത്കരണം സഹായകമായിട്ടുണ്ട്. ഇന്ത്യയിലും ശാസ്ത്രീയമനോഭാവം വളർത്താൻ ഇതു സഹായകമായി. നമ്മൾക്ക് ജനാധിപത്യത്തെപ്പറ്റി മനസ്സിലാക്കിത്തന്നതും പരിശീലനം തന്നതും ഇക്കാലത്താണ്. ഇന്ത്യയിൽ ഭരണഘടനയുണ്ടാക്കുന്നതിനും ബ്രിട്ടീഷ് ഭരണം സഹായകമായിട്ടുണ്ട്. അത് കാണാതിരുന്നുകൂടാ.
ബ്രിട്ടീഷുകാർ തുടങ്ങിയ റെയിൽവേയാണ് സ്വാതന്ത്ര്യസമരത്തിന് സഹായകമായത്. ഗാന്ധിജി ഉൾപ്പെടെയുള്ളവരുടെ യാത്ര സുഗമമാക്കിയത് റെയിൽവേയാണ്. തപാൽവകുപ്പാണ് സ്വാതന്ത്ര്യസമരത്തെ സഹായിച്ച മറ്റൊന്ന്. പിന്നെ, പത്രങ്ങൾ. കേരളത്തിൽ മാതൃഭൂമി. രാജാ റാം മോഹൻ റായ് ലണ്ടനിലെത്തിയാണ് സതി നിരോധിക്കാൻ ബ്രിട്ടീഷുകാരെ പ്രേരിപ്പിച്ചത്. ഇവിടെയുള്ളവർ അതിനു തയ്യാറായിരുന്നില്ല. വിവാഹപ്രായം ഉയർത്താനുള്ള നിയമത്തെ പലരും എതിർത്തു. ‘അതെല്ലാം ഞങ്ങൾ തീരുമാനിച്ചുകൊള്ളാം’ എന്നായിരുന്നു നിലപാട്. ബ്രിട്ടീഷുകാർ കൊണ്ടുവന്ന പുരോഗമനാശയങ്ങൾ നിർഭാഗ്യവശാൽ മുസ്‌ലിങ്ങളെ ബാധിച്ചിരുന്നില്ല എന്നും കാണാം. സർവേ ഓഫ് ഇന്ത്യയാണ് ഇന്ത്യയെ ഒന്നിപ്പിച്ച മറ്റൊരു ഘടകം. അവർ ഇന്ത്യയെ സർവേചെയ്ത് ഭൂപടമുണ്ടാക്കി. ജനസംഖ്യാ സർവേയും നടത്തി. പല ഭാഷയും സംസ്കാരങ്ങളുമുള്ള ഇന്ത്യ ഒന്നിച്ചുനിൽക്കുന്നത് അതുകൊണ്ടുകൂടിയാണ്. അതൊരു അദ്‌ഭുതമാണ്. ബ്രിട്ടീഷുകാർ ഇന്ത്യയെ ഒന്നിച്ചാണ് ഭരിച്ചിരുന്നത്.
പാകിസ്താനിൽ പലതവണ പട്ടാള അട്ടിമറി ഉണ്ടായി. എന്നാൽ, ഇന്ത്യയിൽ അതുണ്ടായില്ല. ഒരു പട്ടാള ഏകാധിപതിക്ക് ഇവിടെ ഭരിക്കാനാവില്ല. വാസ്തവത്തിൽ വൈവിധ്യം ദൗർബല്യമല്ല, ശക്തിയാണ്. ഇവിടെ ഒരു സംസ്ഥാനത്തിനും തനിച്ചുനിലനിൽക്കാനാവില്ല. ബ്രിട്ടീഷ് ഇന്ത്യയിൽ ഓരോ പത്തുകൊല്ലം കൂടുമ്പോഴും വരൾച്ചയോ വെള്ളപ്പൊക്കമോ കാരണം ഭക്ഷ്യക്ഷാമം ഉണ്ടാവുമായിരുന്നു. എന്നാൽ, അപ്പോഴും രാജ്യത്തെ മുഴുവനായത് ബാധിക്കാറില്ല. ഒരിടത്തുണ്ടായാലും സഹായിക്കാൻ മറ്റ് സംസ്ഥാനങ്ങളുണ്ട്. ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ശേഖരിക്കുന്ന ധാന്യം ആവശ്യമുള്ളിടത്തേക്ക് എത്തിക്കും. റെയിൽവേ ഉള്ളതിനാൽ എത്തിക്കൽ സുഗമമാണ്. ഒന്നിച്ചുനിൽക്കുന്നതുകൊണ്ടുള്ള ഗുണമാണിത്. വേറേ വേറേ ആയിരുന്നങ്കിൽ നശിച്ചുപോകുമായിരുന്നു. കനാൽസംവിധാനങ്ങളും ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുന്നു.
ഇന്ത്യയിൽ എവിടെയാണ് താങ്കൾക്ക് ജീവിതം സുഖകരമായി അനുഭവപ്പെട്ടത്? ചെറുപ്പത്തിൽത്തന്നെ പുറത്തുപോയി ജീവിച്ചയാൾ എന്നനിലയിൽ കേരളത്തോട് അടുപ്പമില്ല എന്നുണ്ടോ
ഇന്ത്യയിലെവിടെയും ഞാൻ തൃപ്തനാണ്. എവിടെയും പ്രയാസമുണ്ടായിട്ടില്ല. നമ്മൾ മലയാളികൾ മഹാൻമാർ എന്ന മനോഭാവം എനിക്കുണ്ടായിട്ടേയില്ല. ഉത്തരേന്ത്യൻ ജനങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ജീവിതാനുഭവങ്ങൾ കേരളീയർക്ക് വളരെക്കുറവാണ്. സുരക്ഷിതമായ അന്തരീക്ഷത്തിൽ ജീവിക്കുന്നവരാണ് നമ്മൾ. ഗുജറാത്ത് മുതൽ അസംവരെ ഞാൻ ജോലിചെയ്തു. അതിനിടയ്ക്ക് നാലുകൊല്ലം സൈന്യത്തിലും ജോലിചെയ്തു. എവിടെച്ചെന്നാലും എനിക്കൊരു പ്രശ്നവും തോന്നിയിട്ടില്ല. ബംഗാളി ഭാഷയും ഏറെക്കുറെ ഗുജറാത്തിയും എനിക്കറിയാം. കേരളത്തിലെ പല നവോത്ഥാനമൂല്യങ്ങളും ഇപ്പോൾ ഇല്ലാതായിട്ടുണ്ട്. പണ്ട് മാറുമറയ്ക്കാൻ സമരം നടന്ന കേരളത്തിൽ ഇപ്പോൾ ക്ഷേത്രത്തിൽ പുരുഷന്മാർ മാറുമറയ്ക്കുന്നത് ആചാരലംഘനമാണോ എന്നതാണ് ചർച്ച. അന്ധവിശ്വാസവും മന്ത്രവാദവും കൂടി. യുക്തിയും ബുദ്ധിയും ഉപയോഗിക്കാനുള്ള കഴിവാണ് ഇപ്പോൾ നഷ്ടപ്പെടുന്നത്. ശാസ്ത്രം എന്നത് യുക്തിപൂർവമായ ചിന്തയാണ്. പണ്ട് റാഡിക്കൽ എന്നുപറയുന്നത് മെച്ചപ്പെട്ട കാര്യമായിരുന്നു. ഇന്നതിന് നെഗറ്റീവ് അർഥമായി.
വി.ടി. ഭട്ടതിരിപ്പാടും നാരായണഗുരുവും ഉൾപ്പെടെയുള്ളവരുടെ നിരതന്നെ ഉണ്ടായിരുന്ന കേരളത്തിൽ അവരുടെ ആശയങ്ങൾ അട്ടിമറിക്കുകയാണ്. വൈക്കം സത്യാഗ്രഹത്തിൽ ഉയർന്ന ആശയങ്ങൾ ഇപ്പോൾ വിപരീതമായി. അതേ സംഘടനകൾ ഇന്ന് ആ വിപരീത ആശയങ്ങൾക്കുവേണ്ടിയായി. ആചാരങ്ങളിൽ ഇടപെടരുതെന്നാണ് ചിലർ പറയുന്നത്. അതിൽ അർഥമില്ല. സതിയും ഒരാചാരമായിരുന്നു. മാറ്റേണ്ടത് മാറ്റുകതന്നെവേണം. സാങ്കേതികജ്ഞാനം വളരുമ്പോഴും മതത്തിന് പ്രാധാന്യം കൂടുന്നു. മനുഷ്യന്റെ എസ്കേപ്പിസമായിരിക്കാം അത്. മനുഷ്യൻ അങ്ങനെയാവാം.
സാങ്കേതികവിദ്യയുടെ വിപ്ലവത്തിൽ ജീവിക്കുന്ന പുതുതലമുറയെ താങ്കൾ എങ്ങനെ വിലയിരുത്തുന്നു
സയൻസും ടെക്‌നോളജിയും ഒന്നല്ല എന്നതാണ് പ്രധാനകാര്യം. പുതുതലമുറടെക്‌നോളജി ഉണ്ടാക്കിയ ക്രൈസിസ് നേരിടുന്നുണ്ട്. നമ്മൾ ഇരിക്കുന്ന തീവണ്ടി എവിടെയാണ് പോകുന്നത് എന്ന് നമ്മൾക്കറിയാം. എന്നാൽ, നമ്മൾ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളും ആപ്ലിക്കേഷനുകളും എങ്ങനെ പ്രവർത്തിക്കുന്നു, എങ്ങോട്ട് നമ്മെ കൊണ്ടുപോകുന്നു എന്നറിയില്ല. മാനസികാരോഗ്യം നൽകുന്നത് നേരിട്ടുള്ള സംഭാഷണങ്ങളാണ്. അതില്ലാതാവുന്നത് നല്ലതല്ല. ആളുകളെ കാണുകയും സംസാരിക്കുകയും നിരീക്ഷിക്കുകയും ചെയ്യുമ്പോഴാണ് മാനസികാരോഗ്യം കിട്ടുന്നത്. ചുറ്റുപാടിനെ മനസ്സിലാക്കാതെ എങ്ങനെയാണ് നമ്മൾ മുന്നോട്ടുപോകുക. സംഭാഷണത്തിലൂടെ കിട്ടുന്ന ഊർജം ടെക്‌നോളജിയിൽനിന്ന് കിട്ടുകയില്ല. screen dependency disorder ഒരു മാനസികരോഗമായി മാറുന്നു. ഇതിനെ മറികടക്കണം. സ്‌ക്രീനിനു പകരം കൺമുന്നിലെ ലോകത്തെ ആശ്രയിക്കണം. എനിക്ക് സംസാരിക്കുമ്പോൾ ആളുകളെ കാണണം. അല്ലെങ്കിൽ വലിയ പ്രയാസമാണ്. നാലുമുറിയിലിരുന്ന് നാലുപേർ വർക് ഫ്രം ഹോം ആകുമ്പോൾ പരസ്പരം കാണുന്നില്ല. വാതിലും ജനലും അടച്ചാൽ ജീവവായു കിട്ടില്ല. ജീർണത വരും. ലോകത്തേക്ക് വാതിൽതുറന്നിട്ടാൽ വളരും. അതാണ് പ്രകൃതിയുടെ നിയമം. സാങ്കേതികത എപ്പോഴും വിജയകരമാകുമെന്നോ നല്ലതിനാകുമെന്നോ പറയാനാവില്ല. സുനിതാ വില്യംസിനെ നമ്മൾ ബഹിരാകാശത്തേക്കുവിട്ടു. എന്നാൽ, തിരിച്ചുകൊണ്ടുവരാൻ ഇനിയും കഴിഞ്ഞിട്ടില്ല. അവരുടെ ശാരീരികവും മാനസികവുമായ ക്ലേശങ്ങൾ കാണാതിരിക്കാനാവില്ല.
കേരളസമൂഹത്തിൽ എഴുത്തുകാരുടെ സ്വാധീനം കുറയുന്നുണ്ടോ
കേരളത്തിൽ എഴുത്തുകാരെ സാംസ്കാരികനായകന്മാരെന്നു പറയും. സത്യത്തിൽ അവർ സാംസ്കാരികനായകന്മാരൊന്നുമല്ല. സംസ്കാരത്തെ ചലിപ്പിക്കുന്നത് എഴുത്തുകാരല്ല. നീതിക്കുവേണ്ടി ദാഹിക്കുന്നവരാണ് അത് ചെയ്യുന്നത്. എഴുത്തുകാർ അവിടവിടെ ഒരു നട്ടും ബോൾട്ടും തിരിക്കുന്നുണ്ടാവാം. അത്രയേ ഉള്ളൂ. സമൂഹത്തിൽ അവർക്ക് കാര്യമായ സ്വാധീനമൊന്നുമില്ല. ചരിത്രത്തിൽ, നീതിക്കുവേണ്ടിയുള്ള ദാഹം വലുതായിവരുന്നു. സ്ത്രീകളെ അടിമകളാക്കി വെക്കുന്ന, സ്വാതന്ത്ര്യം നിഷേധിക്കുന്ന സമ്പ്രദായമെല്ലാം മാറി. ഇപ്പോൾ മനുസ്മൃതി വേണമെന്ന് ആരും പറയില്ല. സതി വേണമെന്നും പറയില്ല. സംസ്കാരം എന്ന യാത്രയിൽ വന്ന മാറ്റമാണത്. എപ്പോഴും, മനുഷ്യനാണ് പ്രധാനം.
പുസ്തകമെഴുതിയാൽ വലിയ മാർക്കറ്റിങ് വേണമെന്ന സ്ഥിതിയാണ് ഇപ്പോൾ . പുസ്തകപ്രകാശനം വലിയ ഇവന്റ് ആകുന്നു. വൻ നഗരങ്ങളിൽ ഇതിനായി കോക്‌ടെയിൽ പാർട്ടികൾ നടത്താറുണ്ട്. എഴുത്തിൽ എന്തെങ്കിലും പ്രകാശമുണ്ടെങ്കിൽ അത് സ്വയം പ്രകാശിക്കുമെന്നാണ് എന്റെ വിശ്വാസം.
ഇനിയും വലിയൊരു രചന ആനന്ദിൽനിന്ന് വായനക്കാർ പ്രതീക്ഷിക്കുന്നു; ആഗ്രഹിക്കുന്നു...
പ്രയത്‌നിക്കാനുള്ള ആരോഗ്യമില്ലാതായി. പ്രായം എന്നത് ഒരു വാസ്തവമാണ്. ശരീരത്തിന്റെ സിസ്റ്റം ദുർബലമായി. ഇരുന്ന് പ്രയത്‌നിക്കാനുള്ള ഊർജം ഇല്ലാതായി. ശരീരത്തെ നിയന്ത്രിക്കാൻ കഴിയാതാവുമ്പോൾ മനസ്സ് പതറും. ഗുരുത്വാകർഷണത്തോടുള്ള സമരമാണ് മനുഷ്യജീവിതം. ജനിച്ചുകഴിഞ്ഞ് ഇരിക്കുകയും നിൽക്കുകയും നടക്കുകയും ഓടുകയുമെല്ലാം ചെയ്ത് ഗുരുത്വാകർഷണത്തെ തോൽപ്പിക്കുകയാണ്. പക്ഷേ, ഒടുവിൽ വീണ്ടും, ഭൂമിക്കൊപ്പം കിടക്കുന്നു; ഗുരുത്വാകർഷണത്തോടൊപ്പം. മറ്റൊന്ന്, ഇപ്പോൾ ആലോചിച്ചുനോക്കുമ്പോൾ എല്ലാം നിരർഥകമാണെന്ന് തോന്നുന്നു. ഒരാവശ്യവുമില്ലാതെ യുദ്ധങ്ങൾ നടക്കുന്നു. കൊല്ലങ്ങളായി പലസ്തീനിൽ ദിവസേന കുട്ടികളുൾപ്പെടെ അൻപതും നൂറും പേർ മരിക്കുന്നു. വസ്ത്രങ്ങളില്ല, വീടുകളില്ല, ഭക്ഷണമില്ല, ആശുപത്രികളില്ല... മനുഷ്യനെ മറന്ന് മതത്തിന്റെപേരിൽ അക്രമങ്ങൾ നടക്കുന്നു. ആഗോളതാപനം ഭയന്ന് നമ്മൾ ഒരു ചെറുബൾബ്പോലും ഓഫ് ചെയ്യുന്നു. എന്നാൽ, ബഹുകോടി താപനം സൃഷ്ടിച്ചുകൊണ്ട് ബോംബുകൾ വർഷിക്കുന്നു!!
Content Highlights: Celebrated Malayalam author Anand discusses India`s political, social, and religious evolution
Published: 12 Jan 2025, 09:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented